SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.35 AM IST

സ്യൂട്ടയിലേക്കുള്ള പ്രവാഹം: സങ്കീർണമാകുന്ന കുടിയേറ്റം

1

2015ലെ സിറിയൻ അഭയാർത്ഥി പ്രതിസന്ധിക്കുശേഷം യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റം ഗണ്യമായി വർദ്ധിച്ചതോടെ ഈ വിഷയം ആഭ്യന്തര രാഷ്ട്രീയത്തെയും വിദേശനയത്തെയും സുരക്ഷാ നയങ്ങളെയും ഒരുപോലെ സ്വാധീനിക്കാൻ തുടങ്ങി. കുടിയേറ്റം ഇന്ന് യൂറോപ്പിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നിർണയിക്കുന്ന പ്രധാന വിഷയമായി മാറിയിരിക്കുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ ഏറ്റവും വിവാദപരവും വൈകാരികവുമായ വിഷയങ്ങളിലൊന്നാണ് കുടിയേറ്റം. 2015ലെ സിറിയൻ അഭയാർത്ഥി പ്രതിസന്ധിക്കുശേഷം യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റം ഗണ്യമായി വർദ്ധിച്ചതോടെ ഈ വിഷയം ആഭ്യന്തര രാഷ്ട്രീയത്തെയും വിദേശനയത്തെയും സുരക്ഷാ നയങ്ങളെയും ഒരുപോലെ സ്വാധീനിക്കാൻ തുടങ്ങി. ജനസംഖ്യാപരമായ മാറ്റങ്ങൾ, തൊഴിൽ അവസരങ്ങളിലെ മത്സരം, സാംസ്‌കാരിക സ്വത്വത്തെക്കുറിച്ചുള്ള ആശങ്കകൾ, അതിർത്തി സുരക്ഷ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമായി.

യൂറോപ്പിൽ മാത്രമല്ല,ലോകത്താകമാനം കുടിയേറ്റത്തിനെതിരായ വികാരം വളരുകയാണ്. ഈ സാഹചര്യത്തിൽ മൊറോക്കോയുടെ തീരത്തുള്ള സ്പാനിഷ് അധീനപ്രദേശമായ സ്യൂട്ടയിലേക്ക് പതിനായിരക്കണക്കിന് ആളുകൾ ഒരേസമയം കടക്കാൻ ശ്രമിച്ച സംഭവം ലോകശ്രദ്ധ പിടിച്ചുപറ്റി. ഇത് ഒരു അതിർത്തി പ്രശ്നം മാത്രമല്ല; ആഗോള കുടിയേറ്റ രാഷ്ട്രീയത്തിന്റെ മാറുന്ന സ്വഭാവത്തിന്റെ പ്രതിഫലനമാണ്.


ജൂലായ് 30, 31 തീയതികളിൽ ഏകദേശം 50,000 മുതൽ 60,000 വരെ കുടിയേറ്റക്കാർ സ്യൂട്ടയിലേക്ക് പ്രവേശിച്ചു. അതിർത്തി നിയന്ത്രിക്കാൻ സ്‌പെയിൻ സൈന്യത്തെ വിന്യസിക്കുകയും അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്തു. പിന്നീട് ഭൂരിഭാഗംപേരെയും മൊറോക്കോയിലേക്ക് തിരിച്ചയച്ചു. എന്നാൽ എഴുപതിൽപരംപേർ അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ മരണമടഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

ഇത് ആദ്യ സംഭവമല്ല. 2021ൽ രണ്ടുദിവസത്തിനിടെ 10,000ത്തിലധികംപേർ സ്യൂട്ടയിലേക്ക് കടന്നിരുന്നു. 2022ൽ മെലില്ല അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ 23പേർ കൊല്ലപ്പെട്ടു. യൂറോപ്പിലെ മികച്ച തൊഴിൽ, സുരക്ഷിത ജീവിതം, സാമൂഹികക്ഷേമം എന്നിവയുടെ പ്രതീക്ഷയാണ് ആയിരങ്ങളെ ജീവൻ പണയം വച്ച് ഇത്തരം അപകടകരമായ യാത്രകൾക്ക് പ്രേരിപ്പിക്കുന്നത്.

കോളനിവാഴ്ചയുടെ അവശിഷ്ടം

ആഫ്രിക്കൻ ഭൂഖണ്ഡത്തിലായിട്ടും യൂറോപ്യൻ പരമാധികാരത്തിലുള്ള രണ്ട് പ്രദേശങ്ങളിൽ ഒന്നാണ് സ്യൂട്ട. 1415ൽ പോർച്ചുഗൽ പിടിച്ചടക്കിയ ഈ പ്രദേശം പിന്നീട് സ്‌പെയിനിന്റെ ഭാഗമായി. 1956ൽ സ്വാതന്ത്ര്യംനേടിയ മൊറോക്കോ ഇന്നും സ്യൂട്ടയെയും മെലില്ലയെയും സ്വന്തം പ്രദേശമായി അവകാശപ്പെടുന്നു. എന്നാൽ നൂറ്റാണ്ടുകളായി തുടർച്ചയായി സ്പാനിഷ് ഭരണത്തിലായിരുന്ന പ്രദേശമാണിതെന്നും ആധുനിക മൊറോക്കോ രൂപംകൊള്ളുന്നതിന് മുമ്പേ സ്യൂട്ട സ്പാനിഷ് നിയന്ത്രണത്തിലായിരുന്നുവെന്നും സ്‌പെയിൻ വാദിക്കുന്നു.

ഏകദേശം 85,000 ജനസംഖ്യയുള്ള സ്യൂട്ടയിൽ സ്പാനിഷ് വംശജരും മൊറോക്കൻ അമസിഘ് (ബെർബർ) വംശജരും ഒരുമിച്ച് ജീവിക്കുന്നു. സ്പാനിഷ് ഔദ്യോഗിക ഭാഷയായിരിക്കെ ദാരിജയും അമസിഘ് ഭാഷയും വ്യാപകമായി ഉപയോഗിക്കുന്നു. ക്രിസ്ത്യാനികളും മുസ്ലിങ്ങളുമാണ് പ്രധാന മതവിഭാഗങ്ങൾ. ചെറിയൊരു ഇന്ത്യൻ സമൂഹവും ഉണ്ടിവിടെ. അതിനാൽ സ്യൂട്ട ഒരു അതിർത്തി നഗരം മാത്രമല്ല, യൂറോപ്യൻ കോളനിവാഴ്ചയുടെ ഇന്നും നിലനിൽക്കുന്ന രാഷ്ട്രീയ പ്രതീകവുമാണ്.


ഈ കുടിയേറ്റപ്രവാഹത്തിന് നിരവധി വിശദീകരണങ്ങളുണ്ട്. മനുഷ്യക്കടത്ത് സംഘങ്ങൾ സ്പാനിഷ്‌കോടതി വിധിയെ തെറ്റായി പ്രചരിപ്പിച്ച് കുടിയേറ്റക്കാരെ പ്രേരിപ്പിച്ചുവെന്നാണ് സ്പാനിഷ് സർക്കാരിന്റെ വിലയിരുത്തൽ. അതേസമയം, മൊറോക്കൻ അതിർത്തി സുരക്ഷാ സംവിധാനങ്ങൾ സാധാരണയെക്കാൾ ശിഥിലമായിരുന്നുവെന്നും ചില സുരക്ഷാ ഉദ്യോഗസ്ഥർ കുടിയേറ്റക്കാരെ തടയാതെ അതിർത്തിയിലേക്ക് കടക്കാൻ അനുവദിച്ചുവെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

സ്‌പെയിനിൽ നിന്ന് സാമ്പത്തികവും രാഷ്ട്രീയവുമായ ഇളവുകൾനേടാൻ മൊറോക്കോ കുടിയേറ്റത്തെ നയതന്ത്ര സമ്മർദ്ദോപാധിയായി ഉപയോഗിച്ചുവെന്ന ആരോപണവും ശക്തമാണ്. ചില വലതുപക്ഷ രാഷ്ട്രീയ വിഭാഗങ്ങൾ ഇതിനെ ഇസ്ലാമിക തീവ്രവാദികളുടെ ആസൂത്രിത നീക്കമാണെന്ന് വിശേഷിപ്പിക്കുന്നു.


നയതന്ത്രവും
ആഭ്യന്തര രാഷ്ട്രീയവും

സ്യൂട്ടയിലെ കുടിയേറ്റ പ്രതിസന്ധി സ്‌പെയിനും മൊറോക്കോയും തമ്മിലുള്ള നയതന്ത്രബന്ധത്തെ നേരിട്ട് ബാധിക്കുന്നു. അനധികൃത കുടിയേറ്റം നിയന്ത്രിക്കാൻ സ്‌പെയിൻ മൊറോക്കോയുടെ സഹകരണത്തെ വളരെയധികം ആശ്രയിക്കുന്നു. മറുവശത്ത്, അതിർത്തി നിയന്ത്രണം രാഷ്ട്രീയ വിലപേശലിന്റെ ഉപാധിയായി മൊറോക്കോ ഉപയോഗിക്കുന്നുവെന്ന വിമർശനവും ഉണ്ട്.

സ്‌പെയിനിൽ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ സർക്കാർ അതിർത്തി സുരക്ഷയിൽ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷവും വലതുപക്ഷ കക്ഷികളും ആരോപിക്കുന്നു. മൊറോക്കോയിൽ സ്യൂട്ടയും മെലില്ലയും ദേശീയ പരമാധികാരത്തിന്റെ പ്രതീകമായി അവതരിപ്പിക്കപ്പെടുന്നതിനാൽ ഈ വിഷയത്തിന് ആഭ്യന്തര രാഷ്ട്രീയത്തിലും വലിയ പ്രാധാന്യം ഉണ്ട്.


യൂറോപ്പിലെ കുടിയേറ്റഭീതി

കുടിയേറ്റം ഇന്ന് യൂറോപ്പിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നിർണയിക്കുന്ന പ്രധാന വിഷയമായി മാറിയിരിക്കുന്നു. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ഓസ്ട്രിയ,പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങൾ കുടിയേറ്റനിയമങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. അതിർത്തി നിയന്ത്രണം ശക്തിപ്പെടുത്തുകയും അഭയാർത്ഥി നിയമങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വലതുപക്ഷ ദേശീയവാദ പാർട്ടികൾ കുടിയേറ്റത്തെ ദേശീയ സുരക്ഷയ്ക്കും സാംസ്‌കാരിക സ്വത്വത്തിനും സാമൂഹിക സ്ഥിരതയ്ക്കുമുള്ള ഭീഷണിയായി അവതരിപ്പിച്ച് വലിയ ജനപിന്തുണ നേടിയിട്ടുണ്ട്.

ഇതോടെ കുടിയേറ്റം മനുഷ്യാവകാശ പ്രശ്നമെന്നതിലുപരി യൂറോപ്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രവിഷയമായി മാറിയിരിക്കുന്നു. കുടിയേറ്റം മനുഷ്യചരിത്രത്തിന്റെ സ്വാഭാവികവും അനിവാര്യവുമായ ഭാഗമാണ്. മികച്ച ജീവിതവും സുരക്ഷയും തൊഴിലുംതേടിയുള്ള മനുഷ്യരുടെ സഞ്ചാരമാണ്‌ ലോകസംസ്‌കാരങ്ങളുടെയും സാമ്പത്തിക വളർച്ചയുടെയും സാങ്കേതിക പുരോഗതിയുടെയും അടിത്തറ.

എന്നാൽ ഇന്ന് അത്‌ ദേശീയ അതിർത്തികളും സ്വത്വരാഷ്ട്രീയവും സുരക്ഷയുംകേന്ദ്രീകരിച്ചുള്ള കടുത്ത രാഷ്ട്രീയ വിഷയമായി മാറിയിരിക്കുന്നു. സ്യൂട്ടയിലെ ഏറ്റവും പുതിയ സംഭവവികാസം ഒരു അതിർത്തി പ്രതിസന്ധി മാത്രമല്ല, കോളനിവാഴ്ചയുടെ പാരമ്പര്യം,ദേശീയത, വലതുപക്ഷ രാഷ്ട്രീയം, കുടിയേറ്റഭീതി, അന്താരാഷ്ട്ര നയതന്ത്രം എന്നിവ പരസ്പരം കൂട്ടിയിണക്കുന്ന പുതിയ ആഗോള രാഷ്ട്രീയ യാഥാർത്ഥ്യത്തിന്റെ പ്രതീകമാണ്.

വരുംകാലത്ത് കുടിയേറ്റ പ്രശ്നത്തെ സുരക്ഷയുടെ കണ്ണിലൂടെ മാത്രം കാണാതെ മനുഷ്യാവകാശം, വികസനം, അന്താരാഷ്ട്ര സഹകരണം എന്നീ മാനദണ്ഡങ്ങളിലൂടെ സമീപിക്കുകയാണ്‌ ലോകസമൂഹത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി.

(കേരള യൂണിവേഴ്‌സിറ്റി UGC-MMTTC ഡയറക്ടറും പൊളിറ്റിക്സ്‌ പ്രൊഫസറും ആണ്‌ ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SEUTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY