
കേരളം ഭാരതീയ നാവിക പരമ്പരയ്ക്ക് നൽകിയിട്ടുള്ള സംഭാവനകൾ ചെറുതൊന്നുമല്ല. സുഗന്ധദ്രവ്യങ്ങളും, തടികളും, കാർഷിക ഉത്പന്നങ്ങളും, വിലയേറിയ ലോഹങ്ങളും, കല്ലുകളും മറ്റും വലിയതോതിൽ കേരളത്തിലെ തുറമുഖങ്ങൾവഴി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നതായാണ് ചരിത്രം. കൊച്ചി-തിരുവിതാംകൂർ പ്രദേശങ്ങളിലെ കെട്ടുവള്ളങ്ങളും, തിരുവിതാംകൂറിലെ ചുണ്ടൻ ഇരുട്ടുകുത്തി, വെയ്പ്പ് ജലയാന കൂട്ടങ്ങളും, മലബാറിലെ ഉരുക്കളും ലോക സമുദ്രസഞ്ചാര സാങ്കേതിക വിദ്യയിലെ നാഴികക്കല്ലുകളായ ജലയാനങ്ങളാണ്.
600 കിലോമീറ്ററോളം നീണ്ട സമുദ്രതീരവും, ഏതാണ്ട് രണ്ടായിരത്തഞ്ഞൂറോളം കിലോമീറ്റർ നീളത്തിൽ കിടക്കുന്ന ഉൾനാടൻ തോടുകളും, കായലുകളും നദികളും നിരവധി തടാകങ്ങളുമുള്ള കേരളത്തിലെ പ്രധാന സഞ്ചാരമാർഗം സ്വാതന്ത്ര്യത്തിന് മുന്നേ ഈ ജലപാതകളായിരുന്നു. സമുദ്ര വ്യവസായ വാണിജ്യ രംഗങ്ങളിൽ മാത്രമല്ല കടൽപ്പോരുകൾ നടത്തുന്നതിലും വിജയം വരിക്കുന്നതിലും കേരളത്തിലെ പടക്കപ്പലുകൾ മുൻപന്തിയിലുണ്ടായിരുന്നു.
ഏഷ്യ- യൂറോപ്പ് കപ്പൽ സഞ്ചാര മാർഗത്തിന്റെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന കേരളത്തിന് സമുദ്ര സാങ്കേതിക വിദ്യയുടെ കേന്ദ്രമായി ഉയരുവാനുള്ള എല്ലാ സാദ്ധ്യതകളുമുണ്ട്. മേഖലയിലെ സാങ്കേതിക അക്കാഡമിക, ഗവേഷണ സ്ഥാപനങ്ങളുടെയും, വ്യവസായ ശാലകളുടേയും സാന്നിദ്ധ്യം മറ്റൊരു മുതൽക്കൂട്ടുമാണ്. 14 ചെറുകിട തുറമുഖങ്ങളും, മൂന്ന് ഇടത്തരം തുറമുഖങ്ങളും സ്ഥിതിചെയ്യുന്ന കേരളത്തിൽ, വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനലിന്റെ ആവിർഭാവം സമുദ്ര സാങ്കേതിക വികസന രംഗത്തും തുറമുഖങ്ങളുടെ വികസനത്തിനും വഴിയൊരുക്കുമെന്ന് ഉറപ്പാണ്.
സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിക്കപ്പെട്ട മിഷൻ സമുദ്ര പദ്ധതി കേരളത്തിന്റെ സമ്പന്നമായ നാവിക പാരമ്പര്യത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തിയാൽ സാദ്ധ്യമാക്കിയെടുക്കാവുന്ന കാര്യമാണ്. ചരിത്രവും പശ്ചാത്തല സൗകര്യങ്ങളും സാങ്കേതികജ്ഞാനവും കൊച്ചി കപ്പൽശാലയും കൊച്ചി, കുഫോസ്, മാരിടൈം സർവകലാശാലകളിലെ പഠനസൗകര്യങ്ങളും മറ്റും മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത കരുത്താണ്.
വിഴിഞ്ഞം അന്താരാഷ്ട തുറമുഖത്തിന് സമീപത്തായി ഒരു കപ്പൽ നിർമ്മാണ/ അറ്റകുറ്റപ്പണി ശാല ഉയരണം. വിഴിഞ്ഞം തുറമുഖത്തോടൊപ്പം വിഭാവനം ചെയ്ത പൂവാർ കപ്പൽശാലയുടെ നിർമ്മാണ പ്രവർത്തനത്തിന്റെ രൂപരേഖവരെ തയ്യാറാക്കിയത് ഈ കാഴ്ചപ്പാടിലാണ്. ഭാരത സർക്കാർ മുന്നോട്ടുവച്ച വികസിത ഭാരതം- 2047 പദ്ധതിയിലും പൂവാർ കപ്പൽശാല ഉണ്ടെന്നാണ് അറിവ്. തദ്ദേശീയ കപ്പൽ നിർമ്മാണത്തിനും, നിലവിലുള്ള കപ്പൽശാലകളുടെ വികസനത്തിനും വലിയ സാമ്പത്തിക സഹായം നൽകുന്ന സമുദ്ര സാങ്കേതിക മേഖല ഉന്നമന പദ്ധതികളാണ് വികസിത ഭാരതിന്റെ പ്രത്യേകത
കടലിന്റെ ആഴം, പ്രകൃതി എന്നിവ അനുയോജ്യമാകയാൽ പൊന്നാനിയിൽ വലിയ കപ്പൽശാല നിർമ്മിക്കാനാകും. അറബിക്കടലിന്റെ ഉത്തര കേരളം, കർണാടക തീരത്ത് വലിയ വികസനം ഈ പദ്ധതിക്ക് കൊണ്ടുവരാനാകും. ഈ മേഖലയിൽ വലിയ കപ്പൽശാലകളൊന്നുമില്ലെന്നതും കണക്കിലെടുക്കണം.
ആസൂത്രണം നിശ്ചയദാർഢ്യം
ആഴക്കടൽ മത്സ്യബന്ധന മേഖലയിലും അനുബന്ധ വ്യവസായങ്ങളിലും കേരളത്തിന് വലിയ പങ്കുണ്ട്. സമുദ്ര സാങ്കേതിക മേഖലാ വികസനത്തിന് കപ്പൽ നിർമ്മാണ അനുബന്ധ മേഖലകളും പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തിൽ കൊച്ചിയാകട്ടെ അനുഗ്രഹീതമായ പ്രദേശമാണ്. കൊച്ചി കപ്പൽശാല കൂടാതെ നിലവിൽ കൊച്ചി കേന്ദ്രമാക്കി സമുദ്ര പര്യവേഷണം, കടൽ അടിത്തട്ടിലെ വിഭവ സമാഹരണം, നാവിക സാങ്കേതിക വിന്യാസം എന്നിവയുമായി ബന്ധപ്പെട്ട് ലോകപ്രശസ്തമായവ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുമുണ്ട്.
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജി, സെൻട്രൽ മറീൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇന്റഗ്രേറ്റഡ് ഫിഷറീസ് പ്രോജക്ട്, എം.പി.ഇ.ഡി.എ, സി.എം.എൽ.ആർ.ഐ, എൻ.പി.ഒ.എൽ, സിഫ്നെറ്റ് തുടങ്ങിയ സമുദ്ര ശാസ്‌ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ സ്ഥാപിക്കപ്പെട്ടത് കൊച്ചിയുടെ ഈ രംഗത്തെ അനന്ത സാദ്ധ്യതകളിലേക്ക് വിരൽചൂണ്ടുന്നു.
ഇലക്ട്രോണിക്സ്, ഹെവി എൻജിനിയറിംഗ് മേഖലകളിൽ സജീവമായിരുന്ന കെൽട്രോൺ,
എച്ച്.എം.ടി, കേരള ഇലക്ട്രിക്കൽസ് എന്നീ വ്യവസായ സ്ഥാപനങ്ങളുടെ പുനരുജ്ജീവനത്തിന് ഇത്തരുണത്തിൽ ഏറെ പ്രാധാന്യവും കൈവരുന്നു. ചരക്ക് ഗതാഗതം സുഗമമാക്കുക, ഗോഡൗണുകൾ സ്ഥാപിക്കുക എന്നിവ ഉൾപ്പെടുന്ന ഷിപ്പിംഗ് ലോജിസ്റ്റിക് സംവിധാനങ്ങൾ എത്രയും പെട്ടെന്ന് പടുത്തുയർത്തുക എന്നത് അടിയന്തര പ്രാധാന്യം കൽപ്പിക്കേണ്ട അനുബന്ധ സാങ്കേതിക പ്രവർത്തനമാണ്.
സാങ്കേതിക സംവിധാനങ്ങളും, മനുഷ്യവിഭവശേഷിയും കുറവായിട്ടു കൂടിയും, രാഷ്ട്രീയ ഇച്ഛാശക്തിയുടെ സമയോചിതമായ ഇടപെടലുകൾകൊണ്ട് അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങൾ കേരളത്തിന്റെ സാദ്ധ്യതകൾക്ക് വെല്ലുവിളി ഉയർത്തി വരികയാണെന്നതും സർക്കാരും വിവിധ ഏജൻസികളം കണക്കിലെടുക്കണം. സൂക്ഷ്മമായ ആസൂത്രണവും നിശ്ചയദാർഢ്യവും രാഷ്ട്രീയ ഇച്ഛാശക്തിയും ഉണ്ടെങ്കിൽ കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ കേരളത്തിന് അപാരമായ സാദ്ധ്യതകൾ തുറക്കുന്ന ദൗത്യം വിജയിപ്പിക്കാൻ സാധിക്കും.
(കേരള സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലറും കൊച്ചി സർവകലാശാല ഷിപ്പ് ടെക്നോളജി വിഭാഗം മുൻതലവനുമാണ് ലേഖകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |