
വികസനം സർക്കാർ പണം നിക്ഷേപിച്ചു വേണമെന്ന ആശയം അറുപഴഞ്ചനാണ്. സ്വകാര്യ പദ്ധതികളോ, സ്വകാര്യമേഖലയും സർക്കാരും ചേർന്ന് നിക്ഷേപം നടത്തി യാഥാർത്ഥ്യമാക്കുന്ന പങ്കാളിത്ത പദ്ധതികളോ ഇല്ലാതിരുന്ന കാലത്ത് വികസനം നൂറുശതമാനവും സർക്കാർ ബന്ധിതമായിരുന്നു. ലോകത്തെവിടെയും സർവത്ര മേഖലകളിലേക്കും സ്വകാര്യ നിക്ഷേപകർക്ക് വാതിലുകൾ തുറന്നുകിട്ടിയതോടെ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും നേരിട്ടുതന്നെ സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമങ്ങളിലായി. നിക്ഷേപങ്ങൾ ആകർഷിക്കുവാനുള്ള പദ്ധതികളും, വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതും, നികുതി ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കുന്നതും സാധാരണമായി. സ്വകാര്യ നിക്ഷേപകർക്കായി സർക്കാർ തലത്തിൽ വ്യവസായ പാർക്കുകളായി.
ഇത്രയൊക്കെ മാറ്റങ്ങൾ വന്നിട്ടും പ്രവാസികളും മറ്റും സംസ്ഥാനത്ത് നിക്ഷേപത്തിന് മടിച്ചിരുന്നതിന് മുഖ്യകാരണം നിയമങ്ങളിലെ നൂലാമാലകളും, സർക്കാർ സംവിധാനങ്ങൾ ഒരുക്കിവയ്ക്കുന്ന ചുവപ്പുനാടയുടെ ഏടാകൂടങ്ങളുമാണ്. ഈ പശ്ചാത്തലത്തിൽ, നിക്ഷേപങ്ങൾക്ക് ഉടനടി അനുമതി നല്കുന്ന 'സരൾ കേരളം' പദ്ധതിക്ക് ഈ സർക്കാർ കഴിഞ്ഞ ദിവസം തീരുമാനമെടുത്തതിനെ സംസ്ഥാനത്തിന്റെ വികസനരംഗത്ത് വലിയൊരു മാറ്റത്തിന്റെ തുടക്കമായി വേണം കരുതുവാൻ. ഇതനുസരിച്ച് വ്യവസായ നിക്ഷേപം എളുപ്പവും സുരക്ഷിതവുമാക്കുന്ന വിധത്തിൽ 19 നിയമങ്ങളിൽ മാറ്റം വരുത്തുമെന്നാണ് മന്ത്രിസഭാ തീരുമാനം വാർത്താസമ്മേളനത്തിൽ വിശദീകരിച്ച മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞത്. നമ്മുടെ അയൽക്കാരായ തമിഴ്നാടും കർണാടകവും ഉൾപ്പെടെ പല സംസ്ഥാനങ്ങളും പുറത്തുനിന്നുള്ള നിക്ഷേപങ്ങളുടെ കാര്യത്തിൽ വലിയ കുതിപ്പ് നടത്തിയപ്പോൾ കേരളത്തിന് വിലങ്ങുതടിയായത് സർക്കാർ വകുപ്പുകളിൽ നിന്നായി നേടേണ്ട കാക്കത്തൊള്ളായിരം അനുമതികളും എൻ.ഒ.സികളുമാണ്.
ബിസിനസ് രജിസ്ട്രേഷനിൽ തുടങ്ങി, സെക്രട്ടേറിയറ്റിലെ എത്രയോ വിഭാഗങ്ങളിൽ കയറിയിറങ്ങി നേടേണ്ട സാക്ഷ്യപത്രങ്ങൾ വരെ സംഘടിപ്പിക്കാൻ ചെറിയ കാലയളവും ശ്രമവും പോരാ. നിയമങ്ങളുടെ കാർക്കശ്യത്തിലും ഉദ്യോഗസ്ഥരുടെ കടുംപിടിത്തങ്ങളിലും മനംമടുക്കുന്ന നിക്ഷേപകർ സ്വന്തം നാട്ടിൽ വ്യവസായമെന്ന സ്വപ്നം മനസിലൊതുക്കി മടങ്ങുകയും ചെയ്യും. വ്യവസായത്തിന് വേണ്ടുന്ന എണ്ണമറ്റ അനുമതികളത്രയും ഒരേയിടത്ത് ശരിയാക്കി നല്കുന്ന ഏകീകൃത അതോറിട്ടിയായാണ് 'സരൾ കേരളം' വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ് മനസിലാകുന്നത്. 25 കോടി മുതൽ 50 കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് ജില്ലാതലത്തിലും, അതിനും മുകളിലേക്കുള്ളവയ്ക്ക് സംസ്ഥാനതലത്തിലും പ്രത്യേകം സമിതികളുണ്ടാകും. ഏഴുവർഷം വരെയായി അനുമതി ലഭിക്കാതെ കിടക്കുന്ന ബിസിനസ് അപേക്ഷകൾ സംസ്ഥാനത്തുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറയുകയുണ്ടായി.
'സരൾ കേരളം' പൂർണതോതിൽ പ്രവർത്തിച്ചുതുടങ്ങുന്നതോടെ ഈ ദു:സ്ഥിതിയിൽ നിന്ന് നിക്ഷേപകർക്കും സംസ്ഥാനത്തിനും മോചനമാകുമെന്നു പ്രതീക്ഷിക്കാം. സംസ്ഥാനത്തെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം ഇക്കഴിഞ്ഞ മാർച്ചിലെ കണക്കനുസരിച്ച് 3.24 ലക്ഷം കോടി രൂപയാണ്. സംസ്ഥാനത്തിനു പുറത്ത് ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലുമായി 25 ലക്ഷത്തിലധികം പേർ ജോലിയിലും ബിസിനസിലുമുണ്ട്. ഇവരുടെ സമ്പാദ്യം സംസ്ഥാനത്തെ വ്യവസായമേഖലയിലേക്ക് തിരിച്ചുവിടാനായാൽ നാടിന്റെ മുഖച്ഛായ മാറുംവിധമുള്ള വികസനം സാദ്ധ്യമാവുക തന്നെ ചെയ്യും. വ്യവസായങ്ങൾക്ക് വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതും, നികുതി ഇളവുകൾ നല്കുന്നതും, കയറ്റുമതിക്ക് സഹായകമായ നിലപാട് സ്വീകരിക്കുന്നതുമൊക്കെ വ്യവസായ പ്രോത്സാഹനത്തിന് ഊർജ്ജം പകരുന്നതു തന്നെ. പക്ഷേ, അതിനെല്ലാം മുമ്പ് വേണ്ടുന്നത് വ്യവസായം ആരംഭിക്കുന്നതിനുള്ള നിയമപരമായ അനുമതികൾ ലളിതവും വേഗത്തിലുമാക്കുക എന്നതാണ്. 'സരൾ കേരള'ത്തിനായുള്ള നിയമപരിഷ്കരണ നടപടികളും അനുബന്ധ സർക്കാർ നടപടികളും എത്രയും വേഗത്തിലാകട്ടെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |