SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.46 AM IST

ആശങ്കയോടെ ഷിഗെല്ല; രോഗപ്രതിരോധം ചികിത്സയേക്കാൾ പ്രധാനം

aa

മഴ ശക്തമാകുന്നതിനൊപ്പം കോഴിക്കോടിന്റെ ആരോഗ്യ ആശങ്കകളും വർധിക്കുന്നു. കാലവർഷത്തെ പതിവ് വിരുന്നുകാരായ പനി, വയറിളക്കം,ഡെങ്കിപ്പനി എന്നിവയ്ക്കൊപ്പം ഷിഗെല്ല രോഗബാധയും മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആശങ്കയും ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ 36 ദിവസത്തിനിടെ 20-ലധികം പേർക്ക് രോഗബാധ സ്ഥിരീകരിക്കുകയും നാല് വയസുകാരിയുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ സുഖം പ്രാപിച്ച് ആശുപത്രി വിട്ടത് ആശ്വാസകരമാണെങ്കിലും, രോഗവ്യാപനത്തിന്റെ ഗൗരവം കുറച്ചുകാണാൻ അത് കാരണമാകരുത്. പെരുമണ്ണ,പൂവാട്ടുപറമ്പ്,പുറമേരി, പന്തീരാങ്കാവ് തുടങ്ങിയ ഇടങ്ങളിൽ രോഗബാധ സ്ഥിരീകരിച്ചത് പ്രശ്നത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. പ്രത്യേകിച്ച് കുട്ടികളെയാണ് രോഗം കൂടുതലായി ബാധിച്ചിരിക്കുന്നത്. ഇത് ആശങ്ക വർധിപ്പിക്കുന്ന ഘടകമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കോഴിക്കോട് ജില്ലയിൽ മഴക്കാലം ആരംഭിക്കുമ്പോഴെല്ലാം ജലജന്യ രോഗങ്ങളും പകർച്ചവ്യാധികളും തലപൊക്കുന്നത് പതിവ് കാഴ്ചയായിട്ടുണ്ട്. എലിപ്പനി, ഡെങ്കിപ്പനി,ഹെപ്പറ്റൈറ്റിസ്,വയറിളക്കരോഗങ്ങൾ എന്നിവയ്ക്കൊപ്പം ഇപ്പോൾ ഷിഗെല്ലയും പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാകുന്നു. ഷിഗെല്ല രോഗം പകരുന്നത് മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ്. പലപ്പോഴും വീടുകളിലെ കിണറുകൾക്കും കുടിവെള്ള സ്രോതസുകൾക്കും വേണ്ടത്ര സംരക്ഷണം ലഭിക്കാറില്ല. മഴവെള്ളത്തോടൊപ്പം മലിനജലവും മാലിന്യങ്ങളും കിണറുകളിലേക്ക് എത്തുന്നത് രോഗാണുക്കളുടെ വ്യാപനത്തിന് വഴിയൊരുക്കുന്നു. അതിനാൽ തന്നെ ഇത് ഒരു ആരോഗ്യപ്രശ്നം മാത്രമല്ല, ശുചിത്വത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രശ്നം കൂടിയാണ്.

ഇടപെടലുണ്ട്

രോഗവ്യാപനം റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. രോഗബാധിത പ്രദേശങ്ങളിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കുകയും കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുകയും ജലസ്രോതസുകൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ആശാവർക്കർമാരുടെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. എന്നാൽ രോഗം റിപ്പോർട്ട് ചെയ്ത ശേഷമുള്ള ഇത്തരം ഇടപെടലുകൾ മാത്രം മതിയാകില്ല. രോഗം വരാതിരിക്കാനുള്ള സ്ഥിരം പ്രതിരോധ സംവിധാനങ്ങളാണ് കൂടുതൽ ശക്തിപ്പെടുത്തേണ്ടത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ “ഓപ്പറേഷൻ ക്ലീൻ കേരള” ശ്രദ്ധേയമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയിൽ 626 ഹോട്ടലുകൾ, കൂൾബാറുകൾ, റസ്റ്റോറന്റുകൾ, ജ്യൂസ് സ്റ്റാളുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ചെറിയ ന്യൂനതകൾ കണ്ടെത്തിയ 95 സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസ് നൽകുകയും ഗുരുതര വീഴ്ചകൾ കണ്ടെത്തിയ 60 സ്ഥാപനങ്ങൾക്കെതിരെ പിഴ നടപടികൾ ആരംഭിക്കുകയും ചെയ്തു. 259 സാമ്പിളുകൾ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചതും സ്ഥിതിഗതികളുടെ ഗൗരവം വ്യക്തമാക്കുന്നു. ഈ പരിശോധനകൾ മറ്റൊരു യാഥാർത്ഥ്യവും വെളിപ്പെടുത്തുന്നു. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ നിലവിലുണ്ടെങ്കിലും പല സ്ഥാപനങ്ങളും അവ പൂർണമായി പാലിക്കുന്നില്ല. ശുദ്ധജലത്തിന്റെ ഉപയോഗം, ഭക്ഷണ സംഭരണം, അടുക്കള ശുചിത്വം, ജീവനക്കാരുടെ വ്യക്തിശുചിത്വം തുടങ്ങിയ കാര്യങ്ങളിൽ ഇപ്പോഴും വീഴ്ചകൾ സംഭവിക്കുന്നുണ്ട്. മഴക്കാലത്ത് പുറത്തുനിന്നുള്ള ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നത് അതീവ പ്രധാനമാണ്. പ്രത്യേകിച്ച് സാലഡുകൾ, മയോണൈസ് അടങ്ങിയ ഭക്ഷണങ്ങൾ, മസാല ചട്നികൾ, പൂർണമായി പാകം ചെയ്യാത്ത വിഭവങ്ങൾ എന്നിവ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണം.

അതേസമയം, എല്ലാ കുറ്റവും ഭക്ഷണശാലകളുടെയോ സർക്കാർ സംവിധാനങ്ങളുടെയോ മേൽ ചുമത്തുന്നത് ശരിയാകില്ല. പൊതുജനങ്ങളുടെ ശീലങ്ങളിലും മാറ്റം ആവശ്യമാണ്. പലരും ഇപ്പോഴും തിളപ്പിക്കാത്ത വെള്ളം ഉപയോഗിക്കുന്നു. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈകൾ കഴുകുന്നതിൽ അലംഭാവം കാണിക്കുന്നു. വീട്ടിലെ കിണറുകളും വാട്ടർ ടാങ്കുകളും വർഷങ്ങളായി വൃത്തിയാക്കാത്ത സാഹചര്യങ്ങളും അപൂർവമല്ല. ഇത്തരം ചെറിയ അശ്രദ്ധകളാണ് പലപ്പോഴും വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നത്.

നമുക്ക് ശ്രദ്ധിക്കാം

മികച്ച ആരോഗ്യസംവിധാനങ്ങൾ ഉള്ളതുകൊണ്ട് മാത്രം രോഗവ്യാപനം തടയാനാവില്ല. ശുദ്ധജലം, ശുചിത്വം, സുരക്ഷിത ഭക്ഷണം, ഫലപ്രദമായ മാലിന്യ സംസ്കരണം, ജനങ്ങളുടെ ആരോഗ്യബോധം എന്നിവയെല്ലാം ഒരുപോലെ ശക്തിപ്പെടുത്തണം. മഴ ശക്തമാകുന്ന ഈ ദിവസങ്ങളിൽ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ ഓരോരുത്തരും കൃത്യമായി പാലിക്കേണ്ടതുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, കിണറുകളും ടാങ്കുകളും ശുചീകരിക്കുക, രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക,

യാത്രകളിലും മറ്റും വൃത്തിയും ശുചിത്വവുമുള്ള ഭക്ഷണശാലകളിൽനിന്നു മാത്രമേ ഭക്ഷണം കഴിക്കാവൂ,

തുറന്ന സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം ചെയ്യരുത്. സാനിറ്ററി നാപ്കിൻ, കുട്ടികളുടെ ഡയപ്പറുകൾ തുടങ്ങിയവ സുരക്ഷിതമായി സംസ്‌കരിക്കണം. ഇത്തരം കാര്യങ്ങൾ വ്യക്തിപരമായ ഉത്തരവാദിത്തമായി ഏറ്റെടുക്കണം.ഷിഗെല്ലയുടെ വ്യാപനം മുന്നറിയിപ്പാണ്. ഈ മുന്നറിയിപ്പ് ഗൗരവമായി ഉൾക്കൊണ്ട് സർക്കാർ സംവിധാനങ്ങളും തദ്ദേശ സ്ഥാപനങ്ങളും പൊതുജനങ്ങളും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ ഭാവിയിൽ ഇത്തരം രോഗവ്യാപനങ്ങളും മരണങ്ങളും ഒഴിവാക്കാൻ കഴിയൂ. മഴക്കാല രോഗങ്ങൾക്കെതിരായ പോരാട്ടത്തിൽ ജാഗ്രതയും ശുചിത്വവും തന്നെയാണ് ഏറ്റവും വലിയ ആയുധങ്ങൾ.

 കരുതൽ വേണം

ഷിഗെല്ല വിഭാഗത്തിൽപ്പെട്ട ബാക്ടീരിയകളാണ് രോഗാണുബാധയ്ക്ക് കാരണം. മലിനമാക്കപ്പെട്ട ഭക്ഷണവും വെള്ളവും വഴിയാണ് ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത്. ഒന്നുരണ്ടു ദിവസങ്ങൾക്കകം ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങും. ആരോഗ്യവാനായ ഒരാളിൽ അഞ്ച് മുതൽ ഏഴ് ദിവസം വരെ ലക്ഷണങ്ങൾ നീണ്ടുനിന്നേക്കാം. വയറിളക്കം പൂർണമായി ഭേദമായാലും രോഗിയുടെ മലവിസർജ്ജന ക്രമം ശരിയായി വരാൻ മാസങ്ങൾ എടുത്തേക്കാം. പ്രതിരോധ ശേഷി കുറവുള്ള കുഞ്ഞുങ്ങളിൽ രോഗം തീവ്രമാകും.

ലക്ഷണങ്ങൾ

വയറിളക്കം

രക്തത്തോട് കൂടിയ മലവിസർജ്ജനം

വേദനയോട് കൂടിയ മലവിസർജ്ജനത്തിനുള്ള തോന്നൽ

വയറുവേദന

പനി, വൻകുടൽ വീക്കം

മലാശയം പുറത്തേക്ക് തള്ളൽ

വിളർച്ച

രോഗതീവ്രത കൂടിയാൽ കേന്ദ്ര നാഡീവ്യൂഹത്തിന് തകരാറുകൾ,

പ്ലേറ്റ്ലെറ്റുകൾ ഗണ്യമായി കുറയുക,

വൃക്കകൾ തകരാറിലാകുക തുടങ്ങിയവയുമുണ്ടാകാം

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: COLOUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY