SignIn
Kerala Kaumudi Online
Saturday, 26 September 2026 2.02 AM IST

ക്രമക്കേടുകളുടെ 'നെയ്യഭിഷേകം'

a

ശബരിമലയിലേക്കുള്ള വ്രതമെടുത്ത് ഇരുമുടിക്കെട്ട് നിറയ്ക്കുന്ന സമയം മുതൽ നറുനെയ്യിന്റെ ഗന്ധം നമ്മെ അനുഗമിച്ചുകൊണ്ടേയിരിക്കും. സന്നിധാനത്തെത്തുമ്പോൾ അനുഭപ്പെടുന്ന ആത്മഹർഷത്തിനൊപ്പം അന്തരീക്ഷത്തിൽ നിറയുന്ന പലതരം സുഗന്ധങ്ങളിൽ നെയ്‌തേങ്ങ മുറികൾ ആഴിയിൽ ജ്വലിക്കുന്നതിന്റെ ഗന്ധവുമുണ്ടാകും. അയ്യപ്പന് അത്രയും പ്രിയപ്പെട്ടതാണ് നെയ്യഭിഷേകം. അതിനു വേണ്ടിയാണ് നാളികേരങ്ങളിൽ നെയ്യ് നിറച്ച് യാതനകൾ താണ്ടി തീർത്ഥാടകർ സന്നിധാനത്തെത്തിക്കുന്നത്. അഭിഷേകം ചെയ്ത നെയ്യിന്റെ, ആടിയശിഷ്ടം നെയ്യിന്റെ ഒരംശം വാങ്ങി വീട്ടിലെത്തുന്നതും അവർക്ക് സായൂജ്യമാണ്. അതുപോലെ മലയിലെത്തുന്ന അനവധി ലക്ഷം ഭക്തരുടെ ഏറ്റവും പ്രിയപ്പെട്ട പ്രസാദമാണ് അരവണപ്പായസം. സ്റ്റോർ പർച്ചേസ് വഴി വാങ്ങുന്ന ക്വിന്റൽ കണക്കിന് നെയ്യാണ് ഒരോ മണ്ഡല- മകരവിളക്ക് സീസണിലും എത്തിക്കുന്നത്. ശബരിമല പൂജകൾക്കും വഴിപാടുകൾക്കുമുള്ള ഈ നെയ്യ് ബന്ധം പരിശുദ്ധമല്ലാതെ നീങ്ങിയതാണ് ഇപ്പോൾ ഹൈക്കോടതിയുടെ ഇടപെടലിനും അന്വേഷണങ്ങൾക്കും വഴിവച്ചത്. സന്നിധാനത്ത് ദേവസ്വം ബോർഡിന്റെ ഭരണസംവിധാനങ്ങൾ നാഥനില്ലാ കളരി പോലെയാണ് പ്രവർത്തിച്ചതെന്നാണ് രേഖകളിൽ നിന്ന് കോടതിക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്നത്. പിടിപ്പുകേടും ക്രമക്കേടും മേൽനോട്ടക്കുറവും കാരണം നെയ്യ് ഇടപാടുകളിൽ വലിയ നഷ്ടമാണ് തിരുവിതാകൂർ ദേവസ്വം ബോർഡിന് ഉണ്ടായിരിക്കുന്നത്. ഉത്തരവാദികളിൽപ്പലതും ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ കൈമലർത്തിയിരിക്കുകയുമാണ്.

ആടിയശിഷ്ടത്തിൽ

അച്ചടക്ക നടപടി

ആടിയശിഷ്ടം നെയ്യ് വില്പനയിൽ കഴിഞ്ഞ മണ്ഡല, മകരവിളക്ക് സീസണിൽ ബോർഡിന് 17,14,460 രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നത്. sതുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരം ദേവസ്വം വിജിലൻസ് അന്വേഷണം നടത്തിവരികയായിരുന്നു. കൗണ്ടറിൽ ജോലിചെയ്തിരുന്ന താത്ക്കാലിക ശാന്തിക്കാരടക്കം 43 പേർ ഉത്തരവാദികളാണെന്ന് വ്യക്തമായിരുന്നു. ഇവരെ പ്രതിചോർത്തിരുന്നെങ്കിലും ക്രിമിനൽ കേസെടുക്കാൻ വേണ്ട തെളിവുകൾ വിജിലൻസിന് ലഭ്യമായില്ല. ബില്ലുകളും സ്റ്രോക് രജിസ്റ്ററുമെല്ലാം കുളമായി കിടന്നതാണ് പ്രധാനകാരണം. നെയ്യ് പായ്ക്കറ്റുകളുടെ ഉത്പാദനം മുതൽ വിൽപന വരെയുള്ള ഘട്ടങ്ങളിൽ ഉദ്യോഗസ്ഥർ കാട്ടിയ കടുത്ത അശ്രദ്ധയും മേൽനോട്ടക്കുറവുമാണ് വൻ സാമ്പത്തിക നഷ്ടത്തിന് കാരണമായതെന്നാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്. അതിനാൽ പ്രതികൾക്കെതിരേ ദേവസ്വം ബോർഡ് വകുപ്പുതല അച്ചടക്ക നടപടികൾ പരിഗണിക്കണമെന്നും നഷ്ടം ഈടാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുകയാണ്.

നെയ്യ് വില്പന സുതാര്യമാക്കാനുള്ള നിർദ്ദേശങ്ങൾ കോടതി നേരത്തേ തന്നെ നൽകിയിരുന്നു. നെയ്യ് വിൽപനയ്ക്കായി വ്യക്തമായ മാർഗ്ഗരേഖ തയ്യാറാക്കണം. ടിക്കറ്റ് നൽകുന്നതിനും നെയ്യ് വിതരണം ചെയ്യുന്നതിനും പ്രത്യേക ജീവനക്കാരെ നിയോഗിക്കണം. നെയ്യ് സംഭരണ ടാങ്കുകളിൽ അളവ് രേഖപ്പെടുത്താൻ ശാസ്ത്രീയ സംവിധാനങ്ങൾ ഏർപ്പെടുത്തണം.
എല്ലാ കൗണ്ടറുകളിലും ഹൈഡെഫിനിഷൻ സി.സി ടിവി ക്യാമറകൾ സ്ഥാപിക്കുകയും 90 ദിവസത്തെ ദൃശ്യങ്ങൾ സൂക്ഷിക്കുകയും വേണം. നെയ്യ് പാക്കറ്റുകളിൽ ബാച്ച് നമ്പർ, പാക്കിംഗ് തീയതി, ക്യു.ആർ കോഡ് എന്നിവ നിർബന്ധമാക്കണം. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ മാത്രമേ പ്രധാന ചുമതലകളിൽ നിയോഗിക്കാവൂ. തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയിട്ടുള്ളത്. ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന ശബരിമലയിലെ ഭരണനിർവഹണം കാര്യക്ഷമമാക്കാൻ പ്രൊഫഷണൽ വൈദഗ്ദ്ധ്യമുള്ളവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന കാര്യം ദേവസ്വം ബോർഡ് ഗൗരവമായി പരിഗണിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

അരവണ നെയ്യിലെ കുരുക്ക്

അരവണ പ്ലാന്റിലടക്കം ഉപയോഗിക്കുന്നതിനായി കഴിഞ്ഞ മണ്ഡലകാലത്ത് മിൽമയിൽ നിന്ന് നെയ്യ് വാങ്ങിയതിൽ ക്രമക്കേട് നടന്നുവെന്ന പരാതിയിൽ ഒട്ടേറെ പേർ കുടുങ്ങുമെന്നാണ് സൂചന. പലരേയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയിൽ അറിയിച്ചിരിക്കുകയാണ്. ആരോപണ വിധേയരായ വ്യക്തികളുടെ ഫോൺ വിളി രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. വിജിലൻസ് അന്വേഷണത്തിന്റെ ഭാഗമായി വിശദമായ ഓഡിറ്റിംഗ് നടത്തും. നെയ്യ് വാങ്ങൽ മുതൽ ഉപയോഗം വരെയുള്ള വിവരങ്ങൾ ഓഡിറ്റിംഗിന് വിധേയമാക്കുമെന്നും വിജിലൻസ് വിശദീകരിച്ചത്.

അന്വേഷണം പൂർത്തിയാക്കുന്നതിന് കോടതി 45 ദിവസം കൂടി അനുവദിച്ചിട്ടുണ്ട്. മിൽമയിൽ നിന്ന് വാങ്ങിയ നെയ്യ് കൈകാര്യം ചെയ്യുന്നതിൽ സംശയകരമായ പല സാഹചര്യങ്ങളും ഉണ്ടെന്നാണ് വിജിലൻസ് അറിയിച്ചത്. അന്വേഷണം തുടരുന്നതിനാൽ ഈ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ലീറ്ററിന് 510 രൂപയ്ക്ക് മിൽമയിൽ നെയ്യ് വാങ്ങിയതിലൂടെ ദേവസ്വം ബോർഡിന് 2.28 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ദേവസ്വം വിജിലൻസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്നാണ് വിശദമായ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

ഡിജിറ്റലാകാതെ തരമില്ല

ശബരിമലയിലെ പ്രവർത്തന പരിപാടികൾ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ കർശന നിരീക്ഷണത്തിലാണ്. എന്നിട്ടും അമ്പലം വിഴുങ്ങികളിൽ ഒരു വിഭാഗത്തിന്റെ ദുഷ്ചെയ്തികൾ തുടരുകയാണ്. രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളെ പിടിച്ചുകുലുക്കിയ സ്വർണക്കൊള്ള കോടതി കണ്ടത്തി ഉന്നതരെ അഴിക്കുള്ളിലാക്കിയെങ്കിലും ക്രമക്കേടുകൾക്ക് അറുതിയായില്ല. അയ്യപ്പസംഗമം സംഘടിപ്പിച്ചതിലും പെട്രോൾ പമ്പ് നടത്തിപ്പിലും അഷ്ടാഭിഷേക പൂജാദ്രവ്യങ്ങൾ വാങ്ങിയതിലുമെല്ലാം ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. കൃത്യമായ ബില്ലുകളില്ലാതെ കുറുപ്പിന്റെ കണക്കുപുസ്തകം പോലെ കാര്യങ്ങൾ നീങ്ങുന്നതിനാൽ തെളിവുശേഖരണവും നഷ്ടം തിരിച്ചുപിടിക്കലും ദുഷ്കരമാകുന്നു. ഈ സാഹചര്യത്തിലാണ് വരവുചിലവു കണക്കുകൾ രേഖപ്പെടുത്താനും കൃത്യമായി ഓഡിറ്റ് ചെയ്യാനും വിപുലമായ ഡിജിറ്റൽ ശൃംഖല ഒരുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചത്. ഇത് ക്രമേണ എല്ലാ ദേവസ്വങ്ങളിലും നടപ്പാക്കുകയാണ് ലക്ഷ്യം. പൈലറ്റ് പദ്ധതിയായി ശബരിമലയിൽ മണ്ഡലകാലത്തിന് മുമ്പ് നടപ്പാക്കുമെന്നാണ് തിരുവിതാംകൂർ ദേവസ്വം നൽകിയിരിക്കുന്ന ഉറപ്പ്.

70 കോടിയുടെ പദ്ധതിക്കായി കിറ്റ്‌ഫ്രയുമായി ധാരണാപത്രം ഒപ്പിട്ടതായും ബോർഡ് കോടതിയെ അറിയിച്ചു. സാമ്പത്തിക കാര്യങ്ങൾക്കായി എസ്.ബി.ഐ.യിൽ പ്രത്യേക അക്കൗണ്ട് ആരംഭിച്ചു.

സാങ്കേതിക വിഭാഗത്തിൽ കെ-സ്യൂട്ട് ഫയൽ മാനേജ്‌മെന്റ് സിസ്റ്റം, അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ, ക്ലൗഡ് സർവീസുകൾ എന്നിവ നടപ്പിലാക്കി. സാങ്കേതിക സമിതിയും ഭരണനിർവ്വഹണ സംവിധാനവും രൂപീകരിച്ചതായാണ് ബോർഡ് അറിയിച്ചിട്ടുള്ളത്. പദ്ധതി നടപ്പാകുന്നതോടെ 'സിസ്റ്റം' ഒരു പരിധിവരെ നേരെയാകുമെന്നത് തർക്കമില്ലാത്ത കാര്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY