SignIn
Kerala Kaumudi Online
Monday, 28 September 2026 9.02 AM IST

ഝൽക്കാരി ബായ്

ss

1857ലെ സ്വാതന്ത്ര്യസമരത്തിലെ മുന്നണി പോരാളിയായിരുന്ന ദളിത് ധീരവനിത. ഝാൻസിയിലെ റാണി ലക്ഷ്‌മി ബായിയുടെ വിശ്വസ്തയായ പടയാളിയും ഉപദേശകയും. ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ റാണിയുടെ വനിതാ സൈന്യമായ ദുർഗാ ദളിനെ നയിച്ചു.
1830 ൽ ഝാൻസിയിൽ ജനനം. ചെറുപ്രായത്തിൽ തന്നെ യുദ്ധതന്ത്രങ്ങളിലും ആയുധ കലകളിലും പ്രാവീണ്യം. ബ്രിട്ടീഷുകാർക്കെതിരെയുള്ള നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ചു. ഝാൻസി റാണിയുമായുള്ള രൂപസാദൃശ്യം മുൻനിറുത്തി യുദ്ധസമയത്ത് റാണിയുടെ വേഷം ധരിച്ച് അവരുടെ സ്ഥാനത്ത് നിന്ന് യുദ്ധം ചെയ്‌തു. ഇതിലൂടെ റാണിയെ രക്ഷപ്പെടാൻ സഹായിച്ചതിന്റെ പേരിലാണ് ഝൽക്കാരി ഏറെ പ്രശസ്തയായത്. മകനൊപ്പം റാണി രക്ഷപ്പെടുന്നതുവരെ ബ്രിട്ടീഷുകാർക്കെതിരെ ശക്തമായി പോരാടി. നിരവധി ബ്രിട്ടീഷ് സൈനികരെ തടവിലാക്കുകയും വധിക്കുകയും ചെയ്തു. 1858 ൽ അവർ രക്തസാക്ഷിത്വം വരിച്ചു. അതല്ല, ബ്രിട്ടീഷുകാരുടെ പിടിയിൽ നിന്ന് സ്വതന്ത്രയാക്കപ്പെട്ട ശേഷം കുറച്ചുകാലം കൂടി ഝൽക്കാരി ബായ് ജീവിച്ചിരുന്നതായും വാദമുണ്ട്. ബുന്ദേൽഖണ്ഡിലെ ദളിത് വിഭാഗങ്ങൾ അവരെ ദൈവത്തിന്റെ അവതാരമായി കാണുകയും എല്ലാ വർഷവും 'ഝൽക്കാരി ബായ് ജയന്തി' ആഘോഷിക്കുകയും ചെയ്യുന്നു. ആദരസൂചകമായി ഝൽക്കാരി ബായിയുടെ പോസ്റ്റൽ സ്റ്റാമ്പ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. അവരുടെ സ്മരണാർത്ഥം ഝാൻസി കോട്ടയിലെ പാഞ്ച് മഹലിൽ ഒരു മ്യൂസിയം നിർമ്മിക്കാൻ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. 2017 ൽ ഭോപ്പാലിലെ ഗുരു തേഗ് ബഹദൂർ കോംപ്ലക്സിൽ ഝൽക്കാരി ബായിയുടെ പ്രതിമ മുൻ പ്രസിഡന്റ് രാം നാഥ് കോവിന്ദ് അനാവരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JHALKARI BAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY