
ഗുരുദേവ ദർശനത്തിന്റെ കാലാതീതമായ വെളിച്ചത്തിലും ബലത്തിലും സമൂഹത്തെ ഒന്നാക്കുന്നതിലും നന്നാക്കുന്നതിലും അസാമാന്യമായ ആത്മീയ നൈപുണ്യം ശാശ്വതീകാനന്ദ സ്വാമിക്കുണ്ടായിരുന്നു. അത് വാക്കിലും നോക്കിലും ചിന്തയിലും പുഞ്ചിരിയിലും വരെ പ്രകടവുമായിരുന്നു.
ശ്രീനാരായണ ഗുരുദേവന്റെ സർവസമന്വയദർശനം സമൂഹമനസിൽ ശക്തമായും ശാസ്ത്രീയമായും പതിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും അനായാസം കഴിഞ്ഞ ബ്രഹ്മശ്രീ ശാശ്വതീകാനന്ദ സ്വാമികൾ ദേഹവിമുക്തനായിട്ട് കാൽ നൂറ്റാണ്ടിനോടടുക്കുകയാണ്. അരനൂറ്റാണ്ടോളം കാലം മാത്രം ദൈർഘ്യമുണ്ടായിരുന്ന ആ മഹത് ജീവിതം ആത്മീയതയുടെ പുതിയ സമസ്യകൾ തേടിയുള്ള സത്യാന്വേഷണംകൊണ്ടും ആത്മീയതയുടെ സ്വതന്ത്രമായ പ്രകാശനം കൊണ്ടും ദീപ്തമായിരുന്നു.
ഭാരതീയ സംസ്കാരത്തിന്റെയും ആത്മീയപ്രബുദ്ധതയുടെയും സനാതന ധർമ്മങ്ങളുടേയും കാതൽസ്ഥാനത്ത് ഗുരുദേവ ദർശനത്തെ പ്രതിഷ്ഠിച്ചുകൊണ്ടാണ് ആധുനിക മന:ശാസ്ത്രത്തിന്റെയും ആധുനിക നവോത്ഥാനമുന്നേറ്റത്തിന്റെയും സാമൂഹ്യ പരിഷ്കരണത്തിന്റെയും ഉൾവെളിച്ചത്തിൽ സ്വാമിജി ഗുരുചിന്തയെ കാലാനുകൂലമായി വ്യാഖ്യാനിച്ചിരുന്നത്.
ഗുരുവാണികളെയും ഗുരുസന്ദേശങ്ങളേയും ശാസ്ത്രപരിചയംകൊണ്ടോ ഭാഷാസ്വാധീനംകൊണ്ടോ കേവലമായ ദാർശനിക വീക്ഷണം കൊണ്ടോ മാത്രം വ്യാഖ്യാനിക്കുവാൻ സാധിക്കുകയില്ല. അതിന് ഗുരുവിന്റെ ചിന്തയിലും വാക്കിലും ദർശനത്തിലും പ്രവൃത്തിയിലും നമ്മുടെ ഹൃദയത്തെ പൂർണമായും സമർപ്പണം ചെയ്യുകകൂടി വേണം. ആ ആത്മസമർപ്പണത്തിന്റെ വെളിവിൽ നിന്നുകൊണ്ടാണ് സ്വാമിജി ഗുരുധർമ്മത്തിന്റെ പ്രകാശം സമൂഹനന്മയ്ക്കായി തെളിച്ചു തരികയുണ്ടായത്.
ഗുരുദേവദർശനം വിഭാവനം ചെയ്യുന്ന വിശ്വമാനവികതയുടെയും സ്വതന്ത്ര ദൈവികതയുടെയും ധാർമ്മികതയുടെ ഉൾക്കനമുള്ള നൈതികതയുടെയും അപൂർവതലങ്ങളെ സമ്യക്കായും ശാസ്ത്രീയമായും കൂട്ടിയിണക്കിക്കൊണ്ടാണ് സ്വാമിജി ആത്മീയതയുടെ പുതിയ സമസ്യകളെ നിർവചിച്ചതും സാക്ഷാത്കരിച്ചതും. ആ വിചാരാനുഭവധാരയിൽ നിന്നുമാണ് മതാതീത ആത്മീയതയെന്ന ആധുനിക നവാദ്വൈതദർശനം ആവിഷ്കരിക്കപ്പെട്ടത്.
ആരുടെയും മതവിശ്വാസത്തെ ഹനിക്കാതെയും വിശ്വാസസ്വാതന്ത്ര്യത്തെ തടുക്കാതെയും ഗുരുദേവൻ പ്രസരിപ്പിച്ച വിശ്വമാനവികതയെ അതേ മൗലികകാന്തിയോടെ വഹിക്കുവാനും നിർവചിക്കുവാനും പ്രചരിപ്പിക്കുവാനും കഴിഞ്ഞു എന്നതാണ് സ്വാമിജിയുടെ ശ്രേഷ്ഠതയും അപൂർവതയും. അതാണ് അന്നും ഇന്നും എന്നും സ്വാമിജിയെ നമുക്കൊപ്പം നിറുത്തുന്നത്. ജീവിതഗന്ധികൾ അല്ലാത്ത ചിന്തകളുടെ ബൗദ്ധിക ഉയരങ്ങളിലേക്ക് കയറാതെ ജീവഗന്ധിയായ ആത്മീയതയുടെ ആനുഭൂതികതയിലേക്കായിരുന്നു സ്വാമിജിയുടെ ധ്യാനസഞ്ചാരം.
സമൂഹത്തെ തിരുത്തുന്നതിലും നയിക്കുന്നതിലും നവീകരിക്കുന്നതിലും ഗുരുദേവൻ പുലർത്തിയ സമദർശനത്തിന്റെ പുതുദീപങ്ങൾ പ്രകാശിപ്പിച്ചുകൊണ്ട് കടന്നുപോയ സ്വാമിജിയുടെ അസാന്നിദ്ധ്യം ഇന്നു പലപ്പോഴും പല നിലകളിൽ നമ്മുടെ സമൂഹത്തിന്റെ കെട്ടുറപ്പിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഗുരുദേവ ദർശനത്തിന്റെ കാലാതീതമായ വെളിച്ചത്തിലും ബലത്തിലും സമൂഹത്തെ ഒന്നാക്കുന്നതിലും നന്നാക്കുന്നതിലും അസാമാന്യമായ ആത്മീയനൈപുണ്യം സ്വാമിജിക്കുണ്ടായിരുന്നു. അത് വാക്കിലും നോക്കിലും ചിന്തയിലും പുഞ്ചിരിയിലും വരെ പ്രകടവുമായിരുന്നു എന്നാണ് എന്റെ ദീർഘകാലാനുഭവം.
ആത്മാവിന്റെ ആകെ പൊരുളാണ് ആത്മീയതയെന്നത്. അതുകൊണ്ടുതന്നെ ആത്മീയതയ്ക്ക് ആദ്യമോ അന്തമോ രൂപമോ പരിണാമമോ ഉപാധിസംബന്ധമോ ഇല്ല. മനുഷ്യൻ ജാതിയെയും മതത്തേയും ദൈവത്തേയുംപോലെ ആത്മീയതയേയും വിഭജിക്കാനും അധീനമാക്കാനും തുനിഞ്ഞതുമുതലാണ് മനുഷ്യസമൂഹം പാർശ്വവത്കരിക്കപ്പെട്ടത്. ഈ പാർശ്വവത്കൃത അശാസ്ത്രീയതകളെ തുറന്നുകാട്ടുന്ന നവാദ്വൈത തത്വശാസ്ത്രമായാണ് ഗുരുദേവന്റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന മഹത് സന്ദേശത്തെ സ്വാമിജി സംശയാതീതമായി പുനരാഖ്യാനം ചെയ്തത്.
ഉപനിഷത്ത് മഹാവാക്യങ്ങൾക്ക് സമാനമാണ് ഗുരു വെളിവാക്കിയ സ്വതന്ത്രമാനവികതയുടെ ഈ ആധുനിക മഹാവാക്യവും. മതാതീത ആത്മീയതയെന്ന് സ്വാമിജി പറഞ്ഞതും വിശേഷിപ്പിച്ചതും നിർവചിച്ചതും ഇതിന്റെ ആകെ പൊരുളിനെയാണ്. അതിന്റെ സ്വതന്ത്രതലം ഗ്രഹിക്കാനുള്ള ബുദ്ധിയും ചിന്തയും ധ്യാനവും മനപ്പാകതയും കൈവന്നിട്ടില്ലാത്തവർക്ക് സ്വാമിജി ഉയർത്തിപ്പിടിച്ച മതാതീത ആത്മീയദർശനത്തിന്റെ പൊരുളിലേക്ക് നേരാംവണ്ണം കടന്നു ചെല്ലാനാവുന്നതല്ല.
മതാതീത ആത്മീയതയിൽ മാനവികതയെ ദുർബലമാക്കുന്നതോ ഭിന്നിപ്പിക്കുന്നതോ ആയ യാതൊന്നിനും സ്ഥാനമില്ല. ഗുരുദേവൻ ഏറ്റവും കൂടുതൽ സംഭാഷണം ചെയ്തിരുന്നതും ഉപദേശിച്ചിരുന്നതും ജാതിഭേദവും മതദ്വേഷവും നിമിത്തം സമൂഹമനസിനെ ദുഷിപ്പിക്കുന്നതിനെയെല്ലാം ശേഷിപ്പില്ലാത്തവിധം തുടച്ചുനീക്കാനായിരുന്നു. സമഭക്തിയോടും സമഭാവനയോടും സമബുദ്ധിയോടുംകൂടി സർവരും സോദരത്വേന വാഴുന്ന ഒരു മാതൃകാസ്ഥാനമായി ഈ ലോകത്തെ പരിലസിപ്പിക്കാനായിരുന്നു ഗുരുദേവന്റെ പരിശ്രമങ്ങളെല്ലാം.
ആർക്കും വശീകരിക്കപ്പെടാനാവാത്ത വിധം മനുഷ്യനെ സ്വതന്ത്രനായി നന്നാക്കുക എന്നതായിരുന്നു ഗുരുദേവന്റെ പ്രധാന ദൗത്യം. ശാശ്വതീകാനന്ദ സ്വാമികളും ജീവിതത്തിലേറ്റവും കൂടുതൽ ചിന്തിച്ചതും പറഞ്ഞതും എഴുതിയതും പ്രസംഗിച്ചതുമെല്ലാം ഈ പൊരുളിന്റെ പ്രകാശ- പ്രയോഗപരതയ്ക്കായിരുന്നു.
ഏകലോക ദർശനത്തിന്റെ
ശക്തനായ വക്താവ്
ഗുരുദേവൻ 1928ൽ സംസ്ഥാപനം ചെയ്ത ശ്രീനാരായണ ധർമ്മസംഘത്തെ ഒരു ദശാബ്ദ കാലത്തോളം ശീഘ്രകർത്തവ്യകൃത്തായും ത്യാഗോജ്ജ്വലനായും സമദൃഷ്ടനായും ശാന്തഗംഭീരാശയനായും വിജിതേന്ദ്രിയനായും പണ്ഡിത കേസരിയായും നയിച്ച ശാശ്വതീകാനന്ദ സ്വാമിജിയുടെ ഭൗതിക അസാന്നിദ്ധ്യം കേരളത്തിന്റെയും രാജ്യത്തിന്റെ തന്നെയും ആത്മീയ പ്രബുദ്ധതയിൽ കനത്ത ഇരുൾ പരിത്തിയിട്ടുണ്ടെന്നത് നിസ്തർക്കമായ കാര്യമാണ്.
2002 ജൂലായ് ഒന്നിന് ആലുവ അദ്വൈതാശ്രമത്തിനോട് ചേർന്നൊഴുകുന്ന പെരിയാറിലമർന്നു ബ്രഹ്മലീനനായിത്തീർന്ന സ്വാമിജി ഗുരുദേവൻ വിഭാവനം ചെയ്ത ഏകലോക ദർശനത്തിന്റെ ഏറ്റവും ശക്തനായ വക്താവായിരുന്നു.
'ഭൗതികവാദങ്ങളിലൂടെയും മതവാദങ്ങളിലൂടെയും ജാതിവ്യവസ്ഥയെ നേരിടാനാവുകയില്ലെന്ന യാഥാർത്ഥ്യബോധത്തിൽ നിന്നാണ് ഗുരുദേവൻ മതാതീത ആത്മീയദർശനത്തിന് രൂപം നൽകിയത്. സോളമൻ കഥയിലെ വ്യാജമാതാവിനെപോലെയാണ് ഗുരുദേവന്റെ മാനവികാധിഷ്ഠിതമായ മതാതീത ആത്മീയതയെ ഭൗതികവാദികളും മതവാദികളും സമീപിക്കുന്നത്. ഗുരുദേവദർശനം വിഭാവനം ചെയ്യുന്നത് സർവതന്ത്രസ്വതന്ത്രനായ സമഗ്ര മനുഷ്യനെയാണ്. പരസ്പരപൂരകമായ ഭൗതികസ്വാതന്ത്ര്യവും ആത്മീയസ്വാതന്ത്ര്യവും സാക്ഷാത്കരിക്കുന്നവനാണ് സമഗ്ര മനുഷ്യൻ'- 2002 ജൂൺ 30ന് സമാധി പ്രാപിക്കുന്നതിന്റെ തലേന്നാൾ സ്വാമിജി കുറിച്ചതാണിത്. നമ്മുടെ പുതിയ തലമുറയെ ഇതിൽപ്പരം പ്രചോദിപ്പിക്കുവാൻ മറ്റൊന്നിനുമാവില്ല.
സ്വാമിജിയുടെ ശാശ്വതവും പരിപാവനവും ദീപ്തവുമായ സ്മരണയും ദാർശനിക സംഭാവനകളും മനുഷ്യത്വത്തിന്റെ പൂർണതയിലേക്ക് നമ്മെ നയിക്കുവാൻ പ്രേരകമായിത്തീരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |