SignIn
Kerala Kaumudi Online
Tuesday, 28 July 2026 4.26 PM IST

ദാവോസിൽ നിന്നൊരു ഇന്ത്യൻ ചരിത്രഗാഥ

s

ഇക്കഴിഞ്ഞ ജനുവരി അവസാനം സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ഈ വർഷത്തെ ലോക സാമ്പത്തിക ഉച്ചകോടിയിൽ ഏറ്റവും ശ്രദ്ധാകേന്ദ്രങ്ങളായി തിളങ്ങിയത്, രാജ്യങ്ങളിൽ ഇന്ത്യയും വ്യക്തികളിൽ കാന‌ഡ പ്രധാനമന്ത്രി മാർക്ക് കാർണിയും ആയിരുന്നു. ധനശാസ്ത്ര വിശാരദൻ കൂടിയായ കാർണി, ലോക സാമ്പത്തിക ഫോറത്തിൽ നടത്തിയ പ്രസംഗത്തിൽ അന്താരാഷ്ട്ര വ്യവസ്ഥയിലെ പൊള്ളുന്ന അനാശാസ്യങ്ങളെക്കുറിച്ച് ട്രംപിനെപ്പോലുള്ള കാരണഭൂതർക്ക് പൊള്ളുംവിധം തുറന്നടിച്ചു. പതിറ്റാണ്ടുകളായി നിലനിന്നു വന്ന, ചട്ടങ്ങളിൽ അധിഷ്ഠിതമായ ലോക പ്രവർത്തനക്രമത്തിന് ഇന്ന് ശൈഥില്യം സംഭവിച്ചിരിക്കുന്നു.

വൻ സാമ്പത്തിക ശക്തികളുടെ ഹുങ്കിൽപ്പൊതിഞ്ഞ സമ്മർദ്ദങ്ങൾ മിക്ക രാജ്യങ്ങൾക്കും താങ്ങാൻ കഴിയുന്നതിനും അപ്പുറത്തേക്കു പോയി. ഇരകളായ രാജ്യങ്ങൾ പരുക്കൻ യാഥാർത്ഥ്യങ്ങളോട് പൊരുതേണ്ട സമയം വന്നിരിക്കുന്നു. പഴയ സമ്പ്രദായം വീണ്ടും വരുമെന്നു പ്രതീക്ഷിച്ച് കാത്തിരിക്കുന്നത് മൗഢ്യമാണ്. ഉരുത്തിരിഞ്ഞു വരുന്ന പുതിയ ലോകക്രമത്തിന്റെ തീൻമേശയിൽ ഇടംപിടിക്കാനായില്ലെങ്കിൽ നിങ്ങളുടെ സ്ഥാനം അവിടത്തെ 'മെനു"വിൽ ആയിരിക്കും-കാർണി നൽകുന്ന മുന്നറിയിപ്പാണിത്. രൂപപ്പെട്ടുവരുന്ന ആഗോള സംവിധാനത്തെ തിരിച്ചറിയുകയും, സ്വന്തം ശക്തി ദൗർബല്യങ്ങൾക്ക് ഇണങ്ങും വിധമുള്ള പുതിയ മുന്നേറ്റങ്ങൾക്ക് തയ്യാറാകാതിരിക്കുകയും ചെയ്യുന്ന രാജ്യങ്ങളെ ശക്തരായവർ 'റോസ്റ്റാ"ക്കി തീറ്റയ്ക്ക് പാത്രമാക്കും. കാർണിയുടെ താക്കീതും രക്ഷാമാർഗ ഉപദേശവും മുഖ്യമായും ലോകത്തെ മദ്ധ്യനിരയിലുള്ള രാജ്യങ്ങളെ ലക്ഷ്യമാക്കിയായിരുന്നു.

ഇന്ത്യ: മുൻപേ

പറന്ന പക്ഷി

നിലനിന്നു പോന്ന ലോക സംവിധാനങ്ങൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന വിള്ളലുകൾ നേരത്തേ തന്നെ ഗ്രഹിക്കുകയും,​ അതിനനുസരണമായി സ്വന്തം കരുത്ത് ബലപ്പെടുത്താനുമുള്ള കർമ്മങ്ങളുടെ ചിറകിലേറി ഉന്നതിയിലേക്ക് പറക്കുകയും ചെയ്ത രാജ്യമാണ് നമ്മുടേത്. മദ്ധ്യനിരയിൽ നിന്നിപ്പോൾ പ്രബലശക്തി എന്ന നിലയിലേക്ക് ഉയരാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇക്കഴിഞ്ഞ രണ്ട് ദശകങ്ങളിൽ സാമ്പത്തിക വളർച്ചയുടെ വാർഷിക തോത് ശരാശരി 6.5 ശതമാനമെന്ന നിരക്കിൽ ഇന്ത്യ നിലനിറുത്തി. ഇതിന് കരുത്തേകിയ ചില കാര്യങ്ങൾ പറയാം.


യുവത്വം തുളുമ്പുന്ന പ്രതിഭാ പൂരത്തിന്റെ നാട്; ലോക നൈപുണ്യസൂചികയിലെ രണ്ടാം സ്ഥാനവും, എ.ഐ വിദഗ്ദ്ധർ 16 ശതമാനവും, ചിപ്പ് നിർമ്മാണ വൈദഗ്ദ്ധ്യമുള്ളർ 20 ശതമാനവുമുള്ള പ്രദേശം; കോടിക്കണക്കിന് ബാങ്ക് അക്കൗണ്ടുകളെ ബന്ധിപ്പിച്ചുകൊണ്ട് ഞൊടിയിടയിൽ പണം കൈമാറ്റം സാദ്ധ്യമാക്കുന്ന യു.പി.ഐ അടക്കമുള്ള ഡിജിറ്റൽ വിപ്ലവങ്ങളുടെ നാട്; ലോക ടെക് ഭീമന്മാർ ഡാറ്റാ സെന്ററുകളും, എ.ഐ കേന്ദ്രങ്ങളും സ്ഥാപിക്കാൻ തിരഞ്ഞെടുക്കുന്ന സൗകര്യങ്ങളുടെ ഇടം; നവീന ആശയങ്ങളുടെ പ്രമുഖകേന്ദ്രം; ഭരണക്രമങ്ങളിലെ സുസ്ഥിരത; ഉയരുന്ന പ്രതിശീർഷ വരുമാനമൊരുക്കുന്ന വലിയ കമ്പോളം... എന്നിങ്ങനെ പോകുന്നു താങ്ങായി പ്രവർത്തിച്ച ഘടകങ്ങൾ. ഇതിനോടൊപ്പം പുതിയ സഖ്യങ്ങളും പുതിയ ചേരികളും സൃഷ്ടിക്കുന്നതിലും ഇന്ത്യ വിജയിച്ചു.

നമ്മുടെ ഭാരതം

കേന്ദ്രബിന്ദു

പതിനായിരം ചതുരശ്ര അടി വിസ്തീർണ്ണത്തിലൊരുക്കിയ 'ഇന്ത്യൻ പവലിയൻ" ദാവോസിലെ ഏറ്റവും വലിയ രാഷ്ട്രക്കൂടാരമായിരുന്നു. ഇന്ത്യയുടെ ഇടപെടലുകളുടെ വ്യാപ്തിയുടെയും ആത്മവിശ്വാസത്തിന്റെയും പ്രതിഫലനമായിരുന്നു ഈ വലിപ്പം. ലോക സാമ്പത്തിക ഫോറത്തിൽ ഇന്ത്യയുടെ കരുത്തും,​ സജ്ജമാക്കുന്ന സൗകര്യങ്ങളും നമ്മുടെ പ്രതിനിധി സംഘം കൃത്യമായി വരച്ചുകാട്ടി. വിശ്വാസം അർപ്പിക്കാവുന്ന പങ്കാളിയെന്ന നിലയിലും, നിക്ഷേപത്തിന്റെയും നൂതന ആശയപ്രയോഗങ്ങളുടെ ഉദ്ദിഷ്ട സ്ഥലമെന്ന നിലയിലും ആഗോളതലത്തിൽ ഉയർന്നുപൊങ്ങുന്ന ഇന്ത്യയുടെ ഔന്നത്യം, ദാവോസിൽ പങ്കെടുത്ത മറ്റ് രാഷ്ട്രങ്ങളിൽ നിന്നുള്ള നേതാക്കൾ, നയരൂപകർത്താക്കൾ, കോർപ്പറേറ്റ് എക്സിക്യുട്ടീവുകൾ, ധന സ്ഥാപനങ്ങളുടെ അധിപർ എന്നിവരൊക്കെ പരാമർശിക്കുകയുണ്ടായി.

ഇതിലേറ്റവും ശ്രദ്ധേയമായത് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ലെയിന്റേതായിരുന്നു. ഇന്ത്യയുമായി യൂറോപ്പ്യൻ യൂണിയൻ ഒപ്പുവയ്ക്കുന്ന വ്യാപാര-സുരക്ഷ-ഊർജ്ജ-സഹകരണ ഉടമ്പടിയെ ആ മഹതി വിശേഷിപ്പിച്ചത് ചരിത്രപരമെന്നാണ്. ഈ സന്ധി വഴി സംജാതമാകുന്നത് 200 കോടി ജനങ്ങളുടെ വലിയൊരു കമ്പോളവും, ലോക ജി.ഡി.പിയുടെ നാലിലൊന്ന് കയ്യാളുന്ന സമ്പദ‌്‌വ്യവസ്ഥകളുടെ സംയോജനവുമാണ്. നിലനിൽക്കുന്ന ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇന്ത്യ തീർക്കുന്ന ആകർഷക വലയത്തെക്കുറിച്ച് നല്ലവാക്ക് പറഞ്ഞവരിൽ ജർമ്മൻ ചാൻസിലർ, ഫിൻലാൻഡ് പ്രധാനമന്ത്രി, ഐ.എം.എഫിന്റെ ചീഫ്, അമേരിക്കയിലെ ഏറ്റവും വലിയ ബാങ്കായ ജെ.പി. മോർഗന്റെ സി.ഇ.ഒ, കോർപ്പറേറ്റ് കമ്പനികളായ ക്വാൽകോം, ഗൂഗിൾ-ആൽഫബെറ്റ്, കെ.പി.എം.ജി ഇന്റർനാഷണൽ, ബ്ലാക്ക് സ്റ്റോൺ എന്നിവയുടെ അധിപരും ഉൾപ്പെടുന്നു.

ഉച്ചകോടിയിലെ

ഭാരതം

1971-ൽ ജനീവയിൽ സ്ഥാപിക്കപ്പെട്ട സ്വതന്ത്ര സ്ഥാപനമായ ലോക സാമ്പത്തിക ഫോറവുമായി ഇന്ത്യയുടെ ബന്ധം ആരംഭിക്കുന്നത് 1984-ൽ ഭരണകക്ഷിയായ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായിരുന്ന രാജീവ് ഗാന്ധി ദാവോസിലെത്തി,​ ബിസിനസ് നേതാക്കളെ കാണുകയും അഭിസംബോധന ചെയ്യുകയും ചെയ്തതോടെയാണ്. പിന്നീടിങ്ങോട്ട് ഈ ബന്ധത്തിന് പതുക്കെപ്പതുക്കെ കനം വച്ചു വന്നു. കേന്ദ്ര മന്ത്രിമാരുടെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം ദാവോസിലെ സമ്മേളനങ്ങളിൽ സജീവ സാന്നിദ്ധ്യമായി. 2018-ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ദാവോസ് ഉച്ചകോടിയിൽ മുഖ്യ അഭിസംബോധന നടത്തി.

ഇന്ത്യയടക്കം 130 രാജ്യങ്ങൾ, 60 രാഷ്ട്രത്തലവന്മാർ, 30 വാണിജ്യ മന്ത്രിമാർ, 30 വിദേശകാര്യ മന്ത്രിമാർ, 60 ധനമന്ത്രിമാർ, നാനൂറോളം ബിസിനസ് നേതാക്കൾ, നൂറോളം യൂണികോൺ തലവന്മാർ, പൊതുസമൂഹത്തിലെ അംഗങ്ങൾ, അക്കാഡമിക് വിദഗ്ദ്ധർ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ മൂവായിരത്തോളം പ്രതിനിധികളുടെ പങ്കാളിത്തംകൊണ്ട് സമ്പന്നമായിരുന്നു ഇക്കഴിഞ്ഞ ഉച്ചകോടി. ദാവോസ് ചരിത്രത്തിലെ ഏറ്റവും വലിയ സംഘമാണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ലോക നേതാക്കൾക്കും ബിസിനസ് അധിപതികൾക്കും വലിയ സന്ദേശം നൽകുന്നതായിരുന്നു കേരളമടക്കമുള്ള 10 ഇന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിദ്ധ്യം. വികസന കാര്യങ്ങളിൽ കേന്ദ്രവും സംസ്ഥാനങ്ങളും ഐക്യപ്പെട്ടാണ് പ്രവർത്തിക്കുന്നതെന്ന സന്ദേശം നൽകാനായി.

ദാവോസിലെ

വിജയങ്ങൾ

പരിസ്ഥിതി-സൗഹൃദ ഊർജ്ജം നിർമ്മിക്കുന്നതിനും, സംഭരിക്കുന്നതിനുമുള്ള മേഖലകളിൽ 30,000- 35,000 കോടി ഡോളറിന്റെ നിക്ഷേപ സജ്ജമായ കമ്പോളം ഇന്ത്യയിലുണ്ടെന്ന് ബോദ്ധ്യപ്പെടുത്തുവാൻ നമ്മുടെ സംഘത്തിന് കഴിഞ്ഞു. ക്ലീൻ എനർജി രംഗത്തെ 'ലെ കെയിസി" പോലുള്ള ലോക കമ്പനികൾ ദീർഘകാല നിക്ഷേപത്തിന് താത്പര്യം അറിയിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പ് ഹരിത ഊർജ്ജം, വ്യോമയാനം, ഡിജിറ്റൽ രംഗത്തെ അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളിൽ 7500 കോടി ഡോളർ നിക്ഷേപത്തിന്റെ ബ്ലൂ പ്രിന്റ് അവതരിപ്പിച്ചു.

കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്കും നേട്ടങ്ങൾ കൊയ്യാനായി. കേരളത്തിൽ നിന്ന് വ്യവസായ മന്ത്രി പി. രാജീവ്,​ ചീഫ് സെക്രട്ടറി എ. ജയതിലക്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എ. മുഹമ്മദ് ഹനീഷ്,​ കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടർ വിഷ്ണുരാജ് എന്നിവരായിരുന്നു ദാവോസിലെ കേരള സംഘത്തിൽ. ആദ്യ റിപ്പോർട്ടുകൾ അനുസരിച്ച് കേരളത്തിന് 1,400 കോടി ഡോളറിന്റെയും, മഹാരാഷ്ട്രയ്ക്ക് 16,111കോടി ഡോളറിന്റെയും,​ അസാമിന് 1,000 കോടി ഡോളറിന്റെയും, തെലങ്കാനയ്ക്ക് 333 കോടി ഡോളറിന്റെയും, കർണാടകയ്ക്ക് 145 കോടി ഡോളറിന്റെയും,യു.പി 108 കോടി ഡോളറിന്റെയും നിക്ഷേപത്തിനുള്ള ഉടമ്പടികളുണ്ടാക്കാൻ സാധിച്ചുവെന്നാണ് അറിയുന്നത്. ചുരുക്കത്തിൽ ഇന്ത്യയുടെ ദാവോസിലെ അടയാളപ്പെടുത്തലുകളും അംഗീകാരങ്ങളും വിജയങ്ങളും

ഗംഭീരമായിരുന്നു.

(ലേഖകന്റെ ഫോൺ: 94472 53600)​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION