SignIn
Kerala Kaumudi Online
Monday, 29 June 2026 4.58 AM IST

കൊവിഡ് പോരാട്ടത്തിൽ മറ്റൊരു നേട്ടം

kk

കൊവിഡ് മഹാമാരിക്കെതിരായ മഹാപോരാട്ടത്തിൽ അഭിമാനകരമായ ഒരു ചുവടുകൂടി വച്ചിരിക്കുകയാണ് ഇന്ത്യ. രണ്ടിനും പതിനെട്ടിനുമിടയ്ക്കു പ്രായമുള്ള കുട്ടികൾക്ക് രാജ്യത്തുതന്നെ നിർമ്മിക്കുന്ന കൊവാക്സിൻ നൽകാൻ ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ അന്തിമ അനുമതിയേ ഇനി ആവശ്യമുള്ളൂ. മുതിർന്നവരിൽ എഴുപതു ശതമാനം ഫലപ്രാപ്തി തെളിയിച്ചുകഴിഞ്ഞ കൊവാക്സിൻ കുട്ടികളിൽ നിയമം അനുശാസിക്കുന്ന മൂന്നു പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കിയതാണ്. രാജ്യത്തുതന്നെ വികസിപ്പിച്ചെടുത്ത സൈക്കോവ് - ഡി എന്ന മറ്റൊരു വാക്സിൻ പന്ത്രണ്ടുവയസിനു മുകളിലുള്ളവർക്കു നൽകാൻ നേരത്തെ അനുമതി ലഭിച്ചിരുന്നു. കൊവാക്സിൻ കൂടി വിപണിയിലെത്തുന്നതോടെ കുട്ടികൾക്കായി രണ്ടിനം വാക്സിൻ ലഭ്യമാകുന്നത് കൊവിഡിനെതിരായ പോരാട്ടത്തിൽ നിർണായക ചുവടുവയ്പാണ്. ലോകത്തെ ഔഷധഭീമന്മാരുടെ ദയാദക്ഷിണ്യത്തിനു കാത്തുനില്‌ക്കാതെയാണ് ഭാരത് ബയോടെക്കും സീറം ഇൻസ്റ്റിറ്റ്യൂട്ടും കൊവിഡിന്റെ ആദ്യഘട്ടത്തിൽത്തന്നെ വാക്സിൻ ഗവേഷണത്തിൽ വൻ നേട്ടമുണ്ടാക്കിയത്. ആഗോള ഫാർമസ്യൂട്ടിക്കൽ ഭീമന്മാരുടെ കുശുമ്പും കുതികാൽവെട്ടും കാരണം ഇന്ത്യൻ നിർമ്മിത വാക്സിന് പാശ്ചാത്യനാടുകളിൽ അർഹമായ അംഗീകാരം കിട്ടാതെ പോയെന്നത് വസ്‌തുതയാണ്. എന്നിരുന്നാലും ബ്രിട്ടനും അമേരിക്കയും ഉൾപ്പെടെ അനവധി രാജ്യങ്ങൾ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്‌പാദിപ്പിക്കുന്ന കൊവിഷീൽഡ് വാക്സിൻ ഇറക്കുമതി ചെയ്തിട്ടുണ്ട്. പല വികസ്വര രാജ്യങ്ങളും ഇന്ത്യൻ വാക്സിനുവേണ്ടി ക്യൂ നിൽക്കുകയാണ്. കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ ഔപചാരിക അംഗീകാരം ഇതുവരെ ലഭിക്കാത്തതിനു പിന്നിലും രാഷ്ട്രീയ - സാമ്പത്തിക കാരണങ്ങളുണ്ട്.

വൻകിട രാഷ്ട്രങ്ങൾക്കുപോലും കഴിയാത്ത നേട്ടമാണ് കൊവിഡ് പ്രതിരോധ കുത്തിവയ്പിൽ ഇന്ത്യ ഇതിനകം നേടിയത്. നൂറ്റിമുപ്പത്തഞ്ചുകോടി ജനങ്ങളുള്ള രാജ്യത്ത് ഭൂരിപക്ഷം പേർക്കും വാക്സിൻ കവചം നൽകാൻ കഴിഞ്ഞത് ചില്ലറനേട്ടമൊന്നുമല്ല. ഇപ്പോൾ രണ്ടുവയസുള്ള കുട്ടിക്കുവരെ കൊവാക്സിൻ നൽകാമെന്ന വിദഗ്ദ്ധ സമിതി ശുപാർശയാകട്ടെ ലോകത്തു തന്നെ ആദ്യമാണ്. രണ്ടിനും ആറിനുമിടയ്ക്കും ആറിനും പന്ത്രണ്ടിനുമിടയ്ക്കും പന്ത്രണ്ടിനും പതിനെട്ടിനുമിടയ്ക്കുമുള്ള കുട്ടികളിൽ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി ദോഷകരമായ പാർശ്വഫലങ്ങളൊന്നുമില്ലെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വാക്സിൻ പ്രയോഗിക്കാൻ അനുമതി നൽകാനൊരുങ്ങുന്നത്. ഐ.സി.എം.ആറിന്റെ പൂർണ സഹകരണത്തോടെയാണ് ഭാരത് ബയോടെക്ക് കൊവാക്സിൻ വികസിപ്പിച്ചെടുത്തത്. പൂർണമായും ഇന്ത്യൻ നിർമ്മിതമെന്ന ഖ്യാതിയും അതിനുണ്ട്. കൊവാക്സിനെ ഇകഴ്‌ത്തിക്കാട്ടാൻ സമ്പന്ന രാജ്യങ്ങളിൽ നിന്ന് ഒളിഞ്ഞും തെളിഞ്ഞും ആസൂത്രിത നീക്കങ്ങളുണ്ടായതും അതുകൊണ്ടുതന്നെയാകണം. ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റി കൂടി പങ്കാളിയായ കൊവിഷീൽഡ് വാക്സിനു പോലും ബ്രിട്ടൻ പതിത്വം കല്പിച്ചിരുന്നു. ഇന്ത്യ അതിനു അതേ നാണയത്തിൽ തിരിച്ചടി നൽകിയപ്പോഴാണ് അവർക്ക് വെളിവുണ്ടായത്.

കൊവിഡ് മഹാമാരിക്ക് ഗണ്യമായ തോതിൽ ശമനമുണ്ടായ സാഹചര്യത്തിൽ രാജ്യത്ത് വിദ്യാലയങ്ങൾ തുറന്നുകൊണ്ടിരിക്കുകയാണ്. കുട്ടികൾ കൂട്ടത്തോടെ സ്കൂളുകളിലെത്തുമ്പോൾ വീണ്ടും രോഗവ്യാപനമുണ്ടാകുമോ എന്ന ഭയപ്പാടിലാണ് രക്ഷിതാക്കൾ. നഴ്‌സറി കുട്ടികൾക്കുവരെ പ്രതിരോധ കുത്തിവയ്‌പിനു കളമൊരുങ്ങുന്നത് ആഹ്ളാദകരമായ വാർത്ത തന്നെയാണ്. സ്കൂളുകളിൽ വച്ചു തന്നെ കുത്തിവയ്‌പു നൽകാനുള്ള ഏർപ്പാടുണ്ടായാൽ കുറഞ്ഞ ദിവസങ്ങൾകൊണ്ട് വാക്സിൻ യജ്ഞം പൂർത്തിയാക്കാനും കഴിയും. അതിനുള്ള എല്ലാ ഒരുക്കങ്ങളും സംസ്ഥാന സർക്കാരുകൾ അടിയന്തരമായി സ്വീകരിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY