SignIn
Kerala Kaumudi Online
Saturday, 19 September 2026 3.12 AM IST

നിർമ്മിതബുദ്ധിയുടെ വിശ്വരൂപ ദർശനം

ss

തെന്നിന്ത്യയിൽ ചുരുങ്ങിയ കാലം കൊണ്ട് പേരെടുത്ത മലയാളി സംഗീത സംവിധായകനാണ് ഹിഷാം അബ്ദുൽ വഹാബ്. തന്റെ പാട്ടിന് എ.ഐ ഗായികയായ 'ലിൻഡ'യെ അദ്ദേഹം പരീക്ഷിച്ചത് രണ്ടര വർഷം മുമ്പാണ്. അന്ന് അതൊരു അത്ഭുതകരമായ വാർത്തയായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മനുഷ്യ ശബ്ദത്തിൽ പാടിക്കുകയെന്നത്. എ.ഐ ന്യൂസ് റീഡർമാരും ആങ്കർമാരും ഒക്കെയുണ്ടായി. എന്നാൽ മാസങ്ങൾക്കുള്ളിൽ തന്നെ അതൊന്നും ഒരു അതിശയമല്ലാതായി. ആർക്കുവേണമെങ്കിലും ഇതൊക്കെ സാധിക്കുമെന്നായി. ചാറ്റ് ജിപിടി പോലുള്ള സംവിധാനങ്ങൾ ആരുടെ ഫോണിലും ലഭ്യമായി. സ്കൂൾ കുട്ടികൾ പോലും എ.ഐ വീഡിയോകൾ വച്ച് അമ്മാനമാടി. ഒറിജിനലിനെ വെല്ലും വിധം സിനിമാ താരങ്ങളുടേയും നേതക്കളുടേയും റീലുകളുണ്ടാക്കി. കമ്പ്യൂട്ടർ ഉപയോഗിക്കുന്ന സമസ്ത തൊഴിൽ മേഖലയും പണി എളുപ്പമാക്കാനും പെർഫെക്ഷനും വേണ്ടി എ.ഐ പ്രയോജനപ്പെടുത്തിത്തുടങ്ങി. നോക്കിനിൽക്കേ വളരുന്ന വിധത്തിലാണ് നിർമ്മിത ബുദ്ധിയുടെ വിശ്വരൂപം. ഈ സാങ്കേതികവിദ്യയുടെ ഗതിവേഗം പേടിപ്പെടുത്തുന്ന വിധത്തിലാണ്. എ.ഐയുടെ വളർച്ച വിനാശകരമായ അവസ്ഥയിലേക്കാണെന്ന് മുന്നറിയിപ്പ് നൽകുന്നത് അതിന്റെ ഉപജ്ഞാതാക്കൾ തന്നെയാണ്. അതിവിനാശകരമായ സ്ഥിതിയിലെത്താൻ അധികനാൾ വേണ്ടെന്നുമാണ് വെളിപ്പെടുത്തൽ. നിർമ്മിത ബുദ്ധിയെ സ്ലോഡൗൺ ചെയ്യണമെന്ന മുറവിളിയാണ് ലോകമെങ്ങും ഉയരുന്നത്. ഇതിനായി റോബോട്ടുകളെ മുൻനിറുത്തി പോളണ്ടിൽ നടത്തിയ സമരം ആഗോള ശ്രദ്ധ നേടിയിരുന്നു. എന്നാൽ എ.ഐ കൊണ്ടുള്ള പ്രയോജനങ്ങളും ഏറെയായതിനാൽ ഭിന്നാഭിപ്രായങ്ങൾ തുടരുകയാണ്.

ഉപകാരി, നീരാളിയും

ആർട്ടിഫിഷൽ ഇന്റലിജൻസ് ഇപ്പോൾ വിവിധ മേഖലയിലെ ജോലി ദ്രുതവും ലളിതവും കൃത്യവുമാക്കാൻ ഉപയോഗിക്കുന്നുണ്ട്. ചികിത്സാരംഗത്തു വരെ ഇതിന്റെ പ്രയോജനമുണ്ട്. എന്നാൽ ഇത് അധികം വൈകാതെ കരാള രൂപം പ്രാപിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത് ഈ രംഗത്തെ ഗവേഷണവികസനത്തിന് ചുക്കാൻ പിടിച്ചവരാണ്. അതേക്കുറിച്ച് ആലോചിച്ചുള്ള സമ്മർദ്ദം താങ്ങാനാകാതെയും ഭാവിയിൽ പഴി കേൾക്കേണ്ടി വരുമെന്ന ആശങ്കയിലും അവരിൽപ്പലരും കളം വിടുകയും ചെയ്തു.

എ.ഐ മനുഷ്യകുലം മുടിക്കുമെന്ന ആശങ്കകൾ പങ്കുവച്ചാണ് ജേക്കബ് കോക്സൻ ആന്ത്രോപിക്കിൽ നിന്ന് രാജിവച്ചത്. ഇത് കേവലം സയൻസ് ഫിക്‌ഷൻ കഥയല്ലെന്നും ഭയപ്പെടുത്തുന്ന വസ്തുതയാണെന്നും 27കാരനായ കോക്സൻ ഓർമ്മിപ്പിക്കുന്നു. എ.ഐ കമ്പനികൾ തമ്മിലുള്ള കടുത്ത മത്സരം ജനജീവിതം വെച്ചുള്ള ചൂതാട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ക്ലോഡ് എന്ന എ.ഐ അസിസ്റ്റന്റിനെ വികസിപ്പിച്ച കമ്പനിയാണ് ആന്ത്രോപിക്.

കോക്സൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന സൂചനയുമായി കമ്പനിയുടെ ഇന്റലിജൻസ് റിപ്പോർട്ട് പിന്നാലെവന്നു. ആന്ത്രോപിക്കിന്റെ എ.ഐ മോഡലുകൾ ഉപയോഗിച്ച് ജൈവായുധ ഗവേഷണം ഉൾപ്പെടെ ആശങ്കയുണ്ടാക്കുന്ന പ്രവൃത്തികൾ ശ്രദ്ധയിൽപെട്ടെന്നും കയ്യോടെ തടഞ്ഞെന്നുമാണ് കമ്പനിയുടെ അവകാശവാദം. റഷ്യയിലെ സൈബർ ക്രിമിനലുകൾ യുക്രെയ്നെ ലക്ഷ്യമിട്ടു നടത്തിയ ഹാക്കിംഗിൽ എ.ഐ ദുരുപയോഗം ചെയ്തു. ജീവാണുക്കളെ വച്ചുള്ള അവിശുദ്ധ പോരാട്ടത്തിനും എ.ഐ കരുവായേക്കുമെന്ന ആശങ്കയും ആന്ത്രോപിക്കിനെ അലട്ടുകയാണ്.

 എ.ഐ കുതിക്കുന്നു

വിനാശകാരികളായ ജീവാണുക്കളെ കൂടുതൽ അപകടകാരികളാക്കാനും പുതിയ ഇനങ്ങളെ സൃഷ്ടിക്കാനും തക്ക ശേഷിയിലേക്ക് എ.ഐ കുതിക്കുകയാണെന്നും ആന്ത്രോപിക് തുറന്നു സമ്മതിക്കുന്നു. ചിക്കുൻഗുനിയ, പക്ഷിപ്പനി വൈറസുകളുടെ മാരക വേർഷൻ സൃഷ്ടിക്കാൻ ചില കേന്ദ്രങ്ങൾ തങ്ങളുടെ ടൂളുകളുടെ സേവനം തേടിയെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തൽ. ആയുധങ്ങൾ വികസിപ്പിക്കാനുമുള്ള സോഫ്‌‌‌ട്‌വെയർ നിർമ്മിക്കാനായി ക്ലോഡ് ഏറെയും ദുരുപയോഗം ചെയ്യപ്പെട്ടത് ചൈനയിലും റഷ്യയിലും യെമനിലുമാണ്.

കൃത്രിമബുദ്ധിയുടെ സ്ഫോടനം


ഇന്നത്തെ എ.ഐ മോഡലുകൾ അത്ര അപകടകാരികളല്ലെങ്കിലും 2028 കാലഘട്ടത്തോടെ കാര്യങ്ങൾ കൈവിട്ടുപോകുമെന്നാണ് ഗവേഷകരുടെ ഭയം. എ.ഐ സ്വയം ഗവേഷണം നടത്താൻ തുടങ്ങുന്നതോടെ 'ഇന്റലിജൻസ് എക്സ്പ്ലോഷൻ' സംഭവിക്കും. മനുഷ്യനേക്കാൾ ബുദ്ധിയുള്ള സൂപ്പർ ഹ്യൂമൻ സിസ്റ്റങ്ങൾ രൂപപ്പെടും.
ഭാവിയിലെ എ.ഐകൾക്ക് നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ ഹാക്ക് ചെയ്യാനും വംശനാശത്തിന് കാരണമായേക്കാവുന്ന ജൈവായുധങ്ങൾ നിർമ്മിക്കാനും കഴിയുമെന്നാണ് മുന്നറിയിപ്പ്. യഥാർത്ഥ അധികാരവും വിഭവങ്ങളും നേടിയെടുക്കാൻ ശേഷിയുള്ളവയായി ഇവ മാറും. എന്നാൽ എ.ഐയുടെ ഈ വളർച്ച നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ നിലവിൽ മനുഷ്യന്റെ പക്കലില്ല. അതുകൊണ്ടാണ് തുടർന്നുള്ള ഗവേഷണങ്ങളിൽ മെല്ലെപ്പോക്ക് മതിയെന്ന നിർദ്ദേശങ്ങൾ ഉയർന്നത്.

ഗൂഗിൾ ഡീപ്‌മൈൻഡിന്റെ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് സുരക്ഷാ ടീമിൽ പ്രവർത്തിച്ചിരുന്ന ജോഷ് എംഗൽസും ആശങ്കകൾ പങ്കുവച്ച് കമ്പനിയിൽനിന്ന് രാജിവച്ചിരുന്നു.

തുടർന്ന് എ.ഐ മൂല്യനിർണയ സംഘടനയായ എം.ഇ.ടി.ആറിൽ അദ്ദേഹം പുതിയ ചുമതലയേറ്റെടുത്തു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എ.ഐ സംവിധാനങ്ങൾ മനുഷ്യരാശിക്ക് വലിയ തോതിലുള്ള ദോഷങ്ങൾ വരുത്തിവെക്കാൻ സാദ്ധ്യതയുണ്ടെന്ന് അദ്ദേഹവും മുന്നറിയിപ്പുനൽകിയിരുന്നു. എ.ഐ സുരക്ഷയാണ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നമെന്നും ഓർമ്മിപ്പിച്ചു. മനുഷ്യനേക്കാൾ മികച്ച രീതിയിൽ വിവിധ ജോലികൾ ചെയ്യാൻ കഴിയുന്ന 'സൂപ്പർഇന്റലിജൻസ്' നിർമിക്കാനുള്ള മത്സരത്തിലാണ് പ്രമുഖ എ.ഐ കമ്പനികളെന്നും എംഗൽസ് പറയുന്നു.

എ.ഐ സംവിധാനങ്ങളെ സ്വയം മെച്ചപ്പെടുത്താൻ അനുവദിക്കുന്നതിന് മുമ്പ് അവയെ പൂർണമായും സുരക്ഷിതമാക്കാനുള്ള വിദ്യ ഗവേഷകർ ഇനിയും കണ്ടെത്തിയിട്ടില്ല. അതുണ്ടാകണമെന്നാണ് ലോകമെമ്പാടും ഉയരുന്ന മുറവിളി. എ.ഐയുടെ കടിഞ്ഞാൺ ഇപ്പോഴും അതിന്റെ അഡ്മിൻമാരായ മനുഷ്യരുടെ പക്കലാണ്. ഈ കടിഞ്ഞാൺ ഭേദിക്കാൻ അധികനാൾ വേണ്ടിവരില്ലെന്നാണ് മുന്നറിയിച്ചു. നിർമ്മിതബുദ്ധിയുടെ വരും തലമുറകൾ ലോകത്തെ സ്വയം നിയന്ത്രിക്കുന്ന രീതിയിൽ കരുത്താർജിക്കും. അതിനു ബദൽ കണ്ടെത്തുംവരെ ഗവേഷണങ്ങൾ മെല്ലെയാക്കണമെന്നാണ് ആവശ്യം. എന്നാൽ ഇത്തരമൊരു നിയന്ത്രണത്തിന് ലോക ശക്തികളായ അമേരിക്കയും ചൈനയും അനുകൂലമല്ല. കൂടുതൽ നിയന്ത്രണങ്ങളേക്കാൾ ശക്തമായ നേതൃത്വമാണ് ഈ സാങ്കേതികവിദ്യയ്ക്ക് ആവശ്യമെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ദ്വന്ദമുഖമാണ് നിർമ്മിതബുദ്ധിക്കുള്ളത്. ഏതു സൈബർ ലോക്കുകളും തുറക്കുന്ന ദുഷ്ടശക്തികൾ അതിന് കൂട്ടായെത്തുന്നതോടെ പലതും പേടിക്കേണ്ടി വരും. എ.ഐ. ദുരപയോഗം തടയാൻ ആഗോള സമവായത്തിന് സമയമായിരിക്കുന്നു. എന്നാൽ അത് എങ്ങനെ സാധിക്കുമെന്നതാണ് മനുഷ്യ ബുദ്ധിക്ക് ഉത്തരമില്ലാത്ത സമസ്യയായി മാറിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY