
കുക്കറിൽ തിളച്ചുകൊണ്ടിരുന്ന ചോറിനുള്ളിൽ നിന്ന് പുറത്തേക്ക് വന്ന ഗന്ധം പക്ഷേ ചോറിന്റേതായിരുന്നില്ല... പൊലീസ് കാര്യമായി പരിശോധിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. കുക്കറിലെ ചോറിനൊപ്പം പൊതിയിൽ നല്ല സൊയമ്പൻ കഞ്ചാവ്! ഓപ്പറേഷൻ തൂഫാൻ എന്ന സംസ്ഥാന സർക്കാരിന്റെ ലഹരിവേട്ട പരിപാടി ജൂൺ മാസം ആദ്യവാരം ആരംഭിച്ചതിനുശേഷം ജനങ്ങളെ ഒരുവേള ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത സംഭവമായിരുന്നു ഇത്.
ചോറിനൊപ്പം കഞ്ചാവോ എന്നതായിരുന്നു ഇതിലെ ചിരി ഫാക്ടറും ചിന്താ ഫാക്ടറും. മലയാളി യുവത്വം ലഹരി ഒളിപ്പിക്കാനും ലഹരി ഒപ്പം ചേർക്കാനും അത്രമേൽ തുനിഞ്ഞിറങ്ങുന്നു. അവർ അതിനുവേണ്ടി എന്തുവഴികളും സ്വീകരിക്കാൻ തയ്യാറാകുന്നുവെന്നതായിരുന്നു ശ്രദ്ധേയം. ഓപ്പറേഷൻ തൂഫാൻ പദ്ധതി ആരംഭിച്ച ശേഷം പൊലീസ് നടത്തുന്ന ശക്തമായ പരിശോധനകളിൽ കുടുങ്ങന്നവരുടെ എണ്ണം മുൻപതേതിലും ഇരട്ടിയാണ് എന്നതും എടുത്തുപറയണം.
14 ദിവസം 100ലേറെ കേസുകൾ
തൃശൂർ നഗരത്തിൽ ലഹരി മാഫിയക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകുകയാണ് സിറ്റി പൊലീസ്. 14ദിവസത്തെ വ്യാപക പരിശോധനയിൽ തൃശൂർ സിറ്റി പൊലീസ് 100ലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും നൂറിലേറെ പ്രതികളെ പിടികൂടുകയും ചെയ്തു. സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നിർദ്ദേശപ്രകാരമാണ് ജില്ലയിൽ പരിശോധനകൾ ശക്തമാക്കിയത്. സാധാരണ പരിശോധനകളിൽ നിന്ന് വ്യത്യസ്തമായി പ്രത്യേക കർമ്മപദ്ധതികൾ തയ്യാറാക്കിയും സ്പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ചുമാണ് ഓപ്പറേഷൻ തൂഫാൻ മുന്നേറുന്നത്.
എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പുകൾ, ഹാഷിഷ് ഓയിൽ, കിലോക്കണക്കിന് കഞ്ചാവ് എന്നിവയാണ് ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരിവസ്തുക്കൾ ചൂളകളിലിട്ട് പൊലീസ് കത്തിച്ച് നശിപ്പിക്കുന്നുമുണ്ട്. കമ്മിഷണറുടെ നേതൃത്വത്തിൽ 58 കിലോ കഞ്ചാവും മാരക രാസലഹരികളും ഒന്നിച്ച് കത്തിച്ച് നശിപ്പിച്ചത് ശ്രദ്ധ നേടിയിരുന്നു.
എൻ.ഡി.പി.എസ് കേസുകൾ- 80, പ്രതികൾ- 100ലേറെ, ജുഡിഷ്യൽ കസ്റ്റഡിയിൽ- 30ലേറെ പേർ, എന്നിങ്ങനെയാണ് രണ്ടാഴ്ചകൊണ്ട് തൃശൂരർ നഗരത്തിൽ നടന്ന പരിശോധനകളുടെ വിവരങ്ങൾ.
എം.ഡി.എം.എ- 23.10 ഗ്രാം, കഞ്ചാവ്- 755 ഗ്രാം, ഹാഷിഷ് ഓയിൽ- 4.85 ഗ്രാം, കഞ്ചാവ് ചെടി- 13 എണ്ണം, കഞ്ചാവ് സിഗരറ്റ്- 55 എന്നിങ്ങനെയാണ് ഏഴുദിവസം കൊണ്ട് തൃശൂർ നഗരത്തിൽ മാത്രം പിടികൂടിയ ലഹരി വസ്തുക്കളുടെ കണക്ക്.
തുടരട്ടെ പരിശോധന
ഇത്തരം പരിശോധനകളും പല പേരിലുള്ള ഉദ്യമങ്ങളും സംസ്ഥാനത്തിന്റെ നിയമ സംവിധാനങ്ങളും മറ്റും മുൻപ് പലപ്പോഴും നടന്നിട്ടുള്ളതാണ്. തുടക്കത്തിൽ ജനപിന്തുണയും കൈയടിയും നേടുകയും പിന്നീട് പതിയെ പതിയെ ചൂടാറുകയും ചെയ്യുന്നതാണ് ഇത്തരം പദ്ധതികളുടെ പൂർവകാല ചരിത്രം. സർക്കാരുകൾ തന്നെ ഇത്തരം പരിശോധനകളെക്കുറിച്ച് ബോധപൂർവം മറക്കും. പകരം അതേ പദ്ധതികൾ പുത്തൻ ഇടിവെട്ടുപേരുകളിൽ അവതരിപ്പിക്കുകയും ചെയ്യും.
നേരത്തെ സൂചിപ്പിച്ചതുപോലെ തുടക്കം ഗംഭീരമാകും. വാർത്തകളിൽ ഇടം നേടും. നേതാക്കന്മാർക്കും പരിശോധനകൾ നടത്തുന്നവർക്കും താരപരിവേഷം ലഭിക്കും. ജില്ലകൾ തോറും ഓടിനടന്ന് പദ്ധതി പ്രദർശനം നടത്തും. എല്ലാം തകർത്ത് പരിപാടി മുന്നേറുന്നതിനിടെ ഒരു സഡൻ ബ്രേക്ക് വരും. ആര് ചവിട്ടിയെന്നറിയാത്ത ഒരു ബ്രേക്ക്. ഠിം... അതോടെ എല്ലാം തീരും ഇതാണ് പതിവ്. ആ പതിവിൻപടി നടപടികൾ ഓപ്പറേഷൻ തൂഫാനെ ബാധിക്കാതിരിക്കട്ടെ.
നാടിന്റെ മുക്കും മൂലയുംം കേന്ദ്രീകരിച്ച് ഇപ്പോൾ തന്നെ പൊലീസ് പരിശോധന നടത്തുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയോടെ ഓരോ ഉദ്യോഗസ്ഥനും സർക്കാരും ഇത്തരം പരിശോധനകൾ തുടർന്നാൽ യുവതയെ സ്വച്ഛശാന്ദമായ ഒരു ജീവിതത്തിലേക്ക് കൈപിടിച്ചാനയിക്കാൻ സാധിക്കും. അതുണ്ടാവട്ടെ... ഓപ്പറേഷൻ തൂഫാനെന്നല്ല, നന്മ ഉദ്ദേശിച്ചു നടത്തുന്ന എല്ലാ പദ്ധതികളും വിജയം കാണട്ടെ.
ലഹരിക്ക് അടിമകളാകുന്ന യുവാക്കളെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യവും തൃശൂർ സിറ്റി പൊലീസിനുണ്ടെന്നും ഇതിന് വിപുലമായ ഒരു ടീമും തനിക്കൊപ്പം സജ്ജമാണെന്നും അവരുടെ പരിശ്രമമാണ് പരിശോധന വിജയമാക്കുന്നതെന്നുമെല്ലാം തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് ആവർത്തിച്ച് വ്യക്തമാക്കുമ്പോൾ അത് ജില്ലയുടെ മറ്റിടങ്ങളിലും തുടരട്ടെ എന്ന പ്രത്യാശയിലാണ് നാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |