
വളരെ പഴയ കാലത്ത് സർക്കാർ സർവീസിലേതിനേക്കാൾ വളരെ കുറവായിരുന്നു സ്വകാര്യ മേഖലയിലെ ശമ്പളം. എന്നാൽ കഴിഞ്ഞ മൂന്ന് ദശാബ്ദത്തിനുള്ളിൽ ഇതെല്ലാം പാടെ മാറി. പ്രധാനമായും ഐ.ടി മേഖലയുടെ വരവോടെയാണ് സർക്കാർ- സ്വകാര്യ മേഖലയിലെ ശമ്പളത്തിൽ വലിയ അന്തരം പ്രകടമാകാൻ തുടങ്ങിയത്. ഏതു മേഖലയിലായാലും ജോലി ചെയ്യുന്നവരുടെ ശമ്പളം കൂടുമ്പോൾ അവർ ചെലവഴിക്കുന്ന തുകയും കൂടും. ഇത് മൊത്തത്തിലുള്ള ജീവിതച്ചെലവും നാണയപ്പെരുപ്പവും കൂടാനും ഇടയാക്കും. ജീവിതച്ചെലവുകളും ശമ്പള നിരക്കുകളും ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇ.പി.എഫ്.ഒ) നിർബന്ധിത പ്രതിമാസ ശമ്പളപരിധി 15,000 രൂപ എന്നത് വളരെ കുറവായിരുന്നു. ഇത് ഉയർത്തണമെന്ന് ദീർഘനാളായി തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടുകൊണ്ടിരുന്നെങ്കിലും സർക്കാർ അധികച്ചെലവ് ചൂണ്ടിക്കാട്ടി വഴങ്ങിയിരുന്നില്ല.
എന്നാൽ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ, എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്) പെൻഷൻ പദ്ധതിക്കും (ഇ.പി.എസ്) അടിസ്ഥാനമാക്കുന്ന ശമ്പള പരിധി 15,000 രൂപയിൽനിന്ന് 25,000 ആക്കാൻ തീരുമാനിച്ചിരിക്കുന്നു. ജീവിതച്ചെലവുകളും ശമ്പള നിരക്കുകളും ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ പരിധി ഉയർത്തിയത് ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ദീർഘകാല സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സഹായിക്കുന്നതാണ്. ഇത് 51 ലക്ഷത്തിലധികം ജീവനക്കാരെക്കൂടി നിർബന്ധിത ഇ.പി.എഫ്.ഒ പരിധിക്ക് കീഴിൽ കൊണ്ടുവരുമെന്നാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചത്. വിശ്വകർമ്മ ദിനമായ ഇന്നലെ മുതൽ ഇത് പ്രാബല്യത്തിലായി. 2014 സെപ്തംബറിലാണ് പരിധി 15,000 രൂപയായി ഉയർത്തിയത്. തുടർന്നുള്ള വർഷങ്ങളിലെ വേതന വർദ്ധന, തൊഴിലവസരങ്ങളുടെ വികാസം എന്നിവ ഉൾക്കൊണ്ടാണ് ഇപ്പോൾ പരിധി വീണ്ടും ഉയർത്തിയത്. ഈ തീരുമാനത്തിലൂടെ കേന്ദ്രസർക്കാരിന് 11,339 കോടിയുടെ അധിക ബാദ്ധ്യതയുണ്ടാകും.
15,000 രൂപയിലേറെ ശമ്പളമുള്ളവർക്ക് പി.എഫും പെൻഷനും ലഭിക്കണമെങ്കിൽ തൊഴിലുടമ കനിയണം എന്ന നിലവിലെ അവസ്ഥയാണ് പുതിയ തീരുമാനത്തിലൂടെ അപ്പാടെ മാറുന്നത്.
ഉയർന്ന ശമ്പളമുണ്ടെങ്കിലും നിലവിൽ 15,000 രൂപയുടെ 12 ശതമാനം മാത്രം പി.എഫിലേക്ക് അടയ്ക്കാൻ അനുവദിക്കുന്ന സ്ഥാപനങ്ങൾ ഇനി 25,000 രൂപയുടെ 12 ശതമാനമായ 3000 രൂപ അനുവദിക്കേണ്ടിവരും. ജീവനക്കാരും അതേ വിഹിതമോ ശമ്പളത്തിന് ആനുപാതികമായ തുകയോ അടയ്ക്കേണ്ടിവരും. പി.എഫ് വിഹിതം വർദ്ധിക്കുന്നതോടെ, ഇടത്തരം തൊഴിലാളികളുടെ കൈയിൽ കിട്ടുന്ന മാസ ശമ്പളത്തിൽ നേരിയ കുറവുണ്ടാകും. ഇത് താത്‌കാലികമായ ചെറിയ സാമ്പത്തിക അസ്ഥിരത സൃഷ്ടിക്കുമെങ്കിലും ഭാവിയിലെ ഭദ്രത കണക്കിലെടുക്കുമ്പോൾ സ്വാഗതാർഹമാണ്. സ്വകാര്യ കമ്പനികളും സ്ഥാപനങ്ങളും അവരുടെ ജീവനക്കാർക്കായി നൽകേണ്ട വിഹിതം ഉയരുന്നത് ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് അധിക സാമ്പത്തിക ഭാരമായി മാറുമെന്ന പ്രശ്നവും ഇത് സൃഷ്ടിക്കുന്നുണ്ട്.
ഇത് പരിഹരിക്കാൻ അവർക്ക് നികുതിയിൽ ഇളവ് നൽകുന്ന കാര്യം കേന്ദ്ര ധനകാര്യ മന്ത്രാലയം പരിഗണിക്കേണ്ടതാണ്. ശമ്പള പരിധി ഉയർത്തിയത് നല്ലതാണെങ്കിലും നിലവിലുള്ള മിനിമം പെൻഷൻ 1000 രൂപയിൽ നിന്ന് 7500 രൂപയായി ഉയർത്തണമെന്ന തൊഴിലാളി സംഘടനകളുടെയും മറ്റും ആവശ്യത്തിൽ സർക്കാർ ഇനിയും അനുകൂല പ്രഖ്യാപനം നടത്തിയിട്ടില്ല. അതുപോലെ പെൻഷൻ കണക്കാക്കുന്നതിനുള്ള പ്രോ- റേറ്റാ സമ്പ്രദായം മാറ്റി അവസാനത്തെ 60 മാസത്തെ ശമ്പള ശരാശരിയുടെ അടിസ്ഥാനത്തിൽ പെൻഷൻ നിർണയിക്കണമെന്ന ആവശ്യത്തിലും സർക്കാർ തീരുമാനമെടുത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കേസുകൾ കോടതികളിലാണ്. കോടതി പറയാതെതന്നെ പെൻഷൻകാർക്ക് ഗുണകരമായ നീക്കം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതാണ് ജനാധിപത്യത്തിന് കൂടുതൽ അർത്ഥവും ശോഭയും നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |