
ഖരമാലിന്യ സംസ്‌കരണത്തിൽ ഓരോ പൗരന്റേയും ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവചിക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ 2026ലെ പുതിയ ഖരമാലിന്യ പരിപാലന ചട്ടങ്ങൾ. പഴയ ചട്ടങ്ങളിൽ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് ഏഴ് ചുമതലകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ പുതിയ ചട്ടങ്ങളിൽ അത് 21 ആണ്. സമാനമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുടെ ചുമതലകൾ 11ൽ നിന്ന് 35 ർഉം ആക്കിയിട്ടുണ്ട്.
മാലിന്യം ഉല്പാദിപ്പിക്കുന്നവരെ കേവലം ഒരു പൊതുവിഭാഗമായി കാണാതെ വീടുകൾ ചെറുകിട സ്ഥാപനങ്ങൾ/കടകൾ, വൻകിട മാലിന്യ ഉല്പാദകർ എന്നിങ്ങനെ കൃത്യമായി ചട്ടങ്ങളിൽ തരംതിരിച്ചിട്ടുണ്ട്. 2016ലെ ചട്ടങ്ങളിൽ നിന്ന് പുതിയ ഇംപ്ലിമെന്റേഷൻ പതിപ്പിനെ വ്യത്യസ്തമാക്കുന്നത് ചട്ടങ്ങൾ പ്രാവർത്തികമാക്കുന്നു എന്ന് ഉറപ്പാക്കാനുള്ള ഫ്രെയിം വർക്ക് (നടത്തിപ്പ് ചട്ടക്കൂട്) എന്ന് പേരിട്ടിരിക്കുന്ന സംവിധാനമാണ്. ഇതിനായി നാല് പ്രധാന മാർഗനിർദേശങ്ങൾ ചട്ടക്കൂടിൽ പറയുന്നുണ്ട്.
ഉത്തരവാദിത്തപ്പെട്ടവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഓൺലൈൻ പോർട്ടലുകൾ, മാലിന്യ സംസ്കരണ നിയമം ലംഘിക്കുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കാനുള്ള വ്യവസ്ഥ അടങ്ങിയ പരിസ്ഥിതി നഷ്ടപരിഹാര സംവിധാനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വരെയുള്ളവർ സമയബന്ധിതമായി വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കൽ, നിയമങ്ങളുടെ പുരോഗതി വിലയിരുത്താനുള്ള പ്രത്യേക സമിതികളുടെ രൂപീകരണം എന്നിവയാണ് ആ നാല് മാർഗനിർദേശങ്ങൾ.
സംസ്ഥാനത്തെ ഖരമാലിന്യ പരിപാലന പ്രവർത്തനങ്ങൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ തത്സമയം ലഭ്യമാക്കുന്ന ഡാഷ്ബോർഡ് ഉൾപ്പെടുന്ന സമഗ്രമായ ഒരു വെബ് പോർട്ടൽ സംവിധാനം കേരളത്തിൽ ഇപ്പോൾ തന്നെ നിലവിലുണ്ട്. ഖരമാലിന്യത്തിന്റെ ഉറവിടങ്ങളായ വീടുകൾ, സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന് ഹരിതമിത്രം ആപ്പ് ഉപയോഗിച്ചുവരുന്നു.
ഖരമാലിന്യ പരിപാലന ചട്ടങ്ങളിലെ നിർദേശങ്ങളിലേറെയും കേരളം നടപ്പാക്കി വരികയാണെങ്കിലും പുതിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ നിലവിലെ ഖരമാലിന്യ പരിപാലന രീതിയിൽ ഒരു ഉടച്ചുവാർക്കൽ ആവശ്യമാണ്.
പുതിയ ഖരമാലിന്യ പരിപാലന ചട്ടങ്ങൾ പ്രധാനമായും ഊന്നൽ നൽകുന്നത് ജൈവ – അജൈവ മാലിന്യങ്ങളെ ഉറവിടത്തിൽ തന്നെ തരംതിരിക്കുന്നതിനാണ്. 2016ലെ ഖരമാലിന്യ പരിപാലന ചട്ടങ്ങളും മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിക്കുന്നത് നിർബന്ധമാക്കിയിരുന്നു. വീടുകളിലും സ്ഥാപനങ്ങളിലും രണ്ട് ബിൻ (പച്ച - ജൈവ മാലിന്യം, നീല - അജൈവ മാലിന്യം) സംവിധാനം കൊണ്ടുവന്നു. പുതിയ ചട്ടപ്രകാരം, മുമ്പുണ്ടായിരുന്ന രണ്ട് ബിൻ സമ്പ്രദായത്തിന് പകരമായി ഇനിമുതൽ മാലിന്യങ്ങളെ വെറ്റ് വേസ്റ്റ് (ഈർപ്പമുള്ളവ) , ഡ്രൈ വേസ്റ്റ് (ഈർപ്പമില്ലാത്തവ), സാനിട്ടറി മാലിന്യം, പ്രത്യേക പരിചരണം ആവശ്യമുള്ള മാലിന്യം എന്നിങ്ങനെ നാല് വിഭാഗങ്ങളായി വേർതിരിക്കണം.
കേരളത്തിൽ പ്രതിവർഷം ഏകദേശം 37 ലക്ഷം ടൺ ഖരമാലിന്യമാണ് ഉല്പാദിപ്പിക്കപ്പെടുന്നത്. അതിൽ 77 ശതമാനവും ജൈവമാലിന്യങ്ങളും 18 ശതമാനം അജൈവ മാലിന്യങ്ങളുമാണ്. കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ നിന്ന് പ്രതിദിനം 1415 ടൺ, 87 മുനിസിപ്പാലിറ്റികളിൽ നിന്ന് പ്രതിദിനം 4523 ടൺ, 941 ഗ്രാമപഞ്ചായത്തുകളിൽ നിന്ന് പ്രതിദിനം 4106 ടൺ എന്നിങ്ങനെ ഖരമാലിന്യങ്ങൾ ഉല്പാദിപ്പിക്കപ്പെടുന്നെന്നാണ് കണക്ക്. ആകെ ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ 49 ശതമാനവും വീടുകളിൽ നിന്നുള്ളവയാണ്. ഖരമാലിന്യങ്ങളിൽ 36 ശതമാനം സ്ഥാപനങ്ങളിൽ നിന്നും 15 ശതമാനം പൊതു ഇടങ്ങളിൽ നിന്നുമാണ്.
അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഉപഭോൿതൃ സംസ്കാരത്തിന്റെ ഉപോല്പന്നമാണ് അജൈവ മാലിന്യങ്ങൾ. അവയെ ആ രീതിയിൽ തന്നെ പുനഃചംക്രമണം (റീസൈക്ലിങ്) നടത്തേണ്ടതായുണ്ട്. പ്ലാസ്റ്റിക്കിന്റെ വരവോടെയാണ് മാലിന്യങ്ങൾ ഗുരുതരമായ പ്രശ്നമായി മാറാൻ തുടങ്ങിയത്. പ്ലാസ്റ്റിക്കിന് മുമ്പ് പായ്ക്കിംഗിനും മറ്റും ഇല, പേപ്പർ തുടങ്ങിയവയാണ് ഉപയോഗിച്ചിരുന്നത്. ഇവ സ്വാഭാവികമായ വിഘടനം സംഭവിച്ച് മണ്ണിൽ അലിഞ്ഞുചേരുമായിരുന്നു. എന്നാൽ ഇന്ന് അതല്ല സ്ഥിതി. ഉപയോഗിക്കുന്ന വസ്തുക്കളുടെ വലിയൊരളവും പ്ലാസ്റ്റിക് കൊണ്ടാണ് പായ്ക്ക് ചെയ്യുന്നത്. ഇതെല്ലാം കണക്കിലെടുത്തുവേണം ഇനി മാലിന്യ പരിപാലനത്തെ സമീപിക്കേണ്ടത്.
മാലിന്യ സംസ്കരണവും കേരളവും
2015ൽ ആണ് കേരളത്തിൽ വികേന്ദ്രീകൃത മാലിന്യ സംസ്കരണ രീതി കൊണ്ടുവന്നത്. 2016 ൽ സർക്കാർ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ രൂപീകരിച്ചു. ഇത് ഖരമാലിന്യ പരിപാലനത്തിൽ പുതിയൊരു സമീപനം ഉരുത്തിരിയാൻ വഴിയൊരുക്കി. ഖരമാലിന്യ പരിപാലന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ സംസ്കരിച്ച് കമ്പോസ്റ്റോ ബയോഗ്യാസോ ഉത്പാദിപ്പിക്കാവുന്ന രീതിയും അതിനായി സ്ഥലലഭ്യത പരിമിതമായ സ്ഥലങ്ങളിൽ അവയെ തരംതിരിച്ച് ശേഖരിച്ച്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള കമ്മ്യൂണിറ്റി ഫെസിലിറ്റിയിലേക്ക് കൊണ്ടുവന്നു സംസ്കരിക്കാനും തുടങ്ങി. അജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിച്ചു ഹരിതകർമ്മസേന വഴി ശേഖരിക്കുകയും മിനി മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്), എം.സി.എഫ് - ആർ.ആർ.എഫ് എന്നിവയിൽ സംഭരിച്ച്,
റീസൈക്ലിങ്ങിനായി കൈമാറുകയും റീസൈക്കിൾ ചെയ്യാൻ കഴിയാത്തവ സിമന്റ് ഫാക്ടറികൾക്ക് കൈമാറുകയും ചെയ്യുന്നതാണ് രീതി.
ഇന്ന് ഏകദേശം 30,000ൽ അധികം ഹരിതകർമ്മസേനാംഗങ്ങൾ 1034 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നുണ്ട്. കേരളത്തിലെ 53 ലക്ഷം വീടുകളിലാണ് ഇവർ വാതിൽപ്പടി സേവനം നടത്തുന്നത്. 12,676 ഓളം മിനി എം.സി.എഫുകളും 1165 എംസിഎഫുകളും 173 ആർആർഎഫുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആകെ 3,800 ഓളം കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ്/ ബയോഗ്യാസ് ഫെസിലിറ്റികൾ പ്രവർത്തിക്കുന്നു, ഇവയിൽ പ്രതിദിനം ഏകദേശം 173 ടൺ ജൈവമാലിന്യം സംസ്കരിക്കുന്നുണ്ട്. 12.48 ലക്ഷം ഉറവിട മാലിന്യ സംസ്കരണ ഉപാധികൾ വീടുകളിലും സ്ഥാപനങ്ങളിലുമായി പ്രവർത്തിക്കുന്നുണ്ട്. ഇവയ്ക്കൊപ്പം ക്ലീൻ കേരള കമ്പനിയും 39 ഓളം ബിസിനസ് ഏജൻസികളും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ക്ലീൻ കേരള കമ്പനി മുഖേന മാത്രം പ്രതിമാസം ശരാശരി 750 ടൺ തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു റീസൈക്ലിങ്ങിനായി നൽകുന്നുണ്ട്. ശരാശരി 200 ടൺ ഇ മാലിന്യം, 10 ടൺ അപകടകരമായ (ഹസാർഡസ്) മാലിന്യം എന്നിവ ശേഖരിച്ച് കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെ.ഇ.ഐ.എൽ) പോലെയുള്ള സ്ഥാപനങ്ങൾക്ക് ലാൻഡ് ഫില്ലിംഗിനായി നൽകുന്നു. ഇതിനുപുറമേ, ശരാശരി 60 ടൺ തുണി മാലിന്യവും ശേഖരിക്കുന്നുണ്ട്. ഇത്തരത്തിൽ വിവിധ അജൈവ മാലിന്യങ്ങൾ ചേർത്ത് പ്രതിമാസം ശരാശരി 3400 ടൺ മാലിന്യമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ക്ലീൻ കേരള കമ്പനി ശേഖരിക്കുന്നത്. ഇതുകൂടാതെ 2800 ടൺ അജൈവ മാലിന്യം സ്വകാര്യ ഏജൻസികളും ശേഖരിക്കുന്നുണ്ട്. ചട്ടങ്ങളിൽ പ്രതിപാദിക്കുന്നത് പോലെ നിഷ്ക്രീയ മാലിന്യങ്ങൾക്കായി ശാസ്ത്രീയ ലാൻഡ്ഫിൽ സംവിധാനം ഒരുക്കുന്നതിനും വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിക്കുന്നതിനും നടപടികൾ സ്വീകരിച്ചുവരുന്നു. മേൽ സൂചിപ്പിച്ചിട്ടുള്ളത് പ്രകാരം സംസ്ഥാനം, ഖരമാലിന്യ പരിപാലന ചട്ടങ്ങളിൽ പ്രതിപാദിക്കുന്ന കൂടുതൽ കാര്യങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും അവശേഷിക്കുന്നവ കൂടി നടപ്പാക്കുകയും നടപ്പാക്കിയവ കൂടുതൽ മെച്ചപ്പെടുത്തേണ്ടതും ആവശ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |