SignIn
Kerala Kaumudi Online
Monday, 27 July 2026 1.22 AM IST

'പാറ്റ വിപ്ലവം' കീ ജയ്; ടീച്ചറുടെ കണ്ണീരും

d

'ധർമ്മ സംസ്ഥാപനാസ്ഥായ, സംഭവാമി യുഗേ യുഗേ'. അധർമ്മത്തിനും അനീതിക്കുംമേൽ സത്യവും ധർമ്മവും വിജയക്കൊടി നാട്ടിയ കുരുക്ഷേത്ര യുദ്ധത്തിൽ അർജ്ജുനന്റെ തേരാളിയായിരുന്ന ശ്രീകൃഷ്ണന്റെ ഗീതോപദേശം. ജനാധിപത്യ യുഗത്തിൽ സത്യവും നീതിയും വെടിഞ്ഞുള്ള അധികാര പ്രമത്തതയ്ക്കും എതിർശബ്ദങ്ങളെ അടിച്ചമർത്തലിനുമെതിരെ രാജ്യ തലസ്ഥാനത്ത് നടന്ന യുവജനങ്ങളുടെ 'പാറ്റ വിപ്ലവ'ക്കൊടുങ്കാറ്റിൽ ഭരണകൂടത്തിന്റെ ധാർഷ്ട്യവും അഹങ്കാരവും ഒലിച്ചുപോയി.

യുവ രോഷത്തിനുനേരേ അർദ്ധ സൈനികരെ ഉപയോഗിച്ച് നര നായാട്ടും, സമരക്കാർക്കെതിരെ നുണ പ്രചാരണവും നടത്തുകയും ചെയ്ത ഭരണകൂടം ഒടുവിൽ മുട്ടുമടക്കി. ഡൽഹിയിലെ ജന്തർ മന്ദറിൽ നിന്ന് രാജ്യമാകെ അലയടിച്ച 'ജെൻസി വിപ്ളവം' പുതു ചരിത്രമെഴുതി. ഇങ്ങ് കേരളത്തിൽ അധികാരത്തിന്റെ ചില്ലു കൊട്ടാരത്തിലിരുന്ന് ജനവികാരം മറന്നവരുടെ പിണിയാളായി മാറി എന്ത് നെറികേടിനും നിർലജ്ജം കുടപിടിച്ച പൊലീസിലെ ഉന്നതൻ അജിത് കുമാർ ഒടുവിൽ മലർന്നടിച്ചു വീണു.

ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് മറയിടാൻ 'അടിയൻ ലച്ചിപ്പോം' എന്ന ഭാവത്തിൽ വീണ്ടും അതേ കള്ളത്തരത്തിന് കൂട്ടുനിന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസി‌ഡന്റായിരുന്ന പ്രശാന്തും ഒടുവിൽ ഇരുമ്പഴിക്കുള്ളിൽ. അതും, രാജ്യത്തെ യുവരക്തം വിജയഭേരി മുഴക്കിയ അതേ വാരം. കണ്ടു കണ്ടങ്ങിരിക്കും ജനത്തിനെ കണ്ടില്ലെന്ന് വ‌രുത്തുന്നതും ഭവാൻ!

ഡോക്ടറും എൻജിനിയറുമൊക്കെയാവാൻ കഠിന പ്രയത്നം ചെയ്യുന്ന രാജ്യത്തെ നിസ്സഹായരായ ദരിദ്ര നാരായണന്മാരുടെ സമർത്ഥരായ മക്കളുടെയും, അവരുടെ ഭാവിക്കായി മുണ്ട് മുറുക്കിയുടുത്തും ഉറക്കമിളച്ചും കാത്തിരിക്കുന്ന മാതാപിതാക്കളുടെയും കണ്ണീർപ്പുഴയിൽ അധികാര സാമ്രാജ്യത്തിന്റെ ഇരുമ്പ് മറയും, കോട്ടകൊത്തളങ്ങളും തകർന്നടിഞ്ഞു.145 കോടി ജനങ്ങളുള്ള രാജ്യത്ത് ഒരു പ്രവേശന പരീക്ഷ പോലും സുതാര്യമായി നടത്താൻ കഴിയാതെ, ചോദ്യപേപ്പർ ചോർച്ചകൾക്ക് നേരേ കണ്ണടയ്ക്കുന്ന അധികാരി വർഗം.

അവരുടെ അനീതികൾ ചെറുക്കാൻ ശേഷിയില്ലാതെ അറച്ചുനിന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാ‌ർട്ടികളെ, ഒടുവിൽ കളത്തിലിറങ്ങാൻ നിർബന്ധിതരാക്കിയ പാറ്റ മാജിക്കിന്റെ (കോക്രോച്ച് ജനതാ പാർട്ടി -സി.ജെ.പി) തുടക്കം അമേരിക്കയിലെ ബോസ്റ്റൺ സർവകലാശാല വിദ്യാർത്ഥി അഭിജീത് ദിപ്കെ എന്ന ഇന്ത്യൻ യുവാവിലൂടെ. അതിന് രാസത്വരകമായത് രാജ്യത്തെ തൊഴലില്ലാപ്പടയെ പാറ്റകളോട് ഉപമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രയുടെ പരാമർശവും.

പാറ്റകളുടെ സഹനവും നിശ്ചയദാർഢ്യവും രാജ്യ മന:സാക്ഷിയെ ഉലച്ചു.ആ വീറും രോഷവും ഇന്ത്യയിലാകെ ആളിപ്പടർത്താൻ പെൺകുട്ടികൾ ഉൾപ്പെടെയുള്ള യുവജന കോടികൾ സ്വമേധയാ അണിചേർന്നു. സമരത്തെ താറടിക്കാൻ ഭരണക്കാരുടെ ഒത്താശയോടെ നുണ പ്രചാരണങ്ങളുടെ ഘോഷയാത്ര. പ്രതിഷേധക്കാരെ രാജ്യദ്രോഹികളും, പാക് ചാരന്മാരും,സാമൂഹ്യവിരുദ്ധരുമായി ചിത്രീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിനുനേരെ കല്ലെറിഞ്ഞ ഗുണ്ടകളാക്കാൻ വ്യാജ വീയിയോകൾ പ്രചരിപ്പിച്ചു.

സമരത്തിന്റെ മറ്റൊരു മുഖമായി മാറിയ സാമൂഹിക പ്രവർത്തകൻ സോനം വാങ്‌‌ചുക്കിന്റെ നിരാഹാര സമരം പൊളിക്കാൻ ചൈനീസ് ചാരനാക്കി.നിൽക്കക്കള്ളിയില്ലാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ മോദി സർക്കാർ കൈയൊഴിഞ്ഞു. സമരക്കാരുടെ ആവശ്യങ്ങൾക്ക് കീഴടങ്ങി.പാറ്റകൾ ഇളക്കിവിട്ട ധർമ്മ സമരത്തിന്റെ ആത്യന്തിക ലക്ഷ്യം അഴിമതിയും, ക്രമക്കേടുമില്ലാത്ത പരീക്ഷാ സംവിധാനമാണ്. അതിന് വീണ്ടും പാറ്റകൾ ഇളകിപ്പറക്കേണ്ടി വരുമോ?



ഒരു പേരിലെന്തിരിക്കുന്നുവെന്ന് ചോദിക്കാം.പക്ഷേ, ഒരാളുടെ പേര് ഉപയോഗിക്കുന്നതിലെ പിശക് അപകടം വരുത്താറുണ്ട്. കുരുക്ഷേത്ര യുദ്ധത്തിൽ പാണ്ഡവ സൈന്യത്തെ നിഗ്രഹിച്ച് മുന്നേറിയ ദ്രോണാചാര്യരെ വീഴ്ത്താൻ ശ്രീകൃഷ്ണൻ കണ്ടെത്തിയ ഉപായം ഉദാഹരണം. ദ്രോണാചാര്യർ യുദ്ധക്കളത്തിൽ നിരായുധനാവണമെങ്കിൽ മകൻ അശ്വത്ഥാമാവ് യുദ്ധത്തിൽ മരിച്ചെന്ന് അറിയണം.അതും,ജീവിതത്തിൽ സത്യം മാത്രം പറയുന്ന യുധിഷ്ഠിരൻ പറയണം.

അശ്വത്ഥാമാവെന്ന ആന ചരിഞ്ഞപ്പോൾ,യുധിഷ്ഠിരൻ അശ്വത്ഥാമാവ് മരിച്ചെന്ന് ഉറക്കെയും, അതേ പേരുള്ള ആനയെന്ന് പതുക്കെയും പറഞ്ഞു.

മകൻ മരിച്ചെന്ന് ഉറപ്പിച്ച് ആയുധം താഴെവച്ചതാണ് ദ്രോണാചാര്യരുടെ അന്ത്യത്തിന് വഴിയൊരുക്കിയത്. സി.പി.എം നേതാവും മുൻമന്ത്രിയും, മുൻ എം.പിയുമായ പി.കെ.ശ്രീമതി ടീച്ചർക്കെതിരെ ചിലർ നുണപ്രചാരണം നടത്തിയത് സമാനമായ

മറ്റൊരാളുടെ പേരിലാണ്. അന്തരിച്ച മുൻ എം.എൽ.എ പി.ആർ.കൃഷ്ണന്റെ കുടുംബ പെൻഷൻ പി.കെ.ശ്രീമതി വ്യാജമായി കൈപ്പറ്റിയെന്നായിരുന്നു നുണ പ്രചാരണം.

ഇതറിഞ്ഞ് അന്ധാളിച്ച ടീച്ചർ മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. കുന്നംകുളം മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായിരുന്ന പി.ആർ.കൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് പി.കെ.ശ്രീമതിയെന്ന പേരുള്ള ഭാര്യയാണ് പെൻഷൻ വാങ്ങിയിരുന്നത്.പിന്നീട് ,അവരും മരിച്ചു. പി.കെ.ശ്രീമതിയെന്ന പേര് കണ്ടപ്പോൾ ലവന്മാർ ഉറപ്പിച്ചു. ഇത് മറ്റേ കക്ഷി തന്നെ. തിരക്കുക പോലും ചെയ്യാതെ വച്ച് കാച്ചി.

ഒടുവിൽ പി.ആർ.കൃഷണന്റെ മകൻ സത്യം വെളിപ്പെടുത്തി. സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ ടീച്ചർ കൊടുത്ത പരാതിയിൽ സൈബർ പൊലീസ് കേസ് ചാർജ് ചെയ്തു.വ്യാജ പ്രചാരണത്തിലൂടെ സ്ത്രീകളെ അപമാനിക്കുന്ന എല്ലാ സൈബർ

പോരാളികൾക്കും ഇത് പാഠമാകട്ടെ!



സഖാവിന്റെ വാക്കും പഴയ ചാക്കും ഒരു പോലെയാണെന്ന് പറയുന്നത് തലസ്ഥാനത്തെ ടാക്സി ഡ്രൈവർമാർ. മകൾ വീണയുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ താമസിച്ചിരുന്ന വാടക വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ സി.പി.എം പ്രവർത്തകർ ആക്രമിക്കുന്നതിനിടെ, ഇ.ഡി ഉദ്യോഗസ്ഥർ വാടകയ്ക് എടുത്ത മൂന്ന് ടാക്സി കാറുകൾക്കും കേട് പറ്റിയിരുന്നു. അതിൽ സാരമായ കേടുപറ്റിയ

കാർ സി.ഐ.ടി.യു യൂണിറ്റ് നേതാവിന്റേതാണ്.

കാർ നന്നാക്കാനാവശ്യമായ ധനസഹായം പാ‌ർട്ടി നൽകാമെന്ന് സി.പി.എം

ജില്ലാ ആക്ടിംഗ് സെക്രട്ടറിയായിരുന്ന എ.എ.റഹിം എം.പി ഉറപ്പ് നൽകി. പിന്നീട്,പുള്ളിക്കാരനെയോ മറ്റ് നേതാക്കളോയോ ആ വഴി കണ്ടവരില്ല. ജീവിക്കാൻ മറ്റ് മാർഗമില്ലാതെ പെയിന്റിംഗ് ജോലിക്ക് പോവുകയായിരുന്നു ടാക്സി ഡ്രൈവർ.

വിവരമറിഞ്ഞ്, ഇ.ഡി ഉദ്യോഗസ്ഥർ 1.75 ലക്ഷം രൂപ ഡ്രൈവർക്ക് നൽകി.ആ തുക കൊണ്ട് കാർ

ശരിയാക്കി ‌ വീണ്ടും ഓട്ടം തുടങ്ങി. അന്ന് സഹായം ഉറപ്പുനൽകിയ സഖാക്കളെ ഇനി വേണം കാണാൻ!

നുറുങ്ങ്

പാറ്റ പാർട്ടിയുടെ ജെൻസി പ്രക്ഷോഭത്തെ പിന്തുണച്ച നടൻ മോഹൻലാലിന്റെ മകൾ വിസ്മയയ്ക്ക് രാഷ്ട്രീയം എന്തെന്നറിയില്ലെന്ന് ബി.ജെ.പി നേതാവായ മേജർ രവി.

►മറ്റുള്ളവരുടെ വേദന സ്വന്തം വേദനയായി കാണാനുള്ള സഹാനുഭൂതിയാണ് രാഷ്ട്രീയം.ഏതെങ്കിലും പാർട്ടിയുടെ കൊടി പിടിക്കുന്നതോ, അതിന്റെ പേരിൽ സ്വന്തം മന:സാക്ഷി പണയപ്പെടുത്തുന്നതോ അല്ല.

(വിദുരരുടെ ഫോൺ:9946108221)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VARAVISHESHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION