SignIn
Kerala Kaumudi Online
Wednesday, 29 July 2026 7.30 PM IST

ഉരുണ്ടുകളി ശരിയല്ല

READ ENGLISH VERSION
hema

മൊഴി നൽകിയവരുടെ സ്വകാര്യത മാനിച്ചുകൊണ്ടാണ് പോക്സോ കേസുകളിലും മാനഭംഗ കേസുകളിലും മറ്റും ക്രിമിനൽ ജുഡിഷ്യൽ നടപടികൾ എടുക്കുന്നത്. വാദിക്ക് കേസ് നൽകാൻ താത്‌പര്യമില്ലെന്ന് പറഞ്ഞാൽ പോലും പ്രായവും സാഹചര്യവും തെളിവും കണക്കിലെടുത്ത് പൊലീസിന് സ്വമേധയാ കേസെടുക്കാം. മൊഴി നൽകിയവരുടെ സ്വകാര്യത മാനിക്കണമെന്ന് ജസ്റ്റിസ് ഹേമ സർക്കാ‌രിനോട് അഭ്യർത്ഥിച്ചാൽ അതിന്റെ അർത്ഥം,​ ഈ റിപ്പോർട്ടിന്മേൽ കൽപ്പാന്ത കാലത്തോളം അടയിരിക്കാം എന്നല്ല. നീതിയും നിയമവും മറ്റും സാധാരണ പൗരന്മാരുടെ മേൽ അണുവിട തെറ്റാതെ അടിച്ചേൽപ്പിക്കാൻ വ്യഗ്രത കാട്ടുന്ന സർക്കാർ, സമ്പത്തും പ്രശസ്തിയും സ്വാധീനവുമുള്ളവരെ തൊടാൻ മടിക്കുക മാത്രമല്ല,​ അവരെ ക്രിമിനൽ നടപടികളിൽ നിന്നു പോലും സംരക്ഷിക്കാനും തയ്യാറാകുമെന്ന് തെളിയിക്കുന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നാലര വർഷം സർക്കാർ നടത്തിയ മൗനവ്രതം.

ഈ റിപ്പോർട്ടിൽ പോക്‌സോ ചുമത്താവുന്നതുൾപ്പെടെ ഗുരുതരമായ ആരോപണമുണ്ടായിട്ടും ഇത്രയും നാൾ ഒരു നടപടിയും എടുക്കാതെ പൂഴ്‌ത്തിവച്ചതിനെ ഹൈക്കോടതി അതിനിശിതമായാണ് വിമർശിച്ചത്. ഓഡിയോ വീഡിയോ തെളിവുകളടക്കം റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് ഉടൻ കൈമാറണമെന്ന് കോടതി സർക്കാരിന് നിർദ്ദേശം

നൽകിയിരിക്കുകയാണ്. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ചിന്റേതാണ് ഉത്തരവ്. റിപ്പോർട്ടിന്റെ പൂർണ രൂപം സർക്കാർ ഹൈക്കോടതിയിൽ മുദ്ര വച്ച കവറിൽ ഹാജരാക്കിയിരുന്നു. റിപ്പോർട്ടിന്റെ പൂർണ രൂപമല്ല സർക്കാർ ജനങ്ങളുടെ മുന്നിൽ പുറത്തുവിട്ടിട്ടുള്ളത്. പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിനിമാ രംഗത്തെ പ്രധാന പ്രശ്നം ലൈംഗികാതിക്രമങ്ങളാണെന്ന മട്ടിലാണ് വിവാദങ്ങൾ. എന്നാൽ ഇതല്ല യാഥാർത്ഥ്യം. സിനിമാ രംഗങ്ങളിലെ വനിതകൾ നേരിടുന്ന ഗുരുതരമായ സാമൂഹിക, തൊഴിൽ പ്രശ്നങ്ങളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നതിൽ പ്രധാനം.

വാഗ്ദാനം ചെയ്യപ്പെടുന്ന പ്രതിഫലം പോലും ഈ മേഖലയിൽ അപ്രധാന വിഭാഗങ്ങളിൽ തൊഴിൽ ചെയ്യുന്ന പലർക്കും ലഭിക്കാറില്ല. ഈ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനാണ് സർക്കാർ തയ്യാറാകേണ്ടത്. ഇനിയെങ്കിലും ഉരുണ്ടുകളിക്കാതെ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം നടത്തി നടപടികൾ എടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. സിനിമാരംഗത്തെ പ്രമുഖരായ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ ആവശ്യപ്പെട്ടിരിക്കുന്നത് സർക്കാർ നടപടികൾ എടുക്കട്ടെ എന്നാണ്. കോടതിയുടെ ഇടപെടൽ ഉണ്ടാകുന്നതിന് മുമ്പുതന്നെ സർക്കാർ നടപടികൾക്ക് തുടക്കമിടേണ്ടതായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ കേസുകളെടുക്കാമെന്ന് പരിശോധിച്ച് അറിയിക്കാൻ പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും കേൾക്കുമ്പോൾ സർക്കാരും പ്രത്യേക അന്വേഷണ സംഘവും റിപ്പോർട്ട് സമർപ്പിക്കണം.

സിനിമാരംഗത്തുളളവർക്കെതിരെ 23 കേസുകളെടുത്ത് സർക്കാർ അന്വേഷണ സംഘത്തിന് ഇതിനകം കൈമാറിയിട്ടുണ്ട്. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന ഒരു പരാതിയും ഇതിൽ ഇല്ല. റിപ്പോർട്ടിൽ ആരുടെയും പേര് പറയാത്തതുകൊണ്ട് അത്തരം സംഭവങ്ങളൊന്നും നടന്നിട്ടില്ലെന്ന് എഴുതിത്തള്ളാനാകില്ല. പൊലീസ് കേസെടുത്ത് സത്യസന്ധമായി അന്വേഷിക്കുമെന്ന് ബോദ്ധ്യപ്പെട്ടാൽ പരാതികൾ നൽകിയവർ പേരുകൾ പറയാനും തയ്യാറാകും. ഇനി അതല്ലെങ്കിൽ,​ എല്ലാവരും സംശയത്തിന്റെ നിഴലിലായിരിക്കുന്ന നിലവിലുള്ള സാഹചര്യം മാറിക്കിട്ടുകയെങ്കിലും ചെയ്യും. തൊഴിൽ വിലക്ക്, വാഗ്ദാനം ചെയ്ത പ്രതിഫലം നൽകാതിരിക്കൽ, സൗകര്യങ്ങൾ നൽകുന്നതിലെ വിവേചനം തുടങ്ങി പല പ്രശ്നങ്ങളും പരിഹരിക്കാൻ സർക്കാരിന്റെ നടപടികൾ വഴിവയ്ക്കേണ്ടതാണ്. യഥാർത്ഥത്തിൽ അത് സിനിമാരംഗത്തെ തകർക്കുകയല്ല,​ കൂടുതൽ ശക്തിപ്പെടുത്താൻ പര്യാപ്തമാകുകയാണ് ചെയ്യുക എന്ന് പ്രതീക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY