SignIn
Kerala Kaumudi Online
Thursday, 10 September 2026 7.06 AM IST

പണക്കൈമാറ്റത്തിന്റെ പുതുവഴി

e-rupi

ഡിജിറ്റൽ ഇടപാടുകളിൽ നേരിട്ടുള്ള പണകൈമാറ്റം കൂടുതൽ ഫലപ്രദമാക്കി ഇ -റുപ്പി വൗച്ചർ ഭാവി ഇന്ത്യയുടെ ഡിജിറ്റൽ ഭരണനിർവഹണത്തിന് സുതാര്യതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുമെന്ന് പ്രത്യാശിക്കാം. സർക്കാരുകളുടെ സാമൂഹ്യസുരക്ഷാ പദ്ധതികളുടെ പണം നേരിട്ട് നൽകുകയും അത് എന്താവശ്യത്തിനാണോ നൽകിയത്, അതേ ആവശ്യത്തിനായി ഉപയോഗിക്കുന്നുണ്ടോ എന്ന് ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ ഉറപ്പു വരുത്താനും ഇ-റുപ്പി സംവിധാനത്തിന് സാധിക്കും.

2013ലാണ് ഇന്ത്യയിൽ നേരിട്ടുള്ള പണക്കൈമാറ്റത്തിന് തുടക്കം കുറിച്ചത്. ഇ-റുപ്പിയെന്ന ഡിജിറ്റൽ സംവിധാനം നേരിട്ടുള്ള പണക്കൈമാറ്റത്തിന് പുതിയ ദിശാബോധം നൽകും. ചൈന, അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ തങ്ങളുടെ സെൻട്രൽ ബാങ്കിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ കറൻസിയുമായി മുന്നോട്ട് പോകുമ്പോൾ ഇന്ത്യ ഇ റുപ്പിയെന്ന ഇ - കറൻസി പുറത്തിറക്കി.

ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാടുകളുടെ വർദ്ധന, ഉയർന്ന കറൻസി ജി.ഡി.പി അനുപാതം, ബിറ്റ് കോയിൻ പോലുള്ള സ്വകാര്യ വെർച്വൽ കറൻസികളുടെ വ്യാപനം എന്നിവ കാരണം ഘട്ടംഘട്ടമായി ഡിജിറ്റൽ കറൻസി നടപ്പാക്കുന്നതിലേക്ക് നീങ്ങുന്നതായി റിസർവ് ബാങ്ക് സൂചിപ്പിച്ചിരുന്നു. വൗച്ചർ അടിസ്ഥാനമാക്കിയുള്ള ക്ഷേമസംവിധാനം അമേരിക്ക, സ്വീഡൻ, ഹോങ്കോംഗ്, ചിലി, കൊളംബിയ തുടങ്ങിയ പല രാജ്യങ്ങളും നടപ്പിലാക്കിയിട്ടുണ്ട്.

എന്താണ് ഇറുപ്പി?

നാഷണൽ പെയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഫിനാൻഷ്യൽ സർവീസ് ഡിപ്പാർട്ട്‌മെന്റ്, നാഷണൽ ഹെൽത്ത് അതോറിറ്റി, ആരോഗ്യകുടുംബക്ഷേമ
മന്ത്രാലയം, പങ്കാളിത്ത ബാങ്കുകൾ എന്നിവയുമായി ചേർന്ന് കേന്ദ്ര ഗവൺമെന്റ്
ഇ - റുപ്പി എന്ന നൂതന ഡിജിറ്റൽ സംവിധാനം ആരംഭിച്ചു.

ഇ -റുപ്പി വഴി കേന്ദ്രസർക്കാർ ഇന്ത്യയിൽ ഒരു ഇലക്ട്രോണിക് വൗച്ചർ സംവിധാനം കൊണ്ടുവരാനാണ് ശ്രമിച്ചത്. ഗുണഭോക്താക്കൾക്ക് സർക്കാർ നൽകുന്ന പണം ഇടനിലക്കാരില്ലാതെ നേരിട്ട് ലഭിക്കും. ഇ - റുപ്പിയുടെ സേവനദാതാക്കളുമായി ഗുണഭോക്താക്കൾക്ക് നേരിട്ട് ഇടപാട് നടത്താൻ സാധിക്കും. ഇത് പൂർണമായും പ്രി പെയ്ഡ് വൗച്ചറുകളായതിനാൽ ഉപഭോക്താക്കൾക്ക് കാർഡുകൾ, നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് തുടങ്ങിയ സേവനങ്ങൾ ഉപയോഗിക്കേണ്ടതില്ല.
സർക്കാർ ക്ഷേമപദ്ധതികളുടെ വിതരണത്തിന് ഇത് ഗുണകരമായി മാറും.
സ്വകാര്യ മേഖലകൾക്കും തങ്ങളുടെ ജീവനക്കാരുടെ ക്ഷേമത്തിനായുള്ള വിവിധ
പദ്ധതികൾക്കും ഇ - റുപ്പി സംവിധാനം പ്രയോജനപ്പെടുത്താം. പണരഹിതവും സമ്പർക്കരഹിതവുമായ ഇടപാട് രീതി എളുപ്പവും സുരക്ഷിതവും അതിനൊപ്പം ഗുണഭോക്താക്കളുടെ വിവരങ്ങൾ പൂർണമായി രഹസ്യമായി സൂക്ഷിക്കുകയും
ചെയ്യുന്നു. ഒരു പ്രത്യേക ഉദ്ദേശ്യത്തിന് സർക്കാരുകൾക്കോ മറ്റു സംഘടനകൾക്കോ എസ്.എം.എസ് മുഖേന അല്ലെങ്കിൽ ക്യൂ ആർ കോഡ് വഴിയോ ഗുണഭോക്താക്കൾക്ക് നേരിട്ട് പണം കൈമാറ്റം നടത്താം.

പ്രയോജനങ്ങൾ

സർക്കാരുകൾ നൽകുന്ന ഇ - റുപ്പി വൗച്ചറുകൾ പ്രത്യേക ആവശ്യത്തിനു
മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. ഈ സേവനം എസ്.എം.എസ് മുഖേനയോ ക്യു ആർ കോഡ് വഴിയോ ആണ് മൊബൈലിൽ ലഭിക്കുക. പ്രസ്തുത സേവനം ലഭിക്കുന്ന സ്ഥലത്തെത്തി ലഭ്യമായ വൗച്ചർ സ്‌കാൻ ചെയ്യുകയും ഉപഭോക്താവിന്റെ മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി നൽകുമ്പോൾ തുല്യമായ പണം സേവനദാതാവിന് കൈമാറുകയും ചെയ്യും. ഉദാഹരണത്തിന്
കർഷകർക്ക് സർക്കാരിന്റെ രാസവളം സബ് സിഡിയാണ് ലഭിക്കുന്നതെങ്കിൽ വളം ഡിപ്പോയിലെത്തി, ലഭിച്ച ഇ - റുപ്പി വൗച്ചർ സ്‌കാൻ ചെയ്‌ത് ലഭിക്കുന്ന ഒ.ടി.പി നൽകിയാൽ കറൻസി രഹിത പണമിടപാട് നടക്കുകയും രാസവളം ലഭിക്കുകയും ചെയ്യുന്നു. സർക്കാർ അനുവദിക്കുന്ന പണം പ്രസ്തുത ആവശ്യത്തിന് തന്നെ ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കാൻ സർക്കാരുകൾക്ക് സാധിക്കുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറാ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ആക്‌സിസ് ബാങ്ക് , എച്ച് .ഡി. എഫ് .സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കോട്ടക് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയാണ് ഇ - റുപ്പി സേവനം നൽകുന്നത്. ഈ ബാങ്കുകളിലെതെങ്കിലുമൊന്നിനെ സമീപിച്ചാൽ വൗച്ചറുകൾ ഇഷ്യൂ ചെയ്യും. തുടർന്ന് ലഭിക്കുന്ന വൗച്ചറുകൾ ഗുണഭോക്താക്കളുടെ മൊബൈൽ ഫോണിലേക്ക് എസ്.എം.എസ് ആയോ ക്യൂ ആർ കോഡായോ ലഭിക്കും. ആരോഗ്യ സംരക്ഷണ പദ്ധതികളുടെ ഗുണഭോക്താക്കൾക്കാണ് തുടക്കത്തിൽ ഇ - റുപ്പി സേവനം ലഭിക്കുന്നത്. പിന്നീട് സൗജന്യ ഭക്ഷണ സഹായം, മരുന്നുകളുടെയും പോഷകാഹാരങ്ങളുടെയും വിതരണം, മാതൃശിശു ആനുകൂല്യ പദ്ധതി,
വയോജനങ്ങളുടെ ചികിത്സാ സഹായം, രാസവളം സബ്‌സിഡി, മറ്റ് ക്ഷേമാധിഷ്ഠിത
പദ്ധതികൾ എന്നിവയ്ക്കും ഇ - റുപ്പി ഉപയോഗിക്കാൻ സർക്കാരുകൾക്ക് സാധിക്കും. സർക്കാരുകൾക്ക് പുറമേ മറ്റു സംഘടനകൾക്കും ചികിത്സ, വിദ്യാഭ്യാസം, മറ്റ് പ്രവർത്തനങ്ങൾക്കും ഇത് ഉപയോഗിക്കാം.

കേന്ദ്രസർക്കാരിന്റെ ജൻധൻ അക്കൗണ്ട്, ആധാർ, മൊബൈൽ എന്നിവയിലൂടെ ഗുണഭോക്താക്കൾക്ക് നേരിട്ട് പണം അയയ്‌ക്കുന്നതിലൂടെ വ്യാജ ഗുണഭോക്താക്കളെ തിരിച്ചറിയാനും സർക്കാരിന്റെ ക്ഷേമപദ്ധതികളിലെ ചോർച്ച തടയാനും ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ സമ്പൂർണ ഡിജിറ്റലൈസേഷൻ പ്രക്രിയ പുരോഗമിക്കുമ്പോഴും ഡിജിറ്റൽ ഡിവൈഡ് പോലുള്ള വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് ഇ - റുപ്പി പോലുള്ള പണരഹിത സമ്പർക്കരഹിതമായ ഡിജിറ്റൽ ഇടപാടുകൾ ഭാവി ഇന്ത്യൻ ജനതയുടെ ക്ഷേമത്തിന് ഗുണകരമാകുമെന്ന് പ്രത്യാശിക്കാം.

(ഡോ. കെ. പി വിപിൻ ചന്ദ്രൻ കണ്ണൂർ കൃഷ്‌ണമേനോൻ സ്മാരക ഗവൺമെന്റ് വനിത കോളേജിലെയും ഡോ. ആർ. സന്തോഷ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെയും സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർമാരാണ്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: E-RUPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY