
പരീക്ഷാ തട്ടിപ്പുകൾ പൂർണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നത്. പരീക്ഷാ നടത്തിപ്പിലെ സുതാര്യത തിരിച്ചുപിടിക്കാനും തട്ടിപ്പുകാർക്ക് കർശന മുന്നറിയിപ്പ് നൽകാനും ലക്ഷ്യമിട്ടുള്ള സമഗ്രമായ മാറ്റങ്ങളാണ് 'പൊതുപരീക്ഷാ ഭേദഗതി ബിൽ- 2026'ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഒരു രാജ്യത്തിന്റെ പുരോഗതിയുടെയും വളർച്ചയുടെയും ആണിക്കല്ല് അവിടത്തെ യുവതലമുറയാണ്. ആ യുവാക്കളുടെ ഭാവി നിർണയിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നത് രാജ്യത്ത് നടക്കുന്ന പൊതുപരീക്ഷകളും റിക്രൂട്ട്‌മെന്റ് പ്രക്രിയകളുമാണ്. എന്നാൽ, സമീപകാലത്തായി ഇന്ത്യയിൽ തുടർച്ചയായുണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചകളും പരീക്ഷാ ക്രമക്കേടുകളും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ജീവിതവും പ്രതീക്ഷകളുമാണ് കരിനിഴലിലാക്കിയത്. വർഷങ്ങളോളം രാപകലില്ലാതെ അദ്ധ്വാനിച്ച് പഠിക്കുന്ന കഴിവുള്ള ഉദ്യോഗാർത്ഥികളുടെ സ്വപ്നങ്ങൾ, തട്ടിപ്പ് സംഘങ്ങളുടെ പണക്കൊതിക്ക് മുന്നിൽ തകർന്നടിയുന്ന കാഴ്ച നാം കണ്ടതാണ്. ഈ പശ്ചാത്തലത്തിലാണ്, പരീക്ഷാ തട്ടിപ്പുകൾ പൂർണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നിലവിലുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നത്.
2024ൽ പാസാക്കിയ നിയമത്തിലെ വിടവുകൾ നികത്തിക്കൊണ്ട്, 'പൊതുപരീക്ഷാ (അനാചാരങ്ങൾ തടയൽ) ഭേദഗതി ബിൽ- 2026' പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നു. പരീക്ഷാ നടത്തിപ്പിലെ സുതാര്യത തിരിച്ചുപിടിക്കാനും തട്ടിപ്പുകാർക്ക് കർശന മുന്നറിയിപ്പ് നൽകാനും ലക്ഷ്യമിട്ടുള്ള സമഗ്രമായ മാറ്റങ്ങളാണ് ഈ പുതിയ നിയമനിർമ്മാണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
2024ലെ നിയമം ചില പരിധികൾക്കുള്ളിൽ നിന്ന് തട്ടിപ്പുകളെ ചെറുക്കാൻ ശ്രമിച്ചെങ്കിലും, അത്യാധുനിക സാങ്കേതികവിദ്യകളും കോടികളുടെ സാമ്പത്തിക ശക്തിയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംഘടിത ക്രൈം നെറ്റ്‌വർക്കുകളെ പൂർണമായി തടയാൻ സാധിച്ചില്ല.
കേസന്വേഷണം വർഷങ്ങളോളം നീണ്ടുപോകുന്നതും, അർഹരായ ഉദ്യോഗാർത്ഥികൾക്ക് നീതി ലഭിക്കാൻ വൈകുന്നതും തട്ടിപ്പുകാർക്ക് നിയമ വ്യവസ്ഥയോടുള്ള ഭയം കുറച്ചു. ഈ പോരായ്മകൾ പരിഹരിക്കാനും, അന്വേഷണവും വിചാരണയും ദ്രുതഗതിയിലാക്കാനും, ശിക്ഷാവിധികൾ കൂടുതൽ കഠിനമാക്കാനും പുതിയ ഭേദഗതി ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നു.
കടുത്ത ശിക്ഷയും
കൂറ്റൻ പിഴയും
പുതിയ ബില്ലിലെ ഏറ്റവും ശ്രദ്ധേയമായ വശം കുറ്റവാളികൾക്ക് നൽകുന്ന ശിക്ഷയിലും പിഴത്തുകയിലും വരുത്തിയിട്ടുള്ള വൻ വർദ്ധനവാണ്. പരീക്ഷാ ക്രമക്കേടുകളിലെ ഓരോ വിഭാഗത്തിനും വ്യത്യസ്തവും കഠിനവുമായ ശിക്ഷകളാണ് നിർദ്ദേശിച്ചിട്ടുള്ളത്:
സാധാരണ കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ: പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട പൊതുവായ ക്രമക്കേടുകളിൽ ഉൾപ്പെടുന്നവർക്കുള്ള തടവുശിക്ഷ നിലവിലെ 3 മുതൽ 5 വർഷം എന്നതിൽനിന്ന് 5 മുതൽ 10 വർഷം വരെയായി ഉയർത്തി. പരമാവധി പിഴത്തുക 10 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു.
ഏജൻസികൾക്കുള്ള മൂക്കുകയർ: പരീക്ഷകൾ നടത്തുന്നതിനോ ഡിജിറ്റൽ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതിനോ കരാറെടുക്കുന്ന സ്വകാര്യ ഏജൻസികൾ തട്ടിപ്പിൽ പങ്കാളികളായാൽ അവരിൽനിന്ന് ഈടാക്കുന്ന പിഴത്തുക ഒരു കോടിയിൽ നിന്ന് 25 കോടിയായി മാറ്റി. ഈ കമ്പനികളുടെ ഡയറക്ടർമാർ, സീനിയർ മാനേജ്‌മെന്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് 3 മുതൽ 10 വർഷംവരെ തടവിന് പുറമെ 5 കോടി വരെ പിഴയും ഒടുക്കേണ്ടി വരും.
ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കും: പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള ഇൻവിജിലേറ്റർമാർ, കോ ഓർഡിനേറ്റർമാർ, ചോദ്യപേപ്പർ സൂക്ഷിപ്പുകാർ എന്നിവർ അഴിമതിക്ക് കൂട്ടുനിന്നാൽ, തടവുശിക്ഷ 5 മുതൽ 10 വർഷം വരെയായിരിക്കും. ഇവരിൽനിന്നും 5 കോടിവരെ പിഴ ഈടാക്കും.
സംഘടിത തട്ടിപ്പ് സംഘങ്ങൾക്ക്: ചോദ്യപേപ്പർ ചോർത്തി കോടികൾ സമ്പാദിക്കുന്ന റാക്കറ്റുകളെയും സംഘടിത കുറ്റകൃത്യ സംഘങ്ങളെയും ലക്ഷ്യമിട്ടാണ് സെക്ഷൻ 11(1) ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്കുള്ള കുറഞ്ഞ തടവുശിക്ഷ 5 വർഷത്തിൽ നിന്ന് 7 വർഷമായി ഉയർത്തി (പരമാവധി 10 വർഷം). പരമാവധി പിഴത്തുക ഒരുകോടിയിൽ നിന്ന് 10 കോടിയായി വർദ്ധിപ്പിച്ചു.
സമയബന്ധിതമായ അന്വേഷണം: കേസുകൾ കാലതാമസമില്ലാതെ അന്വേഷിച്ചു തീർക്കാൻ കൃത്യമായ സമയപരിധി ബിൽ മുന്നോട്ടുവയ്ക്കുന്നു. ലോക്കൽ പൊലീസോ, കേന്ദ്ര അന്വേഷണ ഏജൻസികളോ/സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സോ ആയിരിക്കട്ടെ, കേസ് രജിസ്റ്റർ ചെയ്ത് 60 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. പരീക്ഷാ തട്ടിപ്പുകൾ മാത്രം പ്രത്യേകമായി അന്വേഷിക്കാൻ കേന്ദ്ര സർക്കാരിന് 'സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ്' രൂപീകരിക്കാനുള്ള അധികാരം ബിൽ നൽകുന്നു.
സ്‌പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ: വിചാരണ വർഷങ്ങളോളം നീണ്ടുപോകുന്നത് ഒഴിവാക്കാൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്രത്യേക ഫാസ്റ്റ് ട്രാക്ക് സെഷൻസ് കോടതികൾ സ്ഥാപിക്കണമെന്ന് ബിൽ നിർബന്ധമാക്കുന്നു. കുറ്റപത്രം സമർപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണം.
ഒഴിവുകഴിവുകൾക്ക് സ്ഥാനമില്ല: അനാവശ്യമായി കേസ് മാറ്റിവയ്ക്കുന്നതടക്കം തടയാൻ സെക്ഷൻ 12എ, 12ബി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. തക്കതായ കാരണങ്ങളില്ലാതെ വിചാരണ അടുത്ത ദിവസത്തേക്ക് പോലും നീട്ടിവയ്ക്കാൻ കോടതികൾക്ക് അനുവാദമില്ല.
അപ്പീലിനും കൃത്യമായ സമയം: ഈ കോടതികളുടെ വിധി ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീലുകൾ ഹൈക്കോടതിയുടെ രണ്ട് ജഡ്ജിമാരടങ്ങുന്ന ഡിവിഷൻ ബെഞ്ച് മാത്രമായിരിക്കും കേൾക്കുക. അപ്പീലുകളിലും മൂന്ന് മാസത്തിനുള്ളിൽ തീരുമാനം ഉണ്ടാകണം. കൂടാതെ, മുൻ നിയമപ്രകാരം (2024 ആക്ട്) നിലവിൽ കോടതികളിലുള്ള എല്ലാ കേസുകളും ഉടൻതന്നെ പുതിയ ഫാസ്റ്റ് ട്രാക്ക് കോടതികളിലേക്ക് മാറ്റാനും, മാറ്റിയ തീയതി മുതൽ മൂന്നുമാസത്തിനകം അവയിൽ തീർപ്പുണ്ടാക്കാനും ബില്ലിൽ നിർദ്ദേശമുണ്ട്.
നഷ്ടപ്പെട്ട വിശ്വാസം
വീണ്ടെടുക്കാം
യുവജനങ്ങളുടെ ഭാവിവച്ച് കളിക്കുന്ന ഒരു തട്ടിപ്പ് സംഘത്തെയും വെറുതെ വിടില്ലെന്ന വ്യക്തമായ സന്ദേശമാണ് പുതിയ ഭേദഗതിയിലൂടെ സർക്കാർ നൽകുന്നത്. പണവും സ്വാധീനവും ഉപയോഗിച്ച് നിയമത്തിന്റെ വിടവുകളിലൂടെ ഊരിപ്പോയിരുന്ന വൻകിട ഏജൻസികൾക്കും സംഘടിത റാക്കറ്റുകൾക്കും പുതിയ നിയമത്തിലെ കോടികളുടെ പിഴയും കഠിനതടവും വലിയ തിരിച്ചടിയാകും. എങ്കിലും ഈ നിയമം എത്രത്തോളം ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നു എന്നതിലാകും ഇതിന്റെ വിജയം.
നമ്മുടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. അതിനാൽ ആവശ്യത്തിന് ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുകയും, മിടുക്കരായ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
ഇന്ത്യയിലെ പരീക്ഷാ സമ്പ്രദായത്തോടും റിക്രൂട്ട്‌മെന്റ് പ്രക്രിയയോടും ജനങ്ങൾക്കുള്ള നഷ്ടപ്പെട്ട വിശ്വാസം തിരിച്ചെടുക്കാനുള്ള ഒരു വലിയ കാൽവയ്പ്പാണ് 'പൊതുപരീക്ഷാ ഭേദഗതി ബിൽ'. കഠിനാദ്ധ്വാനം ചെയ്യുന്ന സാധാരണക്കാരായ ഉദ്യോഗാർത്ഥികളുടെ കണ്ണീരിന് മറുപടി നൽകാനും, അർഹതയുള്ളവർക്ക് മാത്രം അവസരങ്ങൾ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താനും ഈ സമഗ്ര നിയമനിർമ്മാണത്തിന് സാധിക്കുമെന്ന് പ്രത്യാശിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |