SignIn
Kerala Kaumudi Online
Tuesday, 28 July 2026 12.48 PM IST

ഇന്ന് പി.എൻ. പണിക്കരുടെ 117-ാം ജന്മവാർഷികം,​ സാക്ഷര കേരളത്തിന്റെ പെരുന്തച്ചൻ

s

പി.എൻ. പണിക്കരെ എങ്ങനെ വിശേഷിപ്പിക്കണമെന്നാണ് പിടികിട്ടാത്തത്! കേരളത്തിലെ ചെറിയ മനുഷ്യരുടെ വലിയനേതാവ്, അക്ഷരലോകത്തെ അത്യപൂർവ ചാരുത, ഗാന്ധിയൻ, വായനയുടെ ശക്തിയും സൗന്ദര്യവും മലയാളിയെ പഠിപ്പിച്ച ആചാര്യൻ, ഗ്രന്ഥശാലാ പ്രസ്ഥാനവും സാക്ഷരതാ പ്രസ്ഥാനവും കാൻഫെഡും ഒക്കെയായി നിരവധി പ്രസ്ഥാനങ്ങളുടെ ശില്പി. പൊതുപ്രവർത്തകർക്ക് എക്കാലത്തെയും മാതൃകയായ ആ നിസ്വാർത്ഥനെക്കുറിച്ച് എഴുതാൻ പിന്നെയും വിശേഷണങ്ങളേറെ.

കോട്ടയം നീലംപേരൂർ ഗ്രാമത്തിൽ പൊതുവായിൽ കുടുംബത്തിൽ 1909-ലായിരുന്നു പി.എൻ. പണിക്കരുടെ ജനനം. അച്ഛൻ രാമായണം വായിക്കുന്നത് അമ്മയുടെ മടിയിൽക്കിടന്ന് കേട്ടുവളർന്ന പണിക്കർ, കുട്ടിക്കാലം മുതൽതന്നെ അക്ഷരങ്ങളെയും പുസ്തകങ്ങളെയും സ്‌നേഹിച്ചു.നീലംപേരൂർ ഭഗവതിക്ഷേത്രത്തിലെ ആൽത്തറയിൽ ഒത്തുകൂടുന്ന ഗ്രാമീണർക്ക് പത്രം വായിച്ചുകൊടുത്താണ് പി.എൻ. പണിക്കർ അക്ഷരയജ്ഞം തുടങ്ങിയത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നപ്പോൾ പിതാവ് നിര്യാതനായി.ശേഷം സഹോദരൻ കേശവ പണിക്കരുടെ സംരക്ഷണയിലായിരുന്നു​ ജീവിതം.

ചങ്ങനാശ്ശേരി ഹൈസ്‌കൂളിൽ നിന്ന് പത്താംക്ളാസിൽ മികച്ച വിജയം നേടിയെങ്കിലും സാമ്പത്തിക പ്രയാസം മൂലം തുടർന്നു പഠിക്കാൻ കഴിഞ്ഞില്ല. പിന്നീട്,​ നീലംപേരൂർ സ്‌കൂളിൽ 1925-ൽ അദ്ധ്യാപകനായ പണിക്കരുടെ സ്വപ്നസാഫല്യമാണ് സനാതനധർമ്മ വായനശാല.ചോള രാജാവിന് മലയാളി രാജകുമാരിയിൽ ജനിച്ച മകനായ ചേരമാൻ പെരുമാൾ താമസിച്ചതിന്റെ ചരിത്രസ്മൃതികൾ ഉറങ്ങുന്ന ദേവസ്വം ഭൂമിയിലാണ് വായനശാല തുടങ്ങിയത്.അമ്പലപ്പുഴ കിഴക്കേനട സ്‌കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെത്തുടർന്ന് തന്റെ കർമ്മമണ്ഡലം പണിക്കർ അവിടമാക്കി.

ഹൈക്കോടതി ജഡ്ജിയും സാഹിത്യ പഞ്ചാനനുമായിരുന്ന പി.കെ.നാരായണപിള്ളയുടെ ബഹുമാനാർത്ഥം 1836ൽ ജസ്റ്റിസ് പി.കെ.വിലാസം ലൈബ്രറി അമ്പലപ്പുഴയിൽ ആരംഭിച്ചെങ്കിലും ഒരു മാസത്തെ ആയുസേ അതിനുണ്ടായിരുന്നുള്ളൂ. പിന്നീട് പി.കെ. വിലാസം വായനശാല എന്നപേരിൽ ഈ സ്ഥാപനം പുനരാരംഭിക്കാനും കേരളത്തിലെ മികച്ച ലൈബ്രറികളുടെ നിരയിലേക്കുയർത്താനും പണിക്കർക്കു കഴിഞ്ഞു. അദ്ദേഹം ചെറുപ്പക്കാരെ സംഘടിപ്പിച്ച്​ നാടെമ്പാടും, അറിവിന്റെ നിറദീപങ്ങളായ ഗ്രാന്ഥശാലകൾ സ്ഥാപിച്ചു.


തിരുവിതാംകൂറിൽ അന്നുണ്ടായിരുന്ന ഗ്രന്ഥശാലകളുടെ പ്രതിനിധികളെ 1945 സെപ്തംബർ 16ന് അമ്പലപ്പുഴയിൽ വിളിച്ചുകൂട്ടി അദ്ദേഹം അഖിലതിരുവിതാംകൂർ ഗ്രന്ഥശാലാസംഘം രൂപീകരിച്ചു. ഈ സംഘടനയുടെയും സ്ഥാപക സെക്രട്ടറി പി.എൻ. പണിക്കരായിരുന്നു. സർക്കാർ അംഗീകാരം ലഭിച്ചതിനെത്തുടർന്ന് ഗ്രന്ഥശാലാസംഘം ഓഫീസ് അമ്പലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്കു മാറ്റി.

സംഘം പ്രവർത്തനങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവച്ച പി.എൻ. പണിക്കരെ ഗ്രന്ഥശാലാ സംഘത്തിന്റെ ആജീവനാന്ത സ്രെകട്ടറിയാക്കണമെന്ന് സംഘത്തിന്റെ ബൈലാ കമ്മിറ്റി ചെയർമാനായിരുന്ന വായനശാലാ കേശവപിള്ള നിർദ്ദേശിച്ചു. എന്നാൽ,​ ഈ നിർദ്ദേശത്തെ ജനാധിപത്യ വിശ്വാസിയായ പണിക്കർ ശക്തിയുക്തം എതിർത്തു. നിയമസഭാ സ്ഥാനാർത്ഥിയാക്കാൻ പലതവണ കോൺഗ്രസ് ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. കാൻഫെഡിന്റെയും സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെയും മേധാവിയായി 16 വർഷം പ്രതിഫലം പറ്റാതെ നിസ്വാർത്ഥമായാണ് പണിക്കർ സേവനമനുഷ്ഠിച്ചത്!

ഏറ്റെടുക്കുന്ന ദൗത്യം കാര്യക്ഷമമായി നടത്താനുള്ള ഇച്ഛാശക്തിയും ഉത്തരവാദിത്വബോധവും പണിക്കർ സാറിന്റെ സവിശേഷതകളായിരുന്നു. 'പ്രവർത്തിക്കുക; അല്ലെങ്കിൽ മരിക്കുക" എന്ന ഗാന്ധിസൂക്തം കർമ്മപഥത്തിലെത്തിച്ച ആ മനുഷ്യന്റെ ത്യാഗനിർഭരമായ ജീവിതത്തിന് 1995 ജൂൺ 19-ന് 86-ാം വയസിൽ തിരശീല വീണു. പി.എൻ. പണിക്കരുടെ ജീവചരിത്രം,​ അദ്ദേഹം ജീവിച്ച സംഭവബഹുലമായ കാലഘട്ടത്തിന്റെ സാംസ്‌കാരിക ചരിത്രമാണ്. അന്ധതയിൽ നിന്നും അജ്ഞതയിൽ നിന്നും സമൂഹത്തെ അറിവിന്റെ വെളിച്ചത്തിലേക്കു നയിച്ച പണിക്കർ സാറിന്റെ ഓർമ്മയ്ക്കു മുന്നിൽ പ്രണാമം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION