ഹൈന്ദവ വിശ്വാസങ്ങൾപ്രകാരം നിലത്തുവീണ പുഷ്‌പങ്ങൾ അശുദ്ധമാണെന്ന് കൽപിക്കുന്നതിനാൽ പൂജയ്‌ക്കെടുക്കാറില്ല. എന്നാൽ നിലത്തുവീണാലും പൂജയ്‌ക്കെടുക്കാൻ അനുവാദമുള്ള ഒരു പൂവുണ്ട്. രാത്രിയുടെ അന്ത്യയാമങ്ങളിൽ വിരിയുകയും പകൽ കൊഴിഞ്ഞുപോകുകയും ചെയ്യുന്ന പവിഴമല്ലിയാണ് (പാരിജാതം) ആ പുഷ്‌പം. അതീവ സുഗന്ധമുള്ള ഇവ നിലത്തുവീണാലും അശുദ്ധമാകില്ലെന്നാണ് വിശ്വാസം.
ഇതിനുപിന്നിൽ ഒരു കാരണമുണ്ട്. പുരാണങ്ങളനുസരിച്ച് സമുദ്രമദനം ചെയ്‌തപ്പോൾ ഉയർന്നുവന്ന ദിവ്യവൃക്ഷമാണ് പവിഴമല്ലി. പിന്നീട് ഈ വൃക്ഷം ഇന്ദ്രദേവൻ തന്റെ സ്വർഗലോകത്ത് (നന്ദവനത്ത്) നട്ടുപിടിപ്പിച്ചു. ഭഗവാൻ ശ്രീകൃഷ്‌ണൻ തന്റെ ഭാര്യമാരായ സത്യഭാമയ്‌ക്കും രുഗ്മിണിക്കും വേണ്ടി ഇന്ദ്രനോട് യുദ്ധം ചെയ്‌ത് ഈ വൃക്ഷം ഭൂമിയിലേക്ക് കൊണ്ടുവന്നതായാണ് പുരാണം.
പാരിജാത പൂക്കൾ തറയിൽ വീണാലും അതിന്റെ ശുദ്ധിയോ സുഗന്ധമോ നഷ്‌ടപ്പെടില്ലെന്നാണ് വിശ്വാസം. അഹങ്കാരം വെടിഞ്ഞ് പൂർണമായി ദൈവത്തിനുമുന്നിൽ ആത്മസമർപ്പണം ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ഈ പുഷ്‌പം നമ്മെ ഓർമ്മിപ്പിക്കുന്നത്. പ്രധാനമായും ദേവീക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലുമാണ് പവിഴമല്ലിപ്പൂക്കൾ പൂജയ്‌ക്കെടുക്കുന്നത്. മഹാദേവന്റെ അനുഗ്രഹവുമായി ബന്ധപ്പെട്ടുള്ള വലിയൊരു ഐതിഹ്യത്തിന്റെ ഭാഗം കൂടിയാണ് പവിഴമല്ലിപ്പൂക്കൾ. തറയിൽ വീഴുന്ന ഈ പൂക്കൾ ഭൂമീദേവിക്ക് സമർപ്പിക്കപ്പെട്ടതാണെന്നും അത് പിന്നീട് ഭഗവാന് സമർപ്പിക്കുന്നത് പുണ്യമാണെന്നുമാണ് വിശ്വാസം.
നിലത്തുവീണ പവിഴമല്ലി പൂക്കൾ പൂജയ്‌ക്കെടുക്കാമെങ്കിലും അഴുക്കില്ലാത്തതും വൃത്തിയുള്ളതുമായ ഇടങ്ങളിൽനിന്നാണ് അവ ശേഖരിക്കുന്നതെന്ന് ഉറപ്പാക്കണം. 50 അടിയോളം ഉയരം വയ്‌ക്കുന്ന ഒരു നിത്യഹരിത വൃക്ഷമാണ് പവിഴമല്ലി. ഈ വൃക്ഷം വീടിന് മുന്നിൽ വളർത്തിയാൽ ദൃഷ്‌ടിദോഷത്തിന് പരിഹാരമാകുമെന്നും വിശ്വാസമുണ്ട്. വീട്ടിലും പരിസരത്തുമാകെ സുഗന്ധം പരത്തി പോസിറ്റീവ് എനർജി നൽകുന്നതിനും പവിഴമല്ലി ഉത്തമമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |