SignIn
Kerala Kaumudi Online
Sunday, 02 August 2026 2.03 AM IST

മുത്തങ്ങ സമരം എന്ത് നേടി?

a

ഒടുവിൽ മുത്തങ്ങ ഭൂസമര കേസിലെ വിധി വന്നിരിക്കുന്നു.തലചായ്ക്കാൻ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി കാടിന്റെ മക്കൾനടത്തിയ ഐതിഹാസിക സമരം ഒടുവിൽ കലാശിച്ചത് രക്ത ചൊരിച്ചലിൽ.പോരാട്ടത്തിനിടയിൽ അന്ന് രണ്ട് പേർക്ക് ജീവൻ നഷ്ടമായി.സമരത്തിനിറങ്ങിയ ആദിവാസി ജോഗിയും ഡ്യൂട്ടിക്കെത്തിയ പൊലീസുകാരൻ വിനോദും ഇന്ന് നമ്മൾക്കിടയിലില്ല.മുത്തങ്ങയിൽ നടന്ന ഭൂ സമരം ഇപ്പോഴൊന്നുമല്ല നടന്നത്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി അവർക്ക് തിരിച്ച് നൽകുന്നതിന് വേണ്ടി 2001 ഒക്ടോബറിൽ നടന്ന കരാറിൽ സംസ്ഥാന സർക്കാർ കാലതാമസം വരുത്തിയതോടെയാണ് ഗോത്രവർഗ സമൂഹം സമരവുമായി രംഗത്ത് വരുന്നത്.നയിച്ചത് ആദിവാസി സമര നായിക സി.കെ.ജാനുവും,എം.ഗീതാനന്ദനും. ഭൂസമരത്തിന്റെ പേരിൽ ആദിവാസികൾ പിന്നീട് അനുഭവിച്ച കൊടും ക്രൂരതക്ക് കൈയും കണക്കുമില്ല.കിടക്കാൻ ഒരു തുണ്ട് ഭൂമിക്ക് വേണ്ടി സമരം ചെയ്ത ഗോത്രജനതയെ പട്ടിയെ തല്ലുന്നത് പോലെ തല്ലിയതും വെടി വച്ചും കീഴ്പ്പെടുത്തിയത് കണ്ണിൽ നിന്ന് മായുന്ന ചിത്രമല്ല.ദയനീമായിരുന്നു ആ രംഗങ്ങൾ.സ്ത്രീകളെയും കുട്ടികളെയും യാതൊരു പരിഗണനയും നൽകാതെ പൊലീസ് നേരിട്ടു.കോഴിക്കോട് കൊല്ലഗേൽ ദേശീയ പാത 766ൽ വയനാട്ടിലെ മുത്തങ്ങക്കടുത്ത തകരപ്പാടി വനത്തിൽ നടന്ന ഈ നരനായാട്ട് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.വനത്തിലെ പൊലീസ് നരനായാട്ടിന് പുറമെ വയനാട്ടിലെ ആദിവാസി ഉന്നതികളിൽ കയറി ചെന്നും പൊലീസ് മാസങ്ങളോളം ആദിവാസികളെ വേട്ടയാടി. വനത്തിൽ നടന്ന പൊലീസ് നരനായാട്ടിനെ തുടർന്ന് പലരും രക്തം ഛർദ്ദിച്ചും മറ്റും മരണപ്പെട്ടു. പലരും ഇന്നും ക്ഷയ രോഗം ഉൾപ്പെടെ ബാധിച്ച് ഉന്നതികളിൽ നരകിച്ച് കഴിയുന്നു.23 വർഷത്തിന് മുമ്പ് സമരത്തിനിറങ്ങിയ യുവാക്കൾക്ക് ഇന്ന് പ്രായമായി. കുട്ടികൾക്ക് ഉറക്കം നഷ്ടപ്പെട്ടു.രാത്രിയിൽ കിടന്ന് ഇറങ്ങാൻ പോലും വയ്യാത്ത അവസ്ഥ.ഭീതിപ്പെടുത്തുന്ന ആ രംഗങ്ങൾ കൊച്ച് മനസിൽ പോലും പോറൽ ഉണ്ടാക്കി.മാനസിക പ്രശ്നങ്ങളും.സാംസ്ക്കാരിക കേരളത്തിന് പോലും അപമാനം ഉണ്ടാക്കുന്ന തരത്തിൽ ആദിവാസികളെ തല്ലിച്ചതച്ചു.നീതിക്ക് വേണ്ടി ആദിവാസികൾ പിന്നീട് കോടതികൾ കയറിയിറങ്ങി. ഒന്നും രണ്ടും പേരല്ല, നൂറ് കണക്കിന് ആദിവാസികൾ.ചുരം ഇറങ്ങി അങ്ങ് എറണാകുളത്തെ സി.ബി.ഐ കോടതിയിൽ വരെ ആദിവാസികൾക്ക് വർഷങ്ങളോളം പാേകേണ്ടി വന്നു. അഷ്ടിക്ക് വകയില്ലാതെ ഉടുതുണിക്ക് മറുതുണിയില്ലാതെ ഉന്നതികളിൽ ജീവിതത്തെ ശപിച്ച് കഴിഞ്ഞ ആദിവാസികളാണ് കേസിന്റെ പേരിൽ വർഷങ്ങളോളം ചുരം ഇറങ്ങി യാത്ര ചെയ്തത്. ആരും ഇവരെ സഹായിക്കാൻ ഉണ്ടായില്ല. ഒരു ചായ കുടിക്കാൻ പോലും വകയില്ലാതെ ഇവർ വലഞ്ഞിട്ടുണ്ട്. ബസ് കൂലിക്ക് മറ്റുളളവരോട് യാചിക്കേണ്ടി വന്നിട്ടുണ്ട്.അങ്ങനെ ഇരുപത്തിമൂന്ന് വർഷം കയറിയിറങ്ങിയ മുത്തങ്ങ കേസിലെ വിധിയാണ് വെളളിയാഴ്ച കൽപ്പറ്റ സെഷൻസ് കോടതിയിൽ ഉണ്ടായത്.

മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട കേസിൽ നാലു പേർക്ക് കോടതി അഞ്ച് വർഷം വീതം കഠിന തടവ് ശിക്ഷ വിധിച്ചു. പൊലീസുകാരൻ അബ്ദുൾസലാം, വനം ജീവനക്കാരൻ ശശിധരൻ എന്നിവരെ ആക്രമിച്ച സംഭവത്തിലെ പ്രതികളിൽ ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓർഡനേറ്റർ എം. ഗീതാനന്ദൻ(72), സംസ്ഥാന സമിതിയംഗം ബത്തേരി തേലമ്പറ്റ രമേശൻ കൊയ്യാലിപ്പുര(58), സമരമുഖത്തുണ്ടായിരുന്ന അനിൽ അമ്മാനി(47), ബിനു നെയ്യാറ്റിൻകര(53) എന്നിവരെയാണ് ജില്ലാ സെഷൻസ് കോടതി ജഡ്ജ് അയൂബ് ഖാൻ ശിക്ഷിച്ചത്. ഇവർക്ക് വിവിധ വകുപ്പുകളിൽ 19 വർഷവും ഏഴുമാസവും കഠിന തടവും പിഴയും ശിക്ഷ വിധിച്ചത്. കുറ്റക്കാർ അഞ്ച് വർഷം ഒന്നിച്ച് കഠിനതടവ് അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവായി. സാമൂഹിക സാമ്പത്തിക അവസ്ഥകൾ കണക്കിലെടുത്ത് നാലു പേരേയും പിഴ ഒടുക്കുന്നതിൽനിന്ന് കോടതി ഒഴിവാക്കി. അപ്പീൽ നൽകുന്നതിന് 30 ദിവസം അനുവദിച്ചു. പൊലീസുകാരൻ വനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി അശോകന് എതിരേ മാത്രമാണ് തെളിവെന്ന് കോടതി നിരീക്ഷിച്ചു. ഗൂഢാലോചന തെളിയിക്കപ്പെടാത്തതിനാൽ മറ്റു പ്രതികൾ കുറ്റക്കാരല്ലെന്ന് കണ്ടെത്തി. രണ്ടാം പ്രതി അശോകൻ ജീവിച്ചിരിപ്പില്ലാത്തതിൽ ശിക്ഷ വിധിച്ചില്ല.

2002 ഡിസംബറിലായിരുന്നു ആദിവാസി ഗോത്രമഹാസഭ നേതാക്കളായ ഗീതാനന്ദന്റെയും, സി.കെ. ജാനുവിന്റെയും നേതൃത്വത്തിൽ മുത്തങ്ങ വന്യജീവി സങ്കേതത്തിൽ കയറി ആദിവാസികൾ താമസമാരംഭിച്ചത്. ആയിരത്തിൽപ്പരം ആദിവാസികളാണ് കൊച്ചുകുട്ടികളും, പ്രായമായവരുമടക്കം വന്യജീവി സങ്കേതത്തിൽ കുടിൽകെട്ടി താമസിച്ചത്. സ്വയംഭരണ പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ട് ഇവർ താമസിക്കുന്ന പ്രദേശത്തിനു പ്രത്യേക കാവലും ഒരുക്കി. വനപാലകർ ഉൾപ്പെടെയുള്ള എല്ലാവർക്കു മേഖലയിലേയ്ക്ക് പ്രവേശനവും നിഷേധിച്ചു. ഗോത്രമഹാസഭ നേതാക്കളുടെ അനുവാദമുള്ളവർക്ക് മാത്രമായി പ്രവേശനം. വനത്തിൽ കുടിയേറിയ ആദിവാസികളുമായി വനം വകുപ്പ് ചർച്ച നടത്തിയെങ്കിലും വനത്തിൽ നിന്ന് ഇറങ്ങി പോകൻ ഇവർ തയ്യാറായില്ല. 2003 ജനുവരിയിൽ ആദിവാസികളെ വനത്തിൽ നിന്ന് ഇറക്കിവിടാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

19നു രാവിലെ 8 മണിക്ക് വനം, പൊലീസ് സേനകൾ വനത്തിലേയ്ക്ക് പ്രവേശിക്കുകയും ആദിവാസികളുടെ കുടിലുകൾ പൊളിച്ചു നീക്കുകയും ചെയ്തു. അമ്പും വില്ലുമുപയോഗിച്ച് പൊലീസിനെ പ്രതിരോധിക്കാനും ശ്രമിച്ചു കൊണ്ടിരുന്നു.

നേരം ഉച്ചയോടടുത്തുകൊണ്ടിരുന്ന സമയത്താണ് ഓപ്പറേഷന് നിയുക്തമായ കണ്ണൂർ ക്യാമ്പിൽ നിന്നുള്ള വിനോദ് എന്ന പൊലീസുകാരനെ ഗോത്രമഹാസഭാ പിടികൂടി കുടിലിൽ കെട്ടിയിട്ടത്.തുടർന്ന് പൊലീസുകാരനെ വിട്ടു നൽകണമെങ്കിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആദിവാസികൾ ആവശ്യപ്പെട്ടു. ബന്ദിയാക്കി പിടിച്ച പോലീസുകാരന് വേട്ടെറ്റിരുന്നു. രക്തം വാർന്ന് പോയി കൊണ്ടിരുന്ന പൊലീസുകാരനെ രക്ഷിക്കാൻ ഒരു ബലപ്രയോഗത്തിലൂടെയല്ലാതെ സാധ്യമല്ലന്ന് കണ്ടതോടെയാണ് പൊലീസ് കുടിൽ വളഞ്ഞത്. തുടർന്നുണ്ടായ ഏറ്റുമുട്ടലാണ് വെടിവെയ്പ്പിൽ കലാശിച്ചത്. വെടിയേറ്റ ജോഗി എന്ന ആദിവാസി മരണപ്പെട്ടു. വെട്ടേറ്റ് രക്തം വാർന്ന് മൃതപ്രായനായ വിനോദിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി തന്നെ മരണം സംഭവിച്ചു.മുത്തങ്ങ ഭൂസമരത്തിന്റെ പേരിലുള്ള പൊലീസ് വെടിവെയ്പ്പിലും അക്രമത്തിലും മരണപ്പെട്ട രണ്ട് പേരും പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർ. ഭൂമിക്ക് വേണ്ടി സമരം ചെയ്ത ജോഗി ഗോത്രവർഗ്ഗത്തിൽപ്പെട്ടതാണ്. ഇവരെ കുടിയിറക്കാൻ വന്ന പൊലീസുകാരനായ കണ്ണൂർ മലപ്പട്ടം സ്വദേശി വിനോദും പിന്നോക്ക സമുദായാഗമാണ്.മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുത്ത എല്ലാവർക്കും ഭൂമി ലഭിച്ചോ എന്ന കാര്യമാണ് രണ്ട് പതിറ്റാണ്ടിന് ശേഷവും ഉയരുന്ന ചോദ്യം.

അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്ചുതാനന്ദൻ സംഭവ സ്ഥലത്തെത്തി ആദിവാസികൾക്കെതിരെയുള്ള കിരാത മർദ്ദനത്തെ ശക്തമായി എതിർത്തതോടെയാണ് ആദിവാസികൾക്ക് നിരത്തിലിറങ്ങാൻ കഴിഞ്ഞത്. കേസിനായി 103 രേഖകളും 13 തൊണ്ടി മുതലുകളും കോടിതിയിൽ ഹാജരാക്കി.സുരേഷ് രാജ് പുരോഹിത് അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥരും അഞ്ച് ഡി.വൈ.എസ്.പിമാരും കേസിൽ സാക്ഷികളായി.47സാക്ഷികളെ പ്രോസിക്യൂഷന് വേണ്ടി സിബിഐ കോടതി വിസ്തരിച്ചു.ഒരു ജില്ലാ ജഡ്ജിയെയും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനെയും സാക്ഷിയായി വിസ്തരിച്ചു എന്ന പ്രത്യേകതയും ഈ കേസിനുണ്ട്.57 പ്രതികളിൽ 15 പേർ കേസിനിടയിൽ മരണപ്പെട്ടു.ഒന്ന് ചോദിക്കട്ടെ,രണ്ട് വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ട ഈ സമരത്തിൽ നിന്ന് എന്ത് നേടി‌?

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY