SignIn
Kerala Kaumudi Online
Sunday, 28 June 2026 1.16 AM IST

വയനാട്ടുകാർ വിസ്മയങ്ങൾ പ്രതീക്ഷിച്ചു

a

പത്ത് വർഷം കേരളം ഭരിച്ച എൽ.ഡി.എഫ് സർക്കാരിന്റെ തുടർച്ച എന്നത് പോലെയാണ് പല പദ്ധതികളെയും യു.ഡി.എഫ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും നേതാക്കളും തറപ്പിച്ച് പറയുന്നു. സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം നിൽക്കുന്ന ഒരു ജില്ലയാണ് വയനാട്. ഇപ്പോഴും വികസനങ്ങൾ ചുരം കയറി വരാൻ മടികാണിക്കുന്നുണ്ട്. ധനകാര്യ വകുപ്പ് മന്ത്രി കൂടിയായിമുഖ്യമന്ത്രി വി.ഡി.സതീശൻ കഴിഞ്ഞ വെളളിയാഴ്ച കന്നിബജറ്റ് അവതരിപ്പിച്ചു.പുതുയുഗ കേരളം എന്നലക്ഷ്യത്തിലേക്ക് അധികമൊന്നും വിസ്മയങ്ങളില്ലാത്ത ബജറ്റ്. വയനാടൻ ജനത ഏറെ പ്രതീക്ഷയോടെയാണ് ബജറ്റിനെ ശ്രദ്ധിച്ചത്. പക്ഷെ വയനാടിന്റെ കാര്യത്തിൽ വിസ്മയങ്ങൾ ഒന്നും ഉണ്ടായില്ല.ഗോത്ര സർവകാലാശാലക്ക് അമ്പത് കോടി രൂപയും സുൽത്താൻ ബത്തേരിയിൽ ഗവ. ആർട്സ് ആന്റ് സയൻസ് കോളേജിന്റെ പ്രവർത്തനങ്ങൾക്ക് രണ്ട് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വയനാട് കേന്ദ്രമാക്കിയുളള ഗോത്ര സർവകലാശാല മലബാറിന്റെയാകെ വിദ്യാഭ്യാസ മേഖലക്ക് പുത്തൻ ഉണർവേകുമെന്ന കാര്യത്തിൽ സംശയമില്ല. ട്രൈബൽ യൂണിവേഴ്സിറ്റി ആൻഡ് ഇൻഡിജിനസ് നോളജ് സോൺ എന്ന പുതിയ അക്കാദമിക് സങ്കൽപ്പത്തിലാണ് സർവകലാശാല വിഭാവനം ചെയ്തിരിക്കുന്നത്.

'കേരള നോളജ് വാലി' പദ്ധതിയുടെ ഭാഗമായാണ് ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത്.

ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അന്നത്തെ പട്ടികവർഗ വകുപ്പ് മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മി കലിംഗ മോഡൽ സർവകലാശാലയും പഠന ഗവേഷണ കേന്ദ്രവും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുക വകയിരുത്തുകയും തവിഞ്ഞാൽ പഞ്ചായത്തിലെ മക്കിമലയിൽ സ്ഥലം കണ്ടെത്തി വലിയൊരു കെട്ടിടം പണിയുകയും ചെയ്തു.എന്നാൽ പത്ത് വർഷക്കാലം ഈ കെട്ടിടം ഒന്നുമാകാതെ കാട് മൂടിക്കിടന്നു.കോ‌ടികളാണ് സർക്കാരിന് നഷ്ടം!.ഇതിന് പിന്നാലെയാണ് വയനാട് എം.പി. പ്രിയങ്ക ഗാന്ധി, കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ കെ.കെ.എൻ. കുറുപ്പ് എന്നിവർ മുൻകൈയെടുത്ത് വയനാട് ട്രൈബൽ സർവകലാശാലയ്ക്ക് വേണ്ടി പ്രവർത്തനം ശക്തിപ്പെടുത്തിയത്.

പ്രിയങ്ക ഗാന്ധി എം.പി. ബത്തേരിയിൽ ഇതിനായി പ്രത്യേക യോഗം വിളിക്കുകയും ചെയ്തിരുന്നു. കെ.കെ.എൻ. കുറുപ്പ് മുൻ മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക നിവേദനം നൽകിയിരുന്നു. ടി. സിദ്ദിഖ് മുഖേനയാണ് നിവേദനം നൽകിയിരുന്നത്. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ പദ്ധതി ഉൾപ്പെടുത്തുന്നതിൽ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖിന്റെ ഇടപെടലും ഉണ്ടായി.

കേരളത്തിലെ ആദിവാസി ജനസംഖ്യയുടെ 37 ശതമാനവും താമസിക്കുന്നത് വയനാട്ടിലാണ്. പണിയർ, അടിയർ, കാട്ടുനായ്ക്കർ, ഊരാളി, കുറിച്യ തുടങ്ങി 11 വിഭാഗങ്ങളാണ് വയനാട്ടിൽ ഉള്ളത്. ട്രൈബൽ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതോടെ ഗോത്രഭാഷ, കല, വൈദ്യം, കൃഷി രീതികൾ, പരമ്പരാഗത അറിവുകൾ എന്നിവയ്ക്ക് അക്കാദമിക അംഗീകാരം ലഭിക്കും. ആദിവാസി ജീവിതം, ആരോഗ്യം, പാരിസ്ഥിതിക അറിവ് എന്നിവയിൽ ഗവേഷണത്തിനും വഴിവയ്ക്കും.

യാഥാർത്ഥ്യമാകുമോ വയനാട് നഞ്ചൻകോട് നിലമ്പൂർ റെയിൽപാത?

കാലങ്ങളായി ആവശ്യപ്പെടുന്ന പല പദ്ധതികൾക്കും ജീവൻ വെക്കുന്നുവെന്നതാണ് ബജറ്റ് അവതരണത്തിൽ കണ്ടത്.ആദിവാസി ജനവിഭാഗങ്ങൾ കൂടുതലായി അധിവസിക്കുന്ന ജില്ല എന്ന നിലയ്ക്ക് വയനാടിന്റെ തന്നെ വികസനത്തിന് വഴിയൊരുക്കുന്നതാണ് പ്രഖ്യാപനം. നിലമ്പൂർ നഞ്ചങ്കോട് റെയിൽ പാത, നിർദിഷ്ട മേപ്പാടി പോത്തുകല്ല് നിലമ്പൂർ ബദൽ പാത,വയനാട് മെഡിക്കൽ കോളേജ്, മനുഷ്യവന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള പദ്ധതികൾ എന്നിവയ്ക്കാണ് ബജറ്റിൽ പ്രധാനമായും പ്രഖ്യാപനങ്ങൾ നടത്തിയത്.

വയനാട് മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി പതിറ്റാണ്ടുകൾക്ക് മുൻപ് ആവിഷ്‌കരിച്ച മേപ്പാടി നിലമ്പൂർ റോഡിന് ബജറ്റിൽ തുക വകയിരുത്തിയത് പ്രതീക്ഷ നൽകുന്നതാണ്. പോത്തുകല്ല്ചൂരൽമല റോഡിൽ ഒരു കിലോമീറ്ററോളം വരുന്ന തുരങ്ക പാത നിർമാണത്തിനാണ് ബജറ്റിൽ തുക വകയിരുത്തിയിട്ടുള്ളത്. വനംവകുപ്പിന്റെ അന്തിമ അനുമതി ലഭിക്കാത്തതിനെത്തുടർന്നായിരുന്നു പദ്ധതി മുടങ്ങിക്കിടന്നത്. കള്ളാടി ആനക്കാംപൊയിൽ തുരങ്ക പാതയും മേപ്പാടി നിലമ്പൂർ പാതയും യാഥാർഥ്യമാവുകയാണെങ്കിൽ വയനാടിന് സ്വപ്നതുല്യമായ കുതിപ്പാകും സംഭവിക്കുക.

നാലു പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണിത്.

വയനാട് നഞ്ചൻകോട് നിലമ്പൂർ റെയിൽപാതയുടെ അന്തിമ ഡി.പി.ആർ. തയ്യാറാക്കാൻ സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയത് പ്രതീക്ഷയാകുന്നു. 1881ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിർദേശിക്കപ്പെട്ട പദ്ധതിയാണിത്. പലതവണ പദ്ധതിക്ക് ചിറക് മുളച്ചെങ്കിലും യാഥാർഥ്യമാക്കാൻ ആയില്ല.

റെയിൽ വ്യോമ ഗതാഗത സംവിധാനം ഇല്ലാത്ത ജില്ലയാണ് വയനാട്. അതിനാൽ തന്നെ റെയിൽപാത സംബന്ധിച്ച ഓരോ പ്രഖ്യാപനങ്ങളും പ്രതീക്ഷയോടെയാണ് വയനാടൻ ജനത കാണുക.

പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ ആവിഷ്‌കരിച്ച പദ്ധതിയാണിത്.2024 ഓഗസ്റ്റ് മാസത്തിൽ പ്രിയങ്ക ഗാന്ധിലോക്സഭയിൽ വിഷയം ഉന്നയിച്ചിരുന്നു.പദ്ധതി യാഥാർഥ്യമായാൽ കൊച്ചി ബംഗളൂരു യാത്ര 11 മണിക്കൂറിൽ നിന്ന് 7 മണിക്കൂറായി കുറയും. വയനാട്ടിൽ നിന്ന്‌ നേരിട്ട് മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്ക് റെയിൽ ബന്ധം, ചരക്ക് നീക്കം, കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി എന്നിവ എളുപ്പമാകും. പാത ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെയാണ് കടന്നുപോകുക. പരിസ്ഥിതി പ്രവർത്തകരുടെ ശക്തമായ എതിർപ്പ് പദ്ധതിക്കുണ്ട്.

ബജറ്റിൽ വയനാടിന് അവഗണനയെന്ന്

വയനാടിന്റ ജീവൽ പ്രശ്നങ്ങളൊന്നും തൊടാതെ ബജറ്റിൽ ജില്ലയെ പൂർണമായും അവഗണിച്ചെന്നാണ് ഇടതുമുന്നണിയും സിപി എമ്മും കുറ്റപ്പെടുത്തുന്നത്.എൽഡിഎഫ് സർക്കാർ വർഷങ്ങളായി തുടരുന്ന വയനാട് പക്കേജിന് തുക വകയിരുത്തിയിട്ടില്ല. മുണ്ടക്കൈ–ചൂരൽമല ദുരന്തപുനരധിവാസത്തിൽ നിലപാട് പറയാൻപോലും സർക്കാർ തയ്യാറായില്ല. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പദ്ധതികൾ തുടരുമോയന്നതിൽ വ്യക്തതയില്ല. വയനാട് മെഡിക്കൽ കോളേജിനെ പൂർണമായും അവഗണിച്ചു. മാനന്തവാടി അമ്പുകുത്തിയലെ സ്ഥലം മെഡിക്കൽ കോളേജിനായ് ഏറ്റെടുക്കുന്നതിൽ മൗനമാണ്. വയനാടിന്റെ യാത്രാദുരിതത്തിന് ശാശ്വതപരിഹാരമാകുന്ന ആനക്കാംപൊയിൽ– കള്ളാടി–മേപ്പാടി തുരങ്കപാതയെക്കുറിച്ച് ബജറ്റിൽ പരാമർശംപോലുമില്ല. കിഫ്ബിയിയിൽ തുക അനുവദിച്ചാണ് എൽഡിഎഫ് സർക്കാർ പ്രവൃത്തി തുടങ്ങിയത്. ഈ സാഹചര്യത്തിൽ തുരങ്കപാതയുടെ ഭാവി തുലാസിലായി. തുരങ്കപാതയെ ശക്തമായി എതിർക്കുമെന്നാണ് പ്രതിപക്ഷ നേതാവായിരിക്കെ വി ഡി സതീശൻ പറഞ്ഞത്. പടിഞ്ഞാറത്തറ–പൂഴിത്തോട് ബദൽ പാതയുമായി കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഏറെ മുന്നോട്ടുപോയതാണ്. മൂന്ന് പതിറ്റാണ്ട് നിലച്ചുപോയ പദ്ധതിക്ക് ജീവൻ വയ്പിച്ചു. ഒന്നരക്കോടി രൂപ അനുവദിച്ചാണ് ഇൻവസ്റ്റിഗേഷനും മറ്റുനടപടികളും പൂർത്തിയാക്കിയത്. പാതയുടെ അലൈമെന്റ് തയ്യാറാക്കി പൊതുമരാമത്ത് വകുപ്പിന്റെ അംഗീകാരം നേടി. ഡിപിആർ നടപടികളിലേക്കും കടന്നതാണ്. ഇതിന്റെ തുടർച്ച ബജറ്റിൽ പ്രഖ്യാപിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഒരുരൂപ വകയിരുത്തിയിട്ടില്ല.ഒരുമാസത്തിനിടെ രണ്ടുപേർ ജില്ലയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും രൂക്ഷമായ വന്യമൃഗപ്രതിരോധത്തിന് പദ്ധതിയില്ല. സംസ്ഥാനത്തിന് മൊത്തമായി വകയിരുത്തിയ തുകയിലും വെട്ടിക്കുറവുണ്ടായി. കാർഷിക, തോട്ടം, പട്ടികവർഗ മേഖലയേയും അവഗണിച്ചു. കൃഷിമന്ത്രിയുടെ ജില്ലയായിട്ടും കാർഷിക മേഖലയിൽ പ്രത്യേപദ്ധതികളൊന്നുമില്ല. ടൂറിസം മേഖലയിൽ ഒരുപദ്ധതിപോലും അനുവദിച്ചില്ല.ഇങ്ങനെയൊക്കെയാണ് ഇടത് മുന്നണി ബജറ്റിനെ വിമർശിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION