
രാജ്യത്തെ ഡിജിറ്റൽ വായ്പാ വിപണി ഓരോ സാമ്പത്തിക വർഷവും കൂടുതൽ വളരുന്നുവെന്നത് കണക്കുകളിൽ വ്യക്തമാണ്. സ്മാർട്ട്‌ഫോണുകളുടെ വ്യാപനവും യു.പി.ഐ അടിസ്ഥാനമാക്കിയുള്ള അതിവേഗ പേയ്‌മെന്റുകളും ഈ മേഖലയെ ജനപ്രിയമാക്കി. നിലവിൽ ആഗോള ഡിജിറ്റൽ വായ്പാ വിപണിയിൽ ഇന്ത്യയുടെ സംഭാവന ഏകദേശം 4.6 ശതമാനമാണ്.
സാമ്പത്തിക വികസനത്തിന്റെ ഈ കണക്കുകൾ ഒരുവശത്ത് നിൽക്കുമ്പോൾ തന്നെ,യാതൊരു നിയമപരമായ അംഗീകാരങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന വ്യാജ ലോൺ ആപ്പുകൾ കേരളത്തിലടക്കം വലിയ സാമൂഹിക ദുരന്തങ്ങൾ സൃഷ്ടിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. കൊവിഡിനു ശേഷമാണ് ലോൺ ആപ്പുകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നത്. പരാതികളിൽ പൊലീസ് അന്വേഷണം വന്നതോടെ കുറച്ചുകാലത്തേക്ക് ഇതിന്റെ വ്യാപനം കുറഞ്ഞിരുന്നു. എന്നാൽ 2025 അവസാനത്തോടെ ലോൺ ആപ്പ് തട്ടിപ്പുകാർ വീണ്ടും തലപൊക്കിത്തുടങ്ങിയിരിക്കുകയാണ്.
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ ലോൺ ആപ്പുകൾക്കെതിരെ നടപടിയെടുത്തതോടെ വിഷയം വീണ്ടും ചർച്ചയായിരുന്നു. ലോൺ ആപ്പ് ഭീഷണികളെത്തുടർന്ന് സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ എട്ടു പേർ ആത്മഹത്യ ചെയ്തതായി സൈബർ പൊലീസ് വെളിപ്പെടുത്തുന്നു. 2026ൽ ഇതുവരെമാത്രം നാല് ആത്മഹത്യകളുണ്ടായി. സാമ്പത്തിക സാക്ഷരതയുടെ കാര്യത്തിൽ കേരളത്തിലെ യുവാക്കളും വിദ്യാർത്ഥികളും എത്രത്തോളം പിന്നിലാണെന്ന് പല സംഭവങ്ങളും തെളിയിക്കുന്നു.
ചിന്തിക്കാൻ സമയമില്ല,
ഇൻസ്റ്റന്റായി പണമെത്തും
പണത്തിന് അത്യാവശ്യമുള്ളപ്പോൾ 10 മിനിറ്റ് കൊണ്ട് ഫണ്ട് കൈയ്യിലെത്തും എന്നറിഞ്ഞാണ് പലരും ലോൺ ആപ്പുകളിലെത്തുക. കുറഞ്ഞ പലിശ,ഇൻസ്റ്റന്റ് അപ്രൂവൽ തുടങ്ങിയ പ്രലോഭനങ്ങളും അതോടൊപ്പം അത്യാവശ്യക്കാരന് ചിന്തിക്കാനുള്ള സമയമില്ലാത്ത സ്ഥിതി കൂടി ചേരുമ്പോൾ ആപ്പുകൾക്ക് കൂടുതൽ എളുപ്പമാകും കാര്യങ്ങൾ. വായ്പാ ആപ്പുകളുമായി ബന്ധപ്പെട്ട് ആളുകൾ ജീവനൊടുക്കിയ കേസുകൾ നിരവധിയാണ്. അടുത്തിടെ കണ്ണൂർ ഡെന്റൽ കോളജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയതിനു പിന്നിലും ലോൺ ആപ്പിന്റെ സ്വാധീനമുണ്ടെന്നാണ് പറയുന്നത്.
15,000 രൂപ ലോണെടുത്ത നിതിൻ 30,000ൽ അധികം അടച്ചതായും പറയുന്നുണ്ട്. പെട്ട്ന്നൊരു ദിനം വരുന്ന ഭീഷണിയോടെ മാത്രമല്ലാ ലോൺ ആപ്പുകളുടെ കെണി മുറുകുന്നത്. അത് നിങ്ങൾ വായ്പ എടുക്കുന്നതോടെ തന്നെ തുടങ്ങും. വായ്പ്പയ്ക്കായി നമ്മുടെ ഫോണിലെ ഡാറ്റയിലേക്ക് ആക്സസ് നൽകുന്നത് മുതൽ നമ്മൾ അവരുടെ നിയന്ത്രണത്തിലാകുന്നു. പിന്നീട് തിരിച്ചടവുകളിലെ കണക്കുകൾ എടുത്താലും പൊരുത്തക്കേടുകൾ മനസിലാകും. ഒരു തവണ മുടങ്ങുന്നതോടെയാണ് മിക്കവാറും കേസുകളിൽ ആപ്പുകളുടെ തനിനിറം പുറത്ത് വരിക. എന്നാൽ,കണക്കെടുത്താൽ എടുത്തതും പലിശയും ഉൾപ്പെടെ നല്ലൊരു തുക അതിനോടകം അടച്ചുകാണും.
പാളിപ്പോകുന്നത്
എവിടെ
കാര്യമായ പേപ്പർ വർക്കുകളോ അന്വേഷണമോ ഇല്ലാതെ കാലതാമസമൊട്ടുമില്ലാതെ തുക കൈയിൽ കിട്ടുന്നതുകൊണ്ട് അത്യാവശ്യത്തിന് ലോൺ ആപ്പുകളെ ആശ്രയിക്കുന്ന നിരവധിപ്പേരുണ്ട്. എന്നാൽ എളുപ്പത്തിൽ വായ്പ ലഭിക്കുമെന്ന ആശ്വാസം അധികകാലം നിലനിൽക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. തവണ മുടങ്ങിയാൽ ഫോണിലെ കോൺടാക്ടുകൾ,ഗാലറിയിലെ ചിത്രങ്ങൾ തുടങ്ങിയവയിലേക്കുള്ള ആക്സസ് ഉപയോഗിച്ച് വായ്പയെടുത്തയാളുടെ ജീവിതം ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് പലപ്പോഴും പല ആപ്പുകളും ചെയ്തിട്ടുള്ളത്.
എടുത്ത തുകയുടെ ഇരട്ടിയിലധികം അടച്ചാലും തവണ മുടങ്ങിയാൽ ഭീഷണികളും മോർഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിക്കലും തുടങ്ങി ഇടപാടുകാരന്റെ ജീവനെടുക്കും ലോൺ ആപ്പുകൾ. പ്രൊസസിംഗ് ഫീസ്,ഇൻഷ്വറൻസ്,ഫയൽ ചാർജുകൾ തുടങ്ങിയ ആവശ്യങ്ങൾ ലോൺ ആപ്പുകൾ ഉയർത്തുന്നിടം മുതൽ തുടങ്ങുകയാണ് അധികമായ പണം ഈടാക്കൽ. പലപ്പോഴും ഈ ഫീസുകൾ വായ്പയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് മുൻകൂട്ടി ചോദിച്ചാൽ തട്ടിപ്പ് അവിടെ മുതൽ തുടങ്ങിയെന്ന് കൂട്ടാം.
ഉദാഹരണത്തിന് 5,000 രൂപ കടമെടുത്താൽ 3,500 രൂപ മുതൽ 4,000 രൂപ വരെയാകും വായ്പയിനത്തിൽ അക്കൗണ്ടിൽ ലഭിക്കുക. ഇനി തിരിച്ചടവിന് ലഭിക്കുന്ന കാലാവധി വളരെ കുറവായിരിക്കും. ഇനി പലപ്പോഴും തിരിച്ചടവിൽ ദിനം പ്രതി പലിശ വർദ്ധിക്കുന്നതായി കാണാം. ഒരു തവണ മുടക്കിയാലോ അത് ഇരട്ടിയോ ഇരട്ടിയുടെ ഇരട്ടിയോ ആയേക്കും. ബാദ്ധ്യത തീർക്കാൻ നൽകിയ സമയപരിധി അവസാനിക്കുമ്പോൾ 5,000 രൂപയ്ക്ക് 3,500 രൂപ തന്ന് 10,000 രൂപ അടച്ച് കാണും.
എന്നാൽ അതിനിടയ്ക്ക് എന്തെങ്കിലും തരത്തിലുള്ള വീഴ്ച ചൂണ്ടിക്കാട്ടി ആപ്പുകൾ കൂടുതൽ പണം ഈടാക്കാൻ ശ്രമിക്കും. അവിടെയാണ് കഥമാറുന്നത്. വഴങ്ങിയില്ലെങ്കിൽ ഭീഷണി കോളുകൾ,ഫോണിൽ നിന്ന് ചിത്രങ്ങൾ എടുത്ത് മോർഫ് ചെയ്ത് പ്രചരിപ്പിക്കൽ,കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് സന്ദേശങ്ങൾ അയക്കുകയും കോളുകളും ചെയ്യുകയും തുടങ്ങി വായ്പയെടുത്ത ആളെ പ്രതിസന്ധിയിലാഴ്ത്തുന്ന പലതും ചെയ്യും. ഭീഷണിയും നാണക്കേടും ഓർത്ത് പലരും പരാതിപ്പെടാതെ പണം നൽകും അല്ലെങ്കിൽ ജീവനൊടുക്കും.
കേരളത്തിൽ നിന്ന്
തട്ടിയത് 70 കോടി
സാധാരണയായി ലോൺ ആപ്പുകളിൽ പ്രതിമാസം 1.5% മുതൽ 3.8% വരെ പലിശ നിരക്ക് ഈടാക്കുന്നു. എങ്കിലും, പല അനധികൃത ആപ്പുകളും 100 ശതമാനത്തിലധികം വാർഷിക പലിശയും മറഞ്ഞിരിക്കുന്ന പ്രൊസസിംഗ് ചാർജുകളും ഈടാക്കുന്നുണ്ട്. വായ്പ തുകയുടെ ചെറിയൊരു ഭാഗം മാത്രം അക്കൗണ്ടിൽ ലഭിക്കുകയും ഭീമമായ തുക തിരിച്ചടയ്‌ക്കേണ്ടിയും വരാറുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിൽ നിന്ന് വായ്പ ആപ്പ് സംഘം തട്ടിയത് 70 കോടിയെന്നാണ് റിപ്പോർട്ട്.
ഇരയാകുന്നവരിൽ അഞ്ചിൽ ഒന്നും വീട്ടമ്മമാരാണെന്നും പരാതിപ്പെടുന്നവർ കേസുമായി മുന്നോട്ടുപോകുന്നില്ലെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മലപ്പുറം,എറണാകുളം,പാലക്കാട്,ആലപ്പുഴ,കോട്ടയം ജില്ലകളിൽ നിന്നുമാണ് കൂടുതൽ പരാതികൾ ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിരിക്കുന്നത്. പലയിടത്തും ജീവനൊടുക്കിയ ആളുകളുടെ കുടുംബത്തെ വരെ ലോൺ ആപ്പുകൾ വേട്ടയാടുന്നതായി വാർത്തകൾ വന്നിരുന്നു. വ്യാജ ലോൺ ആപ്പുകളുടെ കെണിയിൽ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കുന്നതിന് അംഗീകൃത ലോൺ ആപ്പുകളുടെ കേന്ദ്രീകൃത ഡേറ്റാബേസിന് ആർ.ബി.ഐ രൂപം നൽകിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗ നിർദ്ദേശങ്ങളും ആർ.ബി.ഐ പുറത്തിറക്കിയിരിക്കുന്നു. ആർബിഐയുടെ അംഗീകാരമുള്ള ഇന്ത്യയിലെ മികച്ച ലോൺ ആപ്പുകളുടെ പട്ടിക ലഭ്യമാണ്. അതുൾപ്പെടെ പരിശോധിച്ച്. വ്യവസ്ഥകളും നിബന്ധനകളും അനുയോജ്യമെന്ന് തോന്നുന്ന സ്ഥാപനം തെരഞ്ഞെടുക്കാവുന്നതാണ്.
നിയമപരമായി
നേരിടണം
ഇത്തരം കടക്കെണികൾ നിയമപരമായി നേരിടാവുന്നതാണ്. പണം നൽകാനുള്ളതിന്റെ പേരിൽ ഒരാളെയും ശാരീരികമായോ മാനസികമായോ പീഡിപ്പിക്കാനാകില്ല. കേന്ദ്ര സർക്കാരിന്റെ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റിന്റെ https://cybercrime.gov.in/ൽ രജിസ്റ്റർ ചെയ്യാം അല്ലെങ്കിൽ സംസ്ഥാന സൈബർ ക്രൈം പൊലീസിൽ നേരിട്ട് നൽകുകയോ ചെയ്യാം. ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പ് സംശയം തോന്നിയാൽ പിന്നീട് ഒരു കാരണവശാലും പണം നൽകരുത്.
അംഗീകൃത ധനകാര്യ സംവിധാനങ്ങളെ മാത്രം വായ്പകൾക്ക് ആശ്രയിക്കുക. ആപ്പുകൾ ഉപയോഗിച്ചാൽ ആർ.ബി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ആപ്പിന്റെ നിബന്ധനകളും വ്യവസ്ഥകളും പലിശ നിരക്കുകളും തിരിച്ചടവുമായി ബന്ധപ്പെട്ട വിവരങ്ങളും മനസിലാക്കിയ ശേഷം ലോണെടുക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |