SignIn
Kerala Kaumudi Online
Friday, 02 October 2026 3.55 AM IST

ബൈ ബൈ പറഞ്ഞ് കാലവർഷം

ss

മഴയുടെ അളവിൽ ഗണ്യമായ കുറവോടെ ഇന്ത്യയിൽ 2026ലെ തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ജൂൺ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിൽ രാജ്യത്തുടനീളം ശരാശരി ലഭിക്കേണ്ടത് 868.6 മില്ലിമീറ്റർ മഴയാണെങ്കിൽ പെയ്തത് 759.4 മില്ലിമീറ്റർ മഴ മാത്രം. ഇത് സാധാരണ ലഭിക്കേണ്ട ശരാശരിയുടെ 87 ശതമാനം മാത്രമാണ്. അതായത് ആകെ മഴയിൽ 13 ശതമാനത്തിന്റെ കുറവുണ്ടായി. 2001ന് ശേഷമുള്ള നാലാമത്തെ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച വർഷവും, 1901ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മഴ ലഭിച്ച പതിമൂന്നാമത്തെ വർഷവുമാണിത്.

മദ്ധ്യേന്ത്യയിൽ ജൂലായിൽ മികച്ച മഴ ലഭിച്ചെങ്കിലും ദക്ഷിണേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഈ കാലയളവിൽ മഴ നന്നേ കുറവായിരുന്നു.

ആഗസ്റ്റ് മാസത്തിൽ മഴ വീണ്ടും ശക്തികുറഞ്ഞ് ശരാശരിയുടെ 84 ശതമാനത്തിലേക്ക് താഴുകയും ദക്ഷിണേന്ത്യയെ കടുത്ത രീതിയിൽ ബാധിക്കുകയും ചെയ്തു. എന്നാൽ സെപ്തംബർ അവസാനത്തോടെ ഉണ്ടായ ശക്തമായ മഴക്കെടുതികൾ സീസണിലെ മൊത്തത്തിലുള്ള കുറവ് ഒരു പരിധി വരെ കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. സെപ്തംബറിൽ ലഭിച്ച മഴ ശരാശരിയുടെ 92 ശതമാനമായിരുന്നു. മൊത്തത്തിൽ നോക്കുമ്പോൾ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും മധ്യ ഇന്ത്യയിലും ശരാശരിയോടടുത്ത മഴ ലഭിച്ചപ്പോൾ, കിഴക്കൻ വടക്കു - കിഴക്കൻ സംസ്ഥാനങ്ങളിലും ദക്ഷിണേന്ത്യയിലും മഴയുടെ അളവ് വളരെ കുറവായിരുന്നു. കിഴക്കൻ - വടക്കുകിഴക്കൻ ഇന്ത്യയിൽ 1901ന് ശേഷം ലഭിച്ച ഏറ്റവും കുറഞ്ഞ മൺസൂൺ മഴയാണിത്. ദക്ഷിണേന്ത്യയിൽ ഇത് 1901ന് ശേഷമുള്ള നാലാമത്തെ ഏറ്റവും കുറഞ്ഞ മഴയുമാണ്.രാജ്യത്തെ 36 കാലാവസ്ഥാ സബ് ഡിവിഷനുകളിൽ ഒഡീഷ മാത്രമാണ് സാധാരണയിൽ കൂടുതൽ മഴ ലഭിച്ച ഏക സബ് ഡിവിഷൻ. പാശ്ചാത്യ അസ്വസ്ഥതകളും എൽ നിനോ പ്രഭാവത്തിന്റെ സന്നിധ്യവും മഴയുടെ കുറവിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

 മഴയില്ലാതെ കേരളം

കാലവർഷ കലണ്ടർ അവസാനിക്കുമ്പോൾ കേരളത്തിന്റെ സ്ഥിതി പരിതാപകരമാണ്. ഇത്തവണ രേഖപ്പെടുത്തിയത് വലിയ മഴക്കുറവാണ്. ജൂൺ ഒന്നു മുതൽ സെപ്തംബർ 30 വരെയുള്ള കണക്കുകൾ പ്രകാരം 1446.5 മില്ലിമീറ്റർ മഴ മാത്രമാണ് സംസ്ഥാനത്ത് ലഭിച്ചത്. 1901ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഏഴാമത്തെ മഴക്കാലമാണിത്.

2001ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നാലാമത്തെ മഴക്കാലവും. ഏറ്റവും മഴ കുറഞ്ഞ പത്ത് വർഷങ്ങളുടെ പട്ടികയിലും 2026 ഇടംപിടിച്ചു. 1918ലാണ് സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് (1104.3 മില്ലിമീറ്റർ). 1976ൽ 1296.4 മില്ലിമീറ്ററും 1987ൽ 1324.5 മില്ലിമീറ്ററും മഴ ലഭിച്ചു. 2023ൽ 1326.6, 2016ൽ 1352.3, 2002ൽ 1361.7, 1952ൽ 1477.4, 1986ൽ 1498.4, 1994ൽ 1498.7 മില്ലിമീറ്റർ എന്നിങ്ങനെയാണ് മുൻവർഷങ്ങളിലെ കണക്കുകൾ. എന്നാൽ 2023നെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ മഴ ലഭിച്ചു എന്നത് നേരിയ ആശ്വാസമാണ്. കാലവർഷം ഇന്ത്യ വിട്ടുപോയില്ലെങ്കിലും ഇനി ലഭിക്കുന്ന മഴ തുലാവർഷത്തിന്റെ കണക്കിലാകും ഉൾപ്പെടുത്തുക.

വൈകി എത്തിയതും തുടക്കത്തിൽ മന്ദഗതിയിലായതുമാണ് ഈ വർഷത്തെ മൺസൂണിന്റെ പ്രധാന സവിശേഷത. ആൻഡമാൻ കടലിൽ മേയ് 16ന് എത്തിയെങ്കിലും പിന്നീട് പുരോഗതിയുണ്ടായില്ല. ജൂൺ 4നാണ് കേരളത്തിൽ കാലവർഷമെത്തിയത്. സാധാരണ വരേണ്ട തീയതിയായ ജൂൺ 1ൽ നിന്നും വൈകിയായിരുന്നു ഇത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള മുന്നേറ്റവും മന്ദഗതിയിലായി. ജൂൺ മാസത്തിൽ ശരാശരിയുടെ 65 ശതമാനം മഴ മാത്രമേ ലഭിച്ചുള്ളൂ. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 36 സബ് ഡിവിഷനുകളിൽ 22 എണ്ണത്തിലും ജൂണിൽ കടുത്ത മഴക്കുറവ് അനുഭവപ്പെട്ടു. എന്നാൽ ജൂലായ് മാസത്തിൽ അന്തരീക്ഷത്തിൽ ഉണ്ടായ മാറ്റങ്ങൾ കാരണം മഴ സാധാരണ നിലയിലേക്ക് എത്തുകയും ശരാശരിയുടെ 101 ശതമാനം മഴ ലഭിക്കുകയും ചെയ്തു.

 പെയ്തത് പാതി മാത്രം

പശ്ചിമഘട്ട നിരകളിലെ വയനാട് ഇടുക്കി ജില്ലകളിൽ 50 ശതമാനം മഴക്കുറവാണ് ഈ മൺസൂൺ സമ്മാനിച്ചത്. പ്രധാനപ്പെട്ട ജലാശയങ്ങളും പുഴകളും എല്ലാം ഇതിന്റെ ഫലം കാണിച്ചു തുടങ്ങിയിരിക്കുന്നു. ജലവൈദ്യുതിക്കുള്ള പ്രവാഹങ്ങളെ മുഖ്യമായും വഹിക്കുന്ന രണ്ട് ജില്ലകളാണ്. ഇടവപ്പാതി പിൻമാറുമ്പോൾ കേരളത്തിലെ 70 ശതമാനം പ്രദേശങ്ങളും മഴക്കുറവിന്റെ വെല്ലുവിളി നേരിടുന്നു. ചൂടും ആശങ്കകളും കുത്തനെ ഉയരുന്നു.

മൺസൂൺ കാലയളവിൽ കേരളത്തിൽ ആകെ 28 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. ലക്ഷദ്വീപിൽ ഇത് 29 ശതമാനമാണ്. സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് ജില്ലയിലാണ്. പകുതി മഴ പോലും ലഭിക്കാത്ത വയനാട്ടിൽ 53 ശതമാനത്തിന്റെ കുറവുണ്ടായി. ഇടുക്കിയിൽ 47 ശതമാനവും കൊല്ലത്ത് 38 ശതമാനവും മഴ കുറഞ്ഞു. ആലപ്പുഴയിൽ 32 ശതമാനത്തിന്റെയും പാലക്കാട്, തൃശൂർ ജില്ലകളിൽ 30 ശതമാനം വീതവും മഴക്കുറവ് രേഖപ്പെടുത്തി. അതേസമയം കണ്ണൂർ, കാസർകോട്, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴ കിട്ടിയിട്ടുണ്ട്.

ഈ വർഷം ലഭിച്ച മൺസൂൺ മഴയുടെ കണക്കുകൾ ആശങ്കപ്പെടുത്തുന്നതാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. വയനാട്ടിൽ പകുതി മഴ പോലും ലഭിച്ചിട്ടില്ലെന്നും തുലാവർഷം കൂടി കനിഞ്ഞില്ലെങ്കിൽ വലിയ പ്രതിസന്ധി ഉണ്ടാകും. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്ക് സാദ്ധ്യതയുണ്ട്.

 പിൻവാങ്ങൽ രാജസ്ഥാനിൽ നിന്ന്

രാജ്യത്ത് കാലവർഷം പിൻവാങ്ങിത്തുടങ്ങി. രാജസ്ഥാനിൽ നിന്നാണ് പിൻവാങ്ങൽ ആരംഭിച്ചത്. അന്തരീക്ഷത്തിലെ മർദ്ദമേഖലയിൽ എതിർച്ചുഴലി രൂപപ്പെടുക, അഞ്ചുദിവസമായി മഴ ഒഴിഞ്ഞുനിൽക്കുക, ഉപഗ്രഹ നിരീക്ഷണത്തിൽ അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ സാന്നിദ്ധ്യം ഇല്ലാതിരിക്കുക തുടങ്ങിയവയാണ് കാലവർഷം വിടവാങ്ങിയെന്ന് സ്ഥിരീകരിക്കുന്നതിന്റെ മാനദണ്ഡങ്ങൾ. കേരളത്തിൽ നിന്നാകും കാലവർഷം അവസാനമായി പിൻവാങ്ങുക. ഒക്ടോബർ 15നോ അതിനുശേഷമോ ആയിരിക്കും ഇത്. കാലവർഷം എത്തുന്ന സമയത്തെന്ന പോലെ പിൻവാങ്ങുമ്പോഴും കേരളത്തിൽ സാധാരണ മഴ ലഭിക്കാറുണ്ട്. കഴിഞ്ഞ വർഷം ന്യൂനമർദത്തിന്റെ ഫലമായി ഈ സമയത്ത് ശക്തമായ മഴ ലഭിച്ചിരുന്നു.

 തുലാവർഷം കനിയുമോ

എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനം തുടരുകയാണ്. ഒക്ടോബറിലാണ് തുലാമഴ തുടങ്ങുന്നത്. വടക്കു കിഴക്കൻ കാലവർഷം എന്നറിയപ്പെടുന്ന ഈ സീസൺ ഡിസംബർ വരെയാണ് തുടരുന്നത്. തുലാവർഷവും തുടക്കം ദുർബലമായിരിക്കും എന്നാണ് കലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. നവംബറോടെ ഇത് ശക്തമാവാം എന്ന പ്രതീക്ഷാണ് അവശേഷിക്കുന്നത്. പൊതുവെ തെക്കൻ ജില്ലകളിലാണ് തുലാമഴ കൂടുതൽ ലഭിക്കാറ്.

ക്രമീകൃത സ്വഭാവമല്ല തുലാമഴയ്ക്ക്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങളെയും ചുഴലിക്കാറ്റുകളെയും അവയുടെ സഞ്ചാരത്തെയും ആശ്രയിച്ചാണ് ഈ മഴ സീസൺ. എൽനിനോ പ്രതിഭാസം ഇതിനെയും സ്വാധീനിക്കാം. നീണ്ട വരണ്ട ഇടവേളകളും കനത്ത മഴയും എന്ന രീതിക്ക് ഈ പ്രതിഭാസം കാരണമാവാം.തുലാവർഷത്തിൽ തെക്കൻ കേരളത്തിൽ മികച്ച മഴ ലഭിക്കുമെന്നാണ് സൂചനയെങ്കിലും വടക്കൻ ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴ പോലും കിട്ടില്ലെന്നാണ് വിലയിരുത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY