SignIn
Kerala Kaumudi Online
Monday, 20 July 2026 8.11 PM IST

ലക്ഷണയുക്തനായ ലക്ഷ്‌മണൻ

d

രാമായണത്തിലെ ലക്ഷണാന്വിതനായ ലക്ഷ്മണൻ. സുമിത്രാതനയനായ ലക്ഷ്മണന്റെ ഭ്രാതൃഭക്തിയും സദാചാരശുദ്ധിയും നിർമ്മലമായ വിധേയത്വവും എത്രതന്നെ ആദരണീയമാണ്. ശ്രീരാമന് ലക്ഷ്മണൻ സഹതാരം എന്നതിനപ്പുറം ശാന്തസഹചാരിയും തന്റെ ഹൃദയം വായിക്കുവാൻ കഴിവുള്ള ആത്മബന്ധുവുമായിരുന്നു. രാവണൻ അപഹരിച്ചു കൊണ്ടുപോയ സീതാദേവിയെ അന്വേഷിച്ചലഞ്ഞ വാനരന്മാർക്ക് അടയാളമായി സീതയുടെ ആഭരണങ്ങൾ ലഭിച്ചപ്പോൾ അത് തിരിച്ചറിയാനായി ഋശ്യമൂകാചലത്തിൽവച്ച് ലക്ഷ്മണനോട് ശ്രീരാമചന്ദ്രൻ ആവശ്യപ്പെടുമ്പോൾ ആകെക്കുഴങ്ങുന്ന ആ അനുജൻ തൊഴുകൈകളോടെ പറയുന്നു: 'അല്ലയോ ജ്യേഷ്ഠാ, എനിക്ക് ദേവിയുടെ തോൾവളകളോ, കുണ്ഡലങ്ങളോ കണ്ടാൽ അറിയുകയില്ല; എന്നാൽ, എന്നും പാദനമസ്കാരം ചെയ്യുന്നതുകൊണ്ട് ആ തൃക്കാലിണകളിലെ നൂപുരങ്ങൾ കണ്ടാലറിയാം. അതുമാത്രമേ ഞാൻ കണ്ടിട്ടുള്ളൂ 'എന്ന്. ജ്യേഷ്ഠപത്നിയെ മാതാവായിക്കാണുന്ന ഉന്നതമായ ഹൃദയശുദ്ധിയും കുടുംബജീവിത മഹത്വവും പ്രപാടനം ചെയ്യുന്ന ഭാരതീയ സാംസ്കാരിക മഹിമയുടെ ഉത്കൃഷ്ട വിളംബരമാണിത്. ലക്ഷണയുക്തനായ ലക്ഷ്‌മണൻ ശ്രീരാമന്റെ സന്തത സഹചാരിയായിരുന്നു. രാവണ നിർദ്ദേശാനുസരണം മാരീചന്റെ കാപട്യത്താൽ ശ്രീരാമന്റെ വിലാപം കേട്ടമാത്രയിൽ നിജസ്ഥിതിയറിയാതെ രാമനെ രക്ഷിക്കാൻ അവിടേക്കു പോകാൻ നിർബന്ധിക്കുന്ന സീതയുടെ (മായാസീത) ഭർത്സനം കേട്ടിട്ടും മറുത്തൊന്നും പറയാതെ തനിക്കു മാതൃതുല്യയായ ദേവിയുടെ മുന്നിൽ വിനീതവിധേയനായി കർമ്മബദ്ധനായി സുരക്ഷ തീർത്തുനിൽക്കുകയും ഗത്യന്തരമില്ലാതെ ഒടുവിൽ രാമനെ തേടിപ്പോവുകയുമാണുണ്ടായത്. തന്റെ ലക്ഷ്മണരേഖ കടന്നപ്പോഴാണ് രാവണൻ സീതയെ അപഹരിച്ചു കൊണ്ടുപോയത്. മനുഷ്യമനസിന്റെ സംശുദ്ധമായ സങ്കല്പങ്ങളെയും ബീഭത്സമായ വിചാരങ്ങളെയും സമർത്ഥമായി രാമായണത്തിൽ ചിത്രീകരിച്ചിരിക്കുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, ജീവിതത്തിന്റെ വികാരവിചാരങ്ങളെ സമൃദ്ധമായി രാമായണത്തിൽ കാണാം. രാജഭക്തിയിലുപരി രാജ്യഭക്തിക്ക് പ്രാധാന്യം കൊടുക്കുന്ന ശ്രീരാമകഥ കാലാതിവർത്തിയായ മഹാകാവ്യമാണ്. അതുകൊണ്ടുതന്നെ ഭൗതികതയിൽ ഉറച്ചുനിൽക്കുമ്പോഴും ആദ്ധ്യാത്മികതയുടെ സാന്ദ്രാനന്ദാനുഭൂതി പകരുന്ന സവിശേഷ സാന്നിദ്ധ്യമാണ്‌ രാമായണ കഥാനിധി . സ്വയംകൃതമായ അനർത്ഥങ്ങളുടെ സ്രഷ്ടാവായ രാവണൻ ദുർഗ്രഹമായ മനോവ്യാപാരങ്ങളുടെ പ്രതീകമാണ്. രാവണന്റെ പത്തുതലകൾ അഞ്ചു ജ്ഞാനേന്ദ്രിയങ്ങളെ ഓർമ്മിപ്പിക്കുന്നു. നവദ്വാരിയായ ലങ്കാനഗരം നവദ്വാരങ്ങളുള്ള മനുഷ്യദേഹം തന്നെയാണ്. വിഭീഷണൻ വിവേകത്തിന്റെയും, ഹനുമാൻ നിരതിശായിയായ സ്നേഹ വിശ്വാസങ്ങളുടെയും, സീത ശാന്തതയുടെയും പരിത്യാഗഭാവത്തിന്റെയും ശ്രീരാമൻ പരാത്മ ജീവിതത്തിന്റെയും പ്രതീകമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMAYANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY