SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.41 AM IST

വേണം, നീർത്തട നദീ​തട പരി​പാ​ല​നം

1

ആഗോ​ള​താ​പ​നത്തിന്റെ ഫല​മാ​യുണ്ടാ​കുന്ന കാലാ​വസ്ഥാ​മാ​റ്റ​ത്തിന്റെ പുതിയ യുഗത്തി​ലൂടെയാണ് ലോകം കട​ന്നുപോ​കുന്ന​ത്. മനുഷ്യ​പ്രേ​രി​ത​മായ ഘട​ക​ങ്ങൾ കൂടി കൊണ്ട് കാലാവസ്ഥയ്ക്ക് വലിയ മാറ്റം ഉണ്ടാ​വുക​യാണ്. വർദ്ധിച്ച മഴ, പ്രള​യം, വരൾച്ച, ജല​ക്ഷാമം എന്നിവ തുടർച്ചയായി സംഭ​വി​ക്കുന്നു. കേര​ള​ത്തിലെ സൂക്ഷ്മ കാലാ​വസ്ഥ​യിലുൾപ്പെടെ വലിയ മാറ്റ​മാണ് സംഭ​വി​ക്കുന്ന​ത്. കുറഞ്ഞസമ​യത്ത് ചെറിയ സ്ഥല​ങ്ങ​ളിൽ വലിയ മഴ​യെന്ന നില​യിൽ മഴയ്ക്ക് മാറ്റ​മാ​യി.


മണ്ണി​ന്റെയും ജല​സ്രോ​ത​സുക​ളുടെയും നാശവും മലി​നീ​ക​ര​ണവും കൂടി​യാ​യപ്പോൾ സങ്കീർണ്ണത വർദ്ധി​ക്കുന്നു. എൽനിനോപോലുള്ള പ്രതി​ഭാ​സ​ങ്ങളും ഇന്ത്യൻ മഹാ​സ​മുദ്ര​ത്തിലെ ദ്വിധ്രുവ ​മേ​ഖ​ല​യിലെ വ്യത്യാ​സവും ഇന്ത്യൻ മൺസൂ​ണിനെ ബാധി​ക്കുന്നു. അപ്പോൾ സങ്കീർണ്ണ​മായ കാലാ​വസ്ഥ രീതി​യാണ് സംസ്ഥാ​നത്ത് ഉണ്ടാ​കുന്ന​ത്. കട​ലിലെ വെള്ളം നീരാ​വി​യാ​കുന്ന​തിന്റെ അളവ് കൂടുത​ലാ​ണ്. സ്ട്രാറ്റി​ഫൈഡ് വിഭാ​ഗത്തിൽപ്പെട്ട പരന്ന മേഘ​ങ്ങൾക്കു ​പ​കരം കുമുലോ​നി​മ്പസ് എന്ന കൂമ്പാ​ര​മേ​ഘ​ങ്ങൾ മഴ നൽകുമ്പോൾ ആഘാതം കൂടുതലാ​യി​രി​ക്കും. 8 മുതൽ 10 കിലോമീ​റ്റർ വരെ ഉയ​ര​ത്തിൽ നിന്നും ലഭി​ച്ചി​രുന്ന മഴ ​ഇപ്പോൾ 15 കിലോ​മീ​റ്ററിനുമുക​ളിൽ നിന്നാണ് പതി​ക്കുന്ന​ത്. മേഘ​വി​സ്ഫോ​ടനം മിന്നൽ പ്രള​യത്തിന് കാര​ണ​മാ​കും.


മണ്ണിലെ ജലാ​ഗി​ര​ണ​ശേ​ഷി​യി​ലുണ്ടാ​കുന്ന മാറ്റം ഉപ​രി​തല നീരൊ​ഴുക്ക് വർദ്ധി​പ്പി​ക്കുന്നു. എത്ര മഴ​യാ​യാലും അവയെ ഉൾക്കൊ​ള്ളാ​നുള്ള സാഹ​ചര്യ​മില്ലെ​ങ്കിൽ പ്രള​യവും വെള്ള​പ്പൊ​ക്ക​വു ​മാവും ഫലം. വനനശീ​ക​ര​ണം, വയൽ നിക​ത്തൽ, കുന്നി​ടി​ക്കൽ, കാവുക​ളുടെ നാശം, തണ്ണീർതടം നിക​ത്തൽ, മലി​നീ​ക​രണം, മാലി​ന്യ​ങ്ങൾ തുടങ്ങി പ്രശ്നങ്ങൾ നിര​വധി​യു​ണ്ട്. മാറുന്ന മഴ​യെയും കാലാ​വസ്ഥ​യെയും മനസി​ലാക്കി കൊണ്ടുള്ള പദ്ധതി​ക​ളാണ് വേ​​ണ്ടത്. ഇവി​ടെയാണ് നീർത​ട, നദീ​തട അടി​സ്ഥാ​നത്തി​ലുള്ള വിക​സ​നത്തിന്റെ പ്രാധാന്യം വരുന്ന​ത്.

സംസ്ഥാ​നത്തെ നദീ​ത​ട​ങ്ങ​ളു​ടെയും ചെറു ​ചാ​ലുക​ളുടെ ചുറ്റുമുള്ള സൂക്ഷ്മ നീർത​ട​ങ്ങ​ളിൽ തുടങ്ങി ലഘു ​നീർത​ടം, ഉപ​നീർതടം എന്നി​വയെല്ലാം പരി​ഗണിച്ച് നദീ​ത​ട​മാ​കുന്ന സ്ഥൂല നീർതടം വരെ​യുള്ള യൂണി​റ്റുക​ളുടെ അടി​സ്ഥാ​നത്തിൽ മണ്ണ്, ജല, ജൈവ പരി​പാ​ലന പരി​പാ​ടി​കൾ അനി​വാ​ര്യ​മാ​ണ്. സംസ്ഥാ​നത്തെ സൂക്ഷ്മ കാർഷിക കാലാ​വസ്ഥ ദുരന്ത റിസ്‌കിന്റെ അടിസ്ഥാ​നത്തിൽ വിവിധ യൂണി​റ്റുകളായി തിരി​ക്ക​ണം. നദീ​ത​ട​ങ്ങളെ ജില്ലാ​ടി​സ്ഥാ​ന​ത്തിൽ വേർതി​രി​ച്ചെടു​ക്ക​ണം.

എല്ലാ ഗ്രാമ​പ​ഞ്ചാ​യത്തുക​ളിലും പഞ്ചാ​യത്തുതല വിഭ​വ ​ഭൂപടം തയ്യാ​റാ​ക്കി​യി​ട്ടുണ്ട്. ബ്ലോക്കുതല നീർതട ഭൂപ​ട​ങ്ങളും ലഭ്യ​മാ​ണ്. ഇവയെല്ലാം അപ്‌ഡേറ്റ് ചെയ്ത് സൂക്ഷ്മ കാർഷിക കാലാ​വസ്ഥ റിസ്‌ക് സോൺ തരം​തി​രി​ക്കാ​വുന്ന​താ​ണ്. കടൽതീരം മുതൽ കാടു ​വരെയുള്ള ഓരോ പ്രദേ​ശ​ത്തെയും ഭൂപ്ര​കൃ​തി, മൺത​ര​ങ്ങൾ, മണ്ണിന്റെ സവി​ശേ​ഷ​ത​കൾ, ജല​പ്ര​കൃ​തി, ഭൂവി​നി​യോ​ഗം, ആസ്തി, പരി​സ്ഥി​തി, ജൈവവൈവി​ദ്ധ്യം, നിർമ്മി​തി​കൾ, ദുര​ന്ത ​സാ​ദ്ധ്യ​തകൾ, റിസ്‌കി​ പ്രദേ​ശ​ങ്ങൾ എന്നിവ വേർതി​രിച്ച് ഭൂപ​ട​ങ്ങളും റിപ്പോർട്ടും തയ്യാ​റാ​ക്ക​ണം.

ഓരോ പ്രള​യ ​ത​ട​ത്തിനും വെള്ള​പ്പൊ​ക്ക​തട മാപ്പ് ഉ​ണ്ടാക്ക​ണം. മല​കൾ, കുന്നുകൾ, വിവിധചരിവ് പ്രദേ​ശ​ങ്ങൾ, സമ​ത​ലം, താ‌ഴ്വര എന്നി​വയ്ക്കാ​വശ്യ​മായ സൂക്ഷ്മ​തല പ്ലാനു​കൾ തയ്യാ​റാ​ക്ക​ണം. ഭൂവി​നി​യോ​ഗം, കൃഷി, ആരോ​ഗ്യം, കാലാ​വസ്ഥ, വനം, മഴ-ജല-മണ്ണ് സംര​ക്ഷണം, ജൈവ ​വൈവി​ദ്ധ്യം, പരി​സ്ഥി​തി, ഊർജ്ജം, മാലിന്യം എന്നീ വിഷ​യങ്ങ​ളിൽ നയം രൂപീ​ക​രി​ക്ക​ണം. മഴ​യള​ക്കുവാ​നുള്ള സംവി​ധാനം വ്യാപ​ക​മാ​ക്ക​ണം. സംസ്ഥാ​നത്ത് പര​മാ​വധി പച്ചപ്പ് വർദ്ധി​പ്പി​ക്കാ​നുള്ള പരി​പാടി ആരം​ഭി​ക്ക​ണം. സൂക്ഷ്മ ഹരിത വനങ്ങൾ വ്യാപ​ക​മാ​ക്ക​ണം.

ഹരിത നിർമ്മി​തി

പ്രോട്ടോ​ക്കാൾ

മാലി​ന്യ​സം​സ്‌ക​ര​ണ​ത്തിന് ആറു ​മാസം മുതൽ ഒരു ​വർഷം വരെ നീണ്ടു ​നിൽക്കുന്ന ശുചീ​ക​രണ പരി​പാടി നട​പ്പിലാ​ക്ക​ണം. മാലിന്യ സംസ്‌ക​രണ പ്ലാന്റുകൾ ഉൾപ്പെടെ പര​മാ​വധി സ്ഥാപി​ക്ക​ണം. മഴ​വെള്ള സംഭ​ര​ണവും ഭൂജല പോഷ​ണവും നിർബ​ന്ധ​മായി നട​പ്പി​ലാ​ക്ക​ണം.

ഹരിത നിർമ്മി​തി​കൾക്കുള്ള പ്രോട്ടോ​ക്കാൾ തയ്യാ​റാ​ക്ക​ണം. ജല​സ്രോ​ത​സുകളും ഡാമു​കളും മാലി​ന്യ​മുക്ത​മാ​ക്കാൻ പ്രത്യേകം പരി​പാടി ആവശ്യ​മാ​ണ്. ഭൗതിക പ്രത്യേ​ക​ത​കൾക്ക​നുസ​രി​ച്ചുള്ള നിർമ്മാണ ഡിസൈൻ വിക​സി​പ്പി​ക്ക​ണം.

സെക്ര​ട്ടറി​യേറ്റ്, നിയമ​സ​ഭ, മന്ത്രി മന്ദി​ര​ങ്ങൾ, പൊതുസ്ഥാ​പ​നങ്ങൾ, കോളേ​ജ്, സ്‌കൂൾ സമുച്ചയങ്ങൾ, സർക്കാർ ഓഫീ​സുകൾ എന്നിവ ഘട്ടംഘട്ടമായി ഹരിത ക്യാമ്പ​സുക​ളാക്കി മാറ്റ​ണം. പ്ലാസ്റ്റി​ക്കിന് പക​ര​മുള്ള ബദൽ ഉത്പന്ന​ങ്ങൾ പര​മാ​വധി തയ്യാ​റാ​ക്ക​ണം. പ്രകൃതി സൗഹൃ​ദവും ബദൽ വസ്തുക്കൾ ഉപ​യോ​ഗി​ച്ചു ​കൊണ്ടുള്ള​തു​മായ കെട്ടിട നിർമ്മാണം പ്രോത്സാ​ഹി​പ്പി​ക്കണം

ദുരിത പ്രതി​ക​രണ ബ്രിഗേഡ്


പ്രകൃതി ദുര​ന്തങ്ങൾക്ക് സാദ്ധ്യ​ത​യുള്ള​യി​ട​ങ്ങ​ളിൽ പ്രത്യേക പ്ലാനുകൾ തയ്യാ​റാ​ക്ക​ണം.
ഓരോ ഗ്രാമ​പ​ഞ്ചാ​യത്തുക​ളിലും റിസ്‌ക് റിഡ​ക്ഷൻ ആന്റ് റെസി​ലൻസ് സമി​തിയും സാങ്കേ​തിക സമിതിയും രൂപീ​ക​രി​ക്ക​ണം. ഓരോ ഗ്രാമ​ത്തിലും നൂറുപേരെ കണ​ക്കാക്കി സംസ്ഥാ​ന ​
ത്താകെ ഒരു ലക്ഷം​പേരെ പരി​ശീ​ലി​പ്പി​ക്ക​ണം. ദുരിത പ്രതി​ക​രണ ബ്രിഗേഡ് സജ്ജ​മാ​ക്ക​ണം. വിദ്യാർത്ഥി​കളെ ഉൾപ്പെടെ നീന്തൽ പഠി​പ്പി​ക്ക​ണം. മല​നി​ര​കളിൽ സാഹ​സിക ദുര​ന്ത ​പ​രി​പാ​ലന ടീം ആവശ്യ​മാ​ണ്. സംസ്ഥാന ദുരന്തനിവാ​രണ അതോ​റിറ്റി പുനഃസം​ഘ​ടി​പ്പി​ക്ക​ണം. തീര​ദേ​ശം, ഇട​നാ​ട്, മല​നാട് എന്നിവ കണ​ക്കാ​ക്കിയും വിഷ​യാ​ടി​സ്ഥാ​നത്തി​ലുള്ള വിദ​ഗ്ദ്ധരുടെ പാനൽ ആവ​ശ്യ​മാ​ണ്.

(മുൻ ജല​വി​ഭവ വകുപ്പ് ഡയറ​ക്ടറാണ് ലേഖകൻ. ഫോൺ: 9847547881)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEERTHADAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY