SignIn
Kerala Kaumudi Online
Wednesday, 02 September 2026 1.18 AM IST

കേരളത്തെ പുനഃസൃഷ്ടിച്ച പരമാചാര്യൻ

ss

ആധുനിക കേരളത്തെ സൃഷ്ടിച്ചതിൽ പ്രഥമവും പ്രധാനവുമായ മഹാസംഭാവനകൾ ചെയ്ത പരമാചാര്യനാണ് ശ്രീവിദ്യാധിരാജ ചട്ടമ്പി സ്വാമികൾ. ലോകമംഗളം വരുത്തുവാൻ സർവസംഗ പരിത്യാഗ മാർഗം സ്വീകരിച്ച അനാദിയായ ഗുരുപരമ്പരയിൽ ഈ യതീശ്വരൻ അവധൂതനും പരമഹംസനുമത്രേ. മനുഷ്യജീവിതം എത്രത്തോളം സ്വതന്ത്രവും നിരുപാധികവും ആനന്ദപൂർണ വുമാകാം എന്നതിന്റെ മാതൃക സൃഷ്ടിച്ചുകൊണ്ട് ഈ അതിവർണാശ്രമി കേരളത്തിലെ ആദ്യത്തെ ജാതിലംഘകനായി.

അറിവ് സകലർക്കുമുണ്ടാകുമ്പോൾ മനുഷ്യാവകാശങ്ങൾ സ്ഥാപിതമാകുമെന്നും അതിലൂടെ ഭൗതികമായും ആത്മീയമായും മനുഷ്യമോചനം സാദ്ധ്യമാകുമെന്നും അറിയുകയാൽ ചട്ടമ്പിസ്വാമികൾ കേരളീയ ജ്ഞാന നവോത്ഥാനത്തിന്റെ പ്രോദ്ഘാടകനുമായി. ഈ മഹാഗുരുവിന്റെ ബഹുമുഖ സേവനങ്ങളാണ് 'ഭ്രാന്താലയം' എന്നു പഴിക്കപ്പെട്ട കേരളത്തെ യഥാർത്ഥ 'തീർത്ഥാലയം' ആക്കി മാറ്റിയത്.

ലോകത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയും ലോകചരിത്രത്തെയും ദർശനത്തെ യും എന്തിന് ശാസ്ത്രത്തെയുംവരെ മറ്റുള്ളവരുടെ സഹായത്തോടുകൂടി സസൂക്ഷ്മം ഗ്രഹിച്ച് സ്വ കീയമായ നിഗമനങ്ങളിൽ എത്തിച്ചേർന്ന് അതിന്റെ അടിസ്ഥാനത്തിൽ മലയാളത്തിൽ ആദ്യമായി ഗവേഷണപദ്ധതിക്ക് തുടക്കംകുറിച്ചുകൊണ്ട് ഒട്ടേറെ വിജ്ഞാനശാഖകൾ ആരംഭിച്ചത് ചട്ടമ്പിസ്വാമികളാണ്.

കേരളത്തിന്റെ വിജ്ഞാന മണ്ഡലങ്ങളെ വികസിപ്പിക്കാൻ ചട്ടമ്പിസ്വാമികൾക്ക് മുൻപ് ഒരാൾക്കും കഴിഞ്ഞിരുന്നില്ല. പിന്നീടുവന്ന പലരും പല വിജ്ഞാനമേഖലകളെ മുന്നോട്ടു കൊണ്ടുപോയിട്ടുണ്ടെങ്കിലും ചട്ടമ്പിസ്വാമികൾ ചെയ്തതുപോലെ ബഹുവിജ്ഞാന മേഖലകൾക്ക് തുടക്കം കുറിക്കുകയോ അവയെ ആധുനിക വിജ്ഞാനത്തിന്റെ നിലവാരം വച്ചുനോക്കിയാൽ പോലും സ്വീകാര്യമായ വിധത്തിൽ പ്രതിഷ്ഠിക്കുകയോ ചെയ്തിട്ടില്ല. മലയാളത്തിൽ ശരിയായ ചരിത്രരചനാ പദ്ധതിക്ക് തുടക്കംകുറിച്ചത് ചട്ടമ്പിസ്വാമികളാണ്, പ്രാചീന മലയാളത്തിലൂടെ.

കെട്ടുകഥകളും കടങ്കഥകളും ഊഹാപോഹങ്ങളും ഒക്കെ ചരിത്രമാണ് എന്നു വിശ്വസിക്കാൻ വിധിക്കപ്പെട്ട സമൂഹമായിരുന്നു നമ്മുടേത്. കേരളോത്പത്തിയും കേരള മാഹാത്മ്യവും ഒക്കെയായിരുന്നു നമ്മുടെ ചരിത്രഗ്രന്ഥങ്ങൾ. ഇവയെയൊക്കെ തള്ളിക്കളഞ്ഞശേഷം എന്താണു ചരിത്രം എന്ന് അദ്ദേഹം നെല്ലും പതിരും തിരിച്ച് കാണിച്ചുതന്നു. ആ നിലയിൽ കേരളത്തിന്റെ ധൈഷണിക ചരിത്രത്തെ തിരുത്തുന്ന, സാഹിത്യചരിത്രത്തെ പൊളിച്ചെഴുതുന്ന അനേകം വൈജ്ഞാനിക മേഖലകളുടെ സംസ്ഥാപകൻ, സമുദ്ഘാടകൻ എന്ന സ്ഥാനത്തിന് അർഹനായ വ്യക്തിയാണ് ചട്ടമ്പിസ്വാമികൾ.

സംന്യാസി, ഋഷി മാത്രമല്ലായിരുന്നു അദ്ദേഹം. അതോടൊപ്പം ഈ മഹാകൃത്യങ്ങൾ കൂടി നിർവഹിച്ചതിനു ശേഷമാണ് അദ്ദേഹം ഭാതികശരീരം വെടിഞ്ഞത് എന്ന യാഥാർത്ഥ്യം ലോകം ഇപ്പോൾ മനസിലാക്കുന്നു.

അപൂർവ, അസാമാന്യ

കർമ്മങ്ങൾ
ചട്ടമ്പിസ്വാമികളുടെ മൗലിക രചനകൾ പോലെ പ്രധാനപ്പെട്ടവ തന്നെയാണ് അദ്ദേഹം വിവർ ത്തനംചെയ്ത കൃതികളും. ചിലതൊക്കെ മൗലികം, വിവർത്തനം എന്നു വേർതിരിക്കാമോ എന്നു പോലും സംശയിക്കാവുന്നവയാണ്. പ്രധാനമായും സംസ്‌കൃതത്തിലും തമിഴിലും നിന്നാണ് ആ വിവർത്തനങ്ങൾ വന്നിരിക്കുന്നത്. വിവർത്തന പ്രകിയയിൽ സ്വാമിക്ക് പ്രത്യേകമായ ഉദ്ദേശ്യം ഉണ്ടായിരുന്നു എന്ന് അനുമാനിക്കണം. അതായത്, ജനസാമാന്യത്തിന് വളരെ പ്രാധാന്യത്തോടുകൂടി കൈവരേണ്ട ഏറ്റവും അത്യാവശ്യമായ അനുഭവം അനുഭൂതിയാണ്. അറിവിനെ അനുഭൂതിയായും അനുഭവമായും കൈവരിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ താത്പര്യം എന്നുവേണം മനസിലാക്കാൻ.

ശങ്കരാചാര്യ സ്വാമികളുടെ ദേവിമാനസ പൂജാസ്‌തോത്രം സ്വാമികൾ സംസ്‌കൃതത്തിൽ നിന്നു മലയാളത്തിലേക്ക് മൊഴിമാറ്റംചെയ്തു. അതുപോലെ തമിഴിൽനിന്നും അദ്ദേഹം ചില വിവർ ത്തനങ്ങൾ നടത്തിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പതിനേഴാം നൂറ്റാണ്ടിൽ തമിഴിൽ വിരചിതവും ശൈവസിദ്ധാന്തത്തിന്റെ ആധികാരിക ഗ്രന്ഥമായി പരിഗണിക്കപ്പെടുന്നതുമായ 'ഒഴിവിലൊടുക്കം' എന്ന കൃതിയാണ്. പിന്നെ തിരുനെൽവേലി കൊടകനല്ലൂർ സുന്ദരസ്വാമികൾ രചിച്ച 'നിജാനന്ദവിലാസം'.

അദ്ദേഹം കാവ്യരചനാവൃത്തിയിൽ ഏർപ്പെട്ടതിന്റെ ഒട്ടേറെ ഉദാഹരണങ്ങളും അനുഭവങ്ങളും നമുക്കു മുന്നിലുണ്ടല്ലോ. ചെറുപ്പകാലത്ത് അദ്ദേഹം സ്വയം കാവ്യശിക്ഷണം നേടിയിട്ടുണ്ട്. തുഞ്ചത്തെഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് വായിച്ചു വ്യാഖ്യാനിക്കുന്നത് ഗുരുനാഥനായ പേട്ടയിൽ രാമൻപിള്ള ആശാനെയും മറ്റുള്ളവരെയും വല്ലാതെ ആകർഷിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ കാവ്യരചനാ ശേഷിയെ തീർച്ചയായും പരിപോഷിപ്പിച്ചിട്ടുണ്ടാകണം. ധാരാളം കവിതകൾ, നിമിഷകവനങ്ങൾ, സമസ്യാപൂരണങ്ങൾ, താരാട്ടുപാട്ട് എന്നിവ അദ്ദേഹത്തിൽ നിന്ന് ഉണ്ടായിട്ടുണ്ട്.

തീരെ അസാദ്ധ്യം എന്നു തോന്നുന്ന അക്ഷരങ്ങളിൽ തുടങ്ങുന്ന സമസ്യകൾപോലും സ്വാമികൾ പൂർത്തിയാക്കിയതിന്റെ വിവരണം ജീവചരിത്രങ്ങളിൽ സുലഭമാണ്. ഇങ്ങനെ അപൂർവവും അസാമാന്യവുമായ ഒട്ടേറെ കർമ്മങ്ങളാണ് ചട്ടമ്പിസ്വാമികൾ നിറവേറ്റിയത്. അവ യഥായോഗ്യം മനസിലാക്കിയാൽ നമ്മുടെ വരുംതലമുറകൾ കൂടുതൽ വിവേകിതയാർജ്ജിക്കും എന്നതിൽ സംശയം വേണ്ടാ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY