SignIn
Kerala Kaumudi Online
Saturday, 27 June 2026 3.05 AM IST

കോർപ്പറേഷനിലെ തരംതാഴ്‌ന്ന കളി

READ ENGLISH VERSION
a

തിരുവനന്തപുരം കോർപ്പറേഷനിൽ കഴിഞ്ഞദിവസം നടന്ന സംഭവങ്ങൾ നിർഭാഗ്യകരവും ഒഴിവാക്കേണ്ടതുമായിരുന്നു എന്നതിനപ്പുറം തോൽവിയിൽ നിന്ന് സി.പി.എം ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതു കൂടിയാണ്. എന്തുകൊണ്ട് സി.പി.എമ്മിന് സംസ്ഥാനത്ത് തുടർഭരണം കിട്ടിയില്ല എന്നതിന് തിരുവനന്തപുരം കോർപ്പറേഷനിലെ തുടർച്ചയായ ഭരണം ഒരു സാമ്പിൾ സ്റ്റഡിയായി എടുത്ത് പഠന വിധേയമാക്കിയാൽ തോൽവിയുടെ മിക്കവാറും എല്ലാ കാരണങ്ങളും അതിൽ നിന്നുതന്നെ കിട്ടുന്നതാണ്. പാളയത്ത് കോർപ്പറേഷന്റെ സ്ഥലത്ത് പ്രത്യേക മുറികൾ കെട്ടി വാടകയ്ക്ക് കൊടുക്കുക, മീൻ വിൽക്കുന്നവരിൽനിന്ന് പ്രതിദിനം നോക്കുകൂലി വാങ്ങുക തുടങ്ങി ഇത്തരം ഒരു പാരലൽ പിരിവ് സമ്പ്രദായം കോർപ്പറേഷന്റെ മുഴുവൻ വാർഡുകളിലും നടത്തിയിരുന്നത് തന്നെയാണ് അവരുടെ കനത്ത പരാജയത്തിനും ബി.ജെ.പി ഇതാദ്യമായി കോർപ്പറേഷൻ ഭരണം പിടിക്കാനും ഇടയാക്കിയത്.

തടിമിടുക്കുകൊണ്ട് ആളുകളെ വിരട്ടാനും പല കാര്യങ്ങളും തത്‌കാലത്തേക്ക് തങ്ങളുടെ ചൊൽപ്പടിക്ക് നിറുത്താനും കഴിയുമെങ്കിലും അതിലൂടെ ജനങ്ങളുടെ വോട്ട് കിട്ടണമെന്നില്ല. ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ തല്ലിപ്പൊളിച്ചതും തിരുവനന്തപുരം മേയർ വി.വി.രാജേഷിന് ഉൾപ്പെടെ ഇരുപക്ഷത്തുമുള്ള നിരവധി കൗൺസിലർമാർക്ക് പരിക്കേറ്റ സംഘർഷവും തെളിയിക്കുന്നത് ഭരണം നഷ്ടപ്പെട്ടിട്ടും അത് തലയിലേക്ക് ഇനിയും കയറിയിട്ടില്ലാത്ത ചിലർ മറ്റെന്തൊക്കെയോ മറച്ചുവയ്ക്കാൻ തരംതാഴ്‌ന്ന വിക്രിയകൾ കാട്ടിക്കൂട്ടുന്നു എന്നതാണ്. പാർട്ടിയുടെ ഉന്നതനേതൃത്വം ഇടപെട്ട് ഇത് നിയന്ത്രിക്കുകയും അഴിമതിക്ക് കുടപിടിക്കുന്ന നേതാക്കന്മാരെ താക്കീത് ചെയ്യുകയും ചെയ്തില്ലെങ്കിൽ ജില്ലയിലെ പാർട്ടിയുടെ പ്രവർത്തനം കൈവിട്ടുപോകുമെന്നതിൽ സംശയിക്കേണ്ടതില്ല. തിരുവനന്തപുരം നഗരത്തിന്റെ ഹൃദയപ്രദേശത്തുള്ള സെൻട്രൽ, കഴക്കൂട്ടം, നേമം, വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലങ്ങളിൽ സി.പി.എം പ്രതിനിധികൾക്ക് ജയിക്കാനായിട്ടില്ല. തോറ്റവരിൽ രണ്ടുപേർ മുൻപ് തിരുവനന്തപുരം കോർപ്പറേഷന്റെ മേയർമാരായി ഇരുന്നവരുമാണ്.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 19 ബി.ജെ.പി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. ഇത് ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ മേയറുടെ ഓഫീസ് ഉപരോധിച്ചതാണ് കോർപ്പറേഷനിലെ കൈവിട്ട കളികൾക്ക് തുടക്കമിട്ടത്. ഉച്ചയ്ക്ക് സ്ഥലത്തെത്തിയ മേയർ ബി.ജെ.പി കൗൺസിലർമാർക്കൊപ്പം ചേംബറിലേക്ക് കടക്കാൻ ശ്രമിച്ചത് ഉപരോധക്കാർ തടഞ്ഞതോടെ ഉന്തുംതള്ളും ഉണ്ടാവുകയും മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെ താഴെ വീഴുകയും ചെയ്തു. മേയർ ഉൾപ്പെടെ ഇരുപക്ഷത്തെയും ഒരു ഡസനോളം അംഗങ്ങൾ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. മേയർ ചേംബറിലേക്ക് മറ്റൊരു വഴി കയറിയിരുന്നെങ്കിൽ സംഘർഷം ഒഴിവാകുമായിരുന്നെന്നാണ് ഉപരോധിച്ചവർ പറയുന്നത്. ഓരോ ഓഫീസിന്റെയും ഉത്തരവാദിത്വപ്പെട്ട ചുമതലയുള്ളവർ അത് മുഖ്യമന്ത്രിയായാലും പ്രതിപക്ഷനേതാവായാലും സ്‌പീക്കറായാലും മേയറായാലും അവരുടെ ഓഫീസിലേക്ക് കയറണമെന്ന് അവരാണ് തീരുമാനിക്കേണ്ടത്. അല്ലാതെ സമരം ചെയ്യുന്നവരല്ല.

സാധാരണഗതിയിൽ ഇത്തരം വഴിതടഞ്ഞുള്ള സമരം ഉണ്ടാകുമ്പോൾ പൊലീസെത്തി തടസം മാറ്റാൻ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുകയാണ് പതിവ്. അത് ഇവിടെ ഉണ്ടായില്ല.

പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. പക്ഷേ, അതിന് അതിന്റേതായ ജനാധിപത്യ മര്യാദകൾ ഉണ്ടായിരിക്കണം. ഇത് ഒരേപോലെ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും കൗൺസിലർമാർ ഓർമ്മിക്കുന്നത് നന്നായിരിക്കും. കാപ്പ കേസിൽ പ്രതിയായ കൗൺസിലറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സി.പി.എം കോർപ്പറേഷന്റെ മുന്നിൽ സമരം തുടർന്നുവരികയാണ്. ഇയാൾക്ക് അയോഗ്യത കൽപ്പിക്കേണ്ടത് അധികാരമുള്ള ഇലക്‌ഷൻ കമ്മിഷനോ കോടതികളോ ആണ്. അതിൽ ഒരു തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ അതിനിടയിൽ ഇത്തരം തരംതാഴ്‌ന്ന കളികൾ ഇനി ആവർത്തിക്കരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY