
ജനങ്ങളിൽ നിന്ന് പല രീതിയിലുള്ള പ്രത്യക്ഷവും പരോക്ഷവുമായ നികുതികൾ സർക്കാരുകൾ പിരിക്കുന്നുണ്ട്. ഈ നികുതിയുടെ ഒരംശം ക്ഷേമപ്രവർത്തനങ്ങളായി ജനങ്ങളിലേക്ക് തിരിച്ചുനൽകേണ്ട ബാദ്ധ്യതയും ഉത്തരവാദിത്വവും അതിനാൽ സർക്കാരിൽ നിക്ഷിപ്തമാണ്. എന്നാൽ, ഈ ബാദ്ധ്യത നിറവേറ്റുന്നതിന് ഒരു ജനകീയ സർക്കാരും നികുതി പിരിക്കുന്നതിൽ കാണിക്കുന്ന കർശനമായ ശ്രദ്ധ പുലർത്താറില്ല. നികുതിപ്പണത്തിന്റെ സിംഹഭാഗവും സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി ചെലവഴിക്കപ്പെടുകയാണ് ചെയ്യുന്നത്. നികുതിപ്പണം ഉപയോഗിച്ച് പൊതുഗതാഗതവും ആശുപത്രി സംവിധാനങ്ങളും വിദ്യാലയങ്ങളും പ്രതിരോധ സേനയെയും മറ്റും സർക്കാർ ഒരുക്കുന്നുണ്ടെങ്കിലും മാറിയ കാലത്തിന്റെ സാഹചര്യത്തിൽ ആര് അധികാരത്തിൽ വന്നാലും വ്യക്തിപരമായി നേരിട്ട് സൗജന്യമായ എന്തെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കാതെ ഒരു പൗരനും തൃപ്‌തനാകില്ല.
വോട്ട് ചെയ്യുന്നവർക്ക് അമ്പതുവർഷം കഴിഞ്ഞ് രാജ്യം വികസിക്കുമ്പോൾ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും എന്ന് പറഞ്ഞാൽ ആരും ഇക്കാലത്ത് ഉൾക്കൊള്ളില്ല. ഇന്നത്തെ ജീവിതച്ചെലവുകൾ പരമാവധി ചുരുക്കി നാളെത്തേക്ക് കരുതിവയ്ക്കുന്ന ശീലം പഴയ തലമുറയുടേതായിരുന്നു. ഒരു സർക്കാർ ഭരിക്കുമ്പോൾ ഇന്ന് തനിക്ക് എന്തൊക്കെ പ്രയോജനങ്ങൾ നേരിട്ട് ലഭിക്കുന്നു എന്നതിന് മാത്രമാണ് ഇന്നത്തെ തലമുറ പ്രാധാന്യം നൽകുന്നത്. ഇത് ആദ്യം മനസിലാക്കിയത് യാഥാസ്ഥിതിക കാഴ്ചപ്പാടുള്ള വലിയ രാഷ്ട്രീയകക്ഷികളല്ല. ആം ആദ്‌മി പാർട്ടിയാണ് ഡൽഹിയിലെ ഡി.ടി.സി ബസുകളിൽ പ്രായഭേദമന്യെ സ്‌ത്രീകൾക്കെല്ലാം 2019ൽ സൗജന്യ ബസ് യാത്ര ഏർപ്പെടുത്തിയത്. ഇപ്പോൾ ഡൽഹി ഭരിക്കുന്നത് ബി.ജെ.പി സർക്കാരാണ്. അവർ ഈ സൗജന്യം പിൻവലിച്ചിട്ടില്ല. ഇത്തരം ജനോപകാരപ്രദമായ സൗജന്യങ്ങൾ ഒരിക്കൽ നടപ്പാക്കി കഴിഞ്ഞാൽ ആർക്കും പിൻവലിക്കാനാവില്ല.
തമിഴ്‌നാട്, കർണാടക, പഞ്ചാബ് ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ നിലവിൽ വനിതകൾക്ക് സർക്കാർ ബസിൽ ടിക്കറ്റിന് പണം നൽകേണ്ടതില്ല. ഈ ലിസ്റ്റിൽ ഏറ്റവും ഒടുവിൽ കേരളവും സ്ഥാനം പിടിച്ചിരിക്കുന്നു. കേരളത്തിൽ ഓർഡിനറി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതിക്ക് തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ട്രാൻസ‌്‌പോർട്ട് മന്ത്രി സി.പി. ജോണിന്റെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം നിർവഹിച്ചിരിക്കുന്നു. ഈ പദ്ധതിയെ ലൊട്ടുലൊടുക്ക് ന്യായങ്ങൾ പറഞ്ഞ് ഇപ്പോൾ വിമർശിക്കുന്നവർ ഭാവിയിൽ ഈ പദ്ധതി കേരളീയ സമൂഹത്തിൽ സൃഷ്ടിക്കാൻ പോകുന്ന സ്വാധീനത്തിന്റെ ആഴത്തെക്കുറിച്ച് മനസിലാക്കാത്തവരാണ്. സർക്കാരിനെ ആദ്യം അഭിനന്ദിക്കേണ്ടത് വനിതകൾ എന്ന ഒരൊറ്റ മാനദണ്ഡം മാത്രം പദ്ധതിയുടെ നിബന്ധനയായി സ്വീകരിച്ച നടപടിക്കാണ്.
സ്‌ത്രീകളെ പല തട്ടുകളായി വിഭജിച്ച് പദ്ധതി നടപ്പാക്കിയിരുന്നെങ്കിൽ ഇത് എപ്പോൾ പൊളിഞ്ഞു എന്ന് ചോദിച്ചാൽ മതിയായിരുന്നു. ഒരു ലക്ഷം രൂപ ശമ്പളം കിട്ടുന്നവർക്കും വീട്ടുജോലിക്ക് പോകുന്നവർക്കും ഒരുപോലെ സൗജന്യം നൽകുന്നത് ശരിയാണോ എന്ന് ചോദിക്കുന്നത് കേൾക്കുമ്പോൾ ശരിയാണെന്ന് തോന്നാം. എന്നാൽ, ഇത്രയും ഉയർന്ന ശമ്പളം വാങ്ങുന്നവരിൽ ഭൂരിപക്ഷത്തിനും സ്വന്തം വാഹനമുണ്ട്. അവർ നിത്യവും ബസ് യാത്ര ചെയ്യുന്നവരുമല്ല. ഓർഡിനറി ബസുകളിൽ നൽകിയിരിക്കുന്ന ഈ സൗജന്യം ക്രമേണ മറ്റ് സർവീസുകളിലും വ്യാപിപ്പിച്ചാണ് വിമർശകർക്ക് സർക്കാർ മറുപടി നൽകേണ്ടത്. അടുത്ത അഞ്ച് വർഷത്തിനകം അത് സാദ്ധ്യമാകുമെന്ന് പ്രതീക്ഷിക്കാം. വിസ്മയങ്ങൾ ഉണ്ടാകുന്നത് എങ്ങനെയെന്ന് ഇതുപോലുള്ള പ്രവൃത്തികളിലൂടെയാണ് സർക്കാർ തെളിയിക്കേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |