SignIn
Kerala Kaumudi Online
Friday, 11 September 2026 1.36 AM IST

തൂഫാന്റെ 100 ദിനങ്ങൾ

READ ENGLISH VERSION
rr

സമൂഹത്തെ കാർന്നുതിന്നുന്ന ഏറ്റവും വലിയ ക്യാൻസർ ലഹരി തന്നെയാണ്. ഒരു രാജ്യത്തെ ഇല്ലാതാക്കാൻ യുദ്ധത്തിനേക്കാൾ ഫലപ്രദമാണ് അവിടത്തെ യുവാക്കളെ മയക്കുമരുന്നിന് അടിമയാക്കുന്നത്. ലഹരി, പ്രത്യേകിച്ചും രാസലഹരി ലക്ഷ്യബോധം ഇല്ലാതാക്കി വ്യക്തിയെ നശിപ്പിക്കുന്നതിനൊപ്പം അയാളുടെ കുടുംബത്തിനും സമൂഹത്തിനും മാരകമായ മാനസിക ക്ഷതങ്ങൾ ഏൽപ്പിക്കുകയും ചെയ്യുന്നു. മദ്യപിക്കുന്നവരുടെ എണ്ണം സമൂഹത്തിൽ വളരെ കൂടുതലാണെങ്കിലും മദ്യത്തിന് അടിമകളാകുന്നവരുടെ എണ്ണം തുലോം കുറവാണ്. എന്നാൽ രാസലഹരിയുടെ കാര്യം അങ്ങനെയല്ല. ഉപയോഗിച്ച് തുടങ്ങുന്നവരെല്ലാം അതിന് അടിമകളായി മാറുന്നു എന്നതാണ് ഏറ്റവും വിനാശകരം. വളരെ രഹസ്യമായാണ് ഇതിന്റെ ഏർപ്പാടുകളെല്ലാം നടക്കുന്നത് എന്നതുകൊണ്ട് തന്നെ ഒറ്റയടിക്ക് ഇത് തടയുക അസാദ്ധ്യമാണ്. മാത്രമല്ല ഇത്തരം ലഹരിമാഫിയകൾക്ക് തഴച്ചുവളരാൻ പലവിധ സഹായങ്ങളും ഉദ്യോഗസ്ഥ രാഷ്ട്രീയ വൃന്ദങ്ങളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുകയായിരുന്ന സാഹചര്യത്തിലാണ് യു.ഡി.എഫ് സർക്കാരിന്റെ നേതൃത്വത്തിലും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേരിട്ടുള്ള മേൽനോട്ടത്തിലും ലഹരി മാഫിയക്കെതിരെ 'തൂഫാൻ" തുടങ്ങിയത്.

പൊലീസിന്റെ ഈ ഓപ്പറേഷൻ നൂറ് ദിവസങ്ങൾ പിന്നിടുമ്പോൾ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. ലഹരിമാഫിയക്കെതിരെയുള്ള പോരാട്ടത്തിൽ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് ഓപ്പറേഷൻ തൂഫാൻ കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ നൂറ് ദിവസത്തിനുള്ളിൽ 10,036 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. 11,000ത്തോളം പേരെയാണ് ലഹരികടത്തുമായി ബന്ധപ്പെട്ട് പൊലീസ് വലയിലാക്കിയത്. വൻതോതിൽ എം.ഡി.എം.എ ഉൾപ്പെടെ ഏകദേശം 25 മുതൽ 30 കോടി വരെ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മാത്രം പിടിച്ചെടുത്തത്.

രാസലഹരി കൂടുതലും കേരളത്തിലെത്തുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നും അന്യരാജ്യങ്ങളിൽ നിന്നുമാണ്. ഇതിന്റെ മൊത്തക്കച്ചവടക്കാരൊന്നും രംഗത്ത് പ്രത്യക്ഷപ്പെടുന്നവരല്ല. അതുകൊണ്ട് തന്നെ അവരെ ഓടിപ്പോയി പിടിക്കാനൊന്നും കഴിയില്ല. ചെറുകിടക്കാർ പിടിയിലാവുമ്പോൾ കച്ചവടം നിലയ്ക്കും. രാസലഹരി കിട്ടാതാകുമ്പോൾ അടിമകളായിരുന്നവർക്ക് പോലും ചികിത്സയിലൂടെയും മറ്റും അതിൽ നിന്ന് വിമോചിതരാകാനുള്ള ഒരു അവസരമാണ് തൂഫാൻ ഒരുക്കിയത്. അതാണ് തൂഫാന്റെ ഏറ്റവും വലിയ വിജയം. അതിനാൽ പിടിയിലായവരിൽ ഏറെയും ചെറുകിട ഏജന്റുമാരും ലഹരിക്കടിമകളായവരുമാണെന്ന് വിമർശിക്കുന്നവർ ഏതിലും കുറ്റം മാത്രം കണ്ടുപിടിക്കാൻ ശ്രമിക്കുന്നവരാണ്. തൂഫാൻ തുടങ്ങിയതിന് ശേഷം എം.ഡി.എം.എ കച്ചവടം കേരളത്തിൽ അതിനുമുമ്പ് ഉണ്ടായിരുന്നതിന്റെ ഒരു ശതമാനം പോലും നടക്കുന്നില്ല എന്നത് എല്ലാവരും തുറന്ന് സമ്മതിക്കുന്ന കാര്യം തന്നെയാണ്.

ആദ്യ നൂറ് ദിവസത്തെ അനുഭവങ്ങളുടെ വെളിച്ചത്തിൽ കൂടുതൽ കരുത്തോടെ 'ജനകീയ തൂഫാൻ" എന്ന പേരിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ് ആഭ്യന്തര വകുപ്പ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, കുടുംബശ്രീ തുടങ്ങിയവയെ കോർത്തിണക്കി പരിശോധനകൾ വ്യാപിപ്പിക്കാനാണ് തീരുമാനം. അതോടൊപ്പം തന്നെ ലഹരി ഉപയോഗത്തിൽപ്പെട്ടുപോയവരെ തിരിച്ചുകൊണ്ടുവരാൻ മികച്ച ഡി - അഡിക്‌ഷൻ സംവിധാനങ്ങളും ഉറപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയതും വളരെ അഭിനന്ദനീയമാണ്. ലഹരി പോലെ തന്നെ മറ്റൊരു വലിയ വിപത്താണ് ആഹാരസാധനങ്ങളിലെയും ഭക്ഷ്യവസ്തുക്കളിലെയും മായം ചേർക്കലും. ലഹരി പ്രത്യക്ഷത്തിൽ മനുഷ്യനെ നശിപ്പിക്കുമ്പോൾ മായം ചേർക്കൽ പരോക്ഷമായി സമൂഹത്തെ മൊത്തത്തിൽ രോഗാതുരമാക്കുകയാണ് ചെയ്യുന്നത്. അതിനെതിരെയും ശക്തമായ പോരാട്ടം ജനങ്ങൾ ഈ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPERATION TOOFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY