SignIn
Kerala Kaumudi Online
Sunday, 02 August 2026 3.05 AM IST

തെരുവുനായ ആക്രമണവും നഷ്ടപരിഹാരവും

READ ENGLISH VERSION
a

ഭീതിയും ഭീഷണിയുമില്ലാതെ ജനങ്ങൾക്ക് സ്വൈരമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് നീതിപീഠങ്ങൾ പല ഘട്ടങ്ങളിൽ ഓർമ്മിപ്പിച്ചിട്ടുണ്ട്. പൊതുനിരത്തുകളിലെ ഫ്ളക്സുകൾ, പ്രകടനങ്ങൾ എന്നിവയ്‌ക്കെതിരെയും ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ പൊതുനിരത്തുകൾ ഏത് വകുപ്പിന്റെ നിയന്ത്രണത്തിലാണോ അവർക്ക് അതു ഉപയോഗിക്കുന്നവരോട് ഉത്തരവാദിത്വമുണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലും വ്യക്തമാക്കുന്നു. തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ബാദ്ധ്യതയുണ്ടെന്ന് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി.കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. തെരുവുനായ്ക്കളെ നിയന്ത്രിക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ നിയമപരമായ ഉത്തരവാദിത്വമാണ്. അതിൽ വീഴ്ചവരുത്തിയാൽ അധികൃതർ മറുപടി പറയേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. 2007ൽ റോഡിൽ തെരുവുനായ കടിച്ച എഴുപതുകാരന് 10,000 രൂപ നഷ്ടപരിഹാരം വിധിച്ച കോടതി ഉത്തരവുകൾക്കെതിരെ കണ്ണൂർ എരുവേശി ഗ്രാമപഞ്ചായത്ത് സമർപ്പിച്ച അപ്പീൽ തള്ളിയാണ് ഈ വിധി പുറപ്പെടുവിച്ചത്.

തെരുവുനായ്ക്കളെ പിടികൂടാനും വന്ധ്യംകരിക്കാനും സൗകര്യം ഒരുക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളാണ്. മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കണമെന്നും നായകളുടെ കണക്കെടുപ്പ് നടത്തണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ അധികൃതർക്ക് കഴിയില്ല. പൊതുനിരത്തുകൾ സുരക്ഷിതമായി ഉപയോഗിക്കാൻ ഓരോ പൗരനും അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. നായ്ക്കളുടെ ആക്രമണമുണ്ടായാൽ ആറ് മാസത്തിനുള്ളിൽ കേസ് നൽകണമെന്ന പഞ്ചായത്ത് രാജ് നിയമത്തിലെ നിബന്ധന ബാധകമല്ല. അധികൃതരുടെ അനാസ്ഥ കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് നഷ്ടപരിഹാരത്തിനായി മൂന്നുവർഷത്തിനുള്ളിൽ കോടതിയെ സമീപിക്കാമെന്നാണ് ലിമിറ്റേഷൻ ആക്ടിൽ പറയുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ബാദ്ധ്യതയില്ലെന്ന് 2007ൽ കോഴിക്കോട് കോർപ്പറേഷൻ കേസിലെ സിംഗിൾ ബെഞ്ച് നിരീക്ഷണങ്ങളോട് കോടതി വിയോജിക്കുകയും ചെയ്തു.

തെരുവ് നായകളുടെ ആക്രമണത്തിനിരയാകുന്നത് കൂടുതലും കുട്ടികളും വൃദ്ധരുമാണ്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടുനിൽക്കുന്ന കുട്ടികളെ ആക്രമിക്കുന്ന സംഭവങ്ങളും വർദ്ധിച്ചുവരുന്നു. സംസ്ഥാനത്തെമ്പാടും തെരുവ് നായ്ക്കൾ മനുഷ്യജീവന് വലിയ ഭീഷണിയായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മനുഷ്യരെ ആക്രമിക്കുന്ന തെരുവു നായകളെ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും കൊല്ലാമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. സുപ്രീംകോടതിയുടെ നിർദ്ദേശം അനുസരിച്ചാണിത്. നായകളെ എപ്പോൾ എങ്ങനെ കൊല്ലാമെന്നതിന് വിശദമായ മാർഗനിർദ്ദേശം ഉടൻ പുറപ്പെടുവിക്കും. സംസ്ഥാനത്ത് മൊത്തം 9 ലക്ഷത്തോളം തെരുവുനായ്ക്കളാണുള്ളത്. അപകടകാരികളായ നായ്ക്കളെ കൊല്ലാൻ മേയ് 19ന് സുപ്രീംകോടതി ഉത്തരവിടുകയുണ്ടായി. എന്നാൽ വിധി നടപ്പിലാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതിയുണ്ടായിരുന്നില്ല. അതു പരിഗണിച്ചാണ് സർക്കാർ ആക്രമണകാരികളായ തെരുവു നായകളെ കൊല്ലാൻ ഉത്തരവ് പുറപ്പെടുവിച്ചത്.

വളർത്തു നായ്ക്കൾക്ക് ലൈസൻസ് നൽകാനും തെരുവുനായ്ക്കളെ നിയന്ത്രിക്കാനും തദ്ദേശസ്ഥാപനത്തിന് നിർബന്ധിത ചുമതലയുണ്ട്. ഇത് ബർത്ത് കൺട്രോൾ ചട്ടങ്ങൾക്കനുസരിച്ച് നിർവഹിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. തെരുവ് നായ്ക്കളുടെ എണ്ണപ്പെരുപ്പമുണ്ടായാൽ വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പ്പും അനിവാര്യമാണ്. പരാതികൾ ഇല്ലെങ്കിലും നടപടികൾക്ക് തദ്ദേശസ്ഥാപനങ്ങൾ ബാദ്ധ്യസ്ഥരാണ്. മറ്റ് വകുപ്പുകൾ കൂടി പങ്കെടുക്കേണ്ടതാണെന്ന കാരണം പറഞ്ഞ് ഒഴിയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഓർക്കാപ്പുറത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവർ ഹതഭാഗ്യരാണ്. ഒരു തെറ്റും ചെയ്യാതെ ശിക്ഷിക്കപ്പെടുന്ന അവർ കൃത്യമായി നികുതികൾ അടയ്ക്കുന്നവരുമായിരിക്കും. തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ അവർക്ക് നേരെ തെരുവുനായകളുടെ ആക്രമണമുണ്ടാകുമ്പോൾ നഷ്ടപരിഹാരം ലഭിക്കാൻ ന്യായമായും അവകാശമുണ്ട്. അവർക്ക് ആശ്വാസമേകുന്നതാണ് ഹൈക്കോടതിയുടെ ഈ വിധി. തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവർക്ക് കാലവിളംബം കൂടാതെ നഷ്ടപരിഹാരം എത്തിക്കാൻ തദ്ദേശസ്ഥാപനങ്ങൾ മടിച്ചുനിൽക്കരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY