
പേരു പോലെ ജീവിത്തിലും പ്രതാപം കാത്തു സൂക്ഷിച്ചിട്ടുണ്ട് പ്രതാപ് സിംഗ്. അദ്ധ്യാപകൻ, ഗാനരചയിതാവ്, സാഹിത്യകാരൻ എന്നിങ്ങനെ അദ്ദേഹം നൽകിയത് വിലമതിക്കാനാവാത്ത സംഭാവനകൾ. 77ാം വയസിൽ ആദ്യത്തെ സാഹിത്യരചന ആരംഭിച്ച് 90ലെത്തിയപ്പോഴേയ്ക്കും അഞ്ച് നോവലുകളടക്കം 15 കൃതികൾ പൂർത്തിയാക്കി. എന്നാൽ ഒരു സാഹിത്യകാരന്റെ യഥാർത്ഥ പ്രശസ്തി മലയാള ചലച്ചിത്ര സംഗീത സംവിധാനരംഗത്താണ് എന്നറിയുമ്പോൾ പലരും അത്ഭുതപ്പെട്ടേക്കാം. ഇരിങ്ങാലക്കുടയിൽ സ്ഥിരതാമസമാക്കിയ പ്രതാപ് സിംഗ് എന്ന പ്രതാപശാലിയായ പ്രതിഭ.
സംഗീതത്തോടുള്ള ഇഷ്ടം
കുട്ടിക്കാലം മുതൽ സംഗീതത്തെ ഇഷ്ടപ്പെട്ട പ്രതാപ് ഹിറ്റ് പാട്ടുകളുള്ള സിനിമ റിലീസ് ചെയ്താൽ ഒരേ സിനിമ തന്നെ പലതവണ കാണുമായിരുന്നു. സംഗീതത്തിൽ ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ലെങ്കിലും സംഗീതാദ്ധ്യാപികയായിരുന്ന അമ്മയിലൂടെ ലഭിച്ച അഭിരുചിയായിരുന്നു പ്രചോദനം. മലയാളത്തിലെ എക്കാലത്തെയും മികച്ച ഭാവഗീതികളിൽ ഒന്നായ 'കുളികഴിഞ്ഞ് കോടി മാറ്റിയ ശിശിരകാല ചന്ദ്രികേ' എന്ന എസ്.ജാനകി പാടിയ ഗാനവും 'മുത്ത്' എന്ന ചിത്രത്തിൽ രാധ പി.വിശ്വനാഥ് പാടിയ 'വിമൂകശോക സ്മൃതികളുണർത്തി വീണ്ടും പൗർണമി വന്നു ' എന്ന മനോഹര ഗാനവും അദ്ദേഹത്തിന് നേടിക്കൊടുത്തിട്ടുള്ള ഖ്യാതി അത്രമാത്രം വലുതാണ്. ആകാശവാണി ശ്രോതാക്കളുടെയും ടെലിവിഷൻ പ്രേക്ഷകരുടെയും ഇടയിൽ ഈ ഗാനങ്ങൾക്ക് ഇന്നും ഒട്ടേറെ ആരാധകരുണ്ട്.
പേരിലെ പുതുമ
1935ൽ കോന്നൻമാസ്റ്ററുടെയും കാർത്ത്യായിനി ടീച്ചറുടേയും മകനായി നാല് സഹോദരന്മാരുടെയും രണ്ട് സഹോദരിമാരുടെയും ഇടയിൽ അഞ്ചാമനായാണ് വൈപ്പിൻ ചെറായിയിൽ പ്രതാപിന്റെ ജനനം. എപ്പോഴും ചർച്ചയായത് അദ്ദേഹത്തിന്റെ വ്യത്യസ്തമായ പേര് തന്നെയായിരുന്നു. പലരും ധരിച്ചത് അദ്ദേഹം ഉത്തരേന്ത്യക്കാരനാണെന്നാണ്. ''എന്റെ കുട്ടിക്കാലത്തൊക്കെ വടക്കേ ഇന്ത്യയിൽ നിന്ന് നാടോടികളായ ലാടവൈദ്യന്മാർ ഇടക്കിടെ വരുമായിരുന്നു. അങ്ങനെ പതിവായി വരാറുള്ള ലാടവൈദ്യൻ ഒരിക്കൽ വപ്പോൾ അമ്മ പ്രസവിച്ചിട്ട് അധിക ദിവസം കഴിഞ്ഞിരുന്നില്ല. കുട്ടിക്ക് പേരിട്ടോ എന്ന ചോദ്യത്തിന് ഇല്ലെന്ന് അച്ഛൻ മറുപടി നല്കി. എങ്കിൽ ഞാനൊരു പേര് നിർദേശിക്കാം എന്നുപറഞ്ഞ് അദ്ദേഹം നിർദ്ദേശിച്ച പേരാണ് പ്രതാപസിംഹൻ. മേവാറിലെ രാജാവായിരുന്ന ധീരശൂര പരാക്രമിയുടെ പേര് അച്ഛനുമമ്മയ്ക്കും ഏറെ ബോദ്ധ്യമായി. പിന്നീട് സ്‌കൂളിൽ ചേർത്തപ്പോൾ അല്പം പരിഷ്‌കരിച്ച് പ്രതാപ് സിംഗ് എന്നാക്കി എന്നു മാത്രം'' തന്റെ പേരിന്റെ വരവിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു.
കെടാമംഗലം സദാനന്ദന്റെ ബന്ധുവായ, ഗവ.സ്‌കൂൾ ടീച്ചറായിരുന്ന തങ്കമണിയാണ് ഭാര്യ. ഒരാണും രണ്ട് പെണ്ണുമടക്കം മൂന്നുമക്കളും വിവാഹിതരാണ്. ജീവിതത്തിലുടനീളം നല്ലൊരു വായനക്കാരനും ഹാസ്യപ്രിയനുമായിരുന്ന പ്രതാപ് സിംഗിന് സാഹിത്യരംഗത്തെ ആദ്യരചനക്ക് താങ്ങായത് എഴുത്തുകാരൻ അശോകൻ ചരുവിലിന്റെ പ്രോത്സാഹനമാണ്.
തിളങ്ങിയ കർമ് മേഖലകൾ
രണ്ടുവർഷക്കാലം പ്രൈമറി സ്‌കൂൾ അദ്ധ്യാപകനായാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. അതിനുശേഷം മുപ്പതുവർഷം പബ്ലിക് ഹെൽത്ത് എൻജിനീയറിംഗ് ഡിപ്പാർട്ട്‌മെന്റിൽ ഡ്രാഫ്റ്റ്സ്മാനായി. വിരമിച്ചിട്ട് ഇപ്പോൾ മുപ്പത്തിയാറ് വർഷങ്ങൾ കഴിഞ്ഞു. അവാർഡുകളുടേയും അംഗീകാരങ്ങളുടേയും പുറകെ പോകുകയോ അവ ആഗ്രഹിക്കുകയോ , അവസരങ്ങൾക്കായി കാലു പിടിക്കുകയോ ശുപാർശ ചെയ്യിക്കുകയോ ചെയ്യാത്ത അദ്ദേഹത്തിന് തൃശൂർ ലിറ്റററി ഫോറത്തിന്റെ സമഗ്രസംഭാവനയ്ക്കുള്ള അവാർഡും കേരള സംഗീതനാടക അക്കാഡമിയുടെ അവാർഡും ലഭിച്ചിട്ടുണ്ട്. അങ്കമാലി പൗർണ്ണമി തിയറ്റേഴ്സിന്റെ തടാകം എന്ന നാടകത്തിന് നല്ല സംഗീതത്തിനുള്ള സ്റ്റേറ്റ് അവാർഡും ലഭിച്ചിരുന്നു. സർക്കാർ ജോലിയിലായിരുന്നതിനാൽ പ്രദീപ് സിംഗ് എന്ന തന്റെ മകന്റെ പേരിലായിരുന്നു അദ്ദേഹം സംഗീത സംവിധാനം ചെയ്തത്. അദ്ദേഹത്തിന് പ്രശസ്തനാവണമെന്ന ആഗ്രഹം ഇപ്പോഴുമില്ല. അജ്ഞാതനായിരിക്കുന്നതിൽ അദ്ദേഹം സന്തോഷം കണ്ടെത്തുന്നു.
സംഗീതത്തിലെ കൈയ്യൊപ്പുകൾ
സാഹചര്യങ്ങളാണ് തന്നെ സംഗീത സംവിധായകനാക്കിയത് എന്ന് അദ്ദേഹം കരുതുന്നു. 1960ആലുവയിൽ ക്വാർട്ടേഴ്സിനടുത്തുള്ള വർക്ക്‌ഷോപ്പിന്റെ മുതലാളിയുടെ മകനായ തമ്പിയെ പരിചയപ്പെട്ടതും തുടർന്നുള്ള വർഷങ്ങളിൽ തമ്പിക്കുവേണ്ടി ഗാനമേളകളിൽ ഹാർമോണിയം വായിക്കാറുള്ളതും നാടക സംഗീതസംവിധാനം ചെയ്യാറുള്ളതും തമ്പിയുടെ അച്ഛൻ വഴി സംവിധായകനായ എൻ.എൻ.പിഷാരടിയുമായി അടുത്തതുമെല്ലാം സാഹചര്യങ്ങൾ മാത്രം. പിന്നീട് തമ്പിയോടും പിഷാരടിയോടുമൊപ്പം മദ്രാസിൽ പോയതും പാട്ടെഴുതുന്നതിനായി ഭാസ്‌കരൻ മാഷ് എത്താൻ നാലുദിവസം വൈകിയതിനാൽ പാട്ടെഴുതും മുമ്പ് ട്യൂൺ ഇട്ടു നോക്കിയതും ഭാസ്‌ക്കരൻ മാഷിന് ഇഷ്ടപ്പെട്ടതുമെല്ലാം അദ്ദേഹത്തെ സംവിധായകനാക്കി.
1967ൽ പുറത്തിറങ്ങിയ മുൾക്കിരീടം എന്ന ചിത്രത്തിന് നാല് ഗാനങ്ങൾ ട്യൂൺ കൊടുത്താണ്. 'കുളി കഴിഞ്ഞ് കോടി മാറ്റിയ' എന്ന ആദ്യഗാനം ആലപിച്ച എസ്.ജാനകി പാട്ടിന്റെ ട്രാക്ക് കേട്ട് പറഞ്ഞത് ഇങ്ങനെയായിരുന്നു, ''ഇതു മുഴുക്ക മെലഡിയാക ഇരുക്കിറത്'' ഈ പാട്ടിനെപ്പറ്റി കേട്ടറിഞ്ഞ് അന്നത്തെ പ്രസിദ്ധ പാട്ടുകാരൻ പി.ബി ശ്രീനിവാസ് മദ്രാസിലെ സ്റ്റുഡിയോയിൽ കാണാനായി എത്തിയതും വലിയ ഭാഗ്യമായി പ്രതാപ്സിംഗ് കാണുന്നു. 1976ൽ എൻ.എൻ.പിഷാരടിയുടെ മുത്ത് മറ്റൊരു സിനിമയ്ക്കും സംഗീത സംവിധാനം നിർവഹിച്ചു. ഇത് മലയാളത്തിൽ ആദ്യമായി സ്റ്റുഡിയോയ്ക്ക് പുറത്താണ് സോംഗ് റെക്കോഡിംഗ് നടത്തിയത്.
അമ്പത്തൊമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ 'കുളി കഴിഞ്ഞ്'എന്ന ഗാനവും അമ്പതുവർഷം പൂർത്തിയാക്കിയ 'വിമൂകശോക സ്മൃതികളുണർത്തി' എന്ന ഗാനവും ശ്രോതാക്കളെ ഇന്നും വികാരഭരിതരാക്കുമ്പോൾ ആ ഈണത്തിന്റെ സൃഷ്ടാവാകട്ടെ, അറിയപ്പെടാനാഗ്രഹിക്കാതെ ഒരു ഉത്തരേന്ത്യക്കാരന്റെ പേരിന്റെ മറവിൽ ഇരിങ്ങാലക്കുടയിലെ'ശ്രീരാഗ'ത്തിലിരുന്ന് നവതിയിലും നിഗൂഢമായി മന്ദഹസിക്കുന്നു!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |