SignIn
Kerala Kaumudi Online
Sunday, 28 June 2026 8.41 AM IST

ചേരിയിലെ നക്ഷത്രത്തിളക്കം

aryan-misra

ശബ്ദകോലാഹലങ്ങളുടെ നടുവിൽ, മണ്ണും മനുഷ്യനും മഴയിൽ കൂടിക്കുഴഞ്ഞ ഡൽഹിയിലെ ഒരു ചേരി.

മനുഷ്യനുൾപ്പെടെ അനേകം ജീവജാലങ്ങളുടെ മുഷിഞ്ഞമണങ്ങൾ തളം കെട്ടിക്കിടക്കുന്നു. തിങ്ങിനിറഞ്ഞ കുടിലുകൾ. പകലിന്റെ ആധികളും കഷ്ടപ്പാടുകളുമൊഴിഞ്ഞ് ഇരുട്ടിൽ ജീവിതങ്ങൾ ഓരോ മൂലകളിൽ ഒതുങ്ങുമ്പോൾ ഒരു കുഞ്ഞ്, പാതി മറഞ്ഞ അവന്റെ കുടിലിലൂടെ നക്ഷത്രങ്ങളെയും നോക്കി ഉറക്കമില്ലാതെ കിടന്നു. അങ്ങകലെ ആകാശത്തിലെ തിളക്കങ്ങൾ ആ കുഞ്ഞിക്കണ്ണുകളിൽ വിസ്മയമായി. പക്ഷേ, പകലിൽ അവയെവിടെ? അച്ഛനമ്മമാർ നൽകിയ തൃപ്തിയില്ലാത്ത ഉത്തരങ്ങളുടെ ഭാരം പേറിയായിരുന്നു പിന്നീടുള്ള യാത്ര. 14കാരന്റെ അന്നത്തെ അന്വേഷണം ചെന്നെത്തിയത് ഒരു ഛിന്നഗ്രഹത്തെ കണ്ടെത്തിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിശാസ്ത്രജ്ഞനെന്ന ബഹുമതിയിലേയ്ക്ക്. അവൻ വളർന്നു, സാധാരണക്കാരായ കുട്ടികളെ അതിരില്ലാത്ത സ്വപ്നം കാണാൻ പഠിപ്പിക്കുന്ന, 26കാരൻ ആര്യൻ മിശ്രയായി!

ഉത്തർപ്രദേശിലെ ഭാദോഹിയിൽ ഇല്ലായ്മകളുടെ പടുകുഴിയിലായിരുന്നു ആര്യന്റെ ജനനം. പത്രവിൽപ്പനക്കാരനായ പിതാവ് ബീർബലിന്റെ തുച്ഛമായ വരുമാനം മാത്രം പോരായിരുന്നു പട്ടിണിമാറ്റാൻ. സെക്യൂരിറ്റി ജീവനക്കാരനായും മറ്റും ചെറിയ ചില ജോലികൾകൂടി ചെയ്ത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അദ്ദേഹം പാടുപെട്ടു. മെച്ചപ്പെട്ട ജീവിതം കൊതിച്ച് ഒടുവിലവരെത്തിയത് ഡൽഹിയിലെ ഒരു ചേരിയിൽ. എങ്കിലും മകന് വിദ്യാഭ്യാസം നൽകണമെന്ന് ബീർബലിനു നിർബന്ധമുണ്ടായിരുന്നു. മകൻ പഠിച്ച് ജോലി വാങ്ങി വിഷമങ്ങൾ മാറ്റുമെന്നയാൾ സ്വപ്നം കണ്ടു. പുലർച്ചെ നാലിനെഴുന്നേറ്റ് ആര്യൻ പത്രവിതരണത്തിൽ അച്ഛനെ സഹായിച്ചു. പത്രവിതരണത്തിന് പോകുമ്പോൾ, ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളുമായി ആകാശവും അവനൊപ്പം സഞ്ചരിച്ചു.

ഏഴാം വയസിൽ മുത്തശ്ശിയുടെ വീട്ടിൽ പോയപ്പോഴാണ് അവൻ ആദ്യമായി ടെറസിൽ കിടക്കുന്നത്. ആകാശത്തിന് എന്നത്തേക്കാളും സൗന്ദര്യവും ആഴവുമുള്ളതായി അവന് തോന്നി. അവധിദിവസങ്ങൾക്കായി ആര്യൻ പ്രാർത്ഥിച്ചു. മുത്തശ്ശിയുടെ വീട്ടിൽ പോകണം, ആകാശം നോക്കിക്കിടക്കണം!
ഡൽഹി വസന്ത് വിഹാറിലെ ചിന്മയ സ്‌കൂളിൽ അഞ്ചാം ക്ലാസിൽ വച്ചാണ് സൗരയൂഥം, ബഹിരാകാശം, കല്പന ചൗള എന്നൊക്കെയവൻ ആദ്യമായി കേൾക്കുന്നത്. വീണ്ടും വീണ്ടും ആകാശത്തെക്കുറിച്ചറിയാൻ അവനാഗ്രഹിച്ചു. നക്ഷത്രത്തിളക്കം അവന്റെ അകക്കണ്ണിനെ വിസ്മയിപ്പിച്ചു. പക്ഷേ, നിരന്തരം അവനിലുണ്ടായിക്കൊണ്ടിരുന്ന സംശയങ്ങൾക്ക് ഉത്തരം നൽകാനുള്ള അറിവും പാങ്ങും ആ അച്ഛനമ്മമാർക്കുണ്ടായിരുന്നില്ല.


ആദ്യമായി തൊട്ടു, അദ്ഭുതയന്ത്രം

ആറാം ക്ലാസിൽ സ്‌കൂളിലെ വാനനിരീക്ഷണത്തിനുള്ള അവസരത്തിലാണ് ആദ്യമായി ടെലസ്‌കോപ്പ് എന്ന അദ്ഭുതയന്ത്രത്തെ ആര്യൻ തൊടുന്നത്. അതിലൂടെ തിളങ്ങിനിൽക്കുന്ന സൂര്യനെ ആവോളം കണ്ടു. മുത്തശ്ശിയുടെ വീടിന്റെ ടെറസിൽ കിടന്ന് ആകാശം കണ്ടതിനെക്കാൾ അദ്ഭുതം. കണ്ണുകൾ കാട്ടിത്തന്നത് മാത്രമായിരുന്നില്ല കാഴ്ചകൾ. ഭൂമിക്കപ്പുറം നമ്മൾ തേടിച്ചെല്ലുന്നതും കാത്ത് ആരൊക്കെയോ ഉണ്ടെന്നും പ്രപഞ്ചം മായാജാലമാണെന്നും അവനു തോന്നി. ആകാശത്തോടുള്ള ആഗ്രഹങ്ങളും ചോദ്യങ്ങളും മനസിൽ തിണർത്തുകിടന്നു. പാഠപുസ്തങ്ങളിൽ നിന്നും ലൈബ്രറിയിൽ നിന്നും ചില അദ്ധ്യാപകരിൽ നിന്നുമൊക്കെ അവൻ ജ്യോതിശാസ്ത്രത്തെക്കുറിച്ച് അറിഞ്ഞുതുടങ്ങി. ബഹിരാകാശം, ബഹിരാകാശ യാത്ര, ഗവേഷണം... ഇന്റർനെറ്റും കമ്പ്യൂട്ടറുമൊന്നും സ്വന്തമാക്കുക അത്ര എളുപ്പമല്ലാതിരുന്ന ആര്യൻ കിലോമീറ്ററുകൾ നടന്ന് കമ്പ്യൂട്ടർ കഫേകൾ കണ്ടെത്തി. സ്വരൂപിച്ചുവച്ചിരുന്ന പണം നൽകി മണിക്കൂറുകളോളം ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള അറിവുകൾ തെരഞ്ഞു. ഒരു വൈകുന്നേരം സ്‌കൂൾ വിട്ടുവന്ന ആര്യൻ അച്ഛനോടും അമ്മയോടും പറഞ്ഞു, ''എനിക്ക് ഒരു ടെലസ്‌കോപ്പ് വേണം' അങ്ങനെയൊന്ന് ആദ്യമായി കേൾക്കുകയായിരുന്നു അവർ. ടെലസ്‌കോപ്പ് എന്താണെന്നും എന്തിനാണെന്നും മാതാപിതാക്കളെ പറഞ്ഞുമനസിലാക്കാൻ ആര്യൻ ഏറെ കഷ്ടപ്പെട്ടു.എന്നാൽ മകൻ പ്രയോജനമില്ലാത്ത കാര്യങ്ങളിലേക്ക് വഴിതെറ്റുന്നതായി പാവം രക്ഷിതാക്കൾ ആകുലപ്പെട്ടു. നിത്യച്ചെലവ് കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കുടുംബം എങ്ങനെ ടെലസ്‌കോപ്പ് വാങ്ങാൻ? മകന്റെ നിർബന്ധം കൂടിയപ്പോൾ പറ്റില്ലെന്നവർ തറപ്പിച്ചു പറഞ്ഞു. എന്നാൽ ആര്യൻ തോൽക്കാനൊരുക്കമായിരുന്നില്ല. അച്ഛൻ കൊടുത്തിരുന്ന വണ്ടിക്കൂലി മിച്ചം പിടിക്കാനായി സ്‌കൂളിലേയ്ക്ക് കിലോമീറ്ററുകളോളം നടന്നു. ചെറിയ ചില ജോലികൾ ചെയ്തും പണം കണ്ടത്തി. ഓരോ ദിവസവും എണ്ണിത്തിട്ടപ്പെടുത്തി. അങ്ങനെ ഒന്നര വർഷംകൊണ്ട് 5000 രൂപ തികഞ്ഞു. ഒടുവിൽ തന്റെ സ്വപ്നമിതാ കൈകളിൽ. പിന്നീട് ആ ടെലസ്‌കോപ്പ് വിശ്രമമറിഞ്ഞിട്ടില്ല, അവന്റെ കണ്ണുകളും!

ഉറങ്ങാത്ത അന്വേഷണം

ആര്യൻ ജ്യോതിശാസ്ത്രത്തക്കുറിച്ചറിയാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. പേരിന് ഉണ്ടുറങ്ങി. ബാക്കി സമയമെല്ലാം ലൈബ്രറികളിൽ കയറിയും കമ്പ്യൂട്ടറിൽ പരതിയും ചെലവഴിച്ചു. ഇതിനിടെ വിവിധ ജ്യോതിശാസ്ത്ര ക്ലബ്ബുകളിൽ അംഗത്വമെടുത്തു. 2014ൽ അസ്‌ട്രോണമിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യ സംഘടിപ്പിച്ച ഔട്ട്റീച്ച് പ്രോഗ്രാം തലവരമാറ്റി. സ്‌കൂളിൽ നിന്ന് സുഹൃത്ത് കീർത്തി വർദ്ധനൊപ്പം പങ്കെടുത്തു. ഒടുവിൽ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിൽ ഒരു ഛിന്നഗ്രഹത്തെ അവർ കണ്ടെത്തി. അതിന് നാസയുടെ അംഗീകാരം ലഭിച്ചു. അതു വാർത്തയായപ്പോൾ വിദേശരാജ്യങ്ങളിൽ നിന്ന് വിളികളെത്തി. പലയിടത്തും അതിഥിയായി ക്ഷണിക്കപ്പെട്ടു. മകന്റേത് ശരിയായ പാതയായിരുന്നെന്ന് തിരിച്ചറിഞ്ഞ മാതാപിതാക്കൾ അഭിമാനിച്ചു. അവൻ തന്റെ രണ്ടാമത്തെ ടെലസ്‌കോപ്പ് വാങ്ങാൻ തീരുമാനിച്ചു. ലഭിച്ച അവാർഡ് മുന്നോട്ടുള്ള യാത്രയ്ക്ക് ഊർജമായി. ആര്യൻ വീണ്ടും പഠിച്ചു, നിരീക്ഷിച്ചു. അതിനിടെ അശോക സർവകലാശാലയിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽ ബിരുദം നേടി. നാല് വർഷത്തിനിപ്പുറം രാജ്യമെങ്ങും ഓടിനടന്ന് വിവിധ സ്‌കൂളുകളിൽ ആര്യൻ ക്ലാസുകളെടുത്തു. ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനെ ഉൾപ്പെടെ കണ്ടു. കല്പന ചൗളയുടെ കുടുംബത്തെ സന്ദർശിച്ചു. ഗ്രാമങ്ങൾ തോറും നടന്ന് സാധാരണക്കാർക്ക് ബഹിരാകാശത്തെക്കുറിച്ചുള്ള അറിവുകൾ പകർന്നും ഉപകരണങ്ങളിലൂടെ ആകാശത്തെ തൊട്ടടുത്ത് കാട്ടിക്കൊടുത്തും ചെറിയ ചെറിയ ഉപകരണങ്ങൾ നിർമ്മിച്ചും താൻ കണ്ടതും അറിഞ്ഞതുമെല്ലാം മനുഷ്യരിലേക്ക് പകർന്നു. യു.എസ്, ഓസ്‌ട്രേലിയ, ഇസ്രയേൽ തുടങ്ങി പല വിദേശരാജ്യങ്ങളിലും അവനെ കേൾക്കാൻ ആയിരങ്ങൾ കാത്തിരുന്നു. ആര്യൻ വന്ന വഴികളിറഞ്ഞവരെല്ലാം അവനെ കൂടുതൽ ചേർത്തുപിടിച്ചു.


അനന്തം അജ്ഞാതം
ജ്യോതിശാസ്ത്ര രംഗത്തെ പഠനവും അറിവും അവനെ കൂടുതൽ വിഷമിപ്പിക്കുകയാണ് ചെയ്തത്. ഒന്ന്, ഈ വിഷയങ്ങളെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം വേണ്ട പ്രധാന്യത്തോടെ കാണുന്നില്ല. മാത്രമല്ല, രാജ്യത്തെ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും ബഹിരാകാശ മേഖലയുമായി വേണ്ടത്ര പരിചയവുമില്ല. അവർ സൗരയൂഥത്തെക്കുറിച്ച് പഠിക്കുന്നു, എന്നാൽ പ്രായോഗികമായ യാതൊരറിവും ലഭിക്കുന്നില്ല. ഈ മേഖലയിൽ താത്പര്യമുള്ള കുട്ടികൾക്കുവേണ്ട അടിസ്ഥാന സൗകര്യമോ മാർഗനിർദ്ദേശമോ നമ്മുടെ സ്‌കൂളുകളിലില്ല. രണ്ട്, കടന്നുവന്ന വഴികളുടെ കാഠിന്യം.
അറിവ് നേടിയെടുക്കാൻ തനിക്കുനേരിടേണ്ടിവന്ന കഷ്ടപ്പാടുകൾ ഈ മേഖലയെ സ്‌നേഹിക്കുന്ന ഒരു കുട്ടിക്കും ഇനിയുണ്ടാകരുതെന്ന് ആര്യൻ ആഗ്രഹിച്ചു. തനിക്ക് ലഭിച്ച വേദികളിലെല്ലാം, ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ജ്യോതിശാസ്ത്രത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെന്നും ചെറിയ ക്ലാസിൽ തന്നെ കുട്ടികൾക്ക് ബഹിരാകാശത്തെക്കുറിച്ച് അറിവ് നൽകേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം വാദിച്ചു. പക്ഷേ ഫലമുണ്ടായില്ല.

ഒടുവിൽ ഈ വേദന എത്തിനിന്നത് മറ്റൊരാശയത്തിലാണ്. 2018 ജൂണിൽ ആര്യൻ 'ആസ്‌ട്രോസ്‌കേപ്പ്' എന്ന സംഘടന സ്ഥാപിച്ചു. സാധാരണക്കാരുടെയിടയിൽ 'ആസ്‌ട്രോസ്‌കേപ്പ്' ക്യാമ്പുകൾ സംഘടിപ്പിച്ചു.അതിലൂടെ ജ്യോതിശാസ്ത്രത്തെ കുറിച്ചുള്ള പ്രാഥമികാവബോധം കുട്ടികൾക്കും രക്ഷിതാക്കൾക്കും നൽകി. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്താൻ ആസ്‌ട്രോസ്‌കേപ്പിന്റെ പ്രവർത്തനം സഹായിച്ചു. എന്നാൽ ഇത്തരം അറിവ് പ്രായോഗിക തലത്തിലേക്കെത്തിക്കുക എളുപ്പമായിരുന്നില്ല. അതിന് ചെറിയ തുകയ്ക്ക് രാജ്യത്തെ ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആസ്‌ട്രോണമി ലാബുകൾ സ്ഥാപിക്കണം. ആര്യൻ തന്റെ അടുത്ത സ്വപ്നത്തിലേയ്ക്കുള്ള യാത്രയിലായിരുന്നു.


നക്ഷത്രക്കുഞ്ഞുങ്ങൾക്കായി നല്ല പദ്ധതി

ഭൂരിഭാഗം സ്‌കൂളുകളിലും ജ്യോതിശാസ്ത്രത്തിന് മാത്രമായി ലാബുകളില്ല. ലാബുകളുള്ള സ്‌കൂളുകളാവട്ടെ, പഠനത്തിനായി താത്പര്യമുള്ള വിദ്യാർത്ഥികളിൽ നിന്ന് പ്രതിവർഷം 10,000 രൂപ വരെ ഈടാക്കിയിരുന്നു. സ്വകാര്യ സ്‌കൂളുകൾക്ക് ജ്യോതിശാസ്ത്ര ലാബ് തുടങ്ങുകയെന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. അവ തുടങ്ങുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അവബോധം നൽകിയാൽ മാത്രം മതി. എന്നാൽ സർക്കാർ സ്‌കൂളുകളുടെ കാര്യം അങ്ങനെയല്ല. ഗ്രാമീണ മേഖലകളിലെ സർക്കാർ സ്‌കൂളുകളിൽ ഇത്തരം ലാബുകൾ സ്ഥാപിക്കുകയും ഓരോ വിദ്യാർത്ഥിക്കും അവ ലഭ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു ആഗ്രഹമെന്ന് ആര്യൻ പറയുന്നു. തുടർന്ന് 2022ൽ സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയ രണ്ട് ലക്ഷം രൂപയ്ക്ക് ആര്യൻ 'സ്പാർക്ക് ആസ്‌ട്രോണമി' എന്ന സംരംഭത്തിന് തുടക്കമിട്ടു. ഗ്രാമീണ മേഖലകളിലെ സ്‌കൂളുകളിൽ ആസ്‌ട്രോണമി ലാബ് നിർമ്മിക്കാൻ സഹായിക്കുകയായിരുന്നു ആദ്യഘട്ടം. ചെലവ് മൂന്ന് ലക്ഷം. ഓരോ കുട്ടിക്കും ടെലസ്‌കോപ്പ്, മൂൺ മാപ്പ്, മോഡലുകൾ, പരിശീലനം തുടങ്ങിയവ ഉറപ്പാക്കി. ദൂരദർശിനികൾ, സ്‌പെക്ട്രോഗ്രാഫുകൾ, കമ്പ്യൂട്ടറുകൾ, കാമറകൾ തുടങ്ങിയ ഉപകരണങ്ങൾ സ്ഥാപിച്ചു. പ്രത്യേക ക്ലാസുകളിലൂടെ കുട്ടികളുടെ സംശയങ്ങൾക്ക് ഉത്തരം നൽകി. ശാസ്ത്രജ്ഞരെയും ബഹിരാകാശ യാത്രികരെയും സംഘടിപ്പിച്ച് ഓൺലൈൻ സംവാദങ്ങളും പ്രാക്ടിക്കൽ സെഷനുകളും നടത്തി.

ഇന്ന് പത്ത് സംസ്ഥാനങ്ങളിലായി ആസ്‌ട്രോസ്‌കേപ്പ് മുന്നൂറിലധികം ലാബുകൾ സ്ഥാപിച്ചുകഴിഞ്ഞു. കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹർ നവോദയ സ്‌കൂളുകളിലും ഈ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാർ ആര്യനെ ബന്ധപ്പെട്ടിട്ടുണ്ട്. 500 ലാബുകൾ പൂർത്തിയാക്കുകയാണ് ആര്യന്റെ ലക്ഷ്യം. പൈലറ്റെന്ന മോഹവും ആര്യന്റെ സ്വപ്നങ്ങളുടെ ലിസ്റ്റിൽപ്പെടുന്നു.

'' ഇന്ത്യയിൽ ഒരു 'ഡാർക്ക് സ്‌കൈ സാങ്‌ച്വറി' നടപ്പാക്കണം. മലിനീകരണമുൾപ്പെടെയുള്ള കാരണങ്ങളാൽ നഗര പ്രദേശങ്ങളിൽ നക്ഷത്രങ്ങൾ തെളിഞ്ഞുകാണുന്ന ആകാശം ഒരിക്കലുമുണ്ടാകാറില്ല. അങ്ങനെയൊരു കാഴ്ചയുണ്ടാകാൻ ശ്രമിക്കണം. അതിനായി ഒരു പ്രദേശത്തെ സുന്ദരമാക്കിയെടുക്കണം. ജ്യോതിശാസ്ത്ര മേഖലയിലെ വികസനത്തിന് ഒരു നിരീക്ഷണാലയം വേണം'' ആര്യനെ ഉറങ്ങാനനുവദിക്കാത്ത സ്വപ്നങ്ങൾ!

കഴിഞ്ഞ വർഷം ആര്യൻ തന്റെ സമൂഹ മാദ്ധ്യമ അക്കൗണ്ടിൽ ഒരു ചിത്രം പങ്കിട്ടു, അച്ഛനും അമ്മയ്ക്കുമൊപ്പം പഞ്ചനക്ഷത്ര ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതായിരുന്നു അത്. ചിത്രത്തിനൊപ്പം ആര്യൻ ഇങ്ങനെ എഴുതി, ''1995-2000 കാലത്ത് ഈ ഹോട്ടലിന്റെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു എന്റെ അച്ഛൻ''. ചേരിയിലെ നരകജീവിതത്തിലണഞ്ഞു പോകേണ്ടിയിരുന്നൊരുവൻ കഷ്ടപ്പാടിന്റെ മാത്രം മൂലധനത്തിൽ നിറഞ്ഞു തെളിയുന്നു.

'' സ്വപ്നങ്ങൾ നിങ്ങളുടെ ചിറകുകളാണ്, അത് ലോകത്തെ അഭിമുഖീകരിക്കാനും ആകാശം തൊടാനും നിങ്ങളെ സഹായിക്കുന്നു. മുകളിലേയ്ക്ക് നോക്കൂ'' ആര്യന്റെ കണ്ണുകൾ തിളങ്ങി, അതിരില്ലാത്ത ആകാശത്തിലെ നക്ഷത്രങ്ങൾപോലെ!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARYAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY