SignIn
Kerala Kaumudi Online
Friday, 02 October 2026 5.10 PM IST

അച്ഛൻ എന്ന സ്‌നേഹനിലാവ്

kk

അസ്‌തമിക്കാത്ത സ്‌നേഹനിലാവാണ് എന്റെ അച്ഛൻ പ്രൊഫസർ വി. ജഗന്നാഥപ്പണിക്കർ. അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, പ്രഭാഷകൻ എന്നിങ്ങനെ പ്രവർത്തിച്ച മേഖലകളിലൊക്കെ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭ. നല്ല അച്ഛൻ, നല്ല ഭർത്താവ്, നല്ല സുഹൃത്ത് എന്നിങ്ങനെ സ്‌നേഹസമ്പന്നനായിരുന്നു. ഒരിക്കൽ പരിചയപ്പെടുന്ന ആരും അച്ഛനെ മറക്കുകയില്ല.

ഏത് വിഷയത്തെക്കുറിച്ചും എത്രനേരം വേണമെങ്കിലും സംസാരിക്കാൻ കഴിയുന്ന അഗാധമായ പാണ്ഡിത്യം അച്ഛനുണ്ടായിരുന്നു. എനിക്ക് ഓർമ്മയായ കാലം മുതൽക്കേ പുസ്‌തകം വായിച്ചുകൊണ്ടിരിക്കുന്ന അച്ഛന്റെ മുഖമാണ് മനസിൽ നിറയുന്നത്. അച്ഛൻ ചെന്നൈയിൽ രോഗബാധിതനായി കഴിയുമ്പോഴും കാറിൽ വീൽചെയറുമായി പോയി ബുക്ക്‌ സ്റ്റാളുകളിൽ നിന്ന് പുസ്‌തകങ്ങൾ വാങ്ങിയിരുന്നത് ഇപ്പോഴും ഓർക്കുന്നു. ധനതത്വ ശാസ്‌ത്രത്തിലും രാഷ്ട്രമീമാംസയിലും മാസ്‌റ്റർ ബിരുദമുണ്ടായിരുന്നു. മലയാള ഭാഷയോട് വലിയ പ്രേമം തന്നെയായിരുന്നു. പുസ്തകങ്ങൾ വായിക്കുന്നതിൽ തരംതിരിവ് ഉണ്ടായിരുന്നില്ല. എല്ലാം വായിക്കുക എന്നതായിരുന്നു അച്ഛന്റെ രീതി. അദ്ധ്യാപകനായാലും പത്രപ്രവർത്തകനായാലും നേടാവുന്നത്ര അറിവുകൾ സമ്പാദിക്കണമെന്ന് അച്ഛൻ വിശ്വസിച്ചിരുന്നു. വേദങ്ങളിലും ശ്രീനാരായണ ദർശനങ്ങളിലും ആഴത്തിലുള്ള അറിവ് നേടിയിരുന്നു. ശ്രീനാരായണ ഗുരുദേവ ഭക്തനായിരുന്നു.

ചെന്നൈയിൽ ഇന്ത്യൻ എക്‌സ്‌പ്രസിലാണ് അച്ഛൻ പത്രപ്രവർത്തകനായി ആദ്യം പ്രവർത്തിച്ചിരുന്നത്. പിന്നീടാണ് കോളേജ് അദ്ധ്യാപകനാകുന്നത്. ഇതിനിടെ റിസർവ് ബാങ്കിൽ ജോലി ലഭിച്ചെങ്കിലും പോയില്ല. ചെമ്പഴന്തി എസ്.എൻ കോളേജ് പ്രിൻസിപ്പലായിട്ടാണ് വിരമിച്ചത്. പിന്നീട് കേരളകൗമുദിയിലും അസി. എഡിറ്റർ എന്ന നിലയിൽ പ്രവർത്തിച്ചു. അച്ഛന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാലമായിരുന്നു അത്.

ഈനാടിന്റെ ചീഫ് എഡിറ്ററായപ്പോൾ അച്ഛൻ എഴുതിയിരുന്ന മുഖപ്രസംഗങ്ങൾ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. അച്ഛന്റെ തൂലികയ്ക്ക് നല്ല മൂർച്ചയുണ്ടായിരുന്നു. അനീതിക്കെതിരെ അത് നിരന്തരം ശബ്ദിച്ചു. രാഷ്ട്രീയ നേതാക്കളുമായി ഉറ്റബന്ധം പുലർത്തുമ്പോഴും വാർത്തയെഴുതാനുള്ള ഒരകലം അച്ഛൻ ബോധപൂർവം നിലനിറുത്തിയിരുന്നു. കേരളത്തിലെ മാത്രമല്ല ദേശീയ നേതാക്കളുമായും നല്ല ബന്ധമായിരുന്നു. അവരിൽ എടുത്തുപറയേണ്ടത് എ.ബി. വാജ്‌പേയിയുമായും എൽ.കെ. അദ്വാനിയുമായുള്ള അടുപ്പമായിരുന്നു. പ്രശസ്ത പത്രപ്രവർത്തകനായിരുന്ന കുൽദീപ് നയ്യാർ ഉറ്റമിത്രമായിരുന്നു. തിരുവനന്തപുരത്ത് ഞങ്ങളുടെ ആതിഥ്യം സ്വീകരിച്ച് പലപ്പോഴും അദ്ദേഹം വന്നിട്ടുണ്ട്.

അച്ഛൻ വിടപറഞ്ഞിട്ട് ഇന്ന് ഇരുപത് വർഷമാകുന്നു. ഇപ്പോഴും അച്ഛന്റെ സ്നേഹസാന്നിദ്ധ്യം എനിക്കനുഭവപ്പെടുന്നുണ്ട്. മനസിന് എന്നും ഉൗർജ്ജം പകരുന്നതാണ് ആ ഓർമ്മകൾ. സ്‌നേഹവാത്സല്യങ്ങളുടെ ഒരു തലോടൽ ഇപ്പോഴും എന്നെ തേടി വരുന്നുണ്ടെന്ന് ഞാൻ തിരിച്ചറിയാറുണ്ട്.

(പ്രൊഫ. വി. ജഗന്നാഥപ്പണിക്കരുടെ മകളാണ് ലേഖിക)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PROF V JAGANATHA PANICKER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY