SignIn
Kerala Kaumudi Online
Tuesday, 09 June 2026 2.46 AM IST

ഇന്ത്യയുടെ അതിവേഗ ജി.ഡി.പി വളർച്ച

READ ENGLISH VERSION
aa

പ്രതീക്ഷകൾ മറികടന്ന് ഇന്ത്യയുടെ ജി.ഡി.പി വളർച്ച നാലാം പാദത്തിൽ 7.8 ശതമാനം കൈവരിച്ചിരിക്കുന്നു. പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ കരുത്തുറ്റ മുന്നേറ്റം തുടരുന്നു എന്നതിന്റെ സൂചനയാണിത്. 2025- 26 അവസാന പാദത്തിൽ, അതായത് ജനുവരി മുതൽ മാർച്ചുവരെ രാജ്യം രേഖപ്പെടുത്തിയത് 7.8 ശതമാനം ജി.ഡി.പി വളർച്ചയാണ്. ഇതോടെ 2025- 26 വർഷത്തെ ആകെ വളർച്ച 7.7 ശതമാനമായി ഉയർന്നു. മുൻപ് സർക്കാർ കണക്കാക്കിയിരുന്ന 7.6 ശതമാനത്തേക്കാൾ മികച്ച വളർച്ചയാണിത്. യു.എസ്- ഇറാൻ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലും ഇന്ത്യ ഈ സാമ്പത്തിക നേട്ടം കൈവരിച്ചത് ശ്രദ്ധേയമാണ്. വിദേശവ്യാപാര അന്തരീക്ഷം ദുർബലമായിരുന്നിട്ടും ആഭ്യന്തര ഡിമാൻഡ് ശക്തമായി തുടർന്നതാണ് ഇന്ത്യയെ ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയായി നിലനിറുത്തിയത്.

വ്യാപാരം, ഹോട്ടലുകൾ, ഗതാഗതം, വാർത്താവിനിമയം തുടങ്ങിയ സേവന മേഖലകൾ 12.5 എന്ന വൻവളർച്ച കൈവരിച്ചു. ധനകാര്യം, റിയൽ എസ്റ്റേറ്റ് മേഖലകളിൽ 10.4 ശതമാനം വളർച്ചയുണ്ടായി. നിർമ്മാണ മേഖല 8.4 ശതമാനവും മാനുഫാക്‌ചറിംഗ് മേഖല 7.3 ശതമാനവും വളർച്ച രേഖപ്പെടുത്തി. ജനുവരി- മാർച്ച് പാദത്തിൽ ഇന്ത്യയുടെ റിയൽ ജി.ഡി.പി 87.77 ലക്ഷം കോടി രൂപയായി ഉയർന്നു. മുൻവർഷം ഇതേ കാലയളവിൽ ഇത് 81.40 ലക്ഷം കോടിയായിരുന്നു.

അടുത്ത സാമ്പത്തിക വർഷത്തിൽ വളർച്ചാനിരക്ക് 7 ശതമാനമായി തുടരാൻ സാദ്ധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. എങ്കിലും യു.എസ്- ഇറാൻ സംഘർഷംമൂലം ഉയരാൻ സാദ്ധ്യതയുള്ള എണ്ണവിലയും എൽനിനോ പ്രതിഭാസം കാരണമുണ്ടായേക്കാവുന്ന ദുർബലമായ കാലവർഷവും കാർഷിക മേഖലയെയും ഗ്രാമീണ ഡിമാൻഡിനെയും ബാധിച്ചേക്കാമെന്ന് ഐ.സി.ആർ.എ മുന്നറിയിപ്പ് നൽകുന്നുണ്ട്.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്. ഇന്ത്യയുടെ ജി.ഡി.പി വളർച്ചയും ജനങ്ങളുടെ ജീവിത നിലവാരവും തമ്മിൽ വലിയ അന്തരമുണ്ടെന്ന വസ്തുതയും കാണാതിരുന്നുകൂടാ. ഇന്ത്യ ലോകത്തിലെ ഏറ്റവും കൂടുതൽ വളരുന്ന സമ്പദ് വ്യവസ്ഥകളിൽ ഒന്നായി മാറിക്കൊണ്ടിരിക്കുമ്പോഴും ആളോഹരി വരുമാനം വളരെ കുറവായതിനാൽ സാധാരണക്കാരുടെ ജീവിതനിലവാരം ആനുപാതികമായി ഉയരുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇന്ധനവിലയും പാചക വാതക വിലയും അവശ്യവസ്തുക്കളുടെ വിലക്കയറ്റവും സാധാരണക്കാരുടെ ജീവിതം ദുസഹമാക്കുന്നു. ഇന്ത്യയുടെ ആളോഹരി ജി.ഡി.പി ഏകദേശം 2.3 ലക്ഷം രൂപ മാത്രമാണ്. ഉയർന്ന ജനസംഖ്യ ഉള്ളതിനാൽ ഈ സമ്പത്ത് എല്ലാവരിലേക്കും തുല്യമായി എത്തുന്നുമില്ല.

ജി.ഡി.പി വളർച്ചയുടെ വലിയ ഒരു പങ്ക് സമ്പന്നരിലേക്കാണ് കേന്ദ്രീകരിക്കുന്നത്. ഇന്ത്യൻ ജനസംഖ്യയുടെ വലിയൊരു വിഭാഗം ഇപ്പോഴും ദാരിദ്ര്യ‌രേഖയ്ക്ക് താഴെയാണ് കഴിയുന്നത്. ഉയർന്ന ജീവിതച്ചെലവ് ഇവരുടെ ജീവിതം കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. അതിനാൽ ജി.ഡി.പി ഉയരുന്നതിനൊപ്പം ജനങ്ങളുടെ ജീവിത നിലവാരവും ഉയർന്നില്ലെങ്കിൽ സമൂഹത്തിൽ പലവിധ സംഘർഷങ്ങൾക്കും അതിടയാക്കും. 2013- 14ലെ കണക്കനുസരിച്ച് പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ ലോകത്തെ 189 രാജ്യങ്ങളിൽ 144-ാം സ്ഥാനത്താണ് ഇന്ത്യ. 2022ൽ നമ്മൾ 141-ാം സ്ഥാനത്തേക്ക് കയറി. ഒരു കാര്യം വ്യക്തമാണ്. വലിയ ജി.ഡി.പിയും ഉയർന്ന വളർച്ചാ നിരക്കും ഉണ്ടെങ്കിലും പ്രതിശീർഷ വരുമാനം ഉയർന്ന നിലയിലായാൽ മാത്രമേ ഇന്ത്യൻ ജനതയ്ക്ക് അഭിവൃദ്ധിയുണ്ടാവുകയുള്ളൂ. അത് കൈവരിക്കാൻ ഇനിയും നമ്മൾ ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നാണ് നിലവിലുള്ള സാമ്പത്തിക രംഗത്തിന്റെ ചിത്രം വ്യക്തമാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY