SignIn
Kerala Kaumudi Online
Saturday, 27 June 2026 2.39 AM IST

സത്യപ്രതി‌ജ്ഞ വെറും 'ഷോ'യല്ല

a

നപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് മിക്കവാറും പ്രൗഢഗംഭീരമായിരിക്കും. വലിയൊരു ജനവിഭാഗത്തിന്റെ ശ്രദ്ധയാകർഷിക്കുന്നതുമായിരിക്കും. സത്യപ്രതിജ്ഞയ്ക്ക് ചുമതലപ്പെട്ട അധികാരി തുടക്കം ചൊല്ലിക്കൊടുക്കും. ജനപ്രതിനിധിയാണ് ബാക്കി പറയേണ്ടത്. ഇതിന് നിശ്ചിത വാചകങ്ങളുണ്ട്. ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയോ എടുക്കാം. ഇതിൽ ചില കൗതുകങ്ങളുണ്ടാകാറുണ്ടെന്നു മാത്രം. കമ്മ്യൂണിസ്റ്റുകാർ ദൈവ നാമത്തിൽ പ്രതിജ്ഞയെടുക്കുന്നതും കോൺഗ്രസുകാർ ദൃഢപ്രതിജ്ഞയെടുക്കുന്നതും മറ്റുമാണ് ചെറിയ വാർത്തയാകാറുള്ളത്. ഇതിലൊരു മേജർ ട്വിസ്റ്റുണ്ടായത് 2001ലാണ്. കൊടുങ്ങല്ലൂരിൽ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയ ജെ.എസ്.എസ് അംഗം ഉമേഷ് ചള്ളിയിൽ ഗുരുദേവന്റെ നാമത്തിൽ പ്രതിജ്ഞയെടുത്തത് വിവാദമായി. അയോഗ്യത കൽപിക്കണമെന്ന് ആവശ്യമുയർന്നു. വിഷയം കോടതി കയറി. 2003ലെ വിധി ഉമേഷിന് അനുകൂലമായിരുന്നില്ല. സത്യപ്രതിജ്ഞയെന്നത് പ്രത്യേക നിയപ്രകാരം നിശ്ചയിച്ചിട്ടുള്ള കാര്യമാണ്. അതിലെ ദൈവം എന്ന സങ്കൽപത്തെ പല രീതിയിൽ വിപുലപ്പെടുത്താനാകില്ലെന്നാണ് ഹൈക്കോടതി ഡിവിഷൻബെഞ്ച് പറഞ്ഞത്. അങ്ങനെ തുടങ്ങിയാൽ വ്യാഖ്യാനങ്ങൾ എവിടേയും ചെന്നുനിൽക്കില്ലെന്നും നിരീക്ഷിച്ചു. പിന്നീട് 2006ലാണ് 11 നിയമസഭാംഗങ്ങൾ അള്ളാഹുവിന്റെ നാമത്തിൽ പ്രതിജ്ഞ ചെയ്തതിന്റെ നിയമപ്രശ്നങ്ങൾ ഉയർന്നത്. ജനപ്രതിനിധികൾ തങ്ങളുടെ വിശ്വാസമനുസരിച്ചുള്ള നാമം ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു ഈ കേസിൽ ഹൈക്കോടതിയുടെ വ്യാഖ്യാനം.

പിന്നീട് സത്യപ്രതിജ്ഞാ വിവാദങ്ങൾ ഏറെക്കുറെ കെട്ടടങ്ങിയ മട്ടിലായിരുന്നു. എന്നാൽ കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ അത് പൊട്ടിത്തെറിച്ചു. കോടതി മുമ്പ് പറഞ്ഞതുപോലെ എവിടേയും ചെന്നെത്താത്ത അവസ്ഥയായി. തിരുവനന്തപുരം നഗരസഭയിലെ 20 ബി.ജെ.പി കൗൺസിലർമാർ ഇഷ്ട ദേവീദേവന്മാരുടേയും ഭാരതാംബയുടേയും ബലിദാനികളുടേയും പേരിലെല്ലാം സത്യപ്രതിജ്ഞ ചെയ്തു. പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ ഒരംഗം ഉമ്മൻ ചാണ്ടിയെ ദൈവമായി കണ്ടും പ്രതിജ്ഞയെടുത്തു. വിഷയം വീണ്ടും കോടതിയിലെത്തി. കേസിലെ ഉത്തരവ് ജനപ്രതിനിധികൾക്ക് എതിരായിരുന്നു. തിരുവനന്തപുരത്തെ കൗൺസിലർമാർ ഇതിന് തൊട്ടുപിന്നാലെ തന്നെ സത്യപ്രതിജ്ഞ ചെയ്ത് തടി കഴിച്ചിലാക്കി. വടക്കഞ്ചേരിയിലെ മെമ്പർ നാലാഴ്ചയ്ക്കകം വീണ്ടും പ്രതിജ്ഞ ചെയ്യും. കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിഗമനങ്ങളിലേക്കെത്തിയത് ഹൈക്കോടതിയുടെ പഴയ വിധികൾ കൂടി പരിശോധിച്ചാണ്. തീർപ്പ് കൽപിക്കാൻ കീഴ്‌വഴക്കങ്ങളിൽ നിന്ന് തെല്ലുമാറി സഞ്ചരിക്കുകയും ചെയ്തു.

ദൈവനാമമോ ദൃഢപ്രതിജ്ഞയോ മാത്രം

നിയമത്തിലും ചട്ടത്തിലും പറയുന്നതിൽ നിന്ന് ഭിന്നമായി സത്യപ്രതിജ്ഞ ചെയ്യാനാകില്ലെന്ന് വിലയിരുത്തിയാണ് ബലിദാനികളുടെയും ഭാരതമാതാവിന്റേയും ഉമ്മൻചാണ്ടിയുടേയുമൊക്കെ പേരിൽ ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തത് ഹൈക്കോടതി അസാധുവാക്കിയത്. ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയോയായി ആണ് സത്യ പ്രതിജ്ഞ ചെയ്യേണ്ടതെന്നും ഇതിൽനിന്നു വ്യതിചലിക്കുന്നത് ഭരണഘടന അനുവദിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഇതേ വിഷയത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 2003 ലും 2006 ലും വ്യത്യസ്ത ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും 2003 ലെ ഉമേഷ് ചള്ളിയിൽ കേസിൽ പുറപ്പെടുവിച്ച ഉത്തരവാണ് സിംഗിൾ ബെഞ്ച് കണക്കിലെടുത്തത്.
ഡിവിഷൻ ബെഞ്ചിന്റെ രണ്ട് വ്യത്യസ്ത ഉത്തരവുകൾ ഉണ്ടെങ്കിൽ സാധാരണയായി അവസാന ഉത്തരവായിരിക്കും സിംഗിൾ ബെഞ്ച് പിന്തുടരുക. എന്നാൽ കീഴ്‌വഴക്കങ്ങൾ സിംഗിൾബെഞ്ച് അൽപം മാറ്റിവച്ചു. രണ്ട് ഉത്തരവും പരിശോധിച്ച് നിയമപരമായ മികച്ചത് കണക്കിലെടുക്കുന്നതിലും അപാകതയില്ലെന്ന് കോടതി പറഞ്ഞു. തന്റെ കാണപ്പെട്ട ദൈവമാണെന്ന് പറഞ്ഞു ഒരാൾ പിതാവിന്റെയോ മാതാവിന്റെയോ പേരിൽ സത്യപ്രതിജ്ഞ ചെയ്താൽ കുറ്റംപറയാനാവില്ല. ആദ്യാക്ഷരം പഠിപ്പിച്ച അദ്ധ്യാപകനേയോ പാർട്ടി രക്തസാക്ഷികളേയോ പ്രസ്ഥാനത്തെ തന്നെയോ ദൈവതുല്യമായി കാണുന്നവരുണ്ട്. പ്രൈമറി സ്കൂളിൽ പഠിപ്പിച്ച മാധവൻ മാഷും കേശവൻ മാഷും ദാമോദരൻ മാഷുമൊക്കെ പലർക്കും ദൈവമായിരിക്കാം. കൊലപാതകം ഉൾപ്പെടെ കേസുകളുള്ള വീരപ്പനെ ചില ഗ്രാമങ്ങളിൽ ദൈവമായി കരുതുന്നുണ്ട്.
ഇഷ്ടമുള്ള ദൈവത്തിൽ വിശ്വസിക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ട്.
എന്നാൽ സത്യപ്രതിജ്ഞയുടെ കാര്യത്തിൽ ചട്ടങ്ങൾ വ്യതിചലിക്കുന്നത് അനുവദനീയമല്ലെന്നും വ്യക്തമാക്കിയായിരുന്നു ഉത്തരവ്.

'ഗുരുവചനം മറക്കുന്നു"

എല്ലാ മതങ്ങളിലേയും സർവശക്തനെ 'ദൈവം" എന്ന പൊതുനാമത്തിൽ വിളിക്കാൻ നമുക്ക് കഴിയാത്തതെന്തെന്ന് കോടതി ചോദിച്ചു.

'ഒരു ജാതി ഒരു മതം ഒരു ദൈവം" എന്ന് നൂറ്റാണ്ടു മുമ്പ് ശ്രീനാരായണ ഗുരു ഉദ്ബോധിപ്പിച്ചത് നമ്മൾ മറക്കുകയാണ്. ശ്രീ ശങ്കരാചാര്യരുടെ 'അദ്വൈത" വേദാന്തത്തിലും ഋഗ്വേദത്തിലും ഏകദൈവ സങ്കൽപ്പമാണ്. എഴുത്തച്ഛന്റെ ഹരിനാമകീർത്തനത്തിൽ 'ഒന്നായ നിന്നെയിഹ..." എന്ന ശ്ലോകത്തിലും എം.ഡി. രാജേന്ദ്രന്റെ 'കുറിവരച്ചാലും കുരിശുവരച്ചാലും..." ഗാനത്തിലുമെല്ലാം ഇതേ ആശയമാണ്.

സത്യപ്രതിജ്ഞയ്ക്ക് നിശ്ചിത വാചകങ്ങളുണ്ട്. ജനപ്രതിനിധികൾക്ക് ജനങ്ങളോടും ഭരണഘടനയോടുമുള്ള വിശ്വാസ്യതയും കൂറുമാണ് ഇതിൽ പ്രതിഫലിക്കുന്നത്. വാക്കുകൾ കൂട്ടിച്ചേർക്കുന്നതോ പകരം വയ്ക്കുന്നതോ അനുവദനീയമല്ലെന്നും കോടതി പറഞ്ഞു. ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നെങ്കിൽ തന്റെ പേരിലുള്ള പ്രതിജ്ഞ അനുവദിക്കുമായിരുന്നോയെന്ന് സംശയമുണ്ടെന്നും നിരീക്ഷിച്ചു.

പ്രത്യേകമായ രീതിയിൽ ഒരു കാര്യം ചെയ്യണമെന്ന് നിയമം നിഷ്കർഷിക്കുന്നുണ്ടെങ്കിൽ ആ രീതിയിൽതന്നെ ചെയ്യണമെന്നും വ്യതിചലിക്കാനാവില്ലെന്നുമുള്ള സുപ്രീം കോടതിയുടെ ഉത്തരവുണ്ട്. അത് പാലിക്കുന്നതാകും വലിയ നിയമപ്രശ്നങ്ങളിലേക്ക് പോകുന്നതിനേക്കാൾ ഉചിതം. ജനപ്രതിനിധികളുടെ പുതിയ തലമുറകൾക്ക് സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ഇതു സംബന്ധിച്ച് ഒരു ക്ലാസ് നൽകുന്നത്, വലിയ കോംപ്ലിക്കേഷനിലേക്ക് നീങ്ങുന്നത് ഒഴിവാക്കാൻ നന്നായിരിക്കും.

''ഇഷ്ടമുള്ള ദൈവത്തിൽ വിശ്വസിക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ട്.
എന്നാൽ സത്യപ്രതിജ്ഞയുടെ കാര്യത്തിൽ ജനപ്രതിനിധികൾ ചട്ടങ്ങൾ വ്യതിചലിക്കുന്നത് അനുവദനീയമല്ല.

- കേരള ഹൈക്കോടതി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY