
തൃശൂർ ജില്ലയിലെ കൈപ്പമംഗലത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് എട്ട് വിദ്യാർത്ഥികളുടെ ജീവൻ നിമിഷനേരം കൊണ്ട് ഇല്ലാതായി. എട്ട് കുടുംബങ്ങളുടെ സ്വപ്നങ്ങളാണ് ആ ഒറ്റ അപകടത്തിൽ റോഡിലെ ചോരച്ചാലുകളിൽ തീർന്നത്. കൈപ്പമംഗലത്തെ ദുരന്തം ഒറ്റപ്പെട്ട ഒരു സംഭവമല്ല. കേവലം 48 മണിക്കൂറിനുള്ളിൽ തൃശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 12 ജീവനുകളാണ് റോഡപകടങ്ങളിൽ പൊലിഞ്ഞത്. ഇത് യാദൃശ്ചികമായുണ്ടായ അപകട പരമ്പരയല്ല, മറിച്ച് നമ്മുടെ റോഡ് നിർമ്മാണ മേഖലയിലും ഗതാഗത നിയന്ത്രണ സംവിധാനങ്ങളിലും നിലനിൽക്കുന്ന ഗുരുതരമായ വീഴ്ചകളുടെ നേർചിത്രമാണ്. ഒപ്പം ഉത്തരവാദിത്ത പൂർണമായ ഡ്രൈവിംഗിന്റെ അഭാവവും.
ദേശീയപാത 66ന്റെ വികസന പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്ന തൃശൂർ ജില്ലയിൽ ഉൾപ്പെടെ സംസ്ഥാനത്തെ തീരദേശ പാതകളും അനുബന്ധ റോഡുകളും ഇന്ന് മരണക്കെണികളായി മാറിയിരിക്കുന്നു. വികസനം എന്നാൽ നിർമ്മാണ സാമഗ്രികളും വലിയ മണ്ണുമാന്തി യന്ത്രങ്ങളും മാത്രം നിരത്തിവെക്കലല്ലെന്നും യാത്രക്കാരുടെ ജീവന് പ്രാഥമിക സുരക്ഷ ഉറപ്പാക്കൽ കൂടിയാണെന്ന് ഉത്തരവാദപ്പെട്ട അധികാരികൾ മറന്നുപോകുന്നു.
കൈപ്പമംഗലത്തെ ദുരന്തവും തൃശൂരിലെ 48 മണിക്കൂറും
ഒരുമിച്ച് യാത്രതിരിച്ച എട്ട് കുട്ടികളുടെ ജീവനാണ് ദാരുണമായി പൊലിഞ്ഞത്. ഈ വൻ ദുരന്തത്തിന്റെ നടുക്കം മാറുംമുമ്പേ ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് തുടരെത്തുടരെ മരണവാർത്തകൾ എത്തിക്കൊണ്ടിരുന്നു. 48 മണിക്കൂറിനിടെ 12 മരണങ്ങൾ! ഒരു ചെറിയ ഭൂപരിധിയിൽ,ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം മനുഷ്യജീവനുകൾ റോഡിൽ പൊലിയുന്നത് കേവലം 'വിധിയുടെ വിളയാട്ടം' എന്ന് പറഞ്ഞ് നിസാരവത്കരിക്കരുത്.
ഓരോ അപകടത്തിനു ശേഷവും കൃത്യമായ അന്വേഷണം പ്രഖ്യാപിക്കുക, ആശ്വാസധനം പ്രഖ്യാപിക്കുക, കുറച്ചുദിവസത്തേക്ക് പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധന പ്രഹസനങ്ങൾ നടത്തുക എന്ന പരമ്പരാഗത ശൈലിയാണ് ഇവിടെയും ആവർത്തിക്കപ്പെടുന്നത്. എന്നാൽ ഈ അപകടങ്ങളുടെ കാരണം കണ്ടെത്തി ആവശ്യമായ പ്രതിവിധികൾ കണ്ടെത്താൻ ഭരണകൂടത്തിനോ നിർമ്മാണച്ചുമതലയുള്ള ദേശീയപാത അതോറിട്ടിക്കോ സാധിക്കുന്നില്ല. .
അയ്യന്തോളിൽ ജലവിതരണ പൈപ്പ് ലൈനിന്റെ വാൽവ് കുഴി കണ്ട് ബ്രേക്ക് ചവിട്ടിയ കാറിന്റെ പിന്നിലിടിച്ചു വീണ യുവാവിന്റെ ദേഹത്തുകൂടി ബസ് കയറിയിറങ്ങി. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ കുന്നംകുളത്ത് മൂന്ന് വയസുകാരനായ മകനൊപ്പം വിവാഹ ചടങ്ങിൽ പങ്കെടുത്തു ബുള്ളറ്റിൽ മടങ്ങിയ ഭാര്യയും ഭർത്താവും കാറിച്ച് മരിച്ചു. യുവതി അഞ്ചുമാസം ഗർഭിണിയായിരുന്നു.
ദേശീയപാത 66 നിർമ്മാണവും സുരക്ഷാ വീഴ്ചകളും
ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്ന പ്രവർത്തനം സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു കുതിച്ചുചാട്ടമാണ് എന്നതിൽ തർക്കമില്ല. എന്നാൽ ഈ വികസനത്തിന്റെ പേരിൽ വരുത്തിവെക്കുന്ന അനാസ്ഥകളും ആസൂത്രണമില്ലായ്മയും നിരത്തുകളെ ചോരക്കളങ്ങളാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.എൻ.എച്ച് 66-ന്റെ നിർമ്മാണ മേഖലകളിൽ യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നില്ല എന്നത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യമാണ്.
അശാസ്ത്രീയ വഴിതിരിച്ചുവിടലുകൾ
നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പലയിടങ്ങളിലും റോഡുകൾ പെട്ടെന്ന് വഴിതിരിച്ചുവിടുന്നു. യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ദൂരക്കാഴ്ചയില്ലാത്ത, വളവുകളുള്ള ഇടുങ്ങിയ വഴികളിലൂടെ വലിയ വാഹനങ്ങളെൾ ഉൾപ്പെടെ വഴിതിരിച്ചുവിടുന്നു. രാത്രികാലങ്ങളിൽ അപരിചിതരായ ഡ്രൈവർമാർക്ക് ഈ മാറ്റങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നില്ല.
കുഴികളും നിരപ്പില്ലാത്ത റോഡുകളും
പഴയ റോഡും പുതിയതായി നിർമ്മിക്കുന്ന ഭാഗങ്ങളും തമ്മിൽ ഉയര വ്യത്യാസമുണ്ട്. പെട്ടെന്ന് ഒരു വശത്തേക്ക് വാഹനം മാറ്റേണ്ടി വന്നാ. ടയറുകൾ തട്ടി മറിയാനോ, നിയന്ത്രണം വിടാനോ ഉള്ള സാദ്ധ്യത കൂടുതലാണ്. നിർമ്മാണ സാമഗ്രികളായ മെറ്റൽ,മണ്ണ്,കോൺക്രീറ്റ് ബ്ലോക്കുകൾ എന്നിവ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നതും അപകടങ്ങളെ ക്ഷെണിച്ചുവരുത്തുന്നതാണ്.
മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം
അപകടസാദ്ധ്യതാ മേഖലകളിൽ വ്യക്തമായി കാണാവുന്ന തരത്തിൽ കൃത്യമായ ദൂരപരിധിയിൽ
മുന്നറിയിപ്പ് ബോർഡുകളോ,റിഫ്ളക്ടറുകളോ,സിഗ്നൽ ലൈറ്റുകളോ സ്ഥാപിച്ചിട്ടില്ല. അപകടകരമായ കുഴികൾക്കോ നിർമ്മാണ സാമഗ്രികൾക്കോ മുന്നിൽ വെറുമൊരു പ്ലാസ്റ്റിക് കോൺ വെച്ച് കടമ തീർക്കുകയാണ് കരാർ കമ്പനികൾ ചെയ്യുന്നത്. വേഗതയിൽ വരുന്ന വാഹനങ്ങൾക്ക് അവസാന നിമിഷം മാത്രമാണ് മുന്നിലെ തടസം തിരിച്ചറിയാൻ കഴിയുന്നത്.
സ്ട്രീറ്റ് ലൈറ്റുകളുടെ അഭാവം
തൃശൂർ ജില്ലയിലെ പ്രധാന പാതകളിലെല്ലാം രാത്രികാലങ്ങളിൽ വെളിച്ചമില്ല. നിർമ്മാണം നടക്കുന്നതിനാൽ നിലവിലുണ്ടായിരുന്ന തെരുവ് വിളക്കുകളിൽ ഭൂരിഭാഗവും അഴിച്ചുമാറ്റി. താത്കാലിക വെളിച്ച സംവിധാനങ്ങൾ ഒരുക്കാൻ ദേശീയപാത അതോറിട്ടിയോ പ്രാദേശിക ഭരണകൂടങ്ങളോ തയ്യാറായിട്ടില്ല.
മഴക്കാറുള്ള രാത്രികളിലും മഞ്ഞുള്ള സമയങ്ങളിലും റോഡിന്റെ അതിരുകൾ പോലും തിരിച്ചറിയാൻ കഴിയില്ല. വാഹനങ്ങൾ എതിരെ വരുമ്പോൾ ഹൈബീം ലൈറ്റുകളുടെ പ്രകാശത്തിൽ മുന്നിലെ കുഴികളോ മുന്നറിയിപ്പ് ബോർഡുകളോ ഡ്രൈവർമാരുടെ കണ്ണിൽപ്പെടില്ല.
ഹെവി വാഹനങ്ങളുടെ അനിയന്ത്രിത വേഗത
റോഡുകളുടെ മോശം അവസ്ഥയ്‌ക്കൊപ്പം മനുഷ്യസഹജമായ വീഴ്ചകളും ദുരന്തങ്ങളുടെ വ്യാപ്തി കൂട്ടുന്നു. ദീർഘദൂര സർവീസ് നടത്തുന്ന കൂറ്റൻ ടാങ്കർ ലോറികൾ,ടിപ്പർ ലോറികൾ,കണ്ടെയ്നറുകൾ എന്നിവയുടെ അനിയന്ത്രിതമായ വേഗത ചെറിയ വാഹന യാത്രക്കാർക്ക് വലിയ ഭീഷണിയാണ്.
ചരക്ക് വാഹന ഡ്രൈവർമാർ വിശ്രമമില്ലാതെ തുടർച്ചയായി വണ്ടി ഓടിക്കുന്നതിലൂടെയുള്ള ഉറക്കച്ചടവും ശ്രദ്ധക്കുറവും എതിരെ വരുന്ന നിരപരാധികളുടെ ജീവനാണ് അപഹരിക്കുന്നത്. ഇത്തരത്തിലുള്ള ഹെവി വാഹനങ്ങൾക്ക് വേഗപ്പൂട്ട് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടൊയെന്ന് ഉറപ്പുവരുത്തുന്നതിൽ മോട്ടോർ വാഹന വകുപ്പും പൊലീസും ഗുരുതരമായ വീഴ്ച വരുത്തുന്നുണ്ട്.
അടിയന്തര പരിഹാര മാർഗ്ഗങ്ങൾ
ഓരോ അപകടത്തിനുശേഷവും അനുശോചനം രേഖപ്പെടുത്തി കൈകഴുകുന്ന രീതി അവസാനിപ്പിച്ച്, ഉടനടി പ്രായോഗികമായ സുരക്ഷാ നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയ്യാറാകണം.
സുരക്ഷാ ഓഡിറ്റിംഗ്
ദേശീയപാത 66 നിർമ്മാണം നടക്കുന്ന മുഴുവൻ ഭാഗങ്ങളിലും വിദഗ്ധരെ ഉൾപ്പെടുത്തി അടിയന്തരമായി റോഡ് സുരക്ഷാ ഓഡിറ്റിംഗ് നടത്തണം. അപകടസാധ്യതയുള്ള ബ്ലാക്ക് സ്പോട്ടുകൾ അടിയന്തരമായി കണ്ടെത്തി പരിഹാരം കാണണം.
റിഫ്ളക്ടറുകളും സോളാർ സ്റ്റഡുകളും
വഴിതിരിച്ചുവിടുന്ന സ്ഥലങ്ങളിലും നിർമ്മാണ സാമഗ്രികൾ സൂക്ഷിച്ചിരിക്കുന്നയിടങ്ങളിലും ആവശ്യത്തിന് വെളിച്ചം ലഭിക്കുന്ന സോളാർ ബ്ലിങ്കറുകളും(കണ്ണുചിമ്മും ലൈറ്റ്), റിഫ്ളക്ടീവ് ബോർഡുകളും സ്ഥാപിക്കണം. രാത്രിയിൽ ദൂരെ നിന്നുതന്നെ ഡ്രൈവർമാർക്ക് തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ള പെയിന്റിംഗുകളും ലൈറ്റുകളും നിർബന്ധമാക്കണം.
കരാർ കമ്പനികൾക്കെതിരെ കർശന നടപടി
നിർമ്മാണ വേളയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കരാർ കമ്പനികൾക്കും എൻജിന്യർമാർക്കും എതിരെ നരഹത്യയ്ക്ക് കേസെടുക്കാൻ നിയമം വേണം.
രാത്രികാല പട്രോളിംഗും ഹൈവേ പൊലീസും
നാഷണൽ ഹൈവേയിൽ പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും രാത്രികാല പട്രോളിംഗ് ശക്തമാക്കണം. അമിതവേഗതയിൽ വരുന്ന വാഹനങ്ങളെ കണ്ടെത്താൻ സ്പീഡ് റഡാറുകൾ സ്ഥാപിക്കുകയും, വിശ്രമമില്ലാതെ ഡ്രൈവ് ചെയ്യുന്നവരെ കണ്ടെത്തി വിശ്രമിക്കാൻ സൗകര്യമൊരുക്കുകയും വേണം.
ചോരക്കളങ്ങൾ വേണ്ട
വികസനം ഒരു നാടിന്റെ ആവശ്യമാണ്, എന്നാൽ ആ വികസനത്തിന് അടിത്തറയിടേണ്ടത് പൗരന്മാരുടെ ശവക്കുഴികൾക്ക് മുകളിലല്ല. കൈപ്പമംഗലത്ത് പൊലിഞ്ഞുപോയ എട്ട് വിദ്യാർത്ഥികളുടെയും തൃശൂരിൽ 48 മണിക്കൂറിനിടെ കൊല്ലപ്പെട്ട മറ്റ് നാലുപേരുടെയും കുടുംബങ്ങളുടെ കണ്ണീരിന് മറുപടി പറയാൻ സർക്കാരിനും ദേശീയപാത അതോറിട്ടിക്കും ബാദ്ധ്യതയുണ്ട്.
നിയമ ലംഘനങ്ങൾക്കെതിരെ കണ്ണടയ്ക്കുന്ന ഉദ്യോഗസ്ഥരും ലാഭം മാത്രം ലക്ഷ്യമിട്ട് പണികൾ നടത്തുന്ന കരാറുകാരും, വേഗതയുടെ ലഹരിയിൽ വണ്ടിയോടിക്കുന്ന ഡ്രൈവർമാരും ഒരുപോലെ ഈ കുരുതികൾക്ക് ഉത്തരവാദികളാണ്. അധികാരികൾ ഉണർന്നുപ്രവർത്തിക്കുകയും റോഡുകളിലെ മരണക്കെണികൾ അടിയന്തരമായി ഇല്ലായ്മ ചെയ്യുകയുമാണ് വേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |