SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.35 AM IST

അഷ്ടമുടിക്കായൽ സംരക്ഷണം ഉറപ്പാക്കണം

d

വിനോദസഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച കൊല്ലത്തിന്റെ അഭിമാനമായ അഷ്ടമുടിക്കായലിനെ മാലിന്യകൂമ്പാരത്തിൽ നിന്നും വ്യാപകമായ കൈയേറ്റത്തിൽ നിന്നും രക്ഷിക്കാൻ ലക്ഷമിട്ട് നടപ്പാക്കുന്ന പദ്ധതികളൊന്നും വേണ്ട രീതിയിൽ ഫലം കാണുന്നില്ല. വിവിധ ഭാഗങ്ങളിലായി അടിഞ്ഞുകൂടിക്കിടക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കാരണം കായലിന്റെ സ്വാഭാവിക സൗന്ദര്യവും ജൈവവൈവിദ്ധ്യവും നഷ്ടപ്പെട്ടു. കായൽ മരണാസന്നമായിക്കൊണ്ടിരിക്കുന്നു. കായലിനെ രക്ഷിക്കാൻ കാലാകാലങ്ങളിൽ പ്രഖ്യാപിച്ച പദ്ധതികൾ പലതും കടലാസിൽ ഒതുങ്ങുമ്പോൾ ഇനിയെങ്കിലും കായലിന് ശാപമോക്ഷം ഉണ്ടാകുമോ എന്നാണ് പ്രകൃതി സ്നേഹികളുടെ ഉത്കണ്ഠ. കായൽ സംരക്ഷണത്തിന് കൃത്യമായ ചട്ടക്കൂട് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പ്രകൃതി സ്നേഹികൾ നൽകിയ പരാതിയിൽ 2025 ജൂലായ് 29ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചെങ്കിലും വിധി നടപ്പാക്കുന്നതിൽ അന്നത്തെ ഇടതുമുന്നണി സർക്കാരിനും ബന്ധപ്പെട്ട വകുപ്പുകൾക്കും വീഴ്ചയുണ്ടായി. കോടതി വിധിയെ അവർ കാര്യമായെടുത്തില്ലെന്നുവേണം കരുതാൻ. വിധി നടപ്പാക്കാൻ വൈകിയതിനെതിരെ ഹർജിക്കാരനായ അ‌ഡ്വ.ബോറിസ് പോൾ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തു. ഇതോടെ അഷ്ടമുടിക്കായലിന്റെ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവറാവു മേയ് 30ന് സത്യവാങ്മൂലം ഫയൽ ചെയ്തു. ഹൈക്കോടതി വിധി നടപ്പാക്കുന്നതിലുണ്ടായ ഭരണപരമായ താമസം ചൂണ്ടിക്കാട്ടി കോടതിയിൽ ക്ഷമാപണവും നടത്തി. നിർദ്ദേശങ്ങൾ പൂർണമായും നടപ്പാക്കാൻ രണ്ട് മാസത്തെ അധിക സമയം അനുവദിക്കണമെന്നും അപേക്ഷിച്ചു. മുൻ സർക്കാരിന്റെ കാലത്ത് ഉദ്യോഗസ്ഥ തലത്തിലുണ്ടായ വീഴ്ചയ്ക്ക് ഉത്തരം പറയേണ്ടിവന്നത് പുതിയ സർക്കാരാണ്.

വെറ്റ്‌ലാൻഡ് മാനേജ്മെന്റ്

യൂണിറ്റ് രൂപീകരിച്ചു

2025 ജൂലായ് 29നുണ്ടായ ഹൈക്കോടതി വിധിയിലെ ആദ്യ നിർദ്ദേശ പ്രകാരം അഷ്ടമുടി വെറ്റ്‌ലാൻഡ് മാനേജ്മെന്റ് യൂണിറ്റ് രൂപീകരിച്ച് സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുക മാത്രമാണ് ഇതിനകം ഉണ്ടായത്. സ്റ്റേറ്റ് വെറ്റ്ലാൻഡ് അതോറിറ്റി കേരള മെമ്പർ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 23 ന് ഓൺലൈനായി ഈ യൂണിറ്റിന്റെ ആദ്യ യോഗം ചേർന്നു. യൂണിറ്റ് നിലവിൽ വന്നെങ്കിലും കോടതിയുടെ ബാക്കി നിർദ്ദേശങ്ങൾ നടപ്പാക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കായുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീഡിയർ തയ്യാറാക്കൽ, ആഡിയോ വിഷ്വൽ ഫീഡ് ബാക്ക് സംവിധാനത്തോടെയുള്ള പ്രത്യേക വെബ്സൈറ്റ് നിർമ്മാണം, അടിസ്ഥാന സൗകര്യങ്ങൾക്കും ഫണ്ടിംഗിനുമുള്ള ക്രമീകരണങ്ങൾ, ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്ളാൻ തയ്യാറാക്കൽ എന്നിവ വിവിധ ഏജൻസികളുടെയും പങ്കാളികളുടെയും സഹകരണത്തോടെ മാത്രം ചെയ്യേണ്ട സമയം എടുക്കുന്ന പ്രക്രിയകളാണെന്ന് പരിസ്ഥിതി വകുപ്പ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേസിൽ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കോടതി ഒരു മാസത്തെ സമയം അനുവദിച്ചിരുന്നു.

യൂണിറ്റിന് ഓഫീസില്ല

ജില്ലാ കളക്ടർ ചെയർമാനായി അഷ്ടമുടി വെറ്റ്ലാൻഡ് മാനേജ്മെന്റ് യൂണിറ്റ് രൂപീകരിച്ചെങ്കിലും ഇതുവരെ ഓഫീസ് സംവിധാനം പോലും ഉണ്ടാക്കിയിട്ടില്ല. ഇത് ഹൈക്കോടതി വിധിയോടുള്ള തികഞ്ഞ അനാദരവാണെന്ന് അഡ്വ. ബോറിസ് പോൾ പറഞ്ഞു. അഷ്ടമുടിക്കായൽ സംരക്ഷണത്തിന് കായലിനോട് ചേർന്നുള്ള 12 ഗ്രാമപഞ്ചായത്തുകൾ, കൊല്ലം കോർപ്പറേഷൻ, വിവിധ വകുപ്പ് സെക്രട്ടറിമാർ എന്നിവർക്കാണ് ഉത്തരവാദിത്വം. എന്നാൽ 2025 ജൂലായ് 29 ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇതുവരെ കായൽ സംരക്ഷണത്തിനായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിലവിലുള്ള കോടതി അലക്ഷ്യ കേസ് ഇനി 11 ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ച് പരിഗണിക്കും. അതിനുശേഷം പുതിയ സർക്കാരിലെ ബന്ധപ്പെട്ട മന്ത്രിമാർക്ക് അഷ്ടമുടികക്കായലിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുമെന്ന് അഡ്വ.ബോറിസ് പോൾ പറഞ്ഞു.

കായൽ നിറഞ്ഞ് പ്ലാസ്റ്റിക് മാലിന്യം

കേരളത്തിലെ കായൽ ടൂറിസത്തിന്റെ പ്രവേശന കവടമായ അഷ്ടമുടിക്കായലിന്റെ കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിനോട് ചേർന്ന ഭാഗത്തു നിന്നാണ് കായലിന്റെ കാഴ്ചകൾ തുടങ്ങുന്നത്. എന്നാൽ ​നഗര ഹൃദയഭാഗത്തുള്ള ഈ റോഡിലൂടെ കടന്നുപോകുന്ന കാൽനടയാത്രക്കാരും വാഹനയാത്രക്കാരും കടുത്ത ദുർഗന്ധമേറ്റ് ശ്വാസം മുട്ടുകയാണ്. കായലോരത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് കുപ്പികൾ, ചെരിപ്പുകൾ, മദ്യകുപ്പികൾ, കവറുകൾ, മറ്റ് ഗാർഹിക മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ അടിഞ്ഞുകൂടി കായലിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതിനൊപ്പം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നു. കായലിന്റെ മനോഹാരിത ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികൾ ഈ മാലിന്യ കൂമ്പാരം കണ്ടും ദുർഗ്ഗന്ധമേറ്റും മടങ്ങിപ്പോകേണ്ട അവസ്ഥയിലാണ്. മഴക്കാലത്ത് കായലിലെ വെള്ളം ഉയരുമ്പോൾ ഈ മാലിന്യങ്ങൾ പരിസരത്തെ വീടുകളിലേക്കും റോഡുകളിലേക്കും എത്തുന്ന അവസ്ഥയുമാണ്.

മന്ത്രി വിഷ്ണുനാഥ് സന്ദർശിച്ചു

അഷ്ടമുടിക്കായിലെ മാലിന്യം നേരിട്ടു കാണാൻ കഴിഞ്ഞ ദിവസം മന്ത്രി പി.സി വിഷ്ണുനാഥ് എത്തിയത് പ്രതീക്ഷയേകി. അഷ്ടമുടിക്കായലിനെ സംസ്ഥാനത്തെ പ്രധാന ടൂറിസം ഹബാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. അഷ്ടമുടിക്കായലിനെ മാലിന്യമുക്തമാക്കാൻ ജനങ്ങളുടെ കൂടി പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കും. കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപമുള്ള ഡി.ടി.പി.സി ബോട്ട് ജെട്ടിയിൽ അടിഞ്ഞുകൂടുന്ന മാലിന്യം നീക്കം ചെയ്യാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്തും. കായലിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയാൻ തുറമുഖ വകുപ്പിന് മന്ത്രി നിർദ്ദേശം നൽകി. കൊല്ലം -ആലപ്പുഴ ജലപാത സജീവമാക്കാൻ ബോട്ട് ജെട്ടിയിൽ ഡ്രഡ്ജിംഗ് നടത്തും. വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായി ബോട്ട് ജെട്ടി മുതൽ ആശ്രാമം വരെയുള്ള നടപ്പാത ആകർഷകമാക്കുകയും നിർമ്മാണ പ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. കൊല്ലത്തെ വിനോദ സഞ്ചാര പദ്ധതികളുടെ അവലോകന യോഗത്തിലും പങ്കെടുത്ത മന്ത്രി, കൊല്ലത്തിന്റെ പൗരാണിക ചരിത്രവും ജൈവവൈവിദ്ധ്യവും അവതരിപ്പിക്കുന്ന പദ്ധതിയിൽ തെന്മല, ജടായുപ്പാറ, മീൻപിടിപ്പാറ, സാമ്പ്രാണിക്കൊടി എന്നിവിടങ്ങളെ ബന്ധിപ്പിക്കുമെന്നും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SAVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY