SignIn
Kerala Kaumudi Online
Monday, 27 July 2026 2.12 AM IST

ലിവിംഗ് ടുഗതറിൽ ചൂഷണ സാദ്ധ്യത

d

'ലിവിംഗ് ടുഗതർ' എന്നൊരു പ്രതിഭാസം നമ്മുടെ നാട്ടിലും പടർന്നുപിടിക്കുകയാണ്. ഭാരൃയും ഭർത്താവും അല്ലാത്ത പ്രായപൂർത്തിയായ ഒരു സ്ത്രീയും പുരുഷനും ഒരുമിച്ച് ഒരേ വീട്ടിൽ ഭാര്യാഭർത്താക്കന്മാരെ പോലെ ജീവിക്കുക, അല്ലെങ്കിൽ വിവാഹിതനായ പുരുഷൻ അയാളുടെ വിവാഹബന്ധം നിയമപ്രകാരം വേർപ്പെടുത്താതെ മറ്റൊരു സ്ത്രീയുമായി ഒരുമിച്ച് ജീവിക്കുക, അല്ലെങ്കിൽ വിവാഹിതയായ സ്ത്രീ അവരുടെ വിവാഹബന്ധം നിയമപ്രകാരം വേർപ്പെടുത്താതെ മറ്റൊരു പുരുഷനോടൊത്തു ജീവിക്കുക ഈ അവസ്ഥയാണ് ലിവിംഗ് ടുഗതർ എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്.

ഇങ്ങനെയുള്ള ജീവിതരീതി മാറിവരുന്ന കാലഘട്ടത്തിന്റെയും പരിഷ്‌കാരത്തിന്റെയും ലക്ഷണമായി വാദിക്കുന്നവരുണ്ട്. ഇതിന് നിയമതടസമില്ലായെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അത് ശരിയുമാണ്. വികസിത രാജ്യങ്ങളിൽ ലിവിംഗ് ടുഗതർ സമ്പ്രദായം സാധാരണമാണ്. അങ്ങനെ ജീവിച്ച് കുഞ്ഞുങ്ങൾ ജനിച്ചശേഷം നിയമപരവും ഒൗപചാരികമായും വിവാഹിതരാകുന്നതും സാധാരണമാണ്. ഇത്തരത്തിലുള്ള ജീവിതരീതിയെ അവിടെ ആരും വിമർശിക്കുന്നുമില്ല. കാരണം അതെല്ലാം പുരോഗതി പ്രാപിച്ച രാജ്യങ്ങളാണ്.

എന്നാൽ നമ്മുടെ നാട്ടിലെ സ്ഥിതിഗതികൾ വ്യത്യസ്തമാണ്. നമ്മുടെ രാജ്യം പുരോഗതി പ്രാപിക്കാൻ അഹോരാത്രം ശ്രമിക്കുന്ന രാജ്യമാണ്. നമ്മുടെ ജീവിതരീതിയും സംസ്‌കാരവും മറ്റൊരു വിധത്തിലുള്ളതുമാണ്. അതുകൊണ്ടുതന്നെ ലിവിംഗ് ടുഗതർ എന്ന രീതി, അതിൽ ഏർപ്പെടുന്ന വ്യക്തികളുടെ ജീവിതം തകർക്കുവാനും, സമൂഹത്തിൽ അസന്തുലിതാവസ്ഥയും അസന്തുഷ്ടിയും സൃഷ്ടിക്കപ്പെടുവാൻ ഏറെ സാദ്ധ്യതയുള്ളതുമാണ്.

പുരുഷനും സ്ത്രീക്കും ലിവിംഗ് ടുഗതറിൽ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നുവെന്നും, പരസ്പരം ഉത്തരവാദിത്വം ഇല്ലായെന്നും ആയതിനാൽ എപ്പോൾ വേണമെങ്കിലും പിരിയുവാൻ സാദ്ധ്യമാകുമെന്നാണ് ഇതിൽ ഏർപ്പെടുന്ന പലരുടെയും വാദം. എന്നാൽ, എപ്പോൾ വേണമെങ്കിലും വേർപിരിയാമെന്ന ന്യായം ജീവിതത്തെ ഗൗരവതരമായി കാണാൻ കഴിയാത്തവരുടെ മുടന്തൻ ന്യായമാണ്.

പരസ്പരം കൃത്രിമ സ്‌നേഹം കാണിക്കുക, സ്വാതന്ത്ര്യമെന്ന പേരിൽ സമൂഹത്തിന് യോജിക്കാത്ത പ്രവൃത്തികൾ ചെയ്യാനുള്ള പ്രവണതയിലേക്ക് വഴുതി വീഴുക, കൂടാതെ കുടുംബജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടവും ഭയവും, കുടുംബമായി ജീവിച്ച് സമൂഹത്തിന്റെ ഭാഗഭാക്കാകാനുള്ള മടി, ലൈംഗിക സ്വാതന്ത്ര്യം ഇവയൊക്കെ ആകാം ലിവിംഗ് ടുഗതർകാരുടെ ഫ്രസ്വാകർഷണീയ വസ്തുതകൾ. ഇവയെല്ലാം തന്നെ അനുഭവിച്ചറിയുമ്പോൾ ലിവിംഗ് ടുഗതർ സിദ്ധാന്തം പാഴ്‌ചി​ന്തകളോ പാഴ്‌വി​ശ്വാസങ്ങളോ ആയി മാറുന്നു.


ഇന്ന് സമൂഹത്തിൽ കാണുന്ന അസ്വസ്ഥതകൾക്കും അസ്വാരസ്യങ്ങൾക്കുമുള്ള പ്രധാന കാരണങ്ങളിലൊന്ന് കുടുംബങ്ങളിലുണ്ടാകുന്ന അന്ത:ഛി​ദ്രങ്ങളാണ്. സാമ്പത്തിക ക്ലേശങ്ങൾ, പരസ്പരം വിട്ടുവീഴ്ചയില്ലായ്മ, വിവാഹമോചനങ്ങൾ, പരിധിവിട്ട ലൈംഗിക രീതികൾ തുടങ്ങിയവയെല്ലാം സമൂഹത്തിൽ ശിഥിലീകരണവും അസംതൃപ്തിയും സംജാതമാകുവാൻ സഹായിക്കുന്ന ഘടകങ്ങളാണ്.

ഈ അസ്വസ്ഥതകൾക്ക് ആക്കം കൂട്ടുവാൻ മാത്രമേ ലിവിംഗ് ടുഗതർ താത്പര്യങ്ങൾ സഹായിക്കൂ. മനുഷ്യരാശിയുടെ നിലനിൽപ്പിന് പ്രകൃതി നൽകിയിട്ടുള്ള ദൈവദത്തവും സാമൂഹിക നിബന്ധനകൾക്ക് വിധേയമായിട്ടുള്ളതുമായ പരിപാവനമായ ഒത്തുചേരലാണ് സ്ത്രീപുരുഷ വിവാഹബന്ധം. ഇങ്ങനെയുള്ള ബന്ധങ്ങൾ സത്യത്തിനും നീതിക്കും ധർമ്മത്തിനും വിലകൽപ്പിച്ചിരുന്നു.

പക്ഷേ അടുത്തകാലത്തായി അതിൽ ചില വൃതിയാനങ്ങളൊക്കെ അനുഭവപ്പെടുന്നുണ്ട്. ആത്മാർത്ഥമായ സ്‌നേഹമില്ലായ്മ, പരസ്പര ധാരണയില്ലായ്മ, വിട്ടുവീഴ്ചയില്ലായ്മ, ശാഠ്യബുദ്ധി, ആത്മവിശ്വാസമില്ലായ്മ, അമിതമായ ആത്മവിശ്വാസം, സാമ്പത്തിക സ്വാതന്ത്ര്യം, എതിർകക്ഷിയെ അംഗീകരിക്കാനുള്ള വൈമനസ്യം തുടങ്ങി നിരവധി കാരണങ്ങളാണ് വിവാഹ ബന്ധങ്ങളിൽ അസ്വാരസ്യം ഉണ്ടാക്കുന്നത്. എന്നതുകൊണ്ട് വൈവാഹിക ബന്ധത്തിന്റെ ശോഭ കെടുകയോ പ്രാധാന്യം കുറയുകയോ ചെയ്തിട്ടില്ല.

വിവാഹമെന്ന

വിശുദ്ധ കർമ്മം

ഒരു സ്ത്രീയുടെയും പുരുഷന്റെയും ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ട ഒരു സംഭവമാണ് അവരുടെ വിവാഹം. ഹിന്ദുമതത്തിൽ ഒരുകാലത്ത് ലൗകിക ജീവിതത്തെ ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്ന് നാല് ആശ്രമങ്ങളായി വിഭജിച്ചിരുന്നു. ധർമ്മയുക്തമായ ജീവിതരീതി മോക്ഷ പ്രാപ്തിക്കുവേണ്ടിയാണെന്നും ധരിച്ചിരുന്നു. ഗൃഹസ്ഥാശ്രമം അതായത് വിവാഹജീവിതം ആരംഭിക്കുന്നത് തന്നെ ബ്രഹ്മചരൃത്തിൽ സ്ത്രീയും പുരുഷനും ആർജിച്ച വിവിധ വിദ്യകളുടെ ഫലം ലഭിച്ച് തുടങ്ങിയതിന് ശേഷമായിരുന്നെന്നും പറയപ്പെടുന്നു.

ദൈവീകമായ ഒരു വിശുദ്ധ കർമ്മമായാണ് വിവാഹത്തെ വിവക്ഷിക്കുന്നത്. വൈവാഹിക ബന്ധം ആരംഭിക്കുന്നതോടെ ഒരു വ്യക്തിക്ക് ധർമ്മർത്ഥകാമമോക്ഷങ്ങൾ കൈവരിക്കുവാനുള്ള അവസരം സംജാതമാകുന്നു.

പരിഹാരം അകലെ

ലിവിംഗ് ടുഗതർ ബന്ധങ്ങളിൽ സ്ത്രീകൾ മിക്കപ്പോഴും ലൈംഗിക ചൂഷണങ്ങൾക്ക് വിധേയമാകുകയോ, വഞ്ചിക്കപ്പെടുകയോ ആണ് പതിവ്. ചില സന്ദർഭങ്ങളിൽ ആവശ്യം കഴിയുമ്പോൾ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകൾ വഴിയാധാരമാകുന്ന അവസ്ഥയുമുണ്ട്. ഇങ്ങനെയുള്ള ബന്ധത്തിൽ കുഞ്ഞുങ്ങൾ ഉണ്ടായാൽ അവരുടെ അവസ്ഥ പരമദയനീയമാണ്.

ലൈംഗിക സ്വാതന്ത്ര്യം ഉണ്ടെന്ന് അവകാശപ്പെടുന്ന ഇക്കൂട്ടർ, കുഞ്ഞുങ്ങളുണ്ടായാൽ അതിന്റെ പിതൃത്വത്തെ ചൊല്ലി കലഹിക്കാനുള്ള സാദ്ധ്യതയും ഏറെയാണ്. നിയമപരമായി വിവാഹിതരാകാത്തതുകൊണ്ട് ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ സ്ത്രീകൾക്ക് എന്തെങ്കിലും പരിഹാരത്തിനു വേണ്ടി നീതിന്യായ സംവിധാനങ്ങളെ സമീപിക്കുവാനും സാദ്ധ്യമല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIVING TOGETHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION