SignIn
Kerala Kaumudi Online
Monday, 06 July 2026 9.59 AM IST

ഇരുചക്ര വാഹനങ്ങളെ കുഴയ്ക്കുന്ന പുകപരിശോധന

READ ENGLISH VERSION
x

മര്യാദയ്ക്ക് നടന്നുകൊണ്ടിരിക്കുന്ന ഒരു കാര്യം തകിടം മറിച്ചിട്ട് അതു പരിഹരിക്കാതെ നീട്ടിക്കൊണ്ടു പോകുന്നതിൽ സർക്കാർ വകുപ്പുകൾക്കുള്ള മിടുക്ക് മറ്റാർക്കും കാണില്ല. ഇരുചക്ര വാഹന ഉടമകളെല്ലാം ആറുമാസം കൂടുമ്പോൾ മുറ തെറ്റാതെ നടത്തുന്നതാണ് പുക പരിശോധന. കാരണം വഴിയിൽ പൊലീസ് പരിശോധിച്ചാൽ 2000 രൂപയാണ് പിഴയായി നൽകേണ്ടി വരുന്നത്. അതിനാൽ ഒരുമാതിരിപ്പെട്ടവരൊക്കെ പുക പരിശോധന നടത്തി സർട്ടിഫിക്കറ്റ് വണ്ടിയിൽ കരുതിയിരിക്കും. പുക പരിശോധനയിൽ പരാജയപ്പെടുക എന്നൊരു സംഭവമേ പണ്ടെങ്ങും ഉണ്ടാകാറില്ലായിരുന്നു. സാധാരണ ജനങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതാണ് ഇരുചക്ര വാഹനങ്ങൾ. ഇരുചക്ര വാഹനം ഇല്ലാത്ത വീടുകൾ കേരളത്തിൽ വളരെ കുറവാണ്.

മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ ഇരുചക്ര വാഹനങ്ങളിൽ പകുതിയോളം ഓടിക്കുന്നത് വനിതകളാണെന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴാണെങ്കിൽ വഴിയിൽ നിന്ന് പരിശോധിക്കാതെ തന്നെ ക്യാമറയിൽ കണ്ടെത്തി പിഴ ഈടാക്കാം. ഹെൽമറ്റ് വച്ചില്ലെങ്കിൽ 500 രൂപയാണ് പിഴ. പുക പരിശോധനാ സർട്ടിഫിക്കറ്റില്ലെങ്കിൽ 2000 രൂപ പിഴ ഈടാക്കുന്നത് കുറച്ച് കടുപ്പമാണ്. കേന്ദ്രമാണ് തുക നിശ്ചയിച്ചതെന്നും അത് കുറയ്ക്കുമെന്നുമൊക്കെ അന്നത്തെ ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി പറഞ്ഞിരുന്നതാണെങ്കിലും ഒന്നും കുറച്ചില്ല. അതിനിടെ കൂനിന്മേൽ കുരു എന്ന പോലെ പുക പരിശോധനയിൽ പരാജയപ്പെടുന്നതിനാൽ ആയിരക്കണക്കിന് ഇരുചക്ര പെട്രോൾ വാഹനങ്ങൾ ഇപ്പോൾ റോഡിൽ ഇറക്കാനാകാത്ത സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. വാഹന ഉടമകൾ പറയുന്നത് സാങ്കേതിക പിഴവ് മൂലമാണ് പുകപരിശോധനയിൽ പരാജയപ്പെടുന്നത് എന്നാണ്. ഇക്കാര്യം പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹരിക്കാൻ മോട്ടോർ വാഹന വകുപ്പ് തുനിഞ്ഞിട്ടില്ല. പലതവണ പരിശോധന നടത്തിയിട്ടും പരാജയപ്പെടുന്നതിനാൽ പലരും വണ്ടിയെടുക്കാതെ വീട്ടിൽ തന്നെ വച്ചിരിക്കുകയാണ്.

പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നവരാണ് ഈ കുരുക്കിൽപ്പെട്ട് ഏറ്റവും കൂടുതൽ വലയുന്നത്. പുക പരിശോധനാ കേന്ദ്രങ്ങളിലാകട്ടെ പരിശോധനയിൽ പരാജയപ്പെട്ടാലും ഫീസ് നൽകണം എന്ന ബോർഡും വച്ചിട്ടുണ്ട്. ഇത് പല സ്ഥലത്തും വാക്കുതർക്കങ്ങൾക്കും ഇടയാക്കുന്നു.

കേന്ദ്രം കൊണ്ടുവന്ന ചട്ട ഭേദഗതിക്ക് ശേഷമാണ് ഒരു കുഴപ്പവുമില്ലാതെ നടന്നുകൊണ്ടിരുന്ന പുക പരിശോധന തകിടം മറിഞ്ഞത്. പരിശോധനാ കേന്ദ്രത്തിൽ ലഭിക്കുന്ന യഥാർത്ഥ റീഡിംഗ് പ്രത്യേക ഫോർമുല ഉപയോഗിച്ച് മാറ്റം വരുത്തി മലിനീകരണത്തോത് നിർണയിക്കുന്നതാണ് പുതിയ രീതി. ബി എസ് 6 വാഹനങ്ങളിലും കാറ്റലിറ്റിക് കൺവർട്ടറുള്ള 2007 നു മുമ്പുള്ള കാറുകളിലുമാണ് ഇതു നടപ്പാക്കേണ്ടതെന്ന് കേന്ദ്രം ചട്ട ഭേദഗതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ കിട്ടിയ അവസരം മുതലാക്കി കേരളത്തിൽ ഇത് എല്ലാ വാഹനങ്ങൾക്കും ബാധകമാക്കുകയായിരുന്നു. ഇത് ഒഴിവാക്കിയാൽ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. അതിനാണ് മോട്ടോർ വാഹന വകുപ്പും മന്ത്രിയും തയ്യാറാകേണ്ടത്. അല്ലാതെ സാധാരണക്കാരനെ വലയ്ക്കുന്ന പുക പരിശോധന തുടരുകയല്ല വേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PUC TEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY