SignIn
Kerala Kaumudi Online
Saturday, 15 August 2026 2.37 AM IST

ആത്മസാക്ഷാത്കാരത്തിന്റെ സമർപ്പണം

malayalalam-ramayanam

ഭക്തിയെന്നത് പ്രകടനപരതയല്ല, ആത്മസാക്ഷാത്കാരത്തിന്റെ സൗമ്യമായ സമർപ്പണനിരതയാണ്. രാമലക്ഷ്മണന്മാരുടെ വനവാസവേളയിൽ ഒരുനാൾ പ്രഭാതത്തിൽ ഇരുവരും വനാന്തരത്തിലൂടെ സഞ്ചരിക്കവേ ഒരു തടാകത്തിന്റെ തീരത്തെത്തി. തുടർന്ന്, സ്നാനാദിപൂജകൾക്കുള്ള ഒരുക്കമായി. ആ വേളയിൽ തന്റെ കൈവശമുള്ള വസ്ത്രങ്ങൾ തൂക്കിയിടുന്നതിനായി ശ്രീരാമൻ ഒരു അമ്പെയ്തു.

നിർഭാഗ്യമെന്നു പറയട്ടെ, അതു ചെന്നുതറച്ചത്‌ സർവഭൗതിക ചിന്താവിമുക്തമായ ഹൃദയത്തോടെ രാമനാമം ജപിച്ചു കൊണ്ടിരുന്ന ഒരു തവളയുടെ പുറത്താണ്! എന്നാൽ, ശ്രീരാമൻ ഇതൊന്നുമറിഞ്ഞില്ല. സ്നാനമെല്ലാം കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണ് കഥയറിഞ്ഞത്. തവളയ്ക്കു മുറിവേറ്റതിൽ ദേവന് വല്ലാത്ത ഹൃദയവ്യഥയുണ്ടായി. അദ്ദേഹം അതീവ വിനയത്തോടെ തവളയോട് മാപ്പപേക്ഷിച്ചു. അദ്ദേഹം തുടർന്ന് ചോദിച്ചു: 'ഒന്ന് കരഞ്ഞിട്ടെങ്കിലും ഈ സങ്കടകരമായ അവസ്ഥ എന്നെയൊന്ന് ധരിപ്പിക്കാഞ്ഞതെന്ത്. അതു ചെയ്തിരുന്നെങ്കിൽ അപ്പോൾത്തന്നെ അമ്പു വലിച്ചൂരി ഞാൻ രക്ഷപ്പെടുത്തുമായിരുന്നില്ലേ'.

തവള, ശ്രീരാമനെനോക്കി ഭക്തിപൂർവം പറഞ്ഞു: ''പ്രഭോ, രാമനാമത്തിൽ മുഴുകിയിരുന്ന എനിക്ക് അത് അല്പനേരത്തേക്കു പോലും മുടക്കം വരരുതെന്നുണ്ടായിരുന്നു. അതുകൊണ്ടാണ് കരയാതെ ഞാൻ നിശബ്ദമായിരുന്നത്''. തവളയുടെ നിസ്തുലമായ ഭക്തിയും മറുപടിയും കണ്ട്‌ അദ്ദേഹം വിസ്മയിച്ചു നിന്നുപോയി! അപ്പോഴും തവള ശ്രീരാമ മന്ത്രോച്ചാരണത്തിൽ മുഴുകിക്കൊണ്ടേയിരുന്നു. ശ്രീരാമചന്ദ്രനാകട്ടെ, അപ്പോൾത്തന്നെ തവളയ്ക്ക് മോക്ഷംനല്കി അനുഗ്രഹിച്ചു.

രാമായണത്തിൽ ആഞ്ജനേയനായാലും ശബരിയായാലും ഗുഹനായാലുമെല്ലാം ഭക്ത്യഭിഗമ്യമായ ജീവിതസിദ്ധി കൈവരിച്ചവരാണ്. മറ്റു കഥാപാത്രങ്ങളും ജീവിതത്തിന്റെ വിജയത്തിന് നിസ്തുലമായ ഭക്തിയും നിർമ്മലമായ ഹൃദയവും നിസ്തന്ത്രമായ കർമ്മനിരതയും അനുപേക്ഷണീയമാംവിധം പരസ്പര പൂരകങ്ങളാണെന്ന്‌ നമ്മെ സദാ ഓർമ്മിപ്പിക്കുന്നു. ആത്മീയതയെ ശ്രദ്ധായുക്തരായി, സദാചാരസിദ്ധരായി ഭൗതികമുക്തരായി, ഭക്തിനിലീനരായി പുൽകുക എന്നത് സുകൃതികൾക്കേ കഴിയൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMAYANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA