SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.06 AM IST

ചർച്ചയില്ലാതെ പാസാകുന്ന ബില്ലുകൾ

a

രാജ്യത്തെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാൻ പല നിർദ്ദേശങ്ങളും നിയമവിദഗ്ദ്ധർ മുന്നോട്ട് വച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളുടെ ഭാഗഭാക്കാവുന്ന പ്രമുഖ നിയമ പണ്ഡിതരും പ്രശസ്തരായ അഭിഭാഷകരുമെല്ലാം ഏകകണ്ഠമായി അഭിപ്രായപ്പെട്ടിട്ടുള്ളത് രാജ്യത്തെ ജഡ്‌ജിമാരുടെ എണ്ണം ഏറ്റവും കുറഞ്ഞത് ഇപ്പോഴുള്ളതിന്റെ ഇരട്ടിയായെങ്കിലും ഉയർത്തുക എന്നതാണ്. കോടതികളുടെ എണ്ണവും കൂട്ടേണ്ടിവരും. കേസുകളുടെ തീർപ്പ് വേഗത്തിൽ ഉണ്ടാക്കുന്നതിനായാണ് ഫാസ്റ്റ് ട്രാക്ക് കോടതികൾക്ക് രൂപം നൽകിയത്. ഇപ്പോൾ ഫാസ്റ്റ് ട്രാക്ക് കോടതികളിൽപോലും ഒരു കേസ് തീരാൻ അഞ്ച് വർഷത്തിലധികം എടുക്കുന്നു എന്നതാണ് സാഹചര്യം. കേസുകൾ തീർപ്പാകുന്നത് അനന്തമായി നീണ്ടുപോയാൽ അത് ജുഡിഷ്യറി സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം തന്നെ നഷ്ടപ്പെടാൻ ഇടയാക്കും.

നിമിഷനേരം കൊണ്ട് പരിഹരിക്കേണ്ട ഒരു പ്രശ്നം പരിഹരിക്കപ്പെടരുതെന്ന് ഏതെങ്കിലും തത്‌പര കക്ഷികൾക്ക് താത്‌പര്യമുണ്ടെങ്കിൽ അതിന് ഏറ്റവും പറ്റിയ വഴിയായി കൂടി വ്യവഹാരം മാറിയിരിക്കുന്നു. അതിനാൽ അനന്തമായി കേസുകൾ നീണ്ടുപോകുന്നത് രാജ്യം ഒന്നായി ചർച്ച ചെയ്ത് പരിഹാരമാർഗങ്ങൾ കണ്ടെത്തേണ്ട സുപ്രധാന വിഷയം തന്നെയാണ്. ഇത്തരം ചർച്ചകൾ പ്രധാനമായും നടക്കേണ്ട വേദിയായ പാർലമെന്റിൽ അതു നടക്കുന്നില്ല എന്നത് നമ്മുടെ ജനാധിപത്യ സംവിധാനത്തെ ദുർബലമാക്കും. ഇതിന്റെ കഷ്ടനഷ്ടങ്ങൾ സ്വാധീനവും സമ്പത്തും കാര്യമായി ഇല്ലാത്ത സാധാരണ ജനങ്ങളാവും ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരിക. കഴിഞ്ഞ ദിവസം തന്നെ, സുപ്രീംകോടതി ജഡ്‌ജിമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ദി സുപ്രീംകോർട്ട് (നമ്പർ ഓഫ് ജഡ്‌ജസ്) അമന്റ്‌മെന്റ് ബിൽ 2026 ലോക്‌സഭ പാസാക്കിയത് ഒരു ചർച്ചയും ഇല്ലാതെയാണ്.

പ്രതിപക്ഷത്തിന്റെ ശക്തമായ ബഹളത്തിനിടയിൽ കേന്ദ്ര നിയമമന്ത്രി അർജ്ജുൻ റാം മേഘ്‌‌വാൾ അവതരിപ്പിച്ച ഈ പ്രധാനപ്പെട്ട ഭേദഗതി ബിൽ ചർച്ചകളില്ലാതെ പാസാവുകയായിരുന്നു. സുപ്രീംകോടതിയിലെ ജഡ്‌ജിമാരുടെ എണ്ണം (ചീഫ് ജസ്റ്റിസ് ഒഴികെ) 33ൽ നിന്ന് 37 ആക്കി ഉയർത്താൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ഇതോടെ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ആകെ അംഗസംഖ്യ 38 ആയി മാറും. സുപ്രീംകോടതിയിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കോടതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും വേഗത്തിൽ നീതി നടപ്പാക്കാനും വേണ്ടിയുള്ളതാണ് ഈ ബിൽ. ഇത്തരം ബില്ലുകളിൽ വിശദമായ ചർച്ചകൾ പാർലമെന്റിൽ നടക്കേണ്ടതുണ്ട്. അതിന് ചർച്ചയിൽ പങ്കെടുക്കുന്ന അംഗങ്ങൾ ബില്ലിനെക്കുറിച്ച് സമഗ്രമായി പഠിച്ചിരിക്കണം. മുൻപൊക്കെ അങ്ങനെ പഠിച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്ന ജനപ്രതിനിധികളാണ് പല പ്രധാന പ്രശ്നങ്ങൾക്കും പരിഹാര മാർഗങ്ങൾ നിർദ്ദേശിച്ചിരുന്നത്.

രാജ്യത്ത് വിവിധ കോടതികളിലായി കെട്ടിക്കിടക്കുന്നത് 5.64 കോടി കേസുകളാണ്. കേരളത്തിൽ 18,12,563 കേസുകളിൽ തീരുമാനമാകാനുണ്ടെന്ന് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം രാജ്യസഭയെ അറിയിച്ചിരുന്നു. ഇതിനൊക്കെയുള്ള പരിഹാരമാർഗങ്ങൾ ആരായുന്നതിന് സഹായിക്കുന്ന ചർച്ചകൾ പാർലമെന്റിൽ നടന്നാൽ അവിടെ ഉരുത്തിരിയുന്ന പൊതു നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാരിന് ഭരണഘടനാപരമായ ബാദ്ധ്യത ഉണ്ടാവും.

ചർച്ചകൾ കൂടാതെ പാസായാൽ പ്രശ്‌നങ്ങൾ പരിഹാരമില്ലാതെ നീളുകയും ചെയ്യും. മറ്റ് പ്രശ്നങ്ങളുടെ പേരിലുള്ള ബഹളങ്ങൾ കാരണം ഈ വർഷകാല സമ്മേളനത്തിൽ പല സുപ്രധാന ബില്ലുകളും ചർച്ചയില്ലാതെയാണ് പാസായിരിക്കുന്നത്. നിയമ നിർമ്മാണം എന്ന പ്രാഥമിക കടമയിൽ നിന്ന് ജനപ്രതിനിധികൾ ഒഴിഞ്ഞുമാറുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി അപകടത്തിലാക്കാൻ പോന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY