SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.04 PM IST

എസ്.പി. വെങ്കിടേഷ് വിടപറയുമ്പോൾ

READ ENGLISH VERSION
s

തമിഴ്‌നാട്ടിലാണ് ജനിച്ചതെങ്കിലും എസ്.പി വെങ്കിടേഷ് ഈണമിട്ട മലയാള ഗാനങ്ങളെ ഒരു അന്യനാട്ടുകാരന്റെ പാട്ടുകളായി മലയാളി കണക്കാക്കിയിട്ടേയില്ല. സലിൽ ചൗധരിയുടെ ഗാനങ്ങൾ കേൾക്കുമ്പോൾ നമുക്ക് അന്യമെങ്കിലും മധുരമായ ഈണമാണത് എന്ന് മനസിലാക്കിക്കൊണ്ടാണ് മലയാളികൾ
ആസ്വദിക്കുന്നത്. എന്നാൽ വെങ്കിടേഷിന്റെ പാട്ടുകളിൽ നമ്മുടെ നാടിന്റെയും ഭാഷയുടെയും സൗന്ദര്യവും ശൈലിയും തന്നെയാണ് ഇഴുകിച്ചേർന്നിരുന്നത്. നിരവധി സൂപ്പർഹിറ്റ് ഈണങ്ങളിലൂടെ മലയാള ചലച്ചിത്ര സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയ സംഗീത സംവിധായകനായിരുന്ന എസ്.പി. വെങ്കിടേഷിന്റെ വിയോഗം മലയാള ചലച്ചിത്ര ശാഖയ്ക്കും ഒരു വലിയ നഷ്ടം തന്നെയാണ്.

മോഹൻലാലിനെ സൂപ്പർസ്റ്റാറാക്കിയ,​ 1986-ൽ പുറത്തിറങ്ങിയ 'രാജാവിന്റെ മകൻ" എന്ന ചിത്രത്തിലൂടെയായിരുന്നു വെങ്കിടേഷിന്റെ മലയാളത്തിലേക്കുള്ള കടന്നുവരവ്. ആ ചിത്രത്തിൽ അദ്ദേഹം ഈണമിട്ട 'വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന" എന്ന ഗാനം സൂപ്പർഹിറ്റായി മാറി. വർഷങ്ങൾക്കുശേഷം മോഹൻലാലിന്റെ മറ്റൊരു മെഗാഹിറ്റായി മാറിയ 'കിലുക്ക" ത്തിലെ ഗാനങ്ങളും ഒരുക്കിയത് വെങ്കിടേഷ് ആയിരുന്നു. 'കിലുക്ക" ത്തിലെ 'പനിനീർ ചന്ദ്രികേ" എന്ന ഗാനം ഇന്നും മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഉറക്കുപാട്ടുകളിൽ ഒന്നാണ്. 'ധ്രുവ" ത്തിലെ 'കറുക വയൽ കുരുവീ...", 'തുമ്പിപ്പെണ്ണേ വാവാ..." എന്നീ പാട്ടുകളിൽ മലയാളിത്തമാണ് നിറഞ്ഞു തുളുമ്പിനിൽക്കുന്നത്. അദ്ദേഹത്തിന് ഈ മലയാളിത്തം സ്വായത്തമായത് മലയാള സംഗീത സംവിധായകരായ ദേവരാജൻ മാസ്റ്റർ, ശ്യാം, രാഘവൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ തുടങ്ങിയവരോടൊപ്പം പല കാലയളവുകളിൽ പിന്നണിയിൽ പ്രവർത്തിച്ച കാലത്താവണം.

വെങ്കിടേഷിന് സംഗീതം ജന്മസിദ്ധമായിരുന്നു. മാൻഡലിൻ വാദകനായ പഴനിയുടെ മകനായി ജനിച്ച വെങ്കിടേഷ് കുട്ടിയായിരുന്ന കാലത്തേ മാൻഡലിൻ ഉൾപ്പെടെയുള്ള വാദ്യോപകരണങ്ങൾ വായിക്കുമായിരുന്നു. പിൽക്കാലത്ത് ഗിറ്റാറിലും മിടുക്കനായി. വാദ്യോപകരണങ്ങൾ അതിവിദഗ്ദ്ധമായി കൈകാര്യം ചെയ്യാനുള്ള കഴിവാണ് സിനിമകൾക്ക് പശ്ചാത്തല സംഗീതമൊരുക്കുന്നതിൽ ഒന്നാമനായി മാറാൻ അദ്ദേഹത്തിന് വഴിയൊരുക്കിയത്. തേന്മാവിൻ കൊമ്പത്ത്, ദേവാസുരം, നമ്പർ 20 മദ്രാസ് മെയിൽ ഉൾപ്പെടെ ഒട്ടേറെ സിനിമകളുടെ പശ്ചാത്തല സംഗീതവും വെങ്കിടേഷിന്റേതായിരുന്നു. മലയാളികൾക്ക് ചേരുന്ന സംഗീതം എന്താണെന്നു തിരിച്ചറിഞ്ഞ് അത് നൽകാൻ ശ്രമിച്ച സംഗീത സംവിധായകനായിരുന്നു അദ്ദേഹം. തന്റെ പാട്ടുകൾ യേശുദാസ് തന്നെ പാടണമെന്ന് നിർബന്ധമുള്ള സംഗീത സംവിധായകനായിരുന്നില്ല വെങ്കിടേഷ്.

അദ്ദേഹത്തിന്റെ ഗാനങ്ങളെ മധുരിമമായ ഒരു പ്രസാദാത്മകത ചൂഴ്‌ന്നു നിന്നിരുന്നു. കന്നട, തെലുങ്ക്, ബംഗാൾ എന്നിവിടങ്ങളിലെ ചലച്ചിത്ര രംഗങ്ങളിലും വെങ്കിടേഷ് നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയിരുന്നു. സംഗീതം വെങ്കിടേഷിന് അനായാസമായി വഴങ്ങുന്ന ഒന്നായി മാറിയത് ചെറുപ്രായം മുതൽ സംഗീതമല്ലാതെ മറ്റൊരു മേഖലയെക്കുറിച്ചും ചിന്തിച്ചിട്ടില്ലാത്തതിനാലാണ്. പാട്ടുകൾ വളരെ വേഗം ചിട്ടപ്പെടുത്തുന്ന സംഗീത സംവിധായകനായിരുന്നു അദ്ദേഹം. ഒരു ദിവസം ഒൻപതു പാട്ടുകൾ വരെ ഈണമിട്ടിട്ടുണ്ട്. നാലു പതിറ്റാണ്ടിലധികം ചലച്ചിത്ര ഗാനരംഗത്ത് തിളങ്ങിയ അദ്ദേഹം 160-ലധികം സിനിമകളിലായി അറുനൂറോളം ഗാനങ്ങളൊരുക്കി. ഇതിൽ 150-ഉം മലയാള ചിത്രങ്ങളായിരുന്നു എന്നത് മലയാള ചലച്ചിത്ര രംഗവുമായുള്ള അദ്ദേഹത്തിന്റെ ഹൃദയബന്ധത്തെ സൂചിപ്പിക്കുന്നു. ഹൃദയത്തിലേക്ക് നേരിട്ട് കടന്നുവരുന്ന ഒരുപിടി ഗാനങ്ങളുടെ ഈണങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകരിൽ ഒരാളായിരുന്നു എസ്.പി. വെങ്കിടേഷ്. രാഗാർദ്രമായ ആ ഓ‌ർമ്മകൾക്കു മുന്നിൽ ഞങ്ങളുടെ പ്രണാമം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY