SignIn
Kerala Kaumudi Online
Thursday, 10 September 2026 2.13 AM IST

'സത്യം, നീതി, ധർമ്മം അതാണെന്റെ മുദ്രാവാക്യം'

a

ലീഡ്

സമുദായത്തിന്റെ പുരോഗതിക്കും വളർച്ചയ്ക്കും വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ജാതിയല്ല, നീതിയാണ് പറയുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിൻബലമില്ലാതെയാണ് പ്രവർത്തനം. സമുദായ നന്മ മാത്രമാണ് ലക്ഷ്യം. അതിനായി ആരുമായും ഏതറ്റം വരെയും യുദ്ധം ചെയ്യും.

..........................................

''തേടിവന്ന നിയോഗങ്ങളെല്ലാം ആത്മാർത്ഥതയോടെ പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാം ശ്രീനാരായണ ഗുരുദേവന്റെയും കണിച്ചുകുളങ്ങര ദേവിയുടെയും അനുഗ്രഹമായി കരുതുന്നു.

...........................................

''സ്വകാര്യ താത്പര്യങ്ങൾക്ക് വേണ്ടി കസേര ഉപയോഗിച്ചിട്ടില്ല. പദവിയുടെ മഹത്വം കാത്തുസൂക്ഷിച്ചാണ് മുന്നോട്ട് പോയിട്ടുള്ളത്.

.............................................

''ഇത്രകാലവും എസ്.എൻ ട്രസ്റ്റിലേക്ക് എനിക്കെതിരെ മത്സരിക്കാൻ ആരും വന്നില്ല. താത്പര്യമുള്ളവർ വരട്ടെ. ഇത്തവണയും ഞാൻ മത്സരിക്കും.

.......................................................

''അസാദ്ധ്യം എന്നൊരു നിലപാട് എനിക്കില്ല. തടസവാദങ്ങൾ പറയാറില്ല. ആരുടെയും ഔദാര്യത്തിന് പോയിട്ടില്ല. എവിടെയും അഭിപ്രായം തുറന്നു പറയാനുള്ള നട്ടെല്ലുണ്ട്'' നവതിയുടെ നിറവിലേക്ക് പ്രവേശിക്കവേ തന്റെ ആദർശങ്ങളും നിലപാടുകളും നേട്ടങ്ങളും വ്യക്തമാക്കുകയാണ് കേരളീയ പൊതുമണ്ഡലത്തിലെ ശക്തനായ സാമുദായിക നേതാവും എസ്.എൻ.ഡി.പി യോഗം, എസ്.എൻ ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ. അദ്ദേഹം കേരളകൗമുദിയുമായി സംസാരിക്കുന്നു:

?നവതിയിലേക്ക് പ്രവേശിക്കുമ്പോൾ പിന്നിട്ട കാലത്തെ എങ്ങനെ വിലയിരുത്തുന്നു

തികഞ്ഞ ആത്മസംതൃപ്തിയുണ്ട്. നിരാശാബോധമില്ല. പ്രതീക്ഷയും ആത്മവിശ്വാസവുമാണ് മുന്നോട്ട് നയിക്കുന്നത്. 89 വയസ് തികഞ്ഞ് 90ലേക്ക് പ്രവേശിക്കുകയാണ്. ഓരോ കൊല്ലവും കടന്നുപോകുന്നതും പ്രായം കൂടുന്നതും അറിയുന്നില്ല എന്നതാണ് വാസ്തവം. 24 മണിക്കൂർ ടൈറ്റ് ഷെഡ്യൂളിലാണ് ജീവിതം. തിരക്കില്ലാത്ത ദിവസമില്ല. ഓരോ കർമ്മങ്ങൾ ചെയ്തു പോകുന്നതുകൊണ്ട് സമയവും കാലവും കടന്നുപോകുന്നത് അറിയാറില്ല. പിറന്നാൾ ദിനത്തിലെ ചടങ്ങ് വരുന്നതുകൊണ്ടു മാത്രമാണ് പ്രായം പോലും ഓർക്കുന്നത്. പ്രായാധിക്യത്തിന്റേതായ ഓർമ്മക്കുറവ്, കേൾവിക്കുറവ് പോലുള്ളവയൊന്നും ഇതുവരെ പിടികൂടിയിട്ടില്ല. സദാസമയം കർമ്മനിരതനായതുകൊണ്ട് ബോഡി സിസ്റ്റവും ആക്ടീവാണ്. തേടിവന്ന നിയോഗങ്ങളെല്ലാം ആത്മാർത്ഥതയോടെ പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാം ശ്രീനാരായണ ഗുരുദേവന്റെയും കണിച്ചുകുളങ്ങര ദേവിയുടെയും അനുഗ്രഹമായി കരുതുന്നു.

? പിറന്നാൾ ആഘോഷം

ആളുകളെ വിളിച്ചുകൂട്ടി പിറന്നാൾ ആഘോഷിക്കുന്ന പതിവില്ല. എല്ലാക്കൊല്ലവും മൂന്ന് ദിവസത്തെ പൂജയുണ്ടാകാറുണ്ട്. ഇത്തവണ അത് അഞ്ച് ദിവസമാണ്. കുടുംബസുഹൃത്ത് മാത്യൂസ് എല്ലാവർഷവും പിറന്നാൾ കേക്കുമായി എത്തും. അത് മുറിക്കും. ആരെയും ആഘോഷത്തിനായി വിളിക്കാറില്ലെങ്കിലും ധാരാളം പേരാണ് അറിഞ്ഞെത്താറുള്ളത്.

? മൂന്ന് പതിറ്റാണ്ടായി എസ്.എൻ.ഡി.പി യോഗത്തിന്റെ അമരക്കാരനായി തുടരുന്നു. ഈ നീണ്ട കാലയളവിൽ ഈഴവ സമുദായത്തിന് കൈവരിക്കാൻ സാധിച്ച ഏറ്റവും വലിയ നേട്ടമായി കാണുന്നത് എന്താണ്?


ഈഴവ സമുദായത്തിന്റെ സാമ്പത്തിക ഉന്നതിക്ക് സാധിച്ചു. സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഉയർന്നു. മുമ്പ് ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ കൈയിൽ അഞ്ച് രൂപയെടുക്കാനില്ലാതിരുന്ന കാലത്തു നിന്നുമാറി മൈക്രോ ഫിനാൻസ് വഴി സാമ്പത്തിക വിപ്ലവത്തിന് സാധിച്ചു. എന്നാൽ ഈഴവ ജനസംഖ്യാ അനുപാതത്തിനനുസരിച്ച് രാഷ്ട്രീയ അധികാരത്തിൽ വേണ്ടത്ര എത്തിച്ചേരാൻ സാധിച്ചിട്ടില്ല എന്നതാണ് പോരായ്മ. രാഷ്ട്രീയ അധികാരം നേടണം.

വിരുന്നുകാരായ ന്യൂനപക്ഷം വീട്ടുകാരാവുകയും, വീട്ടുകാർ വഴിയാധാരമാവുകയും ചെയ്തതാണ് നിലവിലെ അവസ്ഥ. ശ്രീനാരായണ ഗുരു പറഞ്ഞ സംഘടന കൊണ്ട് ശക്തരാവുക എന്ന ആഹ്വാനത്തെ ഇനിയും ഉൾക്കൊണ്ട് പ്രവർത്തിക്കേണ്ടതുണ്ട്. സംഘടിച്ച് ശക്തരായാൽ അതിനോട് ചേർന്ന് ബാക്കിയെല്ലാം വരും. ഓരോ വീടുകളിലും കയറിയിറങ്ങി പാവങ്ങളുടെ ദുഃഖം തൊട്ടറിഞ്ഞ് അതിന് പരിഹാരം കണ്ടെത്തിയാണ് സംഘടനാ പ്രവർത്തനം ആരംഭിച്ചത്. കൂട്ടുകുടുംബ യോഗങ്ങൾ സംഘടിപ്പിച്ചായിരുന്നു തുടക്കം. മുതലാളിയായതിനാൽ പ്രസ്ഥാനം നടത്താനാവില്ലെന്ന് പരിഹസിച്ചവർക്ക് മുന്നിൽ ജന്മിമാരോട് പോരാടി സാധാരണക്കാർക്കായി നിലകൊണ്ടു. സത്യം, നീതി, ധർമ്മം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ഞാൻ പ്രവർത്തിക്കുന്നത്.

സമുദായത്തിന്റെ പുരോഗതിക്കും വളർച്ചയ്ക്കും വേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. രാഷ്ട്രീയ, വിദ്യാഭ്യാസ, സാമ്പത്തിക നീതി അ‌ർഹതപ്പെട്ടവർക്ക് കിട്ടണം. ജാതിയല്ല, നീതിയാണ് പറയുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിൻബലമില്ലാതെയാണ് പ്രവർത്തനം. സമുദായ നന്മ മാത്രമാണ് ലക്ഷ്യം. അതിനായി ആരുമായും ഏതറ്റം വരെയും യുദ്ധം ചെയ്യും.

? പ്രസംഗങ്ങളിലെ തനതുശൈലി

ജന്മി കുടുംബത്തിലാണ് ജനിച്ചതെങ്കിലും വളർന്നതും പ്രവർത്തിച്ചതും പാവങ്ങൾക്കൊപ്പമാണ്. വീട്ടിലെ വാല്യക്കാർ പറയുന്ന പഴഞ്ചൊല്ലുകളും, പഴങ്കഥകളുമെല്ലാം പണ്ടേ മനസിൽ പതിഞ്ഞതാണ്. അന്ന് അവർ പറഞ്ഞിരുന്ന പല ഗ്രാമീണ ശൈലികളും പ്രസംഗങ്ങൾക്കിടയിൽ സ്വാഭാവികമായി കടന്നുവരാറുണ്ട്. ഒരിടത്തും പ്രസംഗം പഠിച്ച് പറയാറില്ല. ശിവഗിരിയിൽ മാത്രമാണ് പ്രസംഗം എഴുതി വായിക്കാറുള്ളത്.

? നിലപാടുകൾ വിവാദങ്ങൾക്ക് വഴിവയ്ക്കാറുണ്ട്. നിലപാടിൽ ഉറച്ചുനിൽക്കാൻ കരുത്ത് നൽകുന്നതെന്താണ്

എനിക്ക് നിലപാടുണ്ട്. ഒത്തല്ല പറയുന്നത്. ഉള്ളതേ പറയൂ. ഒരു പാർട്ടിയുടെയും വാലോ, ചൂലോ ആകാറില്ല. നിലപാടുകൾ ചിലപ്പോൾ ഭരണത്തിന് അനുകൂലമാകാം, ചിലപ്പോൾ പ്രതികൂലമാകാം. അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് അഭിപ്രായങ്ങൾ പറയുന്നത്. ആരുടെയും ഔദാര്യത്തിന് പോയിട്ടില്ല. അഭിപ്രായം പറയാനുള്ള നട്ടെല്ലുണ്ട്. സ്വകാര്യ താത്പര്യങ്ങൾക്ക് വേണ്ടി കസേര ഉപയോഗിച്ചിട്ടില്ല. പദവിയുടെ മഹത്വം കാത്തുസൂക്ഷിച്ചാണ് മുന്നോട്ട് പോയിട്ടുള്ളത്. പ്രശ്നങ്ങളും പ്രതിസന്ധികളും വന്നുകൊണ്ടിരിക്കും. ജനങ്ങളാണ് എന്റെ പത്രം.

? ഒപ്പം നിന്നവർ പിൽക്കാലത്ത് ശത്രുക്കളായി മാറിയ അനുഭവങ്ങൾ വ്യക്തിപരമായി മുറിവേൽപ്പിച്ചിട്ടുണ്ടോ

ഒരിക്കലും വേദനിപ്പിച്ചിട്ടില്ല. വെട്ടിനിരത്തലല്ല, വെട്ടിക്കൂട്ടലാണ് എന്റെ ലക്ഷ്യം. ശത്രുത കാണിച്ച് പോയവരെല്ലാം തിരിച്ചു വന്നപ്പോൾ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ചീത്ത പറഞ്ഞവരെയും സ്വീകരിച്ച് സ്ഥാനങ്ങൾ നൽകി. എതിർത്ത് പോയവരെല്ലാം വഴിയാധാരമായി പോയതായേ കണ്ടിട്ടുള്ളു. ശാഖാതലത്തിൽ നിന്നാണ് സംഘടനയെ വള‌ർത്താൻ തുടങ്ങിയത്. സാമ്പത്തികമില്ലാത്തതാണ് പ്രധാന പ്രശ്നമെന്ന് മനസിലാക്കി അവരെ വളർത്തി. അങ്ങനെ യൂണിയനുകളും, സംഘടനയും, വിവിധ പോഷക സംഘടനകളും വളർന്നു. സ്വാശ്രയ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം കൂടി. ഇതോടെ ഭരണം കിട്ടിയാൽ കൊള്ളാമെന്ന ചിന്തയായി പലർക്കും. ഇത്രകാലവും എസ്.എൻ ട്രസ്റ്റിലേക്ക് എനിക്കെതിരെ മത്സരിക്കാൻ ആരും വന്നില്ല. താത്പര്യമുള്ളവർ വരട്ടെ. ഇത്തവണയും ഞാൻ മത്സരിക്കും.

? കുടുംബത്തിന്റെ പിന്തുണ

പലർക്കും ഉള്ളതുപോലല്ല. എനിക്ക് ഒരു ഭാര്യയെ ഉള്ളു. എല്ലാ സുഖത്തിലും ദുഃഖത്തിലും ഒപ്പമുണ്ട്. ആസിഡ് ആക്രമണത്തിൽ മരണത്തെ മുഖാമുഖം കണ്ടനാളുകളിലും ധൈര്യപൂർവം ഒപ്പം നിന്നു. എസ്.എൻ.ഡി.പിയുടെ നേതൃത്വത്തിലേക്ക് വരുന്നതിൽ പ്രീതിക്ക് ആദ്യം എതിർപ്പുണ്ടായിരുന്നു. ശാശ്വതീകാനന്ദ സ്വാമിയുടെയും എം.എസ്. മണിയുടെയും നിർബന്ധത്തിന് വഴങ്ങിയാണ് ഒടുവിൽ പ്രീതി സമ്മതം മൂളിയത്. എന്റെ ഏറ്റവും വലിയ ശക്തിയും പിന്തുണയുമാണ് പ്രീതിയും മക്കളും.

? പരമോന്നത ബഹുമതികളിലൊന്നായ പദ്മഭൂഷൺ പുരസ്കാരം എത്രത്തോളം സന്തോഷം പകർന്നു

പുരസ്കാരം കിട്ടിയതിന്റെ പേരിൽ പ്രത്യേക പ്രൗഢി തോന്നിയിട്ടില്ല. സ്ത്രീശാക്തീകരണവും, മൈക്രോ ഫിനാൻസ് പ്രവർത്തനങ്ങളുമുൾപ്പെടെ പരിഗണിച്ചാണ് പുരസ്കാരമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കത്തയച്ചിരുന്നു. പക്ഷേ അത് ഉൾക്കൊള്ളാൻ കഴിയാത്തവരുണ്ട്. പുരസ്‌കാരദാന ദിനത്തിൽ പോലും ഇടങ്കോലിടാൻ ചാനൽ ചർച്ചാ തൊഴിലാളികൾ ശ്രമിച്ചു. അംഗീകാരം ഒരിക്കലും അഹങ്കാരമാക്കില്ല.

? ഇനി എന്താണ് ആഗ്രഹം

സമുദായത്തിന്റെ ഉന്നമനമാണ് എക്കാലത്തും ലക്ഷ്യം. ഇതുവരെയുള്ള ജീവിതത്തിലും സംഘടനാപ്രവർത്തനത്തിലും പൂർണ സംതൃപ്തനാണ്. തൊഴിൽമേഖല പൂർണമായും ഉപേക്ഷിച്ചാണ് ജീവിതത്തിന്റെ നല്ലൊരു ഭാഗവും സമുദായത്തിനായി നീക്കിവച്ചത്. ഗുരുവിന്റെ ശിഷ്യൻ ഭിക്ഷയ്ക്ക് വന്നാൽ എതിർക്കുമോ എന്നായിരുന്നു സംഘടനാ നേതൃത്വത്തിലേക്ക് ക്ഷണിക്കാനെത്തിയ ശാശ്വതീകാനന്ദ സ്വാമി ചോദിച്ചത്. ആ ചോദ്യത്തിലാണ് ഞാനും ഭാര്യയും വീണത്. തിരിഞ്ഞുനോക്കുമ്പോൾ സന്തോഷം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VELLAPALLINADESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY