SignIn
Kerala Kaumudi Online
Tuesday, 28 July 2026 1.51 PM IST

സി.ജെ. റോയ്‌യുടെ വേർപാടും നഷ്ടങ്ങളും

READ ENGLISH VERSION
c

പ്രകൃതിയിലെ ഉദയാസ്തമയങ്ങളും ഉയർച്ച താഴ്ചകളും നമുക്കറിയാം. എന്നാൽ മനുഷ്യജീവിതത്തിന്റെ ഗതിവിഗതികൾ അങ്ങനെയല്ല. ജീവിതത്തെക്കുറിച്ചുള്ള വ്യഖ്യാനങ്ങളും നിർവചനങ്ങളും പലപ്പോഴും തെറ്റിപ്പോകാറുണ്ട്. കഠിനാദ്ധ്വാനത്തിലൂടെ രാജ്യത്തെ ശതകോടീശ്വരന്മാരിൽ ഒരാളായി മാറിയ മലയാളി വ്യവസായി സി.ജെ. റോയിയുടെ അകാലത്തിലെ വേർപാട് തികച്ചും അപ്രതീക്ഷിതവും നിർഭാഗ്യകരവുമാണ്. ബംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിൽ ഇൻകംടാക്സ് റെയ്‌ഡിനിടെ സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു. ദക്ഷിണേന്ത്യയിലും യു.എ.ഇയിലും സിംഗപ്പൂരിലുമായി പടർന്നുപന്തലിച്ച കോൺഫിഡന്റ് ഗ്രൂപ്പിനെ ആത്മവിശ്വാസത്തോടെ പുതിയ ഉയരങ്ങളിലേക്ക് നയിച്ച റോയിയുടെ ജീവിതവും വ്യവസായ സംരംഭങ്ങളും എന്നും മാതൃകയായിരുന്നു. തൃശൂർ സ്വദേശിയായ സി.ജെ. റോയ് വളർന്നതും പഠിച്ചതും ബംഗളൂരുവിലും ഫ്രാൻസിലും സ്വിറ്റ്‌സർലൻഡിലുമാണ്. ഫോർച്യൂൺ 500 കമ്പനിയായ ഹ്യൂലറ്റ് ആൻഡ് പക്കാർഡിലെ ജോലി രാജിവച്ചാണ് ഇന്ത്യയിൽ സ്വന്തം കമ്പനിക്ക് 2006ൽ അദ്ദേഹം തുടക്കമിട്ടത്. ഇരുപതുവർഷംകൊണ്ട് അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം, ഹോസ്‌പിറ്റാലിറ്റി, റീട്ടെയിൽ ആൻഡ് ഇന്റർനാഷണൽ, എന്റർടെയിൻമെന്റ്, ഗോൾഫിംഗ് തുടങ്ങിയ മേഖലകളിലും കോൺഫിഡന്റ് ഗ്രൂപ്പ് സാന്നിദ്ധ്യം ശക്തമാക്കി. കഠിനാദ്ധ്വാനം, ഇച്ഛാശക്തി, മനുഷ്യത്വപരമായ സമീപനം എന്നിവ രണ്ടുദശകങ്ങൾക്കുള്ളിൽ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ആസ്തിയും പ്രശസ്തിയും ഉയർത്തി.

ബിസിനസ് സാമ്രാജ്യത്തിന്റെ വിസ്‌തൃതിക്കൊപ്പം കാരുണ്യപ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും അദ്ദേഹം മനസുവച്ചു. 2025ൽ കേരളത്തിലും കർണാടകത്തിലുമായി ഇരുനൂറ് കുട്ടികൾക്ക് ഇഷ്ടപ്പെട്ട വിദ്യാലയത്തിൽ പഠിക്കാനുള്ള അവസരവും സ്കോളർഷിപ്പും നൽകി. 2026ൽ അതു 300 കുട്ടികൾക്കായി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ വേർപാട്. ഏതു പ്രശ്നവും ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന സ്വഭാവക്കാരനായിരുന്നു. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും സൗഹാർദ്ദപരമായ പെരുമാറ്റമായിരുന്നു. പ്രളയമുണ്ടായപ്പോഴും കൊവിഡ് കാലത്തും ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. പ്രളയകാലത്ത് നൂറോളം പേർക്ക് വീടുവച്ചു നൽകുകയും ചെയ്തു.

വായ്പയെടുത്ത് ബിസിനസ് സാമ്രാജ്യം വിപുലമാക്കാൻ റോയ് ഇഷ്ടപ്പെട്ടിരുന്നില്ല. നിയമക്കുരുക്കില്ലാത്തതും കൃത്യമായ രേഖകളുള്ളതുമായ ഭൂമി മാത്രമേ ഫ്ലാറ്റ് സമുച്ചയങ്ങൾക്കുവേണ്ടി വാങ്ങിയിരുന്നുള്ളൂ. കടരഹിത ബിസിനസ് മോഡൽ,​ റിയൽ എസ്റ്റേറ്റ് മേഖലയിൽ വിജയകരമായി പ്രാവർത്തികമാക്കുന്നതിനാണ് അദ്ദേഹം ശ്രമിച്ചത്. നിയമക്കുരുക്കുകളും വ്യവഹാരങ്ങളും ഇഷ്ടമല്ലാതിരുന്ന അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളും സുതാര്യമായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.

ജനങ്ങൾ നൽകുന്ന നികുതിയാണ് രാജ്യത്തിന്റെ സാമ്പത്തിക ഭദ്ര‌തയുടെ നട്ടെല്ല്. അതിനു പരിക്കേൽക്കാതെ ആദായനികുതിയും മറ്റും പിരിച്ചെടുക്കുന്നതിന് ആരും എതിരല്ല. എന്നാൽ കോടിക്കണക്കിന് രൂപ ടാക്സ് അടയ്ക്കുന്നവരെ മാനസിക സമ്മർദ്ദത്തിലാക്കുന്ന ശൈലി ഒഴിവാക്കണം. ഇടയ്ക്കിടെയുള്ള പരിശോധനകൾ റോയിയെ മാനസിക സമ്മർദ്ദത്തിലാഴ‌്‌ത്തിയിരിക്കാം. റെയ്‌ഡ് നടക്കുന്നതിനിടയിൽ റോയിയുടെ കൈയിലുണ്ടായിരുന്ന തോക്ക് കണ്ടെത്താനോ വാങ്ങിവയ്ക്കാനോ തയ്യാറാകാത്തത് അപാകതയാണ്.

വ്യവസായ സംരംഭകരോട് സൗഹാർദ്ദപരമായ സമീപനം സ്വീകരിക്കുമെന്ന് ഭരണാധികാരികൾ പറയാറുണ്ടെങ്കിലും പലപ്പോഴും അത് പാലിക്കാറില്ല. റോയിയുടെ വേർപാട് അദ്ദേഹത്തിന്റെ കുടുംബത്തിൽ സൃഷ്ടിച്ച ആഘാതം വളരെ വലുതാണ്.

അതേസമയം, പുതുതായി വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവരെ തളർത്താനേ ഇത്തരം സംഭവങ്ങൾ ഉപകരിക്കൂ. വ്യക്തിപരവും രാഷ്ട്രീയവുമായ നിസാര കാരണങ്ങളാൽ വ്യവസായികൾക്ക് മാനസിക പീഡ ഉണ്ടാക്കുന്നത് അന്യസംസ്ഥാനങ്ങളിലേക്ക് വ്യവസായം പറിച്ചുനടാൻ അവരെ പ്രേരിപ്പിക്കും. പരിശോധനകളിലും റെയ്ഡുകളിലും സൗമ്യവും മനുഷ്യത്വപരവുമായ സമീപനം പുലർത്താൻ ശ്രദ്ധിക്കണം. ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അതാണ് പോംവഴി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: C.J ROY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION