
നടപ്പാത കാൽനടയാത്രക്കാരുടെ മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധി വാഹനാപകടക്കേസുകളിൽ നിർണായകമാകും. ഈ മൗലികാവകാശത്തെ വാഹനമോടിക്കുന്നവർക്ക് നിഷേധിക്കാനാവില്ലെന്നും കോടതി ഓർമ്മിപ്പിച്ചു. മോട്ടോർ വാഹനം ഉപയോഗിക്കുന്നവർക്കുള്ളതിനെക്കാൾ മുകളിലായിരിക്കും ഈ പാതയിൽ കാൽനടയാത്രക്കാരന്റെ അവകാശം. നടപ്പാതകൾ പ്രത്യേകമായി നിർമ്മിക്കാനും സംരക്ഷിക്കാനും അധികാരികൾക്ക് കടമയുണ്ടെന്നും ജഡ്‌ജിമാരായ പി.എസ്.നരസിംഹ, അതുൽ സി.ചന്ദുക്കർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
നടക്കാനുള്ള അവകാശം നിത്യജീവിതവുമായി വേർതിരിക്കാൻ കഴിയാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാലാണ് ഇത് മൗലികാവകാശമാകുന്നത്. നടപ്പാതകളും മറ്റു കാൽനടയാത്രാസൗകര്യങ്ങളും ഒരുക്കുക, അവയുടെ അതിർത്തി നിർണയിക്കുക, പരിപാലിക്കുക തുടങ്ങിയവ നഗരവികസന അധികാരികൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ എന്നിവയുടെ കടമയാണ്. നടപ്പാതകളിൽ കൂടിയാണ് പലരുടെയും വാഹനമോടിക്കൽ. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഈ അവസ്ഥയുണ്ട്. താരതമ്യേന ജീവിതസാഹചര്യങ്ങൾ കുറഞ്ഞവരുടെ ജീവന് ഇതു വലിയ ഭീഷണി സൃഷ്ടിക്കുന്നു. കാൽനടയാത്രക്കാരെ വലിയ ശല്യമായാണ് ആഡംബര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ കരുതുന്നത്. ചോദിക്കാനും പറയാനും ആരുമില്ലാത്ത വിഭാഗമായി അവരെ ഗണിക്കുന്നവരും കുറവല്ല. തങ്ങളുടെ വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കാൻ കാൽനടക്കാർ ബാദ്ധ്യസ്ഥരാണെന്ന ചിന്താഗതി പുലർത്തുന്നവരുമുണ്ട്. പാവപ്പെട്ട കാൽനടയാത്രക്കാരോട് കുതിരകയറാനും തട്ടിക്കയറാനും മടിക്കാത്ത മനുഷ്യപ്പറ്റില്ലാത്തവർ നിരത്തുകൾ തങ്ങളുടെ സ്വകാര്യ സ്വത്താണെന്ന് ചിന്തിക്കുന്നു. റോഡ് ടാക്സും വാഹന നികുതിയും അടയ്ക്കുന്നതിനാൽ തങ്ങൾക്ക് എന്തുമാകാമെന്ന് വാഹനമോടിക്കുന്നവരിൽ ഒരുകൂട്ടർ തെറ്റിദ്ധരിച്ചിരിക്കുന്നു. ഇതു പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. ഈ ദുരവസ്ഥ മാറണം. വാഹനയാത്രക്കാരുടെ സഞ്ചാരത്തെക്കാൾ പ്രാധാന്യം കാൽനടയാത്രക്കാരുടെ നടപ്പാത ഉപയോഗിക്കാനുള്ള അവകാശമാണെന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. കാൽനടയാത്രക്കാരെക്കാൾ കൂടുതൽ അവകാശമൊന്നും വാഹനമോടിക്കുന്നവർക്കില്ല. അത് വ്യക്തമായി പറയുകയാണ് കോടതി.
വാഹനപ്പെരുപ്പം കാരണം നടപ്പാതകൾ ഉപയോഗിക്കാൻ കഴിയാത്തത് നഗരസംസ്കാരത്തിന്റെ പ്രശ്നമാണ്. അതിന് കാൽനടയാത്രക്കാർ ഉത്തരവാദിയല്ല. അയാളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടസമുണ്ടാക്കരുത്. കാൽനടയാത്ര ചെയ്യുന്നവരും വാഹനയാത്ര ചെയ്യുന്നവരുമെല്ലാം നിയമത്തിനു മുന്നിൽ തുല്യരാണ്. കാൽനടയാത്രക്കാരെ രണ്ടാംതരക്കാരായി കാണുന്ന മനോഭാവം ശരിയല്ല.
കർണാടകത്തിൽ അച്ഛനോടൊപ്പം സ്‌കൂളിലേക്കു പോകവേ അഞ്ചുവയസുകാരനെ ടാങ്കർലോറി ഇടിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി വിധി. അരയ്ക്കു താഴെ ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പിതാവ് മോട്ടോർ വാഹനാപകട ക്ളെയിം ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. 7,82,000 രൂപ നഷ്ടപരിഹാരമായി വിധിച്ചു. അതിനെതിരായ അപ്പീൽ പരിഗണിച്ച ഹൈക്കോടതി നഷ്ടപരിഹാരം 4,70,000 രൂപയായി കുറച്ചു. ഈ ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി പിതാവിന് 11,44,628 രൂപ നഷ്ടപരിഹാരമായി ലഭിക്കാൻ അർഹതയുണ്ടെന്ന് വിധിച്ചു. ഈ തുക രണ്ടുമാസത്തിനുള്ളിൽ നൽകണം.
പൊതുനിരത്തുകളിൽ അയിത്തവും വിവേചനവും നിലനിന്നിരുന്ന ഇരുളടഞ്ഞ ഒരു കാലഘട്ടം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു. നവോത്ഥാന നായകരുടെ ചിന്തകളും പ്രക്ഷോഭങ്ങളുമാണ് അതിനു മാറ്റം വരുത്തിയത്. സമൂഹത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും അവശരുമാണ് കാൽനടയാത്രക്കാരിൽ അധികവും. അവരെ അവഗണിക്കുന്ന മനോഭാവം പുലർത്തുന്നവരാണ് വാഹനയാത്രക്കാരിൽ ഭൂരിപക്ഷവും.
തിരക്കേറിയ റോഡുകളിൽ അപ്പുറമെത്താൻ കാത്തുനിൽക്കുന്നവരോട് പലരും സൗമനസ്യം കാട്ടാറില്ല. സിഗ്നൽ ഇല്ലാത്ത ഇടങ്ങളിൽ ഇത് അപകടകാരണമാകാറുണ്ട്. എന്നാൽ വിദേശ രാജ്യങ്ങളിൽ കാൽനടയാത്രക്കാർക്ക് റോഡു മുറിച്ചുകടക്കാൻ ക്ഷമയോടെ വാഹനം നിറുത്തുന്നവരാണ് അധികവും. ആ ട്രാഫിക് സംസ്കാരം മാതൃകാപരമാണ്. നടപ്പാത കാൽനടയാത്രക്കാരുടെ അവകാശമാണെന്ന സുപ്രീംകോടതി വിധി ഇക്കൂട്ടരുടെ കണ്ണുതുറപ്പിക്കാൻ പര്യാപ്തമാണ്. സഞ്ചരിക്കാൻ സുരക്ഷിതമായ നല്ല നടപ്പാതകൾ അവർക്ക് ഉറപ്പാക്കേണ്ടത് അധികാരികളുടെ കടമയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |