
ആലുവ: അങ്കമാലിയിൽ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നായി പിടികൂടിയ 609 ഗ്രാം ഹെറോയിന് വിപണിയിൽ ഒരു കോടി രൂപ വിലവരുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മ്യാൻമറിൽ നിന്നാണ് പ്രതികൾ ഹെറോയിൻ വാങ്ങി അസാമിലെത്തിച്ച ശേഷം കേരളത്തിലേക്ക് കടത്തിയത്. അന്വേഷണം തുടരുകയാണെന്നും കൂടുതൽ പേർ പിടിയിലാകുമെന്നും എസ്.പി പറഞ്ഞു.
അസാം നൗഗാവ് സ്വദേശി ദിൽദാർ ഹുസൈൻ (41), അസാം ഹോജയ് സ്വദേശികളായ മുഷ്ത്തക്കിൻ ആലം (19 ), കൈറുൽ ഇസ്ലാം (23) എന്നിവരാണ് പിടിയിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. ഖര രൂപത്തിലുള്ള ഹെറോയിൻ ദ്രാവകമായും തീ കത്തിച്ചും ഉപയോഗിക്കാവുന്ന രീതിയിലേക്ക് മാറ്റിയാണ് വിൽപ്പന നടത്തുന്നത്. പെരുമ്പാവൂരിൽ എത്തിക്കുകയെന്ന ചുമതലയാണ് പിടിയിലായവർക്ക് ഉണ്ടായിരുന്നത്. നേരത്തെയും ഇവർ ഹെറോയിൻ കടത്തിയതായി തെളിഞ്ഞിട്ടുണ്ട്.
അഞ്ചര മാസത്തിനിടെ 475
മയക്കുമരുന്ന് കേസുകൾ
2026ൽ ഇതുവരെ റൂറൽ ജില്ലയിൽ 475 മയക്കുമരുന്നു കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. 588 പേർ അറസ്റ്റിലായി. 13 എണ്ണം കൊമേഴ്സ്യൽ ക്വാണ്ടിറ്റി കേസുകളാണ്.
340 കിലോ കഞ്ചാവ് പിടികൂടി. അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയതാണ് ഈ വർഷത്തെ ഏറ്റവും വലിയ വേട്ട. 765 ഗ്രാം എം.ഡി.എം.എയും ഈ വർഷം റൂറൽ ജില്ലയിൽ പിടികൂടി. അങ്കമാലിയിൽ 550 ഗ്രാം എം.ഡി.എം.എ പിടികൂടിയതാണ് ഏറ്റവും വലിയ വേട്ട. 680 ഗ്രാമോളം ഹെറോയിനാണ് ഈ വർഷം പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |