
കണ്ണൂരിലെ പയ്യാമ്പലവും കൊച്ചിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഒരേ കടൽ തന്നെയാണ് ഈ തീരങ്ങളെ ബന്ധപ്പെടുത്തുന്നതെന്നാണ് ഉത്തരം. പയ്യാമ്പലത്ത് ആഴിയും യാനങ്ങളും കണ്ടു വളർന്ന എം.കെ. രഞ്ജിത്തിനെ 1980കളുടെ ആദ്യം കൊച്ചി തുറമുഖത്തെത്തിച്ചത് പക്ഷേ, ഈ കടൽ ബന്ധമൊന്നുമായിരുന്നില്ല. മറിച്ച്, വീട്ടിലെ സ്വന്തം കാലിൽ നിൽക്കാനുള്ള തൊഴിലന്വേഷണങ്ങളാണ്. ബിരുദത്തിനുശേഷം എത്തിച്ചേർന്നത് ഒരു ഷിപ്പിംഗ് കമ്പനിയിലെ ഡോക്യുമെന്റേഷൻ ക്ലാർക്കിന്റെ കസേരയിലാണ്.'അമേരിക്കൻ പ്രസിഡന്റ് ലൈൻ" എന്ന പ്രശസ്തമായ ഷിപ്പിംഗ് കമ്പനിയാണ് ജോലി നൽകിയത്. രഞ്ജിത്തിന്റെ തലവര മാറ്റി വരച്ചത് ആദ്യ കമ്പനിയിൽ തുടർന്ന് ലഭിച്ച അനുഭവ പരിചയമാണ്. കൊച്ചിയിലെ വെസ്റ്റ് ഷിപ്പ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമാണ് ഇന്ന് എം.കെ. രഞ്ജിത്ത്. ഗുമസ്തനിൽ നിന്ന് എം.ഡിയുടെ പദവിയിലേക്കെത്തിയ നാല് പതിറ്റാണ്ടുകൾ അദ്ദേഹത്തിന് കഠിനാദ്ധ്വാനത്തിന്റേതായിരുന്നു. സംഭവബഹുലമായ വിജയവീഥി.
കൊച്ചി തുറമുഖത്തെ കണ്ടെയ്നർ കയറ്റിറക്കുമതി ഏറെക്കുറെ തൊഴിലാളി യൂണിയനുകളുടെ നിയന്ത്രണത്തിലായിരുന്ന കാലഘട്ടത്തിലാണ് രഞ്ജിത്ത് ഈ മേഖലയിലേക്ക് കടന്നുവന്നത്. ഇലയ്ക്കും മുള്ളിനും കേടില്ലാത്തവിധം തന്റെ കമ്പനിയുടെ ബിസിനസ് വർദ്ധിപ്പിക്കാൻ അദ്ദേഹം ചാതുര്യം കാട്ടി. ക്രമേണ ഷിപ്പിംഗ് ലോജിസ്റ്റിക്സിന്റെ എല്ലാ വശങ്ങളും പഠിച്ചും നിരീക്ഷിച്ചും വിവിധ രാജ്യങ്ങൾ സന്ദർശിച്ചുമെല്ലാം നൈപുണ്യം നേടുകയും ചെയ്തു. ഈ കാലഘട്ടത്തിലാണ് റെഫ്രിജറേറ്റഡ് കണ്ടെയ്നറുകൾ വ്യാപകമായി തുടങ്ങിയത്. സീഫുഡ് അടക്കമുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ ശീതികരിച്ച് കപ്പലിൽ കയറ്റാവുന്ന ഈ സംവിധാനം കയറ്റിറക്കുമതിയിലെ ഒരു വിപ്ലവം തന്നെയായിരുന്നു. ക്രമേണ കമ്പനികൾക്ക് ഏറ്റവും വരുമാനം നൽകുന്ന പായ്ക്കിംഗ് രീതിയുമായി. അതിന് മുമ്പ് ബ്രേക് ബൾക്ക് കാർഗോ ലോഡിംഗ് രീതിയായിരുന്നു. ചരക്കുകൾ വലിയ വലയിലാക്കി കപ്പലുകളുടെ അറകളിൽ നിറയ്ക്കുന്ന രീതി. പല തുറമുഖങ്ങളിലും കയറ്റിറക്ക് കൂലി നൽകി ഇത് പകർത്തിക്കയറ്റണമെന്ന പ്രശ്നമുണ്ടായിരുന്നു. കാർഗോയുടെ ഗുണനിലവാരം കുറയാനുള്ള സാദ്ധ്യതയുമുണ്ടായിരുന്നു. റഫ്രിജറേറ്റഡ് കണ്ടെയ്നറുകൾ വ്യാപകമായതോടെ ഇത്തരം പ്രശ്നങ്ങൾക്കെല്ലാം മാറ്റം വന്നു. ഇങ്ങനെ പല കാലഘട്ടങ്ങളും കടന്ന് രഞ്ജിത്ത് അമേരിക്കൻ പ്രസിഡന്റ് ലൈൻ ഷിപ്പിംഗ് കമ്പനിയുടെ പ്രധാന സ്ഥാനങ്ങളിലെത്തി. 1983 മുതൽ 1997വരെ അവിടെ പ്രവർത്തിച്ചു. ഇതിനിടെ കാക്കനാട് വീട് പണിത് താമസമാക്കാനുമായി.
സ്വപ്നങ്ങളുടെ കടലാഴം
അനുഭവ പരിചയം കൈമുതലായതോടെ ഒരു ചെറിയ കമ്പനി സ്വന്തമായി ആരംഭിക്കണമെന്ന ആഗ്രഹം രഞ്ജിത്തിനുള്ളിൽ വളർന്നു. ബിസിനസിൽ കൂടുതൽ സംതൃപ്തിയും സ്വാതന്ത്ര്യവും വേണമെന്ന ആഗ്രഹമുണ്ടായി. പ്രസിഡന്റ് ലൈൻ കമ്പനിയിൽ നിന്ന് പടിയിറങ്ങി, ഇതിനായുള്ള ശ്രമങ്ങൾ തുടങ്ങി. അതിനിടെയാണ് ചെന്നൈയിലെ വെസ്റ്റ്കോസ്റ്റ് ഷിപ്പിംഗ് ഏജൻസി ബന്ധപ്പെട്ടത്. ചൈനയിലെ കോസ്കോ എന്ന മൾട്ടിനാഷണൽ കമ്പനിയുടെ പ്രതിനിധികളായിരുന്ന അവർക്ക് ബിസിനസ് മങ്ങിയ അവസരമായിരുന്നു. നിരന്തരമായ യാത്രകൾക്കിടെ ചൈനയുടെ വ്യാപാര രീതികൾ മനസിലാക്കാൻ രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട്. അവിടെയെല്ലാം പരിചയക്കാരുമുണ്ടായിരുന്നു. അതിനാൽ തങ്ങൾക്കൊപ്പം നിൽക്കണമെന്ന ആവശ്യമാണ് മദ്രാസിലെ കമ്പനി ഉന്നയിച്ചത്. അതിന് തയാറായ രഞ്ജിത് ദൗത്യം ഏറ്റെടുത്തു. കോസ്കോ കമ്പനിയുടെ ചൈനയിലേയും ദുബായിലേയും ഓഫീസുകളിലെത്തി പ്രോജക്ടുകൾ സമർപ്പിച്ചു. ബിസിനസ് വർദ്ധിപ്പിച്ച് എട്ടുമാസത്തിനകം ചെന്നൈയിലെ ഏജൻസിയുടെ കടം വീട്ടാനുമായി. ഇതോടെ രഞ്ജിത്തിനെ സി.ഇ.ഒവരെയാക്കി. പിന്നീട് ചൈനീസ് കമ്പനി ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചപ്പോൾ ദക്ഷിണേന്ത്യയിലെ ജനറൽ മാനേജരാകാൻ ഓഫറുണ്ടായി. എന്നാൽ സ്വന്തം കമ്പനിയെന്ന ആഗ്രഹം കലശലായതിനാൽ അവിടം വിട്ടു.
എന്നാൽ മുന്നോട്ടുള്ള പാത ചോദ്യചിഹ്നമായി നിന്നു. പ്രോജക്ട് പ്രൊപ്പോസലുമായി പല യാത്രകളും കൂടിക്കാഴ്ചകളും നടത്തി. പ്രമുഖ ഷിപ്പിംഗ് കമ്പനികളുടെ പ്രതനിധികളെ കണ്ടു. എന്നാൽ ആദ്യം ഒന്നും ശരിയായില്ല. പിന്നീട് ദുബായിലെ ആർക് ഷിപ്പിംഗ് ഗ്രൂപ്പിന് രഞ്ജിത്തിന്റെ പ്രോജക്ടുകൾ ബോദ്ധ്യപ്പെട്ടു. കൊച്ചിയിൽ അവരുടെ ഏജൻസിയാകാൻ ക്ഷണം ലഭിച്ചു. റഫ്രിജറേറ്റഡ് കണ്ടെയ്നർ ട്രാഫിക്കിലെ വമ്പന്മാരായ കമ്പനിക്ക് ഗൾഫിൽ 50% മാർക്കറ്റ് ഷെയറുണ്ട്. അങ്ങനെയാണ് കൊച്ചി മരട് ആസ്ഥാനമാക്കി വെസ്റ്റ്ഷിപ്പ് ലോജിസ്റ്റിക്സ് എന്ന സ്വന്തം സ്ഥാപനം തുടങ്ങിയത്. പണമിടപാടുകളും നികുതിയടവിലും കൃത്യത പാലിക്കുകയെന്നതാണ് രഞ്ജിത്തിന്റെ മുഖമുദ്ര. ഇന്ന് തൂത്തുക്കുടി, വിശാഖപട്ടണം, ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിലും വെസ്റ്റ് ഷിപ്പിന് ശാഖകളുണ്ട്. കസ്റ്റമർ സാറ്റിസ്ഫാക്ഷൻ, ഓൺടൈം ഡെലിവറി എന്നീ കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നതാണ് വിജയം.
പോർട്ട് അതോറിറ്റിയുടെ കുത്തകയായിരുന്ന തുറമുഖ ചരക്കുഗതാഗതത്തിൽ നിന്ന് വല്ലാർപാടം കണ്ടെയ്നർ ടെർമിനലും വിഴിഞ്ഞം ആഴക്കടൽ തുറമുഖവും കേരളത്തിലുണ്ടാക്കിയ മാറ്റങ്ങളുടെ നേർസാക്ഷി കൂടിയാണ് രഞ്ജിത്.
അറേബ്യൻ ഗൾഫ്, ഇന്ത്യൻ ഉപഭൂഖണ്ഡം, സൗത്ത് ഈസ്റ്റ്-ഫാർ ഈസ്റ്റ് ഏഷ്യ എന്നീ മേഖലകളിൽ സമഗ്രമായ ഷിപ്പിംഗ് സേവനങ്ങളാണ് വെസ്റ്റ്ഷിപ്പ് ഇന്ന് നൽകുന്നത്. ലോകത്തിലെ ആറാമത്തെ വലിയ കണ്ടെയ്നർ ഷിപ്പിംഗ് ലൈനായ വൺ ലൈനിന്റെ (ജപ്പാൻ)കോയമ്പത്തൂരും അനുബന്ധ പ്രദേശങ്ങളിലും ഏജന്റായും വെസ്റ്റ്ഷിപ്പ് പ്രവർത്തിക്കുന്നു. വിശ്വാസ്യതയിലും, സമയനിഷ്ഠയിലും ഊന്നൽ നൽകി, ഷെഡ്യൂൾ ചെയ്തതുപോലെ സുഗമമായ ചരക്ക് നീക്കം ഉറപ്പാക്കുന്നതിന് വിപുലമായ ട്രാക്കിംഗ് സംവിധാനങ്ങളും സ്ഥാപനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഇത്തരം സുതാര്യത വെസ്റ്റ്ഷിപ്പ് ലോജിസ്റ്റിക്സിന് രാജ്യാന്തര വിപണിയിൽ വലിയ വിശ്വാസ്യത സമ്മാനിച്ചു. നല്ല മുന്നേറ്റവുമുണ്ടായി.
സ്പെഷ്യൽ എക്യുപ്മെന്റ്സ്, ഡ്രൈ-റഫ്രിജറേറ്റഡ് കാർഗോ, ടാങ്ക് കണ്ടെയ്നേഴ്സ് എന്നിവയുൾപ്പടെ വിവിധ തരം കാർഗോകളുടെ കൈകാര്യത്തിൽ മുൻപന്തിയിലാണ് വെസ്റ്റ്ഷിപ്പ് ലോജിസ്റ്റിക്സ്. കടൽ, വായു, കര എന്നീ ഗതാഗത രീതികളെല്ലാം സ്ഥാപനം ഉത്തരവാദിത്വത്തോടെ നിർവഹിച്ചു. സങ്കീർണ്ണമായ കയറ്റുമതിയിനങ്ങൾ ഇറക്കുമതി ചെയ്യുന്നതിലും വെസ്റ്റ്ഷിപ്പ് മുൻപന്തിയിലാണ്. ചരക്കുകളുടെ ഗുണനിലവാരവും പരിശുദ്ധിയും നിലനിറുത്തുകയും ചെയ്യുന്നു.
ഇന്ന് അനേകം ഇന്റർനാഷണൽ ഷിപ്പിംഗ് ലൈനുകളുടെ ഏജൻസി വെസ്റ്റ്ഷിപ്പ് ലോജിസ്റ്റിക്സിനുണ്ട്. റെയിൽവെയു ടെ കണ്ടെയ്നർ ഡിവിഷനായ Container Corporation of India (CONCOR)യുടെ ഇന്റർനാഷണൽ മാർക്കറ്റിംഗ് ഏജന്റുമാണ് വെസ്റ്റ്ഷിപ്പ് ലോജിസ്റ്റിക്സ്. ഇതിന് പുറമെ ഫ്രൈറ്റ് ഫോർവേർഡിംഗ് ആന്റ് ഇന്റർനാഷണൽ ലോജിസ്റ്റിക്സിന്റെ മറ്റൊരു ഡിവിഷനും വെസ്റ്റ്ഷിപ്പിനുണ്ട്. അതിലൂടെ ഇന്ത്യയിലെ പ്രശസ്തമായ ചില സീഫുഡ്, കോട്ടൺ ടെക്സ്റ്റൈൽ സ്ഥാപനങ്ങളുടെ എക്സ്ക്ലൂസീവ് ലോജിസ്റ്റിക്സ് ഏജന്റുമാണ്. ദേശീയവും രാജ്യാന്തര ഷിപ്പിംഗ് കമ്പനികളുമായി ദീർഘകാല ബന്ധം വളർത്തിയെടുക്കാനും സ്ഥാപനത്തിന് സാധിച്ചു.
വെസ്റ്റ്ഷിപ്പ് ലോജിസ്റ്റിക്സ് ഒരു തൊഴിലാളി സൗഹൃദ സ്ഥാപനമാണെന്നും, അതിനെ വളർത്തിയതിൽ തന്റെ ജീ വനക്കാരുടെ പങ്ക് വളരെ വലുതാണെന്നും രഞ്ജിത് പറയുന്നു. ജനറൽ മാനേജർമാരായ പി.എ. അസറുദ്ദീൻ, നിഖിൽ പ്രദീപ്, ബേർണി പോൾ, അക്കൗണ്ട്സ് മാനേജരായ പി.എൻ. രമേഷ്, ഡോക്യുമെന്റേഷൻ മാനേജ രായ ലെവിൻ ഡിക്രൂസ് എന്നിവർ കഴിഞ്ഞ 15-20 വർഷത്തിലേറെയായി നടത്തുന്ന നിസ്വാർത്ഥമായ സേവന മാണ് ഈ സ്ഥാപനത്തിന്റെ വളർച്ച ക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
യാത്രകളുടെ ഉപാസകൻ
അപൂർവ ദേശങ്ങളിലേക്കുള്ള യാത്രകളാണ് എം.കെ. രഞ്ജിത്തിന്റെ പ്രധാന ഹോബി. റോട്ടറി ഭാരവാഹിയെന്ന നിലയിൽ ജീവകാരുണ്യപ്രവർത്തനങ്ങൾക്കും മുൻപന്തിയിലുണ്ട്.സംരംഭകൻ എന്ന നിലയിൽ ജയപരാജയങ്ങളെ അതിജീവിക്കാൻ അനുഭവപരിചയം അദ്ദേഹത്തെ സഹായിക്കുന്നു.
'A smooth sea never made a skilled sailor' എന്നതാണ് രഞ്ജിത്തിന്റെ ആപ്ത വാക്യം. സ്വന്തം കഴിവിൽ വിശ്വാസവുമുണ്ടെങ്കിൽ ഏത് പരാജയത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. പ്രതിസന്ധി ഘട്ടങ്ങൾ പുതുവഴി കാട്ടിത്തരുമെന്നതാണ് രഞ്ജിത് തന്റെ ജീവിതം കൊണ്ട് തിരിച്ചറിഞ്ഞിട്ടുള്ളത്.സംരംഭകനെന്നതിലുപരി ഒരു സഞ്ചാരിയുമാണ് രഞ്ജിത്. അന്റാർട്ടി ക്കയിലടക്കം ഭൂമിയിലെ 7 ഭൂഖണ്ഡ ങ്ങളിലും സഞ്ചരിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഗ്രീൻലാന്റിൽ നിന്നും ആർട്ടിക് സർക്കിൾ കടന്ന് മുകളിലേ യ്ക്ക് 450 കിലോമീറ്റർ ദൂരം മഞ്ഞുമലകൾക്കിടയിലൂടെ ബോട്ട് യാത്ര നട ത്തിയിട്ടുമുണ്ട്. ഗംഗോത്രി മുതൽ ഗംഗയുടെ ഉദ്ഭവ സ്ഥാനമായ ഗോമുഖ് വരെ (13200 അടി ഉയരത്തിൽ) 3 ദിവസം നീളുന്ന കഠിനമായ ഹിമാലയൻ ട്ര ക്കിംഗും നടത്തിയിട്ടുണ്ട്. കൂടാതെ ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ മൗണ്ട് എവറെസ്റ്റിന്റെ നേപ്പാൾ ബെയ്സ് ക്യാമ്പിലേക്കും, ടിബറ്റൻ (ചൈനീസ്) ബെയ്സ് ക്യാമ്പിലേക്കും യാത്ര നടത്തിയിട്ടുണ്ട്. ഇന്തോനേഷ്യയിലെ സജീവ അഗ്നി പർവ്വതമായ മൗണ്ട് ബ്രൊമൊ (Bromo), മൗണ്ട് ഐജിൻ (Mount Ijen) എന്നിവിടങ്ങളിലേയ്ക്കും ട്രക്കിംഗ് നടത്തിയിട്ടുണ്ട്. പുരാതന പാമീർ സിൽക്ക് റൂട്ടിലൂടെ സഞ്ചരിച്ചിട്ടുണ്ട്. തജിക്കിസ്ഥാൻ -അഫ്ഗാനിസ്ഥാൻ അതിർത്തിയിലൂടെ ഹിന്ദുകുഷ്, കാരക്കോറം, പാമീർ മൗണ്ടൻ എന്നിവിടങ്ങൾ സഞ്ചരിച്ചിട്ടുമുണ്ട്.
സാമൂഹിക സേവനത്തിലും മു ൻപന്തിയിലാണ് രഞ്ജിത്. റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ വെസ്റ്റിന്റെ മുൻ പ്രസിഡന്റും, ബോധനന്ദശ്രുതി സേവ ട്രസ്റ്റിന്റെ വൈസ് പ്രസിഡന്റുമാണ്.പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള തൃക്കാക്കര നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി(എൻ.പി.ഒ.എൽ)യിലെ റിട്ട. ശാസ്ത്രജ്ഞ ലസിതയാണ് ഭാര്യ. മക്കൾ ഗൗതം(അനിമേഷൻ കമ്പനി, മുംബൈ), അർജുൻ(ബിസിനസ്). മറൈൻ ലൂബ്രിക്കന്റ് ഡിവിഷന്റെയും, വെസ്റ്റ്ഷിപ്പ് ലോജിസ്റ്റിക്സിന്റെ മാർക്കറ്റ് ഡെവലപ്മെന്റ് വിഭാഗത്തിന്റെയും ചുക്കാൻ പിടിക്കുന്നത് ഇളയ മകൻ അർജുനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |