
തൂഫാൻ എന്ന ഹിന്ദി വാക്കിന് കൊടുങ്കാറ്ര് എന്നാണ് അർത്ഥം. അപ്രതീക്ഷിത വേഗവും അത്യുഗ്ര ഭാവവും അസാമാന്യമായ പ്രഹരശേഷിയുമാണ് കൊടുങ്കാറ്റിന്റെ പ്രത്യേകത. വൻമരങ്ങളെക്കൂടി അത് കടപുഴക്കിയെറിയും. ലഹരിയുടെ മാരകവിപത്തിനെതിരെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന വേട്ടയുടെ പ്രയോഗവേഗം വിലയിരുത്തുമ്പോൾ അതിന് 'തൂഫാൻ' എന്നതിനെക്കാൾ അർത്ഥവത്തായ മറ്റൊരു പേരില്ല! ഇക്കഴിഞ്ഞ ജൂൺ രണ്ടിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത തൂഫാൻ- നാർകോ വേട്ടയിൽ വെറും മൂന്ന് ആഴ്ചകൊണ്ട് രജിസ്റ്റർ ചെയ്തത് 3910 കേസുകളാണ്. ലഹരിക്കടത്ത് കേസുകളിൽ ഈ ചെറിയ കാലയളവിനിടെ 4201പേർ അറസ്റ്റിലായി. സംസ്ഥാനത്ത് വ്യാപകമായി പ്രചാരത്തിലുള്ള അതിമാരകമായ രാസലഹരിയാണ് എം.ഡി.എം.എ. ഇതിന്റെ തീരെ ചെറിയ അളവിലുള്ള ഉപയോഗം പോലും മസ്തിഷ്കത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. വെറും 21 ദിവസത്തെ തൂഫാൻ വേട്ടയിൽ 1932 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തതെന്ന് അറിയുമ്പോൾ ഗൗരവം വ്യക്തമാകും.
ലഹരിക്കടത്ത് ശൃംഖലയിൽ, കാരിയേഴ്സ് എന്ന് വിളിക്കപ്പെടുന്ന ചെറുകിട കൈമാറ്റക്കാർ മാത്രമാണ് സാധാരണഗതിയിൽ എക്സൈസിന്റെയും പൊലീസിന്റെയും വലയിൽ അകപ്പെടാറ്. ബിസിനസിന് ചുക്കാൻ പിടിച്ച് സംസ്ഥാനത്തിനു വെളിയിലും രാജ്യത്തിനു പുറത്തും മറഞ്ഞിരിക്കുന്ന വമ്പൻ സ്രാവുകൾ പിടികൊടുക്കാതെ വഴുതിക്കളയും. പുതിയ കാരിയേഴ്സ് വഴി അവർ നിർബാധം കച്ചവടം തുടരുകയും ചെയ്യും. അത്തരത്തിൽ വഴുതിമാറുന്ന വമ്പന്മാർക്കു കൂടി ചൂണ്ടയിട്ടാണ് ഇത്തവണ വിവിധ സർക്കാർ വകുപ്പുകളെയും
ഏജൻസികളെയും ഏകോപിപ്പിച്ച് 'തൂഫാൻ' എന്ന സംയുക്ത വേട്ട ആവിഷ്കരിച്ചത് എന്നതുകൊണ്ടാണ് അത് കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാകുന്നത്. പൊതുജനങ്ങളുടെ സജീവ പങ്കാളിത്തമാണ് മറ്റൊരു വിജയം.
ലഹരിക്കടത്തും വില്പനയും പോലെ, സാധീനശക്തിയേറിയ വമ്പന്മാർ ഉൾപ്പെട്ട കറുത്ത ബിസിനസിന്റെ വേരറുക്കാൻ പുറപ്പെടുമ്പോഴെല്ലാം ദിവസങ്ങൾക്കകം അജ്ഞാതശക്തികൾ അവരുടെ കരുത്ത് പ്രയോഗിക്കുകയും അന്വേഷണത്തിന് തടസം നേരിടുകയും ചെയ്യാറുണ്ട്. ആഭ്യന്തരം, എക്സൈസ്, ആരോഗ്യം, റവന്യു, വിദ്യാഭ്യാസം, തദ്ദേശഭരണം തുടങ്ങിയ സർക്കാർ വകുപ്പുകളെയും ഇന്റലിജൻസ് സംവിധാനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള 'തൂഫാൻ' പ്രഹരത്തിന് മൂന്നാഴ്ച പിന്നിട്ടിട്ടും ശക്തി കുറഞ്ഞിട്ടില്ലെന്നത് വ്യക്തമാക്കുന്നത് അതിന്റെ യഥാർത്ഥ വിജയമാണ്. ബാഹ്യ ഇടപെടലുകൾക്ക് കീഴ്പ്പെടുന്നില്ല എന്നതാണ് അതിന്റെ ശക്തി. വിമാനത്താവളങ്ങളും തുറമുഖങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേന്ദ്ര സുരക്ഷാ ഏജൻസികളെയും, സി.ആർ.പി.എഫ് ഉൾപ്പെടെ കേന്ദ്ര സേനകളെയുംകൂടി പങ്കാളികളാക്കി തൂഫാൻ ദൗത്യം അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണെന്ന് ഇതിന് ചുക്കാൻ പിടിക്കുന്ന ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ലഹരി വിരുദ്ധ ദിനമായിരുന്ന ഇന്നലെ രാവിലെ തന്നെ 25 ലക്ഷം രൂപ വിലമതിക്കുന്ന എം.ഡി.എം.എയുമായി മലപ്പുറത്ത് രണ്ടുപേർ പിടിയിലായിരുന്നു. കോഴിക്കോട്ടെ ദൗത്യം ഇന്നലെ കുടുക്കിയത് ഹെറോയിൻ കടത്താൻ ശ്രമിച്ച അസാം സ്വദേശിയെയാണ്. തൂഫാൻ ആഞ്ഞടിക്കുമ്പോഴും സമാന്തരമായി ലഹരിശൃംഖല കൂസലില്ലാതെ തുടരുന്നുവെന്ന് വെളിവാക്കുന്നതാണ് ഇതെല്ലാം. ലഹരിയുടെ കവാടങ്ങൾ പൂർണമായും അടച്ച് യുവതലമുറയേയും പൊതുസമൂഹത്തെയും ഈ നീരാളികൈകളിൽ നിന്ന് വീണ്ടെടുക്കുവാനുള്ള ദൗത്യത്തിനു പിന്നിൽ കേരളം ഒരേമനസോടെ അണിനിരക്കണം. ഒരു ഭീഷണിക്കും സ്വാധീനശക്തിക്കും ഇടപെടലുകൾക്കും വഴങ്ങാതിരിക്കുവാനുള്ള കരുത്തും നിശ്ചയദാർഢ്യവും ലഹരിവിരുദ്ധ ദൗത്യത്തിന് ഉണ്ടാകട്ടെ. വിഷം തുപ്പുന്ന സർപ്പശിരസുകൾക്കു മീതെ തൂഫാൻ കൊടിയ പ്രഹരമാകട്ടെ. കാരണം, ലഹരിക്കെതിരായ ഈ ഏകോപിതശ്രമം വെറുമൊരു അന്വേഷണദൗത്യമല്ല; അത് കേരളത്തിനായുള്ള ജീവൻരക്ഷാ ദൗത്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |