
മദ്ധ്യതിരുവിതാംകൂറിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് മുതൽ പറഞ്ഞുകേട്ടിരുന്നൊരു സംഭവ കഥയാണ്. ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലം, നാട്ടിലെ പ്രമാണി മത്സരിക്കുന്നുണ്ട്. വോട്ടെടുപ്പിന് തലേ ദിവസം നാട്ടുകാർക്കായി അദ്ദേഹം വീട്ടിൽ വലിയ സദ്യയൊരുക്കി. വാർഡിലെ ഒട്ടുമിക്ക ആൾക്കാരും പ്രമാണിയുടെ സദ്യ ആസ്വദിച്ച് കഴിച്ചു . എല്ലാം കഴിഞ്ഞ് ശിങ്കിടികളെ കൊണ്ട് അദ്ദേഹം ഊണ് കഴിച്ച ഇലകളുടെ എണ്ണമെടുപ്പിച്ചു. വാർഡിലെ ഭൂരിപക്ഷം പേരും കഴിച്ചിട്ടുണ്ട്. വൻ ഭൂരിപക്ഷം ഉറപ്പ്. സന്തുഷ്ടനായ പ്രമാണി അതോടെ തന്റെ വിജയം ഉറപ്പിച്ചു. പക്ഷെ വോട്ടെണ്ണിക്കഴിഞ്ഞ്, അമ്പേ തോറ്റപ്പോഴാണ് അദ്ദേഹത്തിന് മനസിലായത്, ഉണ്ടവർ തിരിഞ്ഞു കുത്തിയെന്ന്.
പറഞ്ഞു പറഞ്ഞ് ഊതിപ്പെരുപ്പിച്ചതാവാം കഥയെങ്കിലും എന്തെങ്കിലും കൊടുത്തതു കൊണ്ടുമാത്രം ജനം പിന്തുണയ്ക്കില്ലെന്ന വലിയൊരു സന്ദേശം ഇതിലുണ്ട്.
കഴിഞ്ഞ ദിവസം പുറത്തുവന്ന തദ്ദേശ സ്വയംഭരണ സ്ഥാപന ഉപതിരഞ്ഞെടുപ്പ് ഫലമാണ് ഈ ചിന്തയ്ക്ക് ആധാരം. 102 സീറ്റുകൾ എന്ന സ്വപ്നതുല്യമായ അംഗബലവുമായി പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിലെത്തിയ യു.ഡി.എഫ് സർക്കാർ വെറും നാലര മാസം പിന്നിടുമ്പോഴാണ് ജനങ്ങൾ അപ്രിയം കാട്ടുന്നുവെന്ന സൂചന വന്നിട്ടുള്ളത്. ഒരു പക്ഷെ യു.ഡി.എഫ് സർക്കാരിന്റെ മുന്നോട്ടു പോക്കിൽ സ്വീകരിക്കേണ്ട തിരുത്തലുകൾക്കുള്ള മുന്നറിയിപ്പായി കാണാം ഈ ഫലങ്ങളെ. പാലം കടക്കും വരെ നാരായണ എന്നും പാലം കടന്നുകഴിയുമ്പോൾ കൂരായണ എന്നും പറയുന്ന രാഷ്ട്രീയത്തിലെ പഴയ സൂത്രവാക്യം ഇനി അങ്ങനങ്ങു വിലപ്പോവില്ലെന്ന് ബന്ധപ്പെട്ടവർ മനസിലാക്കുന്നതും നന്ന്.
ഒന്നാം പിണറായിസർക്കാർ അധികാരത്തിലെത്തുമ്പോൾ , പ്രതിസന്ധികളുടെയും വെല്ലുവിളികളുടെയും ഒരു പരമ്പര തന്നെയുണ്ടായി.ഓഖി, നിപ്പ, കൊവിഡ്, പ്രളയം . സംസ്ഥാനത്തിന്റെ അടിത്തറ തന്നെയിളക്കാൻ പോന്ന ദുരന്തങ്ങൾ. അന്നത്തെ സർക്കാർ, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായിവിജയൻ കാട്ടിയ സ്ഥൈര്യവും ഉൾക്കരുത്തും അസാധാരണമായിരുന്നു. അമ്പരന്ന് മരവിച്ച മനസുമായി നിന്ന ഒരു ജനതയുടെ മനസിലേക്ക് ആത്മവിശ്വാസം ആ സർക്കാരിന് നിറയ്ക്കാനായി. തങ്ങൾക്ക് കവചമൊരുക്കാൻ ഉത്തരക്കൂട്ടിന് ഉറപ്പുള്ളൊരു സർക്കാരുണ്ടെന്ന തോന്നൽ ജനതയ്ക്ക് നൽകിയ ആശ്വാസം ചെറുതായിരുന്നില്ല.കേരള ചരിത്രത്തിലാദ്യമായി ഒരു സർക്കാരിന് ഭരണതുടർച്ച അനുവദിച്ച് കിട്ടിയത് ജനങ്ങളുടെ നന്ദിപ്രകാശനം കൂടിയായിരുന്നു. എൽ.ഡി.എഫ് പക്ഷത്തെ 99 അംഗങ്ങളെയാണ് ജയിപ്പിച്ചു വിട്ടത്.
പക്ഷെ രണ്ടാം വരവിൽ പാളി. തുടർച്ച അനുവദിച്ച സമ്മതിദായകരെ യജമാനന്മാരായി കാണുന്നതിന് പകരം അടിയാളന്മാരായി കണ്ടു. മുഖ്യമന്ത്രി തന്നെ ധാർഷ്ട്യ വിപ്ളവത്തിന് തുടക്കമിട്ടു. മുമ്പേ ഗമിച്ചീടിന ഗോവു തന്റെ പിമ്പെ ഗമിക്കും ബഹുഗോക്കളെല്ലാം എന്ന ചൊല്ലു പോലെയായി മറ്റു മന്ത്രിമാരും. നാട്ടിലുള്ള സഖാക്കന്മാർക്കാവട്ടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും മസിലു മുളച്ചു. അവർ ജനങ്ങളെ ആവർത്തിച്ചു കൊഞ്ഞനം കുത്തി. ആവശ്യത്തിനും അല്ലാതെയും ആരുടെയും തോളിൽകേറാമെന്നൊരു അലിഖിത നിയമം അങ്ങുണ്ടാക്കി. പറയുന്ന കാര്യങ്ങൾ തലയ്ക്ക് വെളിവുള്ള ആർക്കും മനസിലാവരുതെന്ന് നിർബ്ബന്ധമുള്ള പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷാവട്ടെ എല്ലാത്തിനെയും ചതുരവടിവിൽ ന്യായീകരിച്ചുകൊണ്ടുമിരുന്നു. ഓണത്തിനൊരു കിറ്റും നാട്ടുകാർക്കെല്ലാം ക്ഷേമപെൻഷനുമായാൽ ജനം മയങ്ങുമെന്ന് ധരിച്ചു വശായി. അങ്ങനെ വീണ്ടും വന്നു ഒരു തിരഞ്ഞെടുപ്പ്. 99 ൽ നിന്ന് 35 സീറ്റുകളിലേക്ക് ഇടതു മുന്നണിയെ ജനം ഒതുക്കി. 21 അംഗ മന്ത്രിസഭയിലെ 13 മന്ത്രിമാരെ തോൽപ്പിച്ച് മൂലയിലിരുത്തി എന്നതിലൂടെ മനസിലാക്കാമല്ലോ ജനങ്ങളുടെ വെറുപ്പിന്റെ വലിപ്പം.
ജനം വെറുത്തു
പി.എം ശ്രീപദ്ധതിയിലെ ധാരണാപത്രം ആരോരുമറിയാതെ ഒപ്പു വച്ചതും സുതാര്യമല്ലാത്ത നിരവധി ഇടപാടുകളും ധൂർത്തും നിയമനങ്ങളിലെ വീഴ്ചകളും എല്ലാം ചേർന്ന് സർക്കാരിനെ ജനം വെറുക്കുന്ന അവസ്ഥയിലെത്തി. ഓരോ ഘട്ടത്തിലെയും വീഴ്ചകളും സർക്കാരിന്റെ കെടുകാര്യസ്ഥതയും ഇടതടവില്ലാതെ ജനങ്ങളിലേക്ക് എത്തിക്കാൻ അന്നത്തെ പ്രതിപക്ഷം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. ആ പ്രവർത്തനമാണ് പത്ത് വർഷം വരാന്തയിലിരുന്ന യു.ഡി.എഫിനെ വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലേക്ക് എത്തിച്ചത്. വി.ഡി.സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കേരളത്തിന്റെ നാനാദിക്കുകളിൽ നിന്ന് ഒഴുകിയെത്തിയ ജനക്കൂട്ടം അവരുടെ പ്രതീക്ഷകളുടെ പ്രതിഫലനമായിരുന്നു.
പക്ഷെ അധികാരത്തിന്റെ മത്ത് യു.ഡി.എഫിന്റെ തലയ്ക്കും ചെറുതായി പിടിച്ചു തുടങ്ങുന്നുവെന്ന ധാരണ ശക്തിപ്പെടുകയാണ്. ഭരണത്തിലെത്തി നാലരമാസം മാത്രം കഴിഞ്ഞു നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം ഇതിലേക്കുള്ള ചൂണ്ടുവിരലാണ്.
പിണറായിയുടെ ഹെലിക്കോപ്റ്റർ യാത്രയെ തലങ്ങും വിലങ്ങും പരിഹസിച്ച പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായപ്പോൾ ചാർട്ടേഡ് വിമാനത്തിൽ സഞ്ചരിക്കുകയും അതിന്റെ ചെലവ് സ്പോൺസർഷിപ്പാണെന്ന് പറയുകയും ചെയ്യുമ്പോൾ എന്തോ പന്തികേടു തോന്നിയാൽ അതൊരു കുറ്റമാവുമോ. മാത്രമല്ല ഇരിപ്പുറയ്ക്കും മുമ്പ് പല മന്ത്രിമാരും വിദേശയാത്ര നടത്തുകയോ, തയ്യാറെടുക്കുകയോ ആണ്.അതും സ്പോൺസർ ഷിപ്പ് വഴി. മുഖ്യമന്ത്രിയുടെ ചില നേരങ്ങളിലെ പെരുമാറ്റം കാണുമ്പോൾ , മുമ്പുണ്ടായിരുന്ന ഒരു മുഖ്യമന്ത്രിയുടെ പെരുമാറ്റത്തോട് സാമ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികമെന്ന് പറയാൻ ഇത് സിനിമയുമല്ലല്ലോ.
38 വാർഡുകളിലേക്ക് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 22 സീറ്റിൽ നിന്ന് 19 ലേക്ക് ചുരുങ്ങിയതും 15 ഉണ്ടായിരുന്ന എൽ.ഡി.എഫ് 18 ലേക്ക് വളർന്നതും ജനങ്ങളുടെ പ്രതികരണ മാപിനിയുടെ കൃത്യതയാണ് കാട്ടുന്നത്. ഏഴ് സിറ്റിംഗ് എം.എൽ.എമാർ നേരത്തെ ജയിച്ച വാർുഡുകളിൽ രണ്ടെണ്ണം പ്രതിപക്ഷത്തേക്ക് പോയതും കാണാതിരിക്കരുത്. ജനം അങ്ങനെയാണ്, തെറ്റ് ആവർത്തിച്ചാൽ പൊറുക്കില്ല, ആരായാലും.
തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ യു.ഡി.എഫ് നിരാശരാവേണ്ടതില്ല, ഇതൊരു സൂചനയാണ്. ചുവട് പിഴച്ചപ്പോഴുള്ള ഒരു മറുമരുന്ന്. ഈ സൂചന കണ്ട് പഠിച്ച് മുന്നോട്ടു പോയാൽ മതി. എല്ലാം ശരിയാവും. സൂചന കണ്ടു പഠിച്ചില്ലെങ്കിൽ ജനം പഠിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |