
'നദികളിലെ മണൽ നീക്കണം' എന്ന കേരളകൗമുദിയുടെ കഴിഞ്ഞ ദിവസത്തെ മുഖപ്രസംഗം വെള്ളപ്പൊക്കത്തിന് ശേഷം മുറയ്ക്കു നടക്കുന്ന പ്രഖ്യാപനങ്ങൾ മറന്നു പോകാതിരിക്കാൻ ഒരു ഓർമ്മപ്പെടുത്തലാണ്. കേരളകൗമുദിയുടെ വേദിയിൽ ഉപരാഷ്ട്രപതി ഊന്നി പറഞ്ഞ അഭ്യർത്ഥന കണക്കിലെടുത്ത് കാലതാമസം കൂടാതെ മണൽ വാരുന്നതിന് സമയബന്ധിതമായ പദ്ധതി നടപ്പാക്കാൻ മണൽവാരൽ അനിവാര്യമാണ് എന്ന നിർദ്ദേശങ്ങൾ അടങ്ങിയ മുഖപ്രസംഗം നിമിത്തമാകട്ടെ. അടുത്ത വെള്ളപ്പൊക്കത്തിന് മുൻപ് ഇത് നടപ്പിലാക്കേണ്ടതാണ്.
-സുനിൽ തോമസ്,
റാന്നി
അറുതി വരുത്തണം
റോഡപകടങ്ങൾക്ക്
ഒരു പരിഷ്കൃത സമൂഹത്തിനു ചേരാത്ത വിധം നമ്മുടെ നാട്ടിൽ റോഡപകടങ്ങൾ ഉയരുന്നു.
വാഹനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി ഇവിടെ റോഡ് വികസനം നടക്കുന്നില്ല. ഈ സാഹചര്യത്തിൽ റോഡപകടങ്ങൾ കുറയ്ക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം ഇൻലാൻഡ് വാട്ടർവേയ്സ് ഉപയോഗിക്കുക എന്നതാണ്. വലിയ ബാർജുകളിലും മറ്റുമായി ചരക്ക് നീക്കം ജലപാതയിലേക്ക് മാറിയാൽ നമ്മുടെ റോഡുകൾക്ക് വലിയ ആശ്വാസമാകും. ബസ്ബേകൾ നിർബന്ധമായും ഉണ്ടാവുന്നതും വെളിച്ചമുള്ള സ്ട്രീറ്റ് ലൈറ്റുകൾ ഉണ്ടാവുന്നതും റോഡപകടങ്ങൾ ഇല്ലാതാവാൻ ഏറെ സഹായിക്കും.
-ജോസ് കെ. തോമസ്,
കുളനട
ഒറ്റപ്പാലത്തും വേണം
പുതിയ ജില്ല
പുതുതായി മൂവാറ്റുപുഴ ജില്ല വരുന്ന വാർത്ത സന്തോഷം പകരുന്നു. പാലക്കാട് ജില്ലയിലെ പ്രധാന ഭരണ സിരാകേന്ദ്രവും വ്യവസായ മേഖലയുമായ ഒറ്റപ്പാലത്തും ഒരു പുതിയ ജില്ല വരാൻ നടപടി ഉണ്ടാകണം. നിലവിൽ ജില്ലാ ഭരണസിരാകേന്ദ്രമായ പാലക്കാടെത്തുവാൻ വളരെ അകലെയുള്ള പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് പ്രത്യേകിച്ച്, വൃദ്ധർക്കും ഭിന്നശേഷിക്കാർക്കും വളരെ ബുദ്ധിമുട്ടാണ്. ഭാരിച്ച പണച്ചെലവും, സമയ നഷ്ടവും നേരിടുന്നു. ഒറ്റപ്പാലം ജില്ല രൂപീകരിച്ച് പുതിയ മെഡിക്കൽ കോളേജ്, സിവിൽ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ഡിപ്പോ തുടങ്ങിയവ വരുന്നത് ജനത്തിന് ഗുണമാണ്.
ശ്രീപ്രകാശ്,
ഒറ്റപ്പാലം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |